ഏയ് നെരൂദാ
ഉണരൂ…..
കരിയിലകളിവിടെ
പകലുകളിൽ
കുമിയുകയാണ്.
വേട്ടയാടപ്പെടുന്ന
ചിന്തകളുടെ
കണ്ണുകളിൽ നീ
ഉണരുകയാണ്
നിന്നിലേക്കുളള ദൂരം
കറുത്ത ആകാശങ്ങൾക്കും മീതെ
ഇടിമിന്നലുകൾക്കുമേറെ
അകലെയെങ്കിലും
കറുത്ത പെൻഡുലമുളള
എന്റെ ഘടികാരം
ചിലയ്‌ക്കുന്നതിനിടയിൽ
നീയുണ്ട്.
ഏയ്… നെരൂദാ…
ചിലിയൻ ഖനിയിൽ
ഖനനമിന്നുമുണ്ടോ?
സാന്തിയാഗോവിലെ
വീഥികളിൽ
തെരുവു നായ്‌ക്കളോടൊപ്പം
കവിതമൂളി നടക്കുന്ന
കൗമാര നിഴലുണ്ടോ?
കുഴിച്ചുമൂടപ്പെട്ട അടിമയുടെ
ശിഷ്‌ടം
മാച്ചുപീക്‌ചുവിൽ നിന്ന്
നീയെന്നു ഖനനം ചെയ്യും
സാമ്രാജ്യത്വത്തിന്റെ
പുകമറയ്‌ക്കുമീതെ
ആന്റോഫഗസ്‌റ്റയിലെ തെരുവിലിപ്പഴും
ചോരകൊടി പാറുന്നുവോ?
ഏയ് നെരൂദാ…
ഞാനിന്ന് പ്രണയിക്കുവാൻ
പഠിക്കുകയാണ്.
എങ്കിലും
ഒരിക്കലും ഞാനെന്റെ
പ്രണയിനിയുടെ
ചുംബനങ്ങൾ അപഹരിക്കുന്ന
തലയിണകളോട്
അസൂയപ്പെടുന്നില്ല.
ശരത്‌കാല സത്യവാങ്ങ്‌മൂലം
തുറന്നിരിക്കുകയാണ്
നിന്റെ പ്രണയത്തിന്റെ
പച്ചരക്‌തവുമായി.
Generated from archived content: poem_nerudakku.html Author: kalesh_s