തന്തതളളമാരായാൽ ഇങ്ങിനെയാകണം

കത്തികുത്ത്‌, തമ്മിൽതല്ല്‌, വർഗ്ഗീയ ലഹള, ലാത്തിചാർജ്ജ്‌, അഴിമതി, ധൂർത്ത്‌ അങ്ങിനെയങ്ങിനെ കേൾക്കാൻ കൊളളാവുന്ന കാര്യങ്ങൾ ഒരുമിച്ചു കാണണമെങ്കിൽ സ്‌കൂൾ യുവജനോത്സവവേദികളിൽ പോകണം. കുശുമ്പ്‌, അസൂയ, പരദൂഷണം എന്നിവ മൊത്തമായും ചില്ലറയായും ഇവിടെ വേണ്ടുവോളം കിട്ടും.

സംസ്ഥാന സ്‌കൂൾ യുവജനോത്സവം കോഴികോട്‌ തകൃതിയായി നടന്നു. പുറമെനിന്ന്‌ കാണുമ്പോൾ ബഹുവിശേഷം. മന്ത്രിമാര്‌, എം.എൽ.എമാര്‌, സാംസ്‌കാരിക നായക-നായികമാർ അങ്ങിനെ അണിനിരക്കുന്ന ഗജവീരന്മാരും ഗജവീരത്തികളും ഒരുപാടുണ്ട്‌. പത്രങ്ങളിൽ കളർ ഫോട്ടോ, ചാനലുകൾക്ക്‌ ഉത്സവം, ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക്‌ ആനന്ദം, അത്ഭുതം. പിന്നെ നമ്മുടെ പിളേളരെല്ലേ എന്ന അഭിമാനവും.

ഇതൊക്കെ പറഞ്ഞു രസിക്കാൻ മാത്രമുളള കാര്യങ്ങൾ. ഇതിനൊക്കെ പിറകിൽ വേദനിക്കുന്ന ഒരു വിഭാഗമുണ്ട്‌. തീ തിന്നുന്നവർ…. വേറെയാരുമല്ല… ഈ ആടിക്കളിക്കുന്ന കുട്ടികളുടെ തന്തതളളമാർ തന്നെ. “ഒന്നരലക്ഷമാ മോഹിനിയാട്ടത്തിനുവേണ്ടി ചെലവാക്കിയത്‌, സമ്മാനം കിട്ടിയില്ലേല്‌ നിന്റെ കാലുതല്ലിയൊടിക്കും” എന്നു പറയുന്ന അമ്മമാരെ കിട്ടുന്നത്‌ ഭാഗ്യമല്ലേ മക്കളേ….

ഇതൊക്കെ കണ്ട്‌ തൂമ്പാപണിക്കാരൻ നാറാണന്റെ മോൾക്ക്‌ ഒരാശ വന്നാൽ എതിരു പറയാൻ പറ്റുമോ?

“അപ്പാ… എനിക്കും കളിക്കണം മോഹിനിയാട്ടം.”

“അതിന്‌ നല്ല അപ്പന്റെ മോളായി ജനിക്കണം… പോടീ അപ്പറത്ത്‌, ഒരു കുപ്പികളള്‌ കുടിക്കാൻ കാശില്ല… അപ്പളാ മോഹിനിയാട്ടം.”

അങ്ങിനെ നാറാണന്റെ മോള്‌ സുമതി അടുക്കളയിൽ പുകയൂതി യുവജനോത്സവം നടത്തും… തീയൂതിയൂതി മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവ കളിക്കും. നാറാണനെന്ത്‌ യുവജനോത്സവം… അതുകൊണ്ട്‌ പുളളിക്കൊരു ടെൻഷനുമില്ല..

നാറാണന്റെ പോലെയല്ല ഡോക്‌ടർ പുഷ്പാംഗദന്റെ കാര്യം. മകൾ കലാതിലകമായില്ലെങ്കിൽ താനും ഭാര്യ അംബുജംമാഡവും എങ്ങിനെ നാലുപേരുടെ മുഖത്ത്‌ നോക്കും?

“മമ്മീ… എനിക്കുവയ്യാ…. കാലുവേദനിക്കുന്നേ… ” പ്രിയപുത്രി നൃത്തപരിശീലനത്തിനിടയിൽ പുളഞ്ഞു പറഞ്ഞു.

“എങ്കീപോയി മിമിക്രി ചെയ്യടീ… തൊണ്ട വേദനിക്കുമ്പോ… തബല പ്രാക്‌ടീസ്‌ ചെയ്യ്‌, പിന്നെ കഥകളി സംഗീതം, മോഹിനിയാട്ടം, നാടോടിനൃത്തം.. ഹെന്റെ മോള്‌ മമ്മിയെ കൊല്ലിക്കല്ലേ…”

ഉന്തിയും തളളിയും മകളെന്ന സാധനത്തെ ഒടുവിൽ ഒരു കലാതിലകമാക്കി ഏതെങ്കിലും ഒരു മമ്മിയും ഡാഡിയും മാറ്റും. (വിധികർത്താക്കൾ ആരെന്നറിയാൻ രഹസ്യാന്വോഷണവിഭാഗവും ഈ രക്ഷാകർത്താക്കളുടെ പക്കലുണ്ടാവും.)

കലാതിലകമോ പ്രതിഭയോ ആയി കഴിഞ്ഞാൽ കലയെന്നോ മറ്റോ കേട്ടാൽ പിന്നെയീപിളേളരുടെ പൊടിപോലും കാണില്ല. തന്തതളളമാർ ഇവരെ ഡോക്‌ടറക്കാനോ എൻഞ്ചിനീയറാക്കാനോ ഉളള തിരക്കിലായിരിക്കും. കല പെരുവഴിയിൽ…

പിൻകുറിപ്പ്‌ഃ എങ്കിലും സത്യം പറയാതെവയ്യല്ലോ. ഈ കലാപ്രതിഭാ-തിലകങ്ങൾക്കിടയിൽ ഇടയ്‌ക്കെങ്കിലും അമ്പിളിദേവിയെപോലുളള കുട്ടികളെ കാണുമായിരിക്കും. എന്താവണം എന്നു ചോദിച്ചാൽ നൃത്തരംഗത്ത്‌ ഡോക്‌ടറേറ്റ്‌ എടുക്കണം എന്നു പറയാനുളള ആർജവം ആ കുട്ടിക്കുണ്ട്‌. മക്കളെ യുവജനോത്സവത്തിന്‌ കെട്ടി എഴുന്നെളളിക്കുന്ന രക്ഷകർത്താക്കൾ ഈ വാക്കുകൾ മറക്കാതിരിക്കട്ടെ…

Generated from archived content: kalolsavam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English