അന്താരാഷ്ര്ട ക്ലബ് ഫുട്‌ബോളിൽ ഇത് കച്ചവടങ്ങളുടെ കാലമാണ്. ഏതു ക്ലബ് ഏത് താരത്തെ വാങ്ങുന്നു എന്നതു സംബന്ധിച്ചുള്ളതാണ് ലോക ഫുട്‌ബോൾ രംഗം കാത്തിരിക്കുന്ന ചൂടുള്ള വാർത്തകൾ. പ്രതിഭ കൊണ്ടു മാത്രമല്ല പ്രശസ്തികൊണ്ടും വിലപിടിച്ച താരത്തെ സ്വന്തമാക്കി ക്ലബ്ബിന്റെ താരമൂല്യം എങ്ങനെ ഉയർത്താമെന്നതു മാത്രമാണ് തൽക്കാലം ക്ലബ്ബ അധികൃതരുടെ ചിന്ത. യൂറോപ്യൻ ഫുട്‌ബോൾ സീസൺ അവസാനിച്ചിരിക്കുന്ന ഈ സമയത്ത്, കളിക്കളത്തിനുള്ളിൽ പോരാട്ടത്തിന്റെ പൊടിപാറുന്നില്ല. പക്ഷേ, മൈതാനങ്ങൾക്കു പുറത്ത് അതിലേറെ ആവേശത്തോടെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. 2007-08ലെ ട്രാൻസ്‌ഫർ സീസൺ ഉഷാറായിരിക്കുകയാണ്. കച്ചവടത്തിന്റെ വിലപേശലുകൾ പൊടിപൊടിക്കുന്നു.
എല്ലാ വർഷവും അരങ്ങേറുന്ന ഈ കൈമാറ്റവും കാലുമാറ്റവും ഫുട്‌ബോൾ താരങ്ങളെയും ആശയക്കുഴപ്പത്തിലാക്കുക പതിവാണ്. കരിയറിയിലെ നിർണായകമായ വഴിത്തിരിവിൽ നിലവിലുള്ള ക്ലബ്ബിൽ തുടരണോ, പുതിയ മേച്ചിൽപ്പുറങ്ങളിൽ ഭാഗ്യം പരീക്ഷിക്കണോ എന്നതാണ് താരങ്ങളെ അലട്ടുന്ന ചോദ്യം.
കഴിഞ്ഞ സീസണിൽ ഏറ്റവും ശ്രദ്ധേയനായത് ബ്രസീലിയൻ ഫോർവേഡ് കക്കാ ആയിരുന്നു. ഇത്തവണ ഇറ്റലിയിലെ എ.സി മിലാനിൽ നിന്നു സ്പെയിനിലെ റയാൽ മാഡ്രിഡിലേക്കു ചേക്കേറാൻ തീരുമാനിച്ചിരുന്നെങ്കിൽ, ട്രാൻസ്‌ഫർ തുകയുടെ കാര്യത്തിൽ ഫ്രാൻസിന്റെ പഴയ ഫുട്‌ബോൾ ചക്രവർത്തി സിനദിൻ സിദാൻ സ്ഥാപിച്ച റിക്കാർഡ് കക്കായ്‌ക്കു മറികടക്കാമായിരുന്നു. കക്കായ്‌ക്കു പകരമായി 12.7 കോടി ഡോളറാണ് റയാൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്തത്. എന്നാൽ, തന്റെ ക്ലബ്ബിലെ ഏറ്റവും വിലപിടിച്ച ഈ മുത്തിനെ എന്തുവില കൊടുത്തും പിടിച്ചു നിർത്താൻ തന്നെയായിരുന്നു എ.സി മിലാൻ മേധാവിയും ഇറ്റലിയുടെ പഴയ പ്രധാനമന്ത്രിയും വ്യവസായ പ്രമുഖനുമായ സിൽവിയോ ബർലുസ്‌കോണിയുടെ തീരുമാനം.
