കഥകളിയിലെ ആധുനികപ്രവണതകൾ

ഏതു കലയുടെയും ആധുനികത എവിടം മുതൽക്കു തുടങ്ങുന്നു എന്ന്‌ ആർക്കും അറുത്തു മുറിച്ചു പറയാൻ കഴിയില്ല. സാഹിത്യം, നൃത്തം, ചിത്രരചന തുടങ്ങിയ ഏതു മണ്ഡലത്തിലായാലും അങ്ങനെയൊന്നുണ്ട്‌ എന്ന്‌ അംഗീകരിക്കുന്നതോടൊപ്പം തന്നെ അവയുടെ കളളിതിരിച്ചുളള തുടക്കങ്ങളെ വ്യവച്ഛേദിച്ചു പറയുക എന്നുളളതും വിഷമമാകും. ഇവയൊന്നും ഒറ്റയടിക്ക്‌ രംഗത്ത്‌ ആവിർഭവിച്ചവയല്ല. ഈ പ്രതിഭാസം കഥകളിയെ സംബന്ധിച്ചിടത്തോളവും പ്രസക്തമാണ്‌. കഥകളി ഒന്നാണെങ്കിലും മദ്ധ്യോത്തര ദക്ഷിണകേരളത്തിലെ അവതരണരീതികൾക്ക്‌ ഇന്നും ഈഷൽ വ്യത്യാസങ്ങളുണ്ട്‌. ഒരേ ആശാന്റെ ശിഷ്യൻമാർ തന്നെ തങ്ങളുടേതായ മനോധർമ്മങ്ങളും ശൈലിയും ചിട്ടകളും കൂട്ടിക്കലർത്തി പുതിയ വഴികൾ കണ്ടുപിടിക്കാൻ തുടങ്ങിയ മുതൽക്കാണ്‌ ഈ പ്രതിഭാസം അരങ്ങേറിയത്‌. കാലാകാലങ്ങളായി ഇവയിലൊക്കെ നവീകരണ ശ്രമങ്ങളും പരിഷ്‌കാരശ്രമങ്ങളും മോടിപിടിപ്പിക്കലുകളുമൊക്കെ നടന്നിട്ടുമുണ്ട്‌. ബഹുവർണ്ണ സുന്ദരമായ ഒരു മാളികയിലെ ഏതെങ്കിലും ഒരു ഭാഗത്ത്‌ സ്വൽപം ചായം മാറ്റിത്തേച്ചാൽ ഒറ്റ നോട്ടത്തിൽ അറിയാത്തതുപോലെ സാധാരണഗതിയിൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോവുകയാണ്‌ പതിവ്‌. അങ്ങനെ നോക്കുമ്പോൾ കഥകളിയിലെ ആട്ടം, കൊട്ട്‌, പാട്ട്‌, ചുട്ടി, ചമയം തുടങ്ങിയ മേഖലകളിലും ഇത്തരം ചെറുതും വലുതുമായ പരിഷ്‌കാരങ്ങളും കണ്ടെത്തലുകളും നടന്നിട്ടുണ്ട്‌ എന്നുകാണാം. കഥകളി എന്ന പ്രസ്ഥാനത്തിലുളള എല്ലാമണ്ഡലങ്ങളും ഇവയെല്ലാം അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്‌തിട്ടുണ്ടെന്നല്ല വിവക്ഷ. വ്യക്തിഗതമായ പരിഷ്‌കാരങ്ങളിലൂടെയും ചിട്ടപ്പെടുത്തലുകളിലൂടെയും ഈ ആധുനികപ്രവണതകൾ നടപ്പിലായിക്കൊണ്ടിരിക്കുന്നു എന്നേ പറയാൻ കഴിയൂ.

