ഒഴിവുകാലം ‘ഒരു ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌’ പകൽചിത്രം

വേനൽ

കുട്ടികളെ തിരക്കി

നാട്ടിൻപുറത്തെത്തിയത്‌

നട്ടുച്ചയ്‌ക്കായിരുന്നു.

വെട്ടിമരച്ചില്ലയിൽ

കുരികിലിൻ വളളികൾ

ഞാന്നുകിടക്കുന്ന വീടിന്റെ താഴ്‌വാരങ്ങളിൽ

തലപൊട്ടി കിടക്കുന്ന

തവിട്ടുനിറമുളള ‘ടോണിക്‌’കുപ്പികൾക്കുമേൽ

തണലുകൂട്ടി വെയിലിനെതിരെ

മഞ്ഞിച്ച മുളങ്കാടുകൾ

അതിനും താഴെ ഞങ്ങൾ

പട്ടം പറത്താറുളള കാലായിലേക്ക്‌

നടന്നുപോകുന്ന മൺവഴി

കാറ്റ്‌ ഒരു തോട്ടിക്കമ്പുപോലെ

ഇടയ്‌ക്കിടെ ഞെട്ടുമുറിച്ചിട്ട പറങ്കിപ്പഴവും തിന്ന്‌

ഞങ്ങളാവഴിയിലിരുന്ന്‌

ഞായറാഴ്‌ച കണ്ട

സിനിമാക്കഥ പറയുമായിരുന്നു.

സാറ്റുമരങ്ങൾ തിരയുന്ന അപരാജിതർ

ഒളിവുകാലത്തെ പ്രതികളെപ്പോലെ

ഒഴിവുകാലത്തൊളിവിലായിരുന്നു.

മണ്ണുചേർത്തുപിടിച്ച കൈക്കെണ്ടയിലേക്ക്‌

രാശിക്കുഴിക്കടുത്തുനിന്നുമോടി വന്ന്‌

മർദ്ദിച്ച പച്ചഗോലിയെ

മർദ്ദിതൻ ചൂരോടെ വലിച്ചെറിഞ്ഞ

കയ്യാല‘യ്‌ക്കരികിലെ പൊന്തക്കാടുകളിലന്ന്‌

കീരിയുണ്ടായിരുന്നു.

കാശാവിലകൾ ചുരുട്ടിവച്ചൂത്തുമെനഞ്ഞൂതുന്ന

നാക്കിന്റെ നാടൻ തരിപ്പിനൊപ്പം

കേൾക്കാമായിരുന്നു

തോട്ടിൻകരയിലെ ഓടുമേഞ്ഞ

’ഷിബു‘വിന്റെ വീട്ടിൽനിന്നും

ഒന്നരമണിയുടെ ചലച്ചിത്രഗാനം.

ഉച്ചവന്നു മടങ്ങുമ്പോഴേക്കും

ആരെങ്കിലുമൊക്കെവന്ന്‌

ഓലക്കാലു കമ്മ്യൂണിസ്‌റ്റുപച്ച വച്ചു

പന്തു മെനയുവാൻ തുടങ്ങും.

ആകാശവട്ടത്തിലേക്കതുകെളത്തി

പോരുവിളിച്ചും പരസ്‌പരമെയ്‌തും

ഏറെ ദൂരമോടിയൊടുങ്ങുമത്‌.

പുറത്തിപ്പഴും തടവിനോക്കിയാൽ ചിലപ്പോൾ കാണാം

ഏറുപന്തന്നവശേഷിപ്പിച്ചിട്ട

കളിഭ്രാന്തിന്റെ ചങ്ങലപ്പാട്‌.

കാറ്റതിന്റെ കടങ്ങൾ തീർത്താഞ്ഞു

തുടങ്ങുമ്പോൾ

തീപ്പൊരിയും മർമ്മരത്തോടുമൊപ്പം

മുളങ്കാട്ടിലെ വിശറിയിലകൾ വീണുപോകും

ഞങ്ങളതു തുപ്പലുമുക്കി

കൈവിരലിലൊട്ടിച്ചു ചേർത്തൊരു കാറ്റാടിയായ്‌

നാട്ടുവഴിയിലൂടെയൊരോട്ടം പോകും.

പലരും പലവഴിയിലൂടെയോടിയോടി എങ്ങുപോയ്‌..?

പലരും പലവഴിയിലൂടിന്നുമോടിയോടി കൊണ്ടിരിക്കുന്നു

കൈയ്യിലൊരു കാറ്റാടിയുമായ്‌.

Generated from archived content: poem2_jan20.html Author: kalesh_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവ്യതിയാനി
Next articleസാക്ഷ്യം
എം.ജി.യൂണിവേഴ്‌സിറ്റി ‘സ്‌റ്റാസി’ലെ എം.സി.എ (പുല്ലരിക്കുന്ന്‌ കാമ്പസ്‌) വിദ്യാർത്ഥിയാണ്‌. യൂണിവേഴ്‌സിറ്റി യുവജനോൽസവം ‘ബാലഡ്‌ 2004-കാലടി’യിൽ വച്ച്‌ നടന്നതിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസ്ഥാനം, അങ്കണം സാംസ്‌ക്കാരികവേദി തൃശൂർ നടത്തിയ കവിതാമൽസരത്തിൽ ‘ഒഴിപ്പിക്കപ്പെട്ടവരുടെ വീട്‌’ എന്ന കവിതയ്‌ക്ക്‌ ഒന്നാം സ്ഥാനം. വിലാസം ഃ കലേഷ്‌.എസ്‌., ശങ്കരമലയിൽ, കുന്നന്താനം പി.ഒ., മല്ലപ്പളളി, പത്തനംതിട്ട - 689 581.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here