കാട്ടുതീ പോലെയാണ് ആ വാർത്ത പടർന്നത്. കേരളത്തിൽ ചുരിദാറിനു സ്ലിറ്റ് (ടോപ്പിന്റെ വശങ്ങളിലെ കീറൽ) നിരോധിച്ചിരിക്കുന്നു. നിരോധനം പ്രാബല്യത്തിലാക്കാൻ വനിതാപോലീസിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. സ്ലിറ്റുള്ള ചുരിദാറുകൾക്ക് കടിഞ്ഞാണിടാൻ നാടിന്റെ മുക്കിലും മൂലയിലും സ്‌റ്റേപ്ലറുമായി വനിതാ പോലീസ് റോന്തു ചുറ്റുന്നു.
കേട്ടവർ കേട്ടവർ വാ പൊളിച്ചു. മലയാളി മങ്കമാർ നെടുവീർപ്പിട്ടു. നഗരമധ്യത്തിലും നടുറോഡിലും ചുരിദാറിനു സ്‌റ്റേപ്ലർ അടിക്കപ്പെടുന്നതിന്റെ നാണക്കേടോർത്ത് ചിലർ വീടിനു പുറത്തിറങ്ങാൻപോലും മടിച്ചു. സാരി ദൂരെനിന്നു മാത്രം കണ്ടിട്ടുള്ള ചെറുപ്പക്കാരികൾ പഴയ സ്ലിറ്റില്ലാത്ത ചുരിദാറുകളും ഔട്ട് ഓഫ് ഫാഷനായ അംബ്രല്ലാ കട്ട് ചുരിദാറുകളുമൊക്കെ പൊടിതട്ടിയെടുത്തു. മധ്യവയസ്‌കരും വീട്ടമ്മമാരും സാരിയിലേക്കു കുറുമാറി. ആയിരങ്ങൾ കൊടുത്തു വാങ്ങിയ പുതുപുത്തൻ ചുരിദാറുകൾ പെട്ടിയിൽവച്ചു പൂട്ടും മുമ്പ് അവയൊക്കെ ആയിരം ദീർഘനിശ്വാസങ്ങളുടെ ചൂടറിഞ്ഞു.
കേരളത്തിൽ സമീപകാലത്ത് ഇത്രയേറെ വേഗത്തിലും ഫലപ്രദമായും പ്രചരിച്ച മറ്റൊരു വ്യാജവാർത്തയുണ്ടാകില്ല. മദാമ്മമാർ സ്വസ്ഥമായി സൂര്യസ്നാനം ചെയ്യാൻ വരുന്ന നാട്ടിൽ ഇത്തരമൊരു നിരോധനത്തിന് എന്തു യുക്തിയാണുള്ളതെന്നുപോലും ചിന്തിക്കാതെ പലരും കേട്ടതു വിശ്വസിച്ച് സ്വയം നിയന്ത്രണം പാലിച്ചു. നിരോധനത്തിന്റെ നിമസാധുതയെപ്പറ്റി ചിന്തിച്ചവരെ പഴമക്കാർ പഴയ മിനിസ്‌കർട്ട് നിയന്ത്രണത്തിന്റെ കാര്യം ആധികാരികമായി ഓർമിപ്പിക്കുകയും ചെയ്തു. അങ്ങനെ കുറച്ചു ദിവസങ്ങളിലേക്കെങ്കിലും കേരളത്തിൽ ചുരിദാർധാരിണികൾ ആശങ്കയിലായി.
അധികാരപ്പെട്ടവരോട് കാര്യം തിരക്കിയവർക്കു സംഭവത്തിന്റെ സത്യം പിടികിട്ടി. ഇങ്ങനെയൊരു നിയന്ത്രണം കേരള സർക്കാർ ഏർപ്പെടുത്തിയിട്ടേയില്ല. പോലീസ് സ്‌റ്റേഷനുകളിൽ ഇങ്ങനെയൊരുത്തരവിനെപ്പറ്റി കേട്ടുകേഴ്‌വി പോലുമില്ല. പക്ഷേ, സംശയം ചോദിച്ചുകൊണ്ടുള്ള ഫോൺ കോളുകളുടെ എണ്ണം പെരുകിയപ്പോൾ, ചില പോലീസുകാർക്കെങ്കിലും സംശയം തോന്നിക്കാണും, ഇനി നമ്മളറിയാതെ അങ്ങനെ എന്തെങ്കിലും…
എന്തായാലും ഭയപ്പെട്ട പോലെ ഒന്നുമുണ്ടായില്ല. പരിഷ്‌കാരം അത്രവേഗം കടന്നു ചെല്ലാത്ത ഏതോ നാട്ടിൻപുറത്തു നിന്നു പൊട്ടിമുളച്ച വ്യാജവാർത്തയായിരുന്നത്രെ അത്. അരക്കെട്ടിനു മുകളിൽ വരെ കീറിയിട്ട നീളൻ കുപ്പായമിട്ടു പോകുന്ന പരിഷ്‌കാരിപ്പെണ്ണങ്ങളെ കണ്ടു സഹിക്കാതെ അജ്ഞാതനായ ഏതോ വിരുതൻ കെട്ടിച്ചമച്ച കഥ. അങ്ങനെയൊരു നിയന്ത്രണം ആവശ്യമാണെന്നു തോന്നുന്ന ഏറെപ്പേർ നാട്ടിലുള്ളതുകൊണ്ടാകാം വാർത്ത ചിക്കുൻ ഗുനിയയെക്കാൾ വേഗത്തിൽ പടർന്നുപിടിച്ചത്.
സത്യത്തിൽ ഇന്നു കാണുന്ന നീളൻ കീറലുള്ള ചുരിദാർ പുതിയ ഫാഷൻ ട്രെൻഡിന്റെ സൃഷ്ടിയൊന്നുമല്ല. ഹിന്ദി സിനിമകൾ കളർ ആകാൻ തുടങ്ങിയ കാലം മുതൽ ഇവ വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുണ്ടെന്ന് പഴയ ഹിന്ദി സിനിമകളും പാട്ടുകളും കാണുന്നവർക്കറിയാം. അന്നത്തെപ്പോലെ, ശരീരത്തിൽ വച്ചു തയ്‌ച്ചപോലെ ഇറുകിയ ചുരിദാറുകളും ഇന്നു പ്രചരിക്കുന്നുണ്ട്. ചുരിദാറിനു കൈയും ഷോളുമൊക്കെ അനാവശ്യവസ്തുക്കളാണെന്നു കരുതുന്നവരും കുറവല്ല.
നീളൻ പാവാടയും ഹാഫ് സാരിയും ഫുൾ സാരിയുമൊക്കെ ദൂരെക്കളഞ്ഞ് മലയാളി മങ്കമാർ ചുരിദാറിനെ ആശ്ലേഷിച്ചിട്ട് ഏറെക്കാലമൊന്നുമായിട്ടില്ല. ഏറിയാൽ 25 വർഷം. സാരിയും പട്ടുപാവാടയുമൊക്കെ വിശേഷാവസരങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും മാത്രം ഉപയോഗിക്കാനുള്ള വസ്‌ത്രങ്ങളായി അലമാരകളെ അലങ്കരിച്ചപ്പോൾ, ശരീരം മുഴുവൻ മറയ്‌ക്കുന്ന വസ്‌ത്രം എന്ന നിലയിലാണ് കോളേജ് കുമാരിമാരും യുവതികളും പിന്നാലെ വീട്ടമ്മമാർ പോലും ചുരിദാറിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചത്.
പക്ഷേ, കാലത്തിനൊത്തു ചുരിദാറിന്റെ കോലവും മാറിയപ്പോൾ ഇപ്പറഞ്ഞ സങ്കല്പം വെറും സങ്കല്പം മാത്രമായി അവശേഷിച്ചു. ഷോൾ എന്ന വസ്‌തു ഒന്നും മറയ്‌ക്കാനല്ലെന്നും, അതു ചുരിദാറിന്റെ ഭാഗമായി ശരീരത്തിലെവിടെങ്കിലും ഉണ്ടായാൽ മതി, അല്ലെങ്കിൽ ഉണ്ടാകണമെന്നു തന്നെയില്ല എന്നും ഫാഷൻ ഡിസൈനർമാർ കണ്ടെത്തി. മേലുടുപ്പ് കണങ്കാൽ വരെ നീണ്ടാൽ അടിയിലുള്ള പാന്റിൽ ഡിസൈൻ വിരുതു കാട്ടാൻ കഴിയില്ലല്ലോ. അങ്ങനെ, മേലുടുപ്പിന്റെ നീളം കുറഞ്ഞുകുറഞ്ഞ്, സാധാരണ ഷർട്ടിനോളമായി. അഥവാ നീളം കൂടിയാലും പാന്റിലെ തുന്നൽപ്പണിയും തിളക്കവും വ്യക്തമാകാൻ മേലുടുപ്പിന്റെ വശങ്ങൾ ആവോളം കീറിയിടുകയുമാകാം.
ഫാഷൻ മാസികകളിലെയും ഫാഷൻ ഷോകളിലെയും വസ്‌ത്രവൈവിധ്യം യഥാർഥ സമൂഹ ജീവിതത്തിലേക്കു പകർത്തപ്പെട്ടപ്പോൾ ചുരിദാറുകളിൽ 99.9 ശതമാനത്തിനും സ്ലിറ്റുണ്ടായി. അങ്ങനെ രൂപവും ഭാവവും മാറിയ ചുരിദാർ നാടിന്റെ പരിഷ്‌കാരത്തിലേക്കുള്ള മുന്നേറ്റത്തിന്റെ തന്നെ പ്രതീകമാകുകയായിരുന്നു. സിനിമാശാലകളിലും വീട്ടിലെ ടിവിയിലുമൊക്കെ ഇതിലപ്പുറം കുടുംബമായി കണ്ടുശീലിച്ചവർക്ക് ചുരിദാറിന്റെ കീറൽ ഒരു സാംസ്‌കാരിക പ്രശ്നമാകേണ്ട കാര്യമില്ല. ടി.വി.യിലും സിനിമയിലും കാണുന്നതൊക്കെ അതിനു പുറത്തുമാകാമെന്ന (മിഥ്യാ) ധാരാണ സമൂഹത്തിൽ വേരുപിടിച്ചു പോയതിനാൽ ഇനി പറഞ്ഞിട്ടും കാര്യമില്ല.
പക്ഷേ, റോഡ് ക്രോസ് ചെയ്യുമ്പോഴും ബസിന്റെ കമ്പിയിൽ തൂങ്ങി യാത്ര ചെയ്യുമ്പോഴുമൊക്കെ കാറ്റടിച്ചു മേലോട്ടുയരുന്ന ചുരിദാറുകൾ ഇന്നൊരു പതിവു കാഴ്‌ചയും വൃത്തികെട്ട കമന്റുകൾക്കു ഹേതുവുമാണെന്ന്, കാഴ്‌ച കാണാൻ കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നവരും കമന്റടിക്കുന്നവരുമെങ്കിലും സമ്മതിക്കും. ഇതൊക്കെ കേട്ട് കൂടെയിരിക്കുന്ന ഏതെങ്കിലും ശുദ്ധഹൃദയൻ സ്വന്തം വീട്ടിൽപ്പോലും സ്ലിറ്റ് നിരോധിക്കാൻ സാധിക്കാതെ വന്നപ്പോൾ ഒരു നിരോധനക്കഥ പടച്ചു വിട്ടെങ്കിൽ കുറ്റം പറയാൻ പറ്റുമോ?
Generated from archived content: essay1_aug31_07.html Author: kamal_sports