പുതിയതായി ജന്മം കൊണ്ട ഒരു രാജ്യത്തിനു കായികലോകത്തെ ചെറിയ നേട്ടങ്ങൾ പോലും അഭിമാനകരമായിരിക്കും. എന്നാൽ സ്വാതന്ത്ര്യം നേടി 60 വർഷം പിന്നിട്ട ഇന്ത്യയ്‌ക്ക് ഇനി ചെറുകിട നേട്ടങ്ങൾ കാര്യമായ അഭിമാനത്തിനു വക നൽകേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ക്രിക്കറ്റ് ലോകത്ത് ഒന്നാം നിരയിൽ കഴിയുമ്പോഴും ഒന്നാംസ്ഥാനക്കാരാകാൻ കഴിയാത്ത സ്ഥിതി ആരാധകർ ഇനി ഏറെക്കാലം സഹിച്ചെന്നു വരില്ല.
1983-ൽ ഏകദിന ലോകകപ്പ് നേടിയതും 2007-ൽ ട്വന്റി20 ലോകകപ്പ് നേടിയതുമാണ് ക്രിക്കറ്റ് ഇതുവരെ ക്രിക്കറ്റ് ലോകത്ത് ഇന്ത്യയ്‌ക്ക് മറക്കാനാകാത്ത നേട്ടങ്ങൾ. നിലവിലെ ടീം വ്യത്യസ്ത ക്യാപ്‌റ്റന്മാരുടെ കീഴിൽ ‘മോശമല്ലാത്ത’ പ്രകടനം നടത്തുന്നുമുണ്ട്. എന്നാൽ, ഈ ശരാശരി നേട്ടങ്ങൾകൊണ്ടു തൃപ്തിപ്പെടാൻ ഇന്ത്യയെപ്പോലൊരു മഹാരാജ്യത്തിനു കഴിയില്ല. ചെറിയ ജനസംഖ്യയും പ്രവചനാതീതമായ കാലാവസ്ഥയുമുള്ള ന്യൂസിലൻഡോ ദാരിദ്ര്യത്തിൽ നിന്നു കരകയറാൻ പരിക്രമിക്കുന്ന ബംഗ്ലാദേശോ ആഭ്യന്തര കലഹങ്ങളാൽ കുഴഞ്ഞുമറിയുന്ന സിംബാബ്‌വെയോ പോലെയല്ല നമ്മുടെ രാജ്യം എന്നതു തന്നെ കാരണം.
ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ തലമുറ വിടവാങ്ങാൻ ഒരുങ്ങി നിൽക്കുമ്പോഴും സച്ചിൻ-ഗാംഗുലി-ദ്രാവിഡ് ത്രയത്തിനോ അനിൽ കുംബ്ലെയ്‌ക്കോ പകരക്കാരെ കണ്ടെത്താൻ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. മഹാനായ കപിൽദേവിന്റെ ഏഴയലത്തെത്തുന്ന ഒരു ഓൾറൗണ്ടർ പോലും പിന്നീട് ഇവിടെയുണ്ടായില്ല. സുനിൽ ഗവാസ്‌കറുടെ ക്ലാസ് അവകാശപ്പെടാവുന്ന ഒരു ഓപ്പണർപോലും രംഗത്തെത്തിയില്ല.
ഓസ്ര്ടേലിയൻ ക്രിക്കറ്റ് ടീം എൺപതുകളുടെ മധ്യത്തിൽ നേരിട്ടതിനു സമാനമായൊരു അവസ്ഥയാണ് ഇന്ത്യ ഇപ്പോൾ നേരിടുന്നത്. അന്നു പ്രഗല്‌ഭർ പലരും കൂട്ടത്തോടെ ഒഴിഞ്ഞു പോയപ്പോൾ ഒരു യുവനിരയെ വാർത്തെടുക്കാനും അവരെ വച്ച് അനിഷേധ്യരായ ലോകചാമ്പ്യന്മാരെ സൃഷ്ടിക്കാനും ഓസ്ര്ടേലിയക്കു കഴിഞ്ഞു. ഒരുപക്ഷേ, സമാനമായൊരു ശ്രമമാണ് ഓസ്ര്ടേലിയക്കാരനായ ഗ്രെഗ് ചാപ്പൽ ഇന്ത്യയിൽ നടത്തിയതും. എന്നാൽ യുവനിരയിൽ ചാപ്പൽ അർപ്പിച്ച വിശ്വാസം സാർഥകമാകാനുള്ള സമയം കൊടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ആരാധകരും സെലക്ടർമാരും ക്ഷമ കാണിച്ചില്ല.
നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ഭാവി കാണാൻ കഴിയുന്നത് സുരേഷ് റെയ്‌ന-രോഹിത് ശർമ-മനോജ് തിവാരി ത്രയത്തിലാണ്. എന്നാൽ, സച്ചിൻ-ഗാംഗുലി-ദ്രാവിഡ് ത്രയത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ മതിയായ അവസരങ്ങൾ മൂവർക്കും ഇതുവരെ ലഭിച്ചിട്ടില്ല. പിയൂഷ് ചൗളയെ എന്നപോലെ ക്രമാനുഗതമായ ഒരു പരിവർത്തനത്തിലൂടെ ടീമിലെത്തിച്ചെങ്കിൽ മാത്രമേ ഇവരിൽ നിന്നു നിലവാരമുള്ള പ്രകടനങ്ങൾ പ്രതീക്ഷിക്കാൻ കഴിയൂ. പെട്ടെന്നൊരു ദിവസം ആഭ്യന്തര ക്രിക്കറ്റിന്റെ ബാലാരിഷ്ടതകളിൽ നിന്ന് അന്താരാഷ്ര്ട ക്രിക്കറ്റിന്റെ അതിസമ്മർദ്ദങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത് ഇവരുടെ കരിയറിനെന്നതുപോലെ ഇന്ത്യൻ ക്രിക്കറ്റിനും ഗുണം ചെയ്യില്ല.
2005-ലെ ഇംഗ്ലണ്ടിന്റെ ആഷസ് വിജയം ടെസ്‌റ്റ് ക്രിക്കറ്റിൽ ഓസ്ര്ടേലിയയുടെ അപ്രമാദിത്വം ചോദ്യം ചെയ്യാൻ പര്യാപ്തമായിരുന്നു. എന്നാൽ, ഇംഗ്ലണ്ട് അപൂർവ വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കുമ്പോൾ ഓസ്ര്ടേലിയ തെറ്റുകൾ കണ്ടെത്തുകയും ഗൃഹപാഠങ്ങൾ ആവർത്തിച്ചു ചെയ്ത് തിരുത്തുകയുമായിരുന്നു. അടുത്ത പരമ്പര തൂത്തുവാരിക്കൊണ്ട് അവർ തിരിച്ചടിക്കുകയും ചെയ്തു. വിജയവഴി പിന്തുടരാനാകാതെ ഇംഗ്ലണ്ട് പഴയ ഓർമകളിൽ മാത്രം ആശ്വാസം കണ്ടെത്തി.
ഇന്ത്യയുടെ അവസ്ഥയും വ്യത്യസ്തമല്ല. അപൂർവമായ വിജയങ്ങളിൽ മതിമറന്ന് ആഹ്ലാദിക്കുന്നതല്ലാതെ, വിജയം തുടർക്കഥയാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുക പതിവില്ല. ട്വന്റി20 ലോകകപ്പ് നേട്ടത്തിനുശേഷം ഇന്ത്യൻ ടീം നാട്ടിൽ നടത്തിയ അമിതാഹ്ലാദ പ്രകടനത്തെ ഓസ്ര്ടേലിയൻ കളിക്കാർ താരതമ്യപ്പെടുത്തിയത് നമ്മുടെ അഹങ്കാരത്തെ മുറിപ്പെടുത്തിയിരിക്കാം. പക്ഷേ, ആ പരിഹാസത്തിൽ ഒളിഞ്ഞിരുന്ന പാഠം ഉൾക്കൊള്ളാൻ താരങ്ങളോ അധികൃതരോ ശ്രമിച്ചു കണ്ടില്ല.
ഇംഗ്ലണ്ടിനെതിരേയും പാക്കിസ്ഥാനെതിരേയുമുള്ള ടെസ്‌റ്റ് പരമ്പരകളിൽ ഇന്ത്യ നേടിയത് 1-0 വിജയമാണ്. 2-0 എന്ന നിലയിൽ ജയിക്കാവുന്ന സാഹചര്യങ്ങളുണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതെ അവസാന ടെസ്‌റ്റുകളിൽ സമനില വഴങ്ങി, 1-0 ലീഡിൽ കടിച്ചുതൂങ്ങി പരമ്പര വിജയം ഉറപ്പാക്കാൻ മാത്രമാണ് ഇന്ത്യ ശ്രമിച്ചത്. ഇംഗ്ലണ്ടിൽ രാഹുൽദ്രാവിഡായിരുന്നു ക്യാപ്‌റ്റൻ. പാക്കിസ്ഥാനെ നാട്ടിൽ നേരിട്ടപ്പോൾ ക്യാപ്‌റ്റൻസി അനിൽ കുംബ്ലെയിൽ എത്തിയിരുന്നെങ്കിലും അടിസ്ഥാനപരമായ ഈ പ്രതിരോധാത്മക സമീപനത്തിൽ മാറ്റമൊന്നും കണ്ടില്ല. ഓസ്ര്ടേലിയൻ ടീം വച്ചു പുലർത്തുന്ന ‘കില്ലർ ഇൻസ്‌റ്റിംഗ്‌ട്’ ഇന്ത്യയ്‌ക്ക് ഇല്ലാത്തതു തന്നെ ഇതിനു കാരണം.
പുരോഗതി ഏറെയില്ലെങ്കിലും പ്രതീക്ഷയുടെ ചില പച്ചത്തുരുത്തുകൾ ഇന്ത്യൻ ക്രിക്കറ്റിലും കാണാനുണ്ട്. മുംബൈയും ഡൽഹിയും പോലെയുള്ള വൻനഗരങ്ങളിൽ മാത്രമായി തളച്ചിടപ്പെട്ടിരുന്ന ഇന്ത്യൻ ടീമിൽ ഇന്ന് വൻ പട്ടണങ്ങൾക്കു പുറത്തുനിന്നു കളിക്കാർ എത്തിച്ചേരുന്നുണ്ട്. മഹേന്ദ്രസിംഗ് ധോണിയും നമ്മുടെ ശ്രീശാന്തും തന്നെ ഏറ്റവും നല്ല ഉദാഹരണങ്ങൾ. എത്രയേറെ വിമർശനങ്ങൾ ഉയർന്നാലും ശ്രീശാന്തിന്റെയും റോബിൻ ഉത്തപ്പയുടെയുമൊക്കെ അമിതാവേശം ടീമിലും പ്രതിഫലിക്കുന്നുണ്ട്.
തീയെ തീ കൊണ്ടു നേരിടാൻ ധൈര്യം കാണിക്കുന്ന ഇത്തരം കളിക്കാരെയാണ് ഓസ്ര്ടേലിയയെപ്പോലുള്ള വമ്പന്മാരെ നേരിടുമ്പോൾ നമുക്കാവശ്യം. ടീമിനെ നയിച്ചിരുന്നപ്പോൾ സൗരവ് ഗാംഗുലിയുടെ സമീപനവും ഇതുന്നെയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്‌റ്റൻ എന്ന വിശേഷണം ഗാംഗുലിക്കു നേടിക്കൊടുക്കാൻ ഈ സമീപനം ഏറെ സഹായകമായിട്ടുമുണ്ട്. സ്ലെഡ്‌ജിംഗിന്റെ ആശാനായ സ്‌റ്റീവ് വോയെ അതേ നാണയത്തിൽ പ്രകോപിപ്പിച്ച ഗാംഗുലിയോട് ഇന്നും തനിക്കുള്ളത് ബഹുമാനം മാത്രമാണെന്ന് വോ തന്നെ സമ്മതിച്ചിട്ടുമുണ്ട്.
ലോകം കണ്ട ഏറ്റവും മികച്ച ചില ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാൻ ഇന്ത്യയ്‌ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ലോകം കണ്ട ഏറ്റവും മികച്ച ടീമുകളിലൊന്നാകാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മഹാരഥന്മാർ സ്വന്തം നിലയിൽ നിലനിൽക്കുകയും ടീമിനേക്കാൾ വളരുകയും ചെയ്തതാണ് പലപ്പോഴും ഇതിനു കാരണമായത്. ട്വന്റി20 വിജയം നേടിയ യുവനിരയുടെ കരുത്ത് സൂപ്പർ താരങ്ങളായിരുന്നില്ല. യുവരാജ്‌സിംഗ് എന്ന സൂപ്പർതാരം ടീമിലുണ്ടായിരുന്നുവെങ്കിലും യുവരാജിനു കളിക്കാൻ കഴിയാതിരുന്ന മത്സരങ്ങളിലും ടീമിനെ രക്ഷിക്കാൻ മറ്റു കളിക്കാരുണ്ടായിരുന്നു. താരമൂല്യങ്ങൾക്കുപരി ഒത്തൊരുമയോടെ കളിക്കാൻ അവർക്കു കഴിഞ്ഞു. സുവർണതാരങ്ങളുടെ യുഗത്തിനു ശേഷമുള്ള ഇന്ത്യൻ ടീമിലും ഈ സംഘശക്തിയും ഒരേ മനസോടെ പോരാടാനുള്ള ശേഷിയും പ്രകടമായാൽ ഭാവി പ്രതീക്ഷാനിർഭരമായിരിക്കും.
Generated from archived content: sports1_jan5_07.html Author: kamal_sports