ഒരിക്കൽ 9.28 കോടി ഡോളറിനു പകരം യുവന്റസ് സിനദിൻ സിദാനെ വിട്ടുകൊടുത്ത വാർത്ത ലോകം സ്വീകരിച്ചത് അവിശ്വസനീയതയോടെയായിരുന്നു. ഇത്തവണ ആ റിക്കാർഡ് മറികടക്കാൻ കക്കായ്‌ക്ക് അവസരം ലഭിച്ചില്ല. പക്ഷേ, ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാം ഒട്ടും വൈകാതെ ആ ചരിത്രം തിരുത്തിക്കുറിച്ചു കഴിഞ്ഞു. റയാൽ മാഡ്രിഡിൽ നിന്ന് അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചലസ് ഗ്യാലക്സി ബെക്കാമിനെ റാഞ്ചിയത് 25 കോടി ഡോളർ പ്രതിഫലം വാഗ്‌ദാനം ചെയ്തിട്ടാണെന്നു റിപ്പോർട്ട്. ഇതനുസരിച്ച് ആഴ്‌ചയിൽ 10ലക്ഷം ഡോളറായിരിക്കും ബെക്കാമിന്റെ പ്രതിഫലം. അഞ്ചുവർഷത്തേക്കാണു കരാർ. 12.7കോടി കൊടുത്ത് കക്കായെ സ്വന്തമാക്കിയിരുന്നെങ്കിലും റയാൽ മാഡ്രിഡിന് ആ റിക്കാർഡ് അധികദിവസം കാത്തുസൂക്ഷിക്കാൻ കഴിയുമായിരുന്നില്ല എന്നർഥം.
കഴിഞ്ഞവർഷം അസാമാന്യ പ്രകടനങ്ങളൊന്നും ഡേവിഡ് ബെക്കാമിൽ നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞവർഷം നടന്ന ലോകകപ്പിലെ ദയനീയ പ്രകടനത്തെത്തുടർന്ന് ഇംഗ്ലണ്ട് ടീമിൽ നിന്നുപോലും ബെക്കാം പുറത്തായി. അന്നു ദേശീയ ടീമിന്റെ ക്യാപ്‌റ്റനായിരുന്നു അദ്ദേഹം. എങ്കിലും ബെക്കാം ഫുട്‌ബോളിനോടു വിടപറഞ്ഞില്ല. റയാലിനുവേണ്ടി കാഴ്‌ചവച്ച തൃപ്തികരമായ പ്രകടനങ്ങളുടെ ഫലമായി വീണ്ടും ഇംഗ്ലീഷ് ടീമിലെത്തി. യൂറോ – 2008നു വേണ്ടിയുള്ള യോഗ്യതാ മത്സരങ്ങളിലൂടെ, തന്റെ ക്രോസുകൾക്കു കൃത്യതയും കരുത്തും നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിനു തെളിയിക്കാനും കഴിഞ്ഞു. എങ്കിലും പ്രായമേറുന്തോറും റിഫ്ലക്സുകളും കളിയുടെ താളം നിർണയിക്കാനുള്ള കഴിവും അദ്ദേഹത്തിനു കൈമോശം വന്നുതുടങ്ങിയെന്നു വ്യക്തമായിരുന്നു.
പിന്നെ എന്തുകൊണ്ട് ഗ്യാലക്സി മോഹവില കൊടുത്ത ബെക്കാമിനെ വാങ്ങി? കേളീമികവു മാത്രമല്ല, മൈതാനത്തിനു വേണ്ടിയിരുന്നത്. ഇന്നും ലോകത്ത് ഏറ്റവും പ്രശസ്തനായ ഫുട്‌ബോൾതാരമാണ് ഡേവിഡ് ബെക്കാം. പഴയ പോഷ് സ്പൈസായ ഭാര്യ വിക്ടോറിയ ആഡംസ് കൂടിയാകുമ്പോൾ ബെക്കാമിന്റേത് താരകുടുംബം തന്നെയാകുന്നു. ഈ പ്രശസ്തിയുടെ വിപണിമൂല്യം തന്നെയാണ് ലോസ് ആഞ്ചലസ് ഗ്യാലക്സി ലക്ഷ്യമിട്ടത്. നൂറുകണക്കിന് ഉല്പന്നങ്ങളുടെ മോഡലാണു ബെക്കാം. ഒരു ഫാഷൻ മോഡലോ ഹോളിവുഡ് നടനോ തിരിച്ചറിയപ്പെടാത്തിടത്തും ബെക്കാമിന്റെ മുഖവും ചലനങ്ങളും തിരിച്ചറിയപ്പെടുന്നു. അതു തന്നെയാണ് ക്ലബ്ബ് ആഗ്രഹിച്ചതും.
ജൂലൈ 21ന് ബെക്കാം ലോസ് ആഞ്ചലസ് ഗ്യാലക്സിക്കായി ആദ്യമത്സരം കളിച്ചു. ചെൽസിക്കെതിരായ പ്രദർശനമത്സരത്തിൽ 78-ാം മിനിറ്റിൽ പകരക്കാരനായാണ് അദ്ദേഹം മൈതാനത്തിറങ്ങിയത്. എന്നിട്ടും, കളിയുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്ന ടെലിവിഷൻ ചാനൽ തങ്ങളുടെ 19 ക്യാമറകളിൽ ഒരെണ്ണം പൂർണമായും ബെക്കാമിന്റെ ഓരോ ചലനങ്ങളും പകർത്താനായി മാറ്റിവച്ചിരുന്നു!
2003ൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിൽ നിന്ന് 4.1 കോടി ഡോളറിനാണ് റയാൽ മാഡ്രിഡ് ഡേവിഡ് ബെക്കാമിനെ സ്വന്തമാക്കിയത്. അന്നു നിറം മങ്ങിയ അവസ്ഥയിലായിരുന്നിട്ടും ബെക്കാമിലൂടെ ക്ലബ്ബിൽ എത്തിച്ചേരാവുന്ന പണം മോഹിച്ചു തന്നെയാണ് റയാൽ അങ്ങനെയൊരു കരാറിനു തയ്യാറായത്. ലോകോത്തര ബ്രാൻഡുകളായ പെപ്സിയും അഡിഡാസും ബെക്കാമിനുമേൽ പണം കോരിച്ചൊരിയാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. ബെക്കാമിന്റെ മാന്ത്രികക്കാലുകളുടെ പ്രതിഭാവിശേഷം കൊണ്ട് ഏറെ കളിയൊന്നും ജയിക്കാൻ റയാലിനു കഴിഞ്ഞില്ല. പക്ഷേ, അദ്ദേഹം വന്നശേഷം ക്ലബ്ബിന്റെ വരുമാനം രണ്ടുവർഷംകൊണ്ട് 26കോടി ഡോളറിൽ നിന്ന് 51.5 കോടി ഡോളറായി കുതിച്ചുയർന്നു.
ഇൻഡ്യൻ ഫുട്‌ബോൾ രംഗത്ത് കോടികളുടെ കണക്കുകൾ ഇന്നും സങ്കല്പത്തിൽപോലുമില്ല. ഇവിടെ ഏറ്റവും കൂടിയ ട്രാൻസ്‌ഫർ തുകപോലും ചില ലക്ഷങ്ങൾക്കപ്പുറം പോകുന്നില്ല. ക്രിക്കറ്റ് താരങ്ങൾ മാത്രമാണ് നമ്മുടെ നാട്ടിൽ കോടികൾ സ്വപ്നം കാണുന്ന കായികതാരങ്ങൾ.
ബെക്കാമും റൊണാൾഡോയും ക്ലബ് വിടാൻ തീരുമാനിച്ചതോടെ റയാൽ മാഡ്രിഡ് മറ്റു പ്രഗത്ഭർക്കായി വലവിരിച്ചിട്ടുണ്ട്. അർജന്റീനയുടെ സ്ര്ടൈക്കർ ഹാവിയർ സാവിയോളവുമായി നാലുവർഷത്തെ കരാർ ഒപ്പിട്ടുകഴിഞ്ഞു. ബാഴ്‌സലോണയുടെ ആദ്യ ഇലവനിൽ സ്ഥിരപ്രതിഷ്‌ഠ നഷ്ടപ്പെട്ട സാവിയോള ദേശീയ ടീമിൽ നിന്നു കൂടി പുറത്തായ അവസരത്തിലാണ് റയാലിന്റെ കരാർ ലഭിക്കുന്നത്.
അതേസമയം, സാവിയോളയ്‌ക്കു പകരം ബാഴ്‌സലോണ ഇറക്കുമതി ചെയ്തിരിക്കുന്നത് ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്ര്ടൈക്കർമാരിലൊരാളായ സാക്ഷാൽ തിയറി ഹെന്ററിയെയാണ്. പ്രതിഫലം 3.229 കോടി ഡോളർ. ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സനലിലായിരുന്ന ഹെന്ററിയുടെ മാർക്കറ്റ് കഴിഞ്ഞ സീസണെ അപേക്ഷിച്ച് അല്പം ഇടിഞ്ഞു നിൽക്കുകയാണിപ്പോൾ. അദ്ദേഹത്തിനും നാലുവർഷത്തെ കരാറാണു നൽകിയിരിക്കുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്പാനിഷ് സ്ര്ടൈക്കർ ഫെർണാണ്ടോ ടോറസനെ ലിവർപൂൾ ഇത്തവണ വിലയ്‌ക്കെടുത്തത് 4.03 കോടി ഡോളറിനാണ്. ആറുവർഷക്കരാറിനു ലിവർപൂൾ ടോറസിനെ സ്വന്തമാക്കിയത് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്‌ക്കാണ്.
കോടികൾ വാരിയെറിയുന്നത് യൂറോപ്യൻ പ്രഫഷണൽ ഫുട്‌ബോൾ രംഗത്ത് ഇന്നു വലിയ വാർത്തയല്ല. വൻ സാമ്പത്തിക അടിത്തറയുള്ള, പണം ചെലവാക്കാൻ മടിയില്ലാത്ത മേധാവികളുള്ള ക്ലബ്ബുകൾക്കേ ഈ രംഗത്ത് ഇന്നു പിടിച്ചുനിൽക്കാൻ കഴിയുന്നുള്ളൂ. ലോകത്തെ ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കപ്പെട്ട കളി ഇന്ന് ലോകത്തെ ഏറ്റവും ചെലവേറിയ കളിയായി മാറിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ നിരയിലേയ്‌ക്ക് ഫുട്‌ബോൾതാരങ്ങളുടെ പേരുകൾ ഒന്നിനു പിറകെ ഒന്നായി എഴുതിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പരിക്കു പറ്റുമെന്നും ക്ലബ്ബിലെ അവസരം നഷ്ടമാകുമെന്നും ഭയപ്പെട്ട് താരങ്ങൾ രാജ്യത്തിനു വേണ്ടി കളിക്കാൻ വിസമ്മതിക്കുന്ന അവസ്ഥവരെയെത്തിയിരിക്കുന്നു കാര്യങ്ങൾ. ദേശീയ ടീമിനു താരത്തെ വിട്ടുകിട്ടാൻ ക്ലബ്ബിന്റെ വാതിൽക്കൽ മുട്ടുവളച്ചു നിൽക്കുന്ന ദേശീയ കോച്ചിന്റെ ചിത്രം പതിവുകാഴ്‌ചയുമായിരിക്കുന്നു.
ഈ സീസണിലെ ഏറ്റവും വിലപിടിച്ച ട്രാൻസ്‌ഫർ ആരുടേതായിരിക്കും, ബെക്കാമിന്റെ റിക്കാർഡ് മറ്റാരെങ്കിലും മറികടക്കുമോ എന്നതൊക്കെയാണ് യൂറോപ്യൻ ഫുട്‌ബോൾ രംഗത്ത് ഇപ്പോൾ ഉയർന്നു കേൾക്കുന്ന ചോദ്യങ്ങൾ. ഇതിനുള്ള മത്സരത്തിൽ നിന്ന് കക്കാ ഏറെക്കുറെ പിന്മാറിക്കഴിഞ്ഞു. ആ സ്ഥാനത്തേക്കു മറ്റാരെങ്കിലും വന്നാലും അത്ഭുതപ്പെടാനില്ല. ഓഗസ്‌റ്റ് 31ന് ട്രാൻസ്‌ഫർ കാലാവധി അവസാനിക്കുന്നതോടെ ചിത്രങ്ങൾ കൂടുതൽ വ്യക്തമാകും.
Generated from archived content: sports1_aug1_07.html Author: kamal_sports