ഈ ആധുനികപ്രവണതകൾ എന്തെന്ന അന്വേഷണത്തിനു വിളക്കു കൊളുത്തുമ്പോൾ അതിന്റെ പ്രകാശം ചെന്നുവീഴുന്നത്‌ കഥകളിയുടെ സമസ്ത മണ്ഡലങ്ങളിലും വന്നതും വന്നുകൊണ്ടിരിക്കുന്നതുമായ മാറ്റങ്ങളിലും പരിഷ്‌കാരങ്ങളിലും ചിട്ടപ്പെടുത്തലുകളിലും തന്നെയാണ്‌. നേരത്തെ സൂചിപ്പിച്ചപോലെ ഇവയൊന്നും അത്ര വേഗം വേർതിരിച്ചു പറയാനും കഴിയില്ല. എന്നാലും പഴയതിനെയും പുതിയതിനെയും വെച്ചു നോക്കുമ്പോൾ വന്നു പെട്ടിട്ടുളള മാറ്റങ്ങളെ ‘തൊട്ടു തൊട്ടില്ല’ എന്ന മട്ടിൽ കടന്നുപോവുകയേ നിവൃത്തിയുളളൂ. ഈ പ്രവണതകളിൽ ആശാസ്യങ്ങളും അനാശാസ്യങ്ങളും ഉണ്ട്‌. ഇവയ്‌ക്ക്‌ എതിരഭിപ്രായക്കാരുണ്ടാകാം. ആസ്വാദകന്റെ വീക്ഷണഗതി അനുസരിച്ചാണല്ലോ അതിന്റെ തരംതിരിവ്‌. ഇവ സ്വന്തം നിഗമനങ്ങളായി കണക്കാക്കിയാൽ മതി.

ആട്ടംഃ- ആട്ടം എന്ന വകുപ്പിൽ വളരെയധികം മണ്ഡലങ്ങൾ ഉൾക്കൊളളുന്നുണ്ട്‌. സാത്വികവും ആംഗികവും ആഹാര്യവുമായ അഭിനയം മുഴുവൻ കേന്ദ്രീകരിച്ചിട്ടുളളത്‌ കഥകളിയിലെ കഥാപാത്രങ്ങളിലാണ്‌. രാമനാട്ടം മുതൽക്കു തുടങ്ങിയിരിക്കുന്നു ഈ മാറ്റങ്ങളും പരിഷ്‌കരണങ്ങളും. കോട്ടയത്തു തമ്പുരാന്റെ കാലം മുതൽക്കാണ്‌ കഥകളി ഏകദേശം പൂർണ്ണവളർച്ച എത്തിയതെന്നു പറയാം. അവിടുന്നിങ്ങോട്ടും പല പരിഷ്‌കാരങ്ങളും നടപ്പിലായിട്ടുണ്ട്‌. എന്നാൽ ഓരോ മണ്ഡലത്തിലും സന്ദർഭോചിതവും പാത്രാനുരോധവുമായി ചില മിനുക്കു പണികൾ നടക്കുന്നു എന്നല്ലാതെ അടിമുടി മാറ്റം വരുത്തുന്നതായ, കാതലായ പുതുമകൾ വന്നിട്ടുണ്ടോ എന്നു സംശയമാണ്‌. ഇന്നും കഥകളിയുടെ അടിസ്ഥാന ശിലകളായി കണക്കാക്കുന്നത്‌ കോട്ടയം കഥകളാണല്ലോ. ആ ചിട്ടപ്പെടുത്തലുകൾക്കും ആട്ടപ്രകാരങ്ങൾക്കും മാറ്റമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ആടിപ്പതിഞ്ഞവയും പാടിപ്പതിഞ്ഞവയുമായ അത്തരം കഥകൾ ഇനിയൊന്നും ചെയ്യാൻ വയ്യാത്ത മട്ടിൽ അത്രയധികം ശാസ്‌ത്രീയമായാണ്‌ രൂപപ്പെടുത്തിയിട്ടുളളത്‌. ഈ ചിട്ടകളാണ്‌ ഒരു കണക്കിൽ കഥകളിയെപ്പോലുളള ശാസ്‌ത്രീയ കലകളുടെ കോട്ടയും.

ആധുനിക പ്രവണതകളുടെ ആസ്‌ഫാലനങ്ങൾ അധികം ഉൾക്കൊണ്ടാടിയത്‌ അത്രയൊന്നും ചിട്ടപ്രധാനമല്ലാത്ത ആട്ടക്കഥകളാണ്‌. വൈചാരികവും വൈകാരികവുമായ സംഘർഷങ്ങൾ നിറഞ്ഞ ആട്ടക്കഥകളിൽ ജീവിതഗന്ധിയായ മനോധർമ്മങ്ങളും ലോകധർമ്മികളായ അഭിനയ സമ്പ്രദായങ്ങളും കാഴ്‌ച വെക്കാൻ പ്രതിഭാധനന്മാരായ നാട്യാചാര്യന്മാർ മുമ്പും തുനിഞ്ഞിട്ടുണ്ട്‌. ഒരാൾ അവതരിപ്പിക്കുന്ന അഭിനയസമ്പ്രദായവും മനോധർമ്മവും ആ കഥാപാത്രത്തിന്‌ അനുഗുണമാണെങ്കിൽ സ്വാഭാവികമായും മറ്റു നടന്മാർ അനുകരിക്കുകയും പ്രചാരം സിദ്ധിക്കുകയും ചെയ്യും. ഇവ കളരിയിൽ പഠിപ്പിക്കുന്നതോ ഗുരുമുഖത്തു നിന്നു കിട്ടുന്നതോ ആകണമെന്നില്ല. ഈ അനുകരണസ്വഭാവം പണ്ടും ഉണ്ടായിരുന്നു. ഇന്നും ആ പാരമ്പര്യത്തിനു മാറ്റമൊന്നുമില്ല.

നളചരിതം, രുക്‌മാംഗദചരിതം, കിരാതം, കീചകവധം തുടങ്ങിയ കഥകളിലാണ്‌ പുതുമയുളള ആട്ടങ്ങൾക്ക്‌ അധികം അവസരം. അവ ഏറിയകൂറും പദങ്ങളുടെ ചൊല്ലിയാട്ടച്ചിട്ടകൾക്കല്ലാ പ്രാധാന്യം കൊടുക്കുന്നത്‌. നേരെ മറിച്ച്‌, ഇളകിയാട്ടങ്ങൾക്കും നാടകീയതയ്‌ക്കുമാണ്‌. ഇവ എണ്ണിയെണ്ണിപ്പറയുക ദുഷ്‌കരവുമാണ്‌. കഥകളിയിൽ കഥാപാത്രങ്ങളില്ല, നടന്മാരെയുളളു എന്നു പറയാറുണ്ട്‌. കാരണം നടൻമാരുടെ വ്യക്തിഗതമായ ശേഷിശേമുഷികൾക്കനുസരിച്ച്‌ കഥാപാത്രങ്ങളുടെ രംഗാവതരണപ്രക്രിയയ്‌ക്ക്‌ മാറ്റു കൂടും എന്നർത്ഥം. അപ്രധാന കഥാപാത്രങ്ങൾ ആശാന്മാരുടെ അഭിനയപ്രാഗൽഭ്യത്തിന്റെ ആട്ടവിളക്കത്ത്‌ പ്രധാന കഥാപാത്രങ്ങളായി മാറാറുണ്ട്‌. മണ്ണാൻ, ആനക്കാരൻ, കരി, കുചേലൻ, വൃദ്ധ തുടങ്ങിയ അപ്രധാന കഥാപാത്രങ്ങൾ കവളപ്പാറയുടെയും കൃഷ്‌ണൻ നായരുടെയും മറ്റും കൈയിൽ പ്രധാന കഥാപാത്രങ്ങളായി മാറിയതിന്ന്‌ എത്രയോ ഉദാഹരണങ്ങൾ ഉണ്ട്‌.

ഇവയിലെല്ലാം തന്നെ മറ്റുളളവർ കാണിക്കാത്ത എന്തെങ്കിലും പുതുമകൾ ആവിഷ്‌കരിക്കാൻ അവർ മറക്കാറില്ല. പ്രതിരംഗഭിന്നവിചിത്രമായ ഈ അവതരണങ്ങളെ ഇളകിയാട്ടത്തിലെ ആധിനികപ്രവണതകളായി അംഗീകരിക്കാം.

കഥാപാത്രങ്ങൾക്കും സന്ദർഭത്തിനും അനുസൃതമായി ചില പ്രധാന കഥകളിൽതന്നെ മാറ്റങ്ങൾ വരുത്താനും അവ നടപ്പിൽ വരുത്താനും കുഞ്ചുനായരെപോലുളള മഹാനടന്മാർക്കു കഴിഞ്ഞിട്ടുണ്ട്‌. കൊല്ലുക എന്ന വാക്ക്‌ അഭിനയിക്കുമ്പോൾ ഭീമനും അർജ്ജുനനും ഒരുപോലെയല്ല അഭിനയിക്കേണ്ടതെന്നും ഭീമൻ മുഷ്‌ടി കൊണ്ടോ ഗദ കൊണ്ടോ അടിച്ചു കൊല്ലുന്നതായും സവ്യസാചിയായ സുരേന്ദ്രസൂനു വില്ലെടുത്ത്‌ അമ്പെയ്‌തു കൊല്ലുന്നതായും വേണം അഭിനയിക്കാൻ എന്നായിരുന്നു കുഞ്ചുനായരുടെ പക്ഷം. ഉചിതമായ സന്ദർഭങ്ങളിൽ അഷ്‌ടകലാശത്തിന്നു പ്രാധാന്യം കൊടുത്തതിന്റെ മറ്റൊരു ഉദാഹരണമാണ്‌ സുഭദ്രാഹരണത്തിലെ ബലഭദ്രരും കൃഷ്‌ണനുമായുളള രംഗം. അങ്ങനെ പൂർവ്വികരായ ആചാര്യന്മാർ അനവധാനത കൊണ്ടു വിട്ടുപോയ പല കാര്യങ്ങളും പരഭാഗ ശോഭയോടുകൂടി രംഗത്തുകൊണ്ടു വരാൻ ആധുനികരായ കലാകാരന്മാർ ശ്രമിക്കുന്നു എന്നുളളതും പുത്തൻ പ്രവണതകളായി പരിഗണിക്കാം. ഒറ്റനോട്ടത്തിൽ കാണാത്ത ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്‌ എന്നുളളതാണ്‌ സത്യം.

ആധുനിക പ്രവണതകളുടെ കൂട്ടത്തിൽ അനാശാസ്യമായ മറ്റു പല അപകർഷങ്ങളും അപഭ്രംശങ്ങളും ആവിർഭവിക്കുന്നുണ്ടെന്നുളള അനുഭവ യാഥാർത്ഥ്യവും അവഗണിച്ചു കൂടാ. നാട്യധർമ്മിയിൽ നിന്ന്‌ കൂടുതൽ ലോകധർമ്മിയിലേക്ക്‌ അടിപതറിക്കൊണ്ടുളള ആട്ടസമ്പ്രദായം, കാണികളുടെ കൈയടി നേടാനും ക്ഷിപ്രസ്വാദനക്ഷമത ത്വരിപ്പിക്കാനും സഹായിക്കുമെങ്കിലും ശാസ്‌ത്രീയ കലകൾക്കുളള നിയാമക സങ്കേതത്തിന്റെ സങ്കുചിതത്തിന്ന്‌ അത്‌ കാരണമാകുമെന്ന്‌ സമ്മതിക്കേണ്ടിവരും. ഈ മാറ്റങ്ങളും പെട്ടെന്ന്‌ എണ്ണിപ്പറയാവുന്നവയല്ല. പൊതുവെ കഥകളിയുടെ നിലനിൽപ്പു തന്നെ ചിട്ടകളുടെയും ചടങ്ങുകളുടെയും വെളളവും വളവും വലിച്ചുകൊണ്ടാണ്‌. ഇന്നു കഥകളി എന്ന ശാസ്‌ത്രീയ കലയ്‌ക്ക്‌ പറയത്തക്ക കോട്ടമൊന്നും സംഭവിക്കാത്തതിനു കാരണവും ഈ ചിട്ടകളുടെ കൂട്ടിപ്പിടുത്തമാണെന്നതിന്നും സംശയമില്ല. ഏതു ശാസ്‌ത്രീയ കലയായാലും അതിന്റെ ശാസ്‌ത്രീയത നിലനിൽക്കുന്നിടത്തോളം കാലം അത്രയധികം തേയ്‌മാനം ഉണ്ടാവുക വിരളമാണ്‌. കാലത്തിന്നനുസരിച്ച്‌ ആസ്വാദകരുടെയും പ്രേക്ഷകരുടെയും എണ്ണത്തിന്ന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. പക്ഷേ ചിട്ടകൾ പരിപാലിച്ചു പോരുന്ന കലകൾക്ക്‌ ഒരു പരിധി കഴിഞ്ഞാൽ കലാകാരൻമാർക്ക്‌ വ്യക്തിപരമായ പരിമിതികൾ ഉണ്ടാകാമെങ്കിലും- ക്ഷീണം തട്ടുക വിഷമമാണ്‌. അത്തരം ഒരു പരിതസ്ഥിതിയാണ്‌ കഥകളിക്ക്‌ ഇപ്പോഴുളളതെന്നു പറയട്ടെ. പാട്ട്‌ഃ- എന്നാൽ കഥകളിയിലെ സംഗീത വിഭാഗത്തെ സംബന്ധിച്ചിടത്തോളം കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്‌. ചിട്ടയെയോ താളത്തെയോ ആസ്‌പദിച്ചല്ല ഈ മാറ്റം. പഴയ സോപാനസംഗീതം എന്നു കളളിതിരിച്ചു നിർത്തിയിരുന്ന കഥകളിപ്പാട്ട്‌ അത്‌ അപ്രഗൽഭമായ ശൈലിയാണെങ്കിൽ കൂടി ഇന്ന്‌ ഏറെക്കുറെ അസ്തംഗതമായിരിക്കുന്നു. സംഗീതം ