മൾട്ടിപ്പിൾ പേഴ്‌സണാലിറ്റി

 

 

 

ചില രാത്രികളിൽ

എത്ര തവണ

സോഷ്യലിസം പ്രഖ്യാപിച്ച്‌

നാം ഉറങ്ങാതിരുന്നിട്ടുണ്ട്‌

എന്നിട്ടുമെന്തേ വിവാഹത്തലേന്ന്‌

നീ ഒളിച്ചോടിയില്ല.

പാർക്കിലെ

ഐസ്‌ക്രീം നിറമുളള ബഞ്ചിലിരുന്ന്‌

പ്രണയം പകുത്തുതിന്ന്‌

നമ്മിലൊരാൾ ആത്മാർത്ഥതയുടെ

അതിർവരമ്പിലിറങ്ങി നില്‌ക്കുമ്പോൾ

‘എന്റെ’ (ഞാനോ&നീയോ)

ചുവരിലിരമ്പും ക്ലോക്ക്‌

കിടിലനൊരലാറത്തിന്‌

കിണയുകയാണെന്നുരച്ച്‌

എന്തിനു നീ സുഖശീതളിമ നിറച്ച

അടുത്ത പാർക്കിലേക്കൂളിയിടുന്നു.

ആഗോളവൽക്കരണത്തിൽനിന്നും

ആ‘കോള’വൽക്കരണത്തിലേക്കുളള

ദൂരം തന്നെയാണ്‌

ആതിരപ്പളളിയിലെ മഴനൃത്തത്തിൽനിന്ന്‌

പ്ലാച്ചിമടയിലെ ജനനൃത്തത്തിലേക്കുളളതെന്ന്‌

സ്വപ്‌നം കണ്ടത്‌

ഇന്നു പുലർച്ചയാണ്‌

പെരിയാറു സംരക്ഷണത്തിന്‌

ബാനറു പിടിച്ചെത്തി

അമ്മയാൽ പ്ലഡ്‌ജു നടത്തി

മറൈൻ ഡ്രൈവിലിരുന്ന്‌

ബിരിയാണി കഴിക്കുന്ന മങ്കമാരെകണ്ട

സെപ്‌റ്റംബർ ‘എനിക്കുണ്ട്‌

ഹസനെ’ടുത്ത ഫോട്ടോസിനപ്പുറമിപ്പുറമിരുന്ന്‌

കത്തുകളിലൂടെ

ഞങ്ങളിന്ന്‌ പെരിയാറിന്റെ

അസ്‌തിത്വം തിരയുന്നു.

സ്വകാര്യവല്‌ക്കരണത്തിനെതിരായി

പണ്ട്‌ കാമ്പസിൽനിന്നും തെരുവിലേക്ക്‌

നീണ്ടുപോയ കൊടിയുടെ കൂടെ നടന്നയെന്നെ ചതിച്ച്‌

വീട്ടിലെത്തിച്ചു ചാരപ്പണി നടത്തിയ

അയലത്തുകാരനങ്കിളിപ്പോൾ

എച്ച്‌.എൻ.എല്ലിൽ നിന്നും പിരിഞ്ഞുവന്ന്‌

ഉമ്മറത്തുലാത്തുന്നുണ്ട്‌.

ആരൊക്കെയോ ചേർന്നിന്നും

നിർമ്മിച്ചു കൊണ്ടിരിക്കുന്ന

ഭൂപടമാണീ ദേശമെന്നും

ഒരറ്റം മുതലീ മണ്ണലിഞ്ഞുപോകുന്നത്‌

അന്തരീക്ഷമർദ്ദം കൊണ്ടല്ല

ഇതുവെറും യാദൃശ്ചികം മാത്രമാണന്നും

ഒരു മാധ്യമവിചാരവും

‘സർട്ടിഫൈ’ ചെയ്യാതിരുന്നെങ്കിൽ.

 

Generated from archived content: poem1_june9.html Author: kalesh_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകുട+കുടം=ടകുട-ടകുടം-ട്ട
Next articleതിരുശേഷിപ്പുകൾ
എം.ജി.യൂണിവേഴ്‌സിറ്റി ‘സ്‌റ്റാസി’ലെ എം.സി.എ (പുല്ലരിക്കുന്ന്‌ കാമ്പസ്‌) വിദ്യാർത്ഥിയാണ്‌. യൂണിവേഴ്‌സിറ്റി യുവജനോൽസവം ‘ബാലഡ്‌ 2004-കാലടി’യിൽ വച്ച്‌ നടന്നതിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസ്ഥാനം, അങ്കണം സാംസ്‌ക്കാരികവേദി തൃശൂർ നടത്തിയ കവിതാമൽസരത്തിൽ ‘ഒഴിപ്പിക്കപ്പെട്ടവരുടെ വീട്‌’ എന്ന കവിതയ്‌ക്ക്‌ ഒന്നാം സ്ഥാനം. വിലാസം ഃ കലേഷ്‌.എസ്‌., ശങ്കരമലയിൽ, കുന്നന്താനം പി.ഒ., മല്ലപ്പളളി, പത്തനംതിട്ട - 689 581.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English