വശീകരിക്കുക എന്നതിന് പാട്ടിലാക്കുക എന്നാണ് മലയാളി പറയുക . ശ്രുതി മാധുര്യത്തിനാണ് രൂപത്തേക്കാള്‍ ആകര്‍ഷണീയത എന്ന് മലയാളി അബോധത്തില്‍ പോലും മറിഞ്ഞിരിക്കുന്നു. ഒളിഞ്ഞിരുന്ന് പാടുന്ന കുയിലിന്റെ ‘ രൂപഭംഗി’ (കുയിലിന്റെ രൂപം അതിന്റെ സംഗീതമാണ്. – നീതിശാസ്ത്രം) അടുത്തുനിന്ന് നൃത്തം വയ്ക്കുന്ന മയിലിനില്ല സംഗീതത്തിന്റെ ഉടല്‍ അന്ധകാരത്തേയും ദൂരത്തേയും മറവിയേയും ജയിക്കുന്നു. ‘ അനശ്വരനായ ഗായകന്‍’ അനശ്വരനായ എഴുത്തുകാരനേക്കാളും അനശ്വരനായ ചിത്രകാരനേക്കാളും ജനമനസ്സിനു പ്രിയതന്‍. അനശ്വരനായ ഒരു ഗായകന്റെ ബാല്യമാണ് ഓരോ മലയാളിയുടേയും ബാല്യകാലം എന്ന് ചെറിയൊരതിശയോക്തിയോടെ പറയാം. രാവിലെ ഉണരുമ്പോള്‍ അപൂര്‍വ മധുരമായ ശബ്ദമുള്ള ഒരു ഗന്ധര്‍വനായി താന്‍ മാറിയിരിന്നെങ്കില്‍ എന്ന് ഒരിക്കെലെങ്കിലും സ്വപ്നം കണ്ടവരുടെ സംഖ്യ ഏതാണ്ട് മുഴുവന്‍ ജനസംഖ്യയോളം വരും. എല്ലാ കലാകാരന്മാരുടേയും ബാല്യകാലം പാടുവാന്‍ ആഗ്രഹിച്ചിരിക്കണം എല്ലാ കലാകാരന്മാരുടേയും ‘ അസ്സല്‍ ‘ ഗായകനായിരിക്കണം ‘ പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ’ എന്നത് സകലരുടേയും ആത്മഗതമായിരിക്കണം ദൂരെ നിന്ന് കേള്‍ക്കുന്ന ഒരു മധുര ഗാനം ഉലക്കുന്നത് ദൂരെയുള്ള നമ്മുടെ ബാല്യത്തിലെ ആ ഗായകനെക്കൂടിയാവാം. അതുകൊണ്ടാവാം നമ്മുടെ ആനന്ദങ്ങള്‍ സങ്കടപ്പെടുത്തുന്ന ആനന്ദങ്ങള്‍ ആയത്. ഉദ്ബുദ്ധനാക്കുന്നതിനേക്കാള്‍ ജനമനസ്സിനെ പാട്ടിലാക്കുന്നതില്‍ കൊതിയുള്ള സുധീഷിന്റെ ബാല്യവും ഗായകന്റെ ബാല്യമായിരുന്നു. തന്റെ ജീവിത കഥ പ്രാഥമികമായി , താന്‍ കേട്ട ഗാനങ്ങളുടെ കഥ കൂടിയാണ് – പ്രണയിച്ചത് തന്നിലെ ഗായകനെയാണെന്ന്, പാട്ടിലാക്കലാണ് തന്റെ ജീവിത ദൗത്യമെന്ന് – എന്ന തിരിച്ചറിവാണ് ആത്മകഥക്കു മുമ്പേ ആത്മഗാനമെഴുതാന്‍ സുധീഷിനുണ്ടായ പ്രേരണ . ആത്മഗാനമാണ് ആത്മകഥയുടെ അസ്സല്‍ എന്ന തിരിച്ചറിവും.
പാവപ്പെട്ടവന്റെ കവിതയും തത്ത്വ ശാസ്ത്രവും ധര്‍മ്മശാസ്ത്രവും മലയാളത്തില്‍ ചലച്ചിത്രഗാനം ,. പില്‍ക്കാലത്തെപ്പോഴോ ‘ ഏകാന്തതയുടെ അപാരതീരമോ’ , ‘ മാരിവില്ലിന്‍ തേന്മലരോ’, ‘ എങ്ങനെ നീ മറക്കും’ മോ ഒക്കെ കേട്ടിട്ടുള്ള മലയാളിക്ക് അതില്‍ക്കവിഞ്ഞ ഒരു ഗൃഹാതുരത്വം മറ്റൊരു കലാരൂപത്തില്‍ നിന്നും കിട്ടിയിരിക്കുകയില്ല. അതവന്റെ ഹൃദയത്തില്‍ സ്ഥലവിസ്തൃതി കൂട്ടി. ടാഗോറിന്റെ കവിതകളുടെ അതിസൂക്ഷ്മമായ ഭാവവിഹ്വലതകള്‍ വരെ നിരക്ഷരരായ മലയാളിയുടെ പോലും ഭാവി വിഹ്വലതകളായി. , പി. ഭാസ്ക്കരന്റേയും മറ്റും ഗാനങ്ങളിലൂടെ ചലച്ചിത്രഗാനങ്ങള്‍ മലയാളത്തിലെ അനുരാഗിയുടെ ഡയറക്ടറായി എത്രയോ ഹൃദയങ്ങളുടെ കണ്ണീരിന്റേയും ആനന്ദത്തിന്റേയും വഴികളായി. യാത്രയിലെവിടെയെങ്കിലും വെച്ച് കാതില്‍ പതിക്കുന്ന ‘ അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ള’ മോ ‘ ഹൃദയസരസ്സിലെ പ്രണയപുഷപമോ’ ഒക്കെ മലയാള സിനിമയിലുണ്ടാക്കിയ ഓളങ്ങള്‍ അടങ്ങുവാന്‍ എത്ര നേരമെടുത്തിരിക്കണം ? കാല്പനികത മലയാളത്തില്‍ സാര്‍വത്രികമായി പ്രസരിച്ചത് ചലച്ചിത്രഗാനങ്ങളിലൂടെ ,’ചങ്ങമ്പുഴ ഭാവുകത്വം’ മലയാളി ഭാവുകത്വമായത് ചലച്ചിത്രഗാനങ്ങളിലൂടെ. വിപ്ലവസന്നദ്ധതയും ത്യാഗസന്നദ്ധനും ആകാന്‍ അവനെ പ്രേരിപ്പിച്ച അപൂര്‍വ്വ നിമിഷങ്ങളില്‍ ചിലത് ചലച്ചിത്ര ഗാനങ്ങള്‍ നല്‍കി. അത് മലയാളിക്ക് വാക്കുകള്‍ നല്‍കി, സ്വപ്നങ്ങള്‍ നല്‍കി, ആശയങ്ങള്‍ നല്‍കി, വൈകാരികത നല്‍കി നവോത്ഥാനം പോലെയുള്ള ഉണര്‍വുകളെത്രയും പാമരനിലെത്തിയത് ഈ വഴി.
മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വം ചിട്ടപ്പെടുത്തുന്നതില്‍ ബാബുരാജും ദക്ഷിണാമൂര്‍ത്തിയും ദേവരാജനും രാഘവനുമൊക്കെ സൂക്ഷ്മത പാലിച്ചു. കവിതയിലെ പ്രാണനെ അനുഗമിക്കുകയായിരുന്നു അവരുടെ സംഗീതം. വാക്കില്‍ മറഞ്ഞിരുന്നവയെ അവര്‍ പാടി . പതുക്കെ ഒരു ജനതയുടെ ഹൃദയത്തിന്‍ അവരീണമിട്ടു. ഭാസ്ക്കരനും ഒ. എന്‍. വി യുമൊക്കെ ഓങ്ങിയത് അവര്‍ കൊള്ളിച്ചു. ചിലപ്പോള്‍ കാളിദാസനും ഷേക്സ്പിയറും ഒക്കെ ഉള്‍ക്കൊണ്ടതു പോലും. അവര്‍ ജനങ്ങളെ പാട്ടിലാക്കി.
അഗാധമായ സംഗീത ബോധത്തേയോ അഗാധമായ കാവ്യ ബോധത്തേയോ ചലച്ചിത്രഗാനങ്ങള്‍ തൃപ്തിപ്പെടുത്തുകയില്ല. അതു തുടങ്ങുമ്പോള്‍ , കാതു പൊത്തുന്ന സംഗീതജ്ഞാനികളും കുറവല്ല. ഈണം കൂടാതെ വായിച്ചാല്‍ , നാം ആന്തരികമാക്കിക്കഴിഞ്ഞ അതാലപിച്ച ഗായികയുടേയോ ഗായകന്റേയോ ശബ്ദത്തിലല്ലാതെ അവ വായിച്ചാല്‍, അതിതുച്ഛമായി ഏറ്റവും മികച്ച വരികള്‍ പോലും മാറുകയും ചെയ്യും. പക്ഷെ, മലയാളിയുടെ അനുഭൂതിയാണ് , യവ്വനത്തിന്റേയും സംഗീതബോധത്തിന്റെയും ഉദ്ഗ്രഥനമാണ് ചലച്ചിത്രഗാനങ്ങള്‍. നീലക്കുയില്‍ പിന്നീട് അഞ്ചോ ആറോ ചലച്ചിത്രഗാനങ്ങളായി മാറി എന്ന് മാധവന്‍ പറയുന്നതു പോലെ പറഞ്ഞാല്‍ ശരാശരി മലയാളിയുടേയും ജീവിതവും പത്തോ ഇരുപതോ ചലച്ചിത്ര ഗാനങ്ങളായി മാറിയിരിക്കുന്നു.
അല്‍പ്പകാലം മുമ്പുവരെ ഗൗരവമായ പഠനങ്ങള്‍ക്കൊന്നും , വിശകലങ്ങള്‍ക്കൊന്നും അവ യോഗ്യമായിരുന്നില്ല. ജനപ്രിയ മാധ്യമങ്ങളോടുള്ള സമീപനത്തില്‍ വന്ന കാതലായ ഒരു മാറ്റം, ആധുനീകോത്തര കാലത്തിന്റെ ചില തിരിച്ചറിവുകള്‍ ഇത്തരം ഒരു രചനയെ സാധ്യമാക്കി.ആത്മകഥയാവുന്ന സകലരുടേയും കഥ അധികമൊന്നുമില്ല മലയാളത്തില്‍. എന്നാല്‍ ആത്മഗാനമാകുന്ന ഗാനം കുറച്ചൊന്നുമല്ല മലയാളത്തില്‍. ഓരോ മലയാളിക്കുമുണ്ട് ആതമകഥയില്ലെങ്കില്‍ പോലും , ആത്മഗാനം, അതിനെ അംഗീകരിക്കുന്നു. അടിയിലടിയില്‍ ഗായകനായ ആ മലയാളിയെ ആദ്യമായി അഭിസംബോധന ചെയ്യുന്നു ഈ കൃതി എന്നതാണിതിന്റെ പ്രാധാന്യം.
ആത്മഗാനം – വി.ആര്‍. സിധീഷ്
പ്രസാധനം – മാതൃഭൂമി ബുക്സ്
പേജ് – 159
വില – 80 രൂപ
Generated from archived content: vayanayute47.html Author: kalpatta_narayanan
Click this button or press Ctrl+G to toggle between Malayalam and English