അതിരില്ലാത്ത പ്രതീക്ഷകളാണ് ക്രിക്കറ്റിന്റെ ആവേശവും അപകടവും. ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയരുമ്പോൾ താരങ്ങൾ വീരനായകന്മാരാകുന്നു. ആ പ്രതീക്ഷകൾക്കേൽക്കുന്ന ഓരോ ചെറിയ തിരിച്ചടികളും വീരനായകന്മാരെ വെറുക്കപ്പെട്ടവരുമാക്കുന്നു. നൂറുകോടി പ്രതീക്ഷകളിൽ നിന്നുയർന്ന ആരവങ്ങൾക്കു നടുവിൽ ലോകകപ്പ് കളിക്കാൻ വെസ്‌റ്റിൻഡീസിലേക്കു പോയ ഇന്ത്യൻ ടീമഗംങ്ങൾ തിരിച്ചുവന്നപ്പോൾ വിമാനത്താവളങ്ങളുടെ പിൻവാതിൽ തേടേണ്ടിവന്നു. അടുത്ത ബംഗ്ലാദേശ് പര്യടനത്തിൽ നിന്നും വിജയശ്രീലാളിതരായി മടങ്ങിയെത്തുമ്പോൾ, കൂകിവിളിച്ചവർ വീണ്ടും കൈയടിക്കും.
ഒമ്പതാം ക്രിക്കറ്റ് ലോകകപ്പിനു കൊടിയിറങ്ങാൻ ദിവസങ്ങൾ ഇനിയും ശേഷിക്കുന്നു. പക്ഷേ, സെമിഫൈനൽ ലൈനപ്പ് പൂർത്തിയായതോടെ, അതിലിടം പിടിക്കാത്ത രാജ്യങ്ങളിലൊക്കെ അവരുടെ പ്രകടനങ്ങൾ പോസ്‌റ്റ്‌മോർട്ടം ചെയ്യപ്പെട്ടു തുടങ്ങി. ആദ്യ റൗണ്ടിൽത്തന്നെ അപ്രതീക്ഷിതമായി പുറത്തായ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ക്രിക്കറ്റ് ബോർഡുകൾ ഈ പ്രക്രിയ മറ്റുള്ളവരെക്കാൾ മുമ്പേ തുടങ്ങിയെന്നു മാത്രം. രണ്ടിടത്തും കാര്യമായ പൊളിച്ചെഴുത്തുകൾ തന്നെയുണ്ടാകുമെന്നാണു സൂചന. സൂപ്പർ-8 ഘട്ടം പൂർത്തിയാകുന്നതോടെ വെസ്‌റ്റിൻഡീസിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും വിഴുപ്പലക്കലിന്റെ ഒച്ച കേട്ടു തുടങ്ങി. സെമിസ്ഥാനം ഉറപ്പാക്കിയ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലെ താരങ്ങൾക്കും ക്യാപ്‌റ്റൻമാർക്കും കോച്ചുമാർക്കും മാത്രമാണ് തൽക്കാലം ആശ്വാസത്തിനു വകയുള്ളത്. ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും അട്ടിമറിച്ച്, ടൂർണമെന്റിലെ കറുത്ത കുതിരകളായ ബംഗ്ലാദേശിൽപ്പോലും ക്യാപ്‌റ്റനും കോച്ചിനുമെതിരെ കലാപക്കൊടി ഉയർന്നു കഴിഞ്ഞു.
അഴിച്ചുപണിയുടെ കാലം
ക്രിക്കറ്റ് പ്രചാരത്തിലുള്ള അപൂർവം ലോകരാജ്യങ്ങളിൽ ഭൂരിപക്ഷത്തിനും ഇനി വിമർശനങ്ങളുടെയും വിശകലനങ്ങളുടെയും കാലമാണ്. ചില ക്യാപ്‌റ്റന്മാരും കോച്ചുമാരുമൊക്കെ ഇനി തൊഴിൽരഹിതരാകുന്നതും കാണാം. ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ, തന്നെ പുറത്താക്കും മുമ്പേ രാജിവച്ചൊഴിഞ്ഞു. പാക്കിസ്ഥാൻ നായകൻ ഇൻസമാം ഉൽ ഹക്കും, വെസ്‌റ്റിൻഡീസ് നായകൻ ബ്രയാൻ ലാറയും ക്യാപ്‌റ്റൻസി മാത്രമല്ല, ഏകദിന കരിയർ തന്നെ അവസാനിപ്പിച്ചു. ഇംഗ്ലീഷ് നായകൻ മൈക്കൽ വോനെ കാത്തിരിക്കുന്നതും സമാനമായ വിധിയാണ്. വോൻ തന്ത്രശാലിയായ ക്യാപ്‌റ്റനാണെങ്കിലും ഏകദിനത്തിൽ ഇരുപത്തഞ്ചിനടുത്തു മാത്രം ബാറ്റിംഗ് ശരാശരിയുള്ള അദ്ദേഹം ഏകദിനടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്നാണ് ഇയാൻ ബോതമിനെപ്പോലെയുള്ള മുൻതാരങ്ങൾ പറയുന്നത്. ഏകദിന ക്യാപ്‌റ്റൻസി ഒഴിയാൻ വോൻ സ്വയം സമ്മതവും അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ക്യാപ്‌റ്റൻ രാഹുൽ ദ്രാവിഡിന് ഭാഗ്യത്തിന്റെ പിൻബലത്തിൽ മാത്രം സ്ഥാനം നിലനിർത്താൻ കഴിഞ്ഞു.
