നൂറ്റാണ്ടിന്റെ വിവാഹം എന്നു കൊട്ടിഘോഷിക്കപ്പെട്ട ചടങ്ങു കഴിഞ്ഞു. ഐശ്വര്യ റായ്, ഐശ്വര്യ ബച്ചനായി. ഹണിമൂണും കഴിയാറായി. ഇനി ഐശ്വര്യക്കും അഭിഷേക് ബച്ചനും ജോലിയിലേക്കു മടങ്ങണം. പക്ഷേ, കല്യാണത്തിനു ക്ഷണിക്കാത്ത സഹപ്രവർത്തകരെ അവരെങ്ങനെയാണ് ഇനി അഭിമുഖീകരിക്കാൻ പോകുന്നത്?
വിവാഹത്തിനു ക്ഷണം കിട്ടിയത് നൂറോളം പേർക്കു മാത്രമാണ്. അഭിഷേകിന്റെയും ഐശ്വര്യയുടേയും ബോളിവുഡിലെ സഹപ്രവർത്തകരിൽ ഏറിയ പങ്കും അവഗണിക്കപ്പെട്ടു. ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തിൽ, നിലവിൽ ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങളിൽ ഐശ്വര്യയുടെ നായകനായി അഭിനയിക്കുന്ന ഹൃഥിക് റോഷനും, അഭിഷേകിന്റെ നായികയായി അഭിനയിക്കുന്ന റാണി മുഖർജിയുമുണ്ടായിരുന്നു. ഇവർക്കൊപ്പവും പിന്നെ ക്ഷണിക്കപ്പെടാത്ത മറ്റു പല പ്രഗൽഭർക്കും ഒപ്പവും പ്രവർത്തിക്കുന്നതിന്റെ ജാള്യത നവദമ്പതികൾ എങ്ങനെയാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്ന് ബോളിവുഡ് ആവേശത്തോടെ ചർച്ച ചെയ്യുകയാണ്.
അശുതോഷ് ഗോവാരികറിന്റെ ജോധാ അക്‌ബറിൽ ഐശ്വര്യയുടെ നായകൻ ഹൃഥിക്കാണ്. ലഗാ ചുനാരി മേം ദാഗ് എന്ന ചിത്രത്തിൽ അഭിഷേകിന്റെ നായിക റാണിയും. ബോളിവുഡിലെ ഖാൻ ത്രയമായ ഷാറൂഖ്, സൽമാൻ, ആമിർ എന്നിവരും ഒഴിവാക്കപ്പെട്ട പ്രമുഖരിൽപ്പെടുന്നു. അതേസമയം, ഇവരുടെ സുഹൃത്തുക്കളായ സഞ്ജയ്‌ദത്ത്, പ്രീതി സിന്റ, കരൺ ജോഹർ തുടങ്ങിയവർ ക്ഷണിക്കപ്പെടുകയും ചെയ്തു.
അന്താരാഷ്‌ട്ര പ്രശസ്തയായ നടിയും ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പർതാരത്തിന്റെ മകനും തമ്മിലുള്ള വിവാഹം മാധ്യമങ്ങൾക്ക് ആവേശമായതിനൊപ്പം ബോളിവുഡിൽ ചൂടേറിയ ചർച്ചകൾക്കും വിഷയമാകുകയാണ്. ബോളിവുഡിലെ വെണ്ണപ്പാളിയാണ് ക്ഷണിതാക്കളുടെ പട്ടികയിൽ പ്രതിഫലിച്ചത്. യാഷ് ചോപ്ര, സഞ്ജയ് ലീല ബൻസാലി, കരൺ ജോഹർ, രാം ഗോപാൽ വർമ എന്നീ ക്ഷണിതാക്കളൊക്കെ ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ളവരോ ഭാവിയിൽ ഇവരെ വച്ച് ചിത്രമെടുക്കാൻ പദ്ധതിയുള്ളവരോ ആണ്. അമിതാഭ്, അഭിഷേക്, ഐശ്വര്യ ത്രയം ബോളിവുഡിലെ ഏറ്റവും ശക്തമായ താരകുടുംബമാകാനുള്ള ശ്രമം കൂടിയാണ് പുറത്തു വരുന്നതെന്നാണ് അണിയറ സംസാരം. ഇത്തരം പ്രശസ്തരെക്കൂടാതെ ക്ഷണിക്കപ്പെട്ടത്, ബച്ചന്റെ പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്ന സുഹൃത്തുക്കളും അഭിഷേകിന്റെ ബാല്യകാല സുഹൃത്തുക്കളും മാത്രമാണ്.
ഷാറൂഖ് ഖാൻ ക്ഷണിക്കപ്പെടാതിരുന്നത് അദ്ദേഹവും ബിഗ് ബിയും തമ്മിൽ കുറേക്കാലമായി നിലനിൽക്കുന്ന വൈരം കാരണമാണെന്നാണു സൂചന. കോൻ ബനേഗ ക്രോർപതിയുടെ പുതിയ പതിപ്പിൽ ബച്ചനു പകരം ഷാറൂഖ് അവതാരകനായത് വൈരം മൂർച്ഛിക്കാനും കാരണമായത്രെ. “എന്നെ കല്യാണത്തിനു വിളിച്ചിട്ടില്ല. എങ്കിലും ഞാൻ നവദമ്പതികൾക്ക് എല്ലാ ആശംസകളും നേരുന്നു” എന്നായിരുന്നു ഇതിനോടുള്ള ഷാറൂഖിന്റെ പ്രതികരണം. വിവാഹത്തോടടുത്ത ദിവസം തന്നെ കോൻ ബനേഗാ ക്രോർപതിയുടെ അവസാന എപ്പിസോഡും നടന്നു. തന്നോടൊപ്പം വിവാഹത്തിനു ക്ഷണിക്കപ്പെടാതിരുന്ന സൽമാൻ ഖാൻ, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, കരീന കപൂർ എന്നിവരെയാണ് ഷാറൂഖ് ഈ അവസാന എപ്പിസോഡിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നത്.
സൽമാനു ബച്ചൻ കുടുംബവുമായി നല്ല ബന്ധമാണുള്ളതെങ്കിലും ഐശ്വര്യയുമായുണ്ടായിരുന്ന പ്രണയ-കലാപ കലുഷിതമായ ബന്ധം കാരണം ഒഴിവാക്കപ്പെടുകയായിരുന്നു എന്നതു വ്യക്തമാണ്. അഭിഷേക് ബച്ചന്റെ ബാല്യകാല സുഹൃത്താണെങ്കിലും വിവേക് ഒബ്‌റോയിയും സൽമാന്റെ ഗണത്തിൽപ്പെടുത്തി ഒഴിവാക്കപ്പെടുകയായിരുന്നു.
ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമായ കപൂർ കുടുംബത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടത് പ്രധാനമായും മൂന്നുപേരാണ്. അഭിഷേകുമായി ഒരിക്കൽ വിവാഹം ഉറപ്പിച്ച ശേഷം ഒഴിവായ കരിഷ്മ, സഹോദരി കരീന, ഇവരുടെ മാതാവ് ബബിത.
എന്നാൽ, അഭിഷേകിന്റെ പഴയ സുഹൃത്തും സഹപ്രവർത്തകനുമായ ഹൃഥിക് ഒഴിവാക്കപ്പെട്ടത് ബോളിവുഡ് വൃത്തങ്ങളിൽ അത്ഭുതമുണർത്തി. ധൂം-2 എന്ന ചിത്രത്തിൽ ഹൃഥിക്കും ഐശ്വര്യയും ഉൾപ്പെട്ട ചൂടൻ ചുംബനരംഗം ബച്ചൻ കുടുംബത്തിനു പിടിച്ചിട്ടില്ല എന്നു നേരത്തെ വാർത്തയുണ്ടായിരുന്നു. ഒപ്പം, ഹൃഥിക്കിന്റെ വൻ പ്രശസ്തി, വിവാഹവേളയിൽപ്പോലും അഭിഷേകിന്റെ പ്രാധാന്യം കുറച്ചു കളയുമോ എന്നും ആരെങ്കിലും ഭയപ്പെട്ടു കാണും.
അഭിഷേകിന്റെ അടുത്ത സുഹൃത്തും വെള്ളിത്തിരയിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നായികയുമായി അറിയപ്പെടുന്ന റാണി മുഖർജി അവഗണിക്കപ്പെട്ടതും അത്ഭുതമുണർത്തുന്നതായി. ബച്ചൻ കുടുംബത്തിലെ മരുമകളായി റാണി എത്തുമെന്നും ജയബച്ചന്റെ എതിർപ്പു കാരണം ആ ആലോചന മുടങ്ങിയെന്നുമൊക്കെ മുമ്പുവന്ന വാർത്തകളാണ് ഇതുമായി ബന്ധപ്പെടുത്തി ചിന്തിക്കാവുന്നത്. ഷാറൂഖ് ഖാൻ ചിത്രമായ ചൽത്തേ ചൽത്തേയിൽ ഐശ്വര്യക്കു പകരം റാണി വന്നതോടെ ഇവർ തമ്മിൽ ഉടക്കിയെന്നും കേട്ടിരുന്നു. റാണിയും അഭിഷേകുമായുള്ള സൗഹൃദം ഐശ്വര്യക്ക് ഇഷ്ടവുമല്ലത്രെ. റാണി ഒഴിവാക്കപ്പെട്ടപ്പോഴും പ്രീതി സിന്റ ക്ഷണിക്കപ്പെട്ടത്, അവസാന നിമിഷം ജയബച്ചൻ ഇടപെട്ടതുകൊണ്ടാണെന്നും ബോളിവുഡിൽ സംസാരമുണ്ട്.
കാര്യകാരണങ്ങൾ എന്തൊക്കെയായാലും ആഷ്-അഭി വിവാഹത്തിനു ക്ഷണിക്കപ്പെട്ടവരേക്കാൾ ശ്രദ്ധ നേടിയത് ക്ഷണിക്കപ്പെടാത്തവരാണ്. ഇവരിൽ പലരെയും ആഷിനും അഭിക്കും മാത്രമല്ല സാക്ഷാൽ ബിഗ്-ബിക്കും ഭാര്യയ്‌ക്കുമൊക്കെ ഭാവിയിലും അഭിമുഖീകരിക്കേണ്ടിവരികയും ചെയ്യും. ബച്ചനെ ബച്ചനാക്കിയ ആരാധകരെ വിവാഹത്തിന്റെ ചിത്രംപോലും കാണാൻ അനുവദിക്കാതെ വിദേശ മാധ്യമത്തിന് വിവാഹത്തിന്റെ ചിത്രീകരണാവകാശം വിറ്റതിന് ബച്ചൻ ഏറെ പഴികേട്ടു കഴിഞ്ഞു. ആരാധകരേക്കാൾ വളർന്ന ഒരു നടന് ഇപ്പോൾ ആരാധകർ വലിയ കാര്യമല്ലായിരിക്കാം. പക്ഷേ, സഹപ്രവർത്തകരെ അങ്ങനെ അവഗണിക്കാനാകുമോ?
Generated from archived content: cinema1_apr28_07.html Author: kamal_sports