സിംബാബ്‌വെക്കാരനായ ഇംഗ്ലണ്ട് കോച്ച് ഡങ്കൻ ഫ്ലച്ചറിന്റെ സ്ഥാനത്തിനു കനത്ത ഭീഷണിയുണ്ട്. കഴിഞ്ഞ തവണ ടീമിന് ആഷസ് പരമ്പര നേടിക്കൊടുത്തു ഹീറോയായ ഫ്ലച്ചറുടെ സ്വീകാര്യത ഇത്തവണ ആഷസ് നഷ്ടപ്പെട്ടതോടെ ഇല്ലാതായിരുന്നു. ത്രിരാഷ്‌ട്ര പരമ്പരയിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇംഗ്ലണ്ട് ചാമ്പ്യന്മാരായപ്പോൾ ലഭിച്ച താത്‌കാലിക ആശ്വാസം ഫ്ലച്ചർക്ക് ഇപ്പോൾ നഷ്ടപ്പെട്ടു കഴിഞ്ഞു. ശ്രീലങ്കയെ നല്ല രീതിയിൽ മേയ്‌ച്ച ടോം മൂഡി ലോകകപ്പിനുശേഷം അവിടെ തുടരാൻ ഉദ്ദേശിക്കുന്നില്ല. ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇംഗ്ലീഷ് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ടോം മൂഡി ലോകകപ്പിനുശേഷം പുതിയ മേച്ചിൽപ്പുറം കണ്ടെത്താൻ ശ്രമിക്കുന്നത് ശ്രീലങ്കൻ താരങ്ങളെയും ബോർഡിനെയും അസ്വസ്ഥരാക്കുന്നുണ്ട്. ടൂർണമെന്റിൽ ലങ്കയുടെ പുരോഗതി കാരണം ഈ അസ്വസ്ഥത ഇതുവരെ കാര്യമായി പുറത്തുവന്നില്ലെന്നു മാത്രം. ബംഗ്ലാദേശ് അവിസ്മരണീയമായ പ്രകടനമാണ് ഈ ലോകകപ്പിൽ പുറത്തെടുത്തതെങ്കിലും അവരുടെ ക്യാപ്‌റ്റൻ ഹബീബുൾ ബാഷറിന്റ നില പരുങ്ങലിലാണ്. യുവതാരങ്ങൾ നേടിക്കൊടുത്ത ത്രസിപ്പിക്കുന്ന വിജയങ്ങളിൽ ബാഷറിന്റെ പങ്ക് പലപ്പോഴും വിസ്മരിക്കപ്പെട്ടു. ഇന്ത്യയെ തോല്പിച്ചതോടെ ബംഗ്ലാ ആരാധകരുടെ പ്രതീക്ഷകൾ കുറഞ്ഞതു സെമിഫൈനൽ വരെയാണു നീണ്ടത്. അതിനൊത്ത വളർച്ച ബംഗ്ലാദേശിന്റെ കൗമാരം വിടാത്ത സംഘം നേടിയിട്ടില്ലെന്നത് ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരെ നേടിയ വിജയങ്ങൾക്കിടയിലും ബാഷറിന്റെ രക്തത്തിനു വേണ്ടി മുറവിളി ഉയരുകയാണ്.
ഓസ്‌ട്രേലിയൻ കോച്ച് ജോൺ ബുക്കാനൻ ഈ ലോകകപ്പോടെ സ്ഥാനമൊഴിയാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അക്കാദമി മേധാവി ടീം നീൽസൺ അദ്ദേഹത്തിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ലോകകപ്പ് ടീമിനെ അനുഗമിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് അക്കാദമിയിൽ നീൽസൺ ഒഴിച്ചിട്ടിരുന്ന സ്ഥാനത്തേക്കു പരിഗണിക്കുന്നതാകട്ടെ ഗ്രെഗ് ചാപ്പലിനെയും. ഇന്ത്യൻ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവായും ചാപ്പലിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ മനസു തുറന്നിട്ടില്ല.
ഓസ്‌ട്രേലിയൻ അക്കാദമിയുടെ തന്നെ പഴയ മേധാവി ബെന്നറ്റ് കിംഗാണ് ഇപ്പോൾ പുതിയ ജോലി തേടുന്ന മറ്റൊരു പ്രമുഖൻ. കിംഗിന്റെ കീഴിൽ വിൻഡീസ് ടീം കൂടുതൽ സുസജ്ജമായെന്ന പ്രതീതിയോടെയാണ് സ്വന്തം നാട്ടിലെ ലോകകപ്പിനൊരുങ്ങിയത്. അനായാസം സൂപ്പർ-8ൽ കടന്നുകൊണ്ട് അവർ ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു. പക്ഷേ, സൂപ്പർ-8ൽ അവരുടെ പ്രകടനത്തെ വിശേഷിപ്പിക്കാൻ ദയനീയം എന്ന വാക്കു മതിയാകില്ല. ഇന്നത്തെ ഓസ്‌ട്രേലിയക്കു തുല്യമായ പഴയകാല പ്രതാപവുമായുള്ള താരതമ്യങ്ങളാണ് ഇപ്പോൾ വിൻഡീസ് ടീമിനെ വലയ്‌ക്കുന്നത്. അന്നത്തെ മഹാരഥന്മാർക്കൊപ്പം നിൽക്കാൻ ഇന്നത്തെ ടീമിലുള്ളത് ഒരു ബ്രയാൻ ലാറ മാത്രവും. ടീമിനെ നയിക്കാൻ ലാറയുടെ പകരക്കാരനെ കണ്ടെത്തുന്നതും വിൻഡീസ് ക്രിക്കറ്റ് ബോർഡിനു ഭാരിച്ച ജോലിയാണ്. നേതൃഗുണമുള്ള ഒരു കളിക്കാരനെ എടുത്തു കാട്ടാനില്ലാത്തതാണ് അവരുടെ പ്രശ്നം. വൈസ് ക്യാപ്‌റ്റൻ രാംനരേശ് സർവൻ ക്യാപ്‌റ്റനാകാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിസ് ഗെയ്‌ലിനെ ക്യാപ്‌റ്റനാക്കിയാൽ, പണ്ട് ക്ലൈവ് ലോയ്‌ഡ് ക്യാപ്‌റ്റനായപ്പോഴത്തേതു പോലെ, ബാറ്റിംഗിൽ കൂടുതൽ ഉത്തരവാദിത്വമുണ്ടാകുമെന്നു കരുതുന്നവരുമുണ്ട്.
ടീം ഇന്ത്യയുടെ ഭാവി
ബംഗ്ലാദേശ് പര്യടനത്തിനു പോകുന്ന ഇന്ത്യൻ ടീമിൽ കോച്ച് എന്ന സ്ഥാനം ഉണ്ടാകില്ലെന്നു വ്യക്തമായിക്കഴിഞ്ഞു. രവിശാസ്‌ത്രി മാനേജരും റോബിൻ സിംഗ് ഫീൽഡിംഗ് പരിശീലകനും വെങ്കിടേഷ് പ്രസാദ് ബൗളിംഗ് പരിശീലകനുമായുള്ള താൽകാലിക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ, ലോകക്രിക്കറ്റിലെ ഏറ്റവും പ്രശസ്തിയും പണവും വെല്ലുവിളിയും നൽകുന്ന ജോലിയായ, ഇന്ത്യൻ കോച്ചിന്റെ സ്ഥാനം ആഗ്രഹിക്കുന്ന ചിലരെങ്കിലും മുന്നോട്ടു വന്നിട്ടുണ്ട്. ഇന്നു ലോകക്രിക്കറ്റിലെ സൂപ്പർ കോച്ചായ ഡേവ് വാട്‌മോർ തന്നെയാണ് ഇവരിൽ പ്രമുഖൻ. 1996ൽ ശ്രീലങ്കയെ ലോകചാമ്പ്യന്മാരാക്കുകയും ഇത്തവണ ബംഗ്ലാദേശിനെ സൂപ്പർ-8ലെത്തിക്കുകയും ചെയ്ത വാട്‌മോർ ഇന്ത്യയെ പരിശിലിപ്പിക്കാൻ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക തന്നെ ചെയ്തു. പക്ഷേ, ഈ പ്രഖ്യാപനം ബംഗ്ലാദേശ് അധികൃതർക്കു തീരെ രസിച്ചിട്ടില്ല. ലോകകപ്പ് കഴിയും വരെ മാത്രമാണ് വാട്‌മോറിന്റെ കാലാവധിയെങ്കിലും ഇത്ര പ്രധാനമായൊരു ടൂർണമെന്റിനിടെ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതിന് വാട്‌മോറിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പരസ്യമായി അതൃപ്തി അറിയിക്കുകയും ചെയ്തു.
ടീം ഇന്ത്യക്കേറ്റ നാണക്കേട് ചാപ്പലിന്റെ രാജികൊണ്ടു മായ്‌ച്ചു കളയാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ. ബംഗ്ലാദേശ് പര്യടനത്തിൽ പേരിനു ചില യുവതാരങ്ങൾ ഇടംപിടിക്കാമെങ്കിലും ടീമിന്റെ ഘടനയിൽ സമൂലമായൊരു മാറ്റം ദീർഘകാലാടിസ്ഥാനത്തിൽ പ്രതീക്ഷിക്കാൻ കഴിയില്ല. ടീമെന്ന നിലയിൽ ഇന്ത്യ പരാജയമായെങ്കിലും റോബിൻ ഉത്തപ്പ ഒഴികെയുള്ള ടോപ് ഓർഡർ ബാറ്റ്‌സ്‌മാന്മാരെല്ലാം വിൻഡീസിൽ ഒരു കളിയിലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചിരുന്നു. ബൗളിംഗ് നിരയുടെ പ്രകടനം ശരാശരിക്കു മുകളിലുമായിരുന്നു. അതിൽ അപവാദം അജിത് അഗാർക്കറും ഹർഭജൻ സിംഗും മാത്രം. ഹർഭജനു ശക്തമായ വെല്ലുവിളി ഉയർത്താൻ രമേഷ് പൊവാറിനു കഴിയും. പക്ഷേ, പ്രായം പൊവാറിന് അനുകൂലമല്ല.
അനിൽ കുംബ്ലെ കൂടി വിരമിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കിപ്പോൾ ആവശ്യം നിലവാരമുള്ള സ്പിന്നർമാരാണ്. അണ്ടർ-19 ക്യാപ്‌റ്റൻ പിയൂഷ് ചൗളയാണ് യുവപ്രതീക്ഷകളിൽ മുന്നിൽ നിൽക്കുന്നത്. വെങ്കടപതി രാജുവിനും, സുനിൽ ജോഷിക്കും ശേഷം ഒഴിഞ്ഞു കിടക്കുന്ന ഇടങ്കയ്യൻ സ്പിന്നറുടെ ഒഴിവിലേക്ക് വൈകാതെ രവീന്ദർ ജഡേജയോ ഷാബാദ് നദീമോ പരിഗണിക്കപ്പെട്ടേക്കും. പ്രജ്ഞാൻ ഓജ, ഇക്‌ബാൽ അബ്ദുള്ള എന്നീ യുവസ്പിന്നർമാരും പ്രതീക്ഷയുണർത്തുന്നു.
ഉത്തർപ്രദേശിന്റെ മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന, മുംബൈയുടെ രോഹിത് ശർമ, ബംഗാളിന്റെ മനോജ് തിവാരി, തമിഴ്‌നാടിന്റെ എസ്. ബദരിനാഥ്, ഡൽഹിയുടെ ഗൗതം ഗംഭീർ എന്നിവരാണ് ടീമിന്റെ റിസർവ് ബാറ്റിംഗ് നിരയിൽ ഇപ്പോഴുള്ളത്. റിസർവ് പേസ് ബൗളിംഗ് നിരയിൽ പഞ്ചാബിന്റെ വി.ആർ.വി. സിംഗ്, ഉത്തർപ്രദേശിന്റെ ആർ.പി. സിംഗ്, ബംഗാളിന്റെ രണദേബ് ബോസ്, ഡൽഹിയുടെ ഇഷാന്ത് ശർമ, തമിഴ്‌നാടിന്റെ വിജയകുമാർ യോമഹേഷ് എന്നിവരുമുണ്ട്. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ എന്നിവരുടെ അന്താരാഷ്‌ട്ര കരിയറിന് ഇനി ഏറെ ദൈർഘ്യം പ്രതീക്ഷിക്കാൻ കഴിയില്ല. ബൗളിംഗ് നിരയിൽ ഒരു പരിധിവരെ സഹീർ ഖാനൊഴികെ ആർക്കും സ്ഥിരാംഗത്വം അവകാശപ്പെടാനുമില്ല. ഈ സാഹചര്യത്തിൽ റിസർവ് ബഞ്ചിലിരിക്കുന്നവരിൽ ഭൂരിഭാഗവും സമീപഭാവിയിൽ തന്നെ പരീക്ഷിക്കപ്പെടുമെന്നു കരുതാം.
പാക്കിസ്ഥാനിൽ കലാപം
അയർലൻഡിനോടു തോറ്റ് ആദ്യ റൗണ്ടിൽ പുറത്തായ പാക്കിസ്ഥാന്റെ ദുരന്തം പൂർത്തിയായത് ബോബ് വൂമറുടെ കൊലപാതകത്തോടെയാണ്. ഇൻസമാം ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിക്കുകയും ടെസ്‌റ്റ് ക്യാപ്‌റ്റൻസി രാജിവയ്‌ക്കുകയും ചെയ്തു കഴിഞ്ഞു. മറ്റു പല രാജ്യങ്ങളിലും പരിശീലകരാാനും ക്യാപ്‌റ്റനാകാനും കടുത്ത മത്സരം നിലനിൽക്കുമ്പോൾ പാക്കിസ്ഥാനിൽ ഇതിനൊന്നും ആളില്ലാത്ത സ്ഥിതിയാണ്. ഇൻസിക്കു സ്വാഭാവിക പിൻഗാമി വൈസ് ക്യാപ്‌റ്റൻ യൂനിസ് ഖാനായിരുന്നെങ്കിലും ക്യാപ്‌റ്റൻസിയുടെ സമ്മർദ്ദം താങ്ങാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹം മാറി നിൽക്കുകയാണ്. മുഹമ്മദ് യൂസഫ് ക്യാപ്‌റ്റനാകാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സെലക്ടർമാർക്കും ക്രിക്കറ്റ് ബോർഡിനും അതിനോടു താൽപര്യമില്ല. ഓൾറൗണ്ടർ ഷോയബ് മാലിക്കിനു തന്നെയാണു മുൻഗണന. ടീമംഗങ്ങളിൽ സ്ഥാനചലനത്തിനു സാധ്യതയുള്ളത് റാണാ നവേദ് ഉൽ ഹസൻ, മുഹമ്മദ് സമി, ഷാഹിദ് അഫ്രീദി തുടങ്ങിയവർക്കാണ്.
സഫലമാകാത്ത സ്വപ്നങ്ങൾ
ലോകക്രിക്കറ്റിലെ പല മഹാരഥന്മാർക്കും ഇത് അവസാന ലോകകപ്പായിരുന്നു. ഇക്കൂട്ടത്തിൽ ബ്രയാൻ ലാറയും ഒരു പക്ഷെ, സച്ചിൻ തെണ്ടുൽക്കറുമുണ്ട്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന സച്ചിനും ലാറയ്‌ക്കും തങ്ങളുടെ മഹത്വത്തിനു മാറ്റു കൂട്ടാൻ ഒരു ലോകകപ്പ് മാത്രം സ്വന്തമാക്കാനായില്ല.
അങ്ങനെ എന്നത്തേയും പോലെ ഈ ലോകകപ്പും സഫലമാകാത്ത ഒരുപിടി സ്വപ്നങ്ങളുടേതു കൂടിയാകുന്നു. ക്രിക്കറ്റ് എന്ന മതം തലയ്‌ക്കു പിടിച്ചവർ ഇനി അടുത്ത നാലു വർഷത്തേക്കുള്ള സ്വപ്നങ്ങൾ നെയ്തു കൂട്ടാൻ തുടങ്ങുകയായി. ക്രിക്കറ്റിന്റെ ആവേശവും ആശയും നിരാശയും അതിന്റെ ഭാഗമായി നിലനിൽക്കുകയും ചെയ്യും.
Generated from archived content: sports1_apr20_07.html Author: kamal_sports
Click this button or press Ctrl+G to toggle between Malayalam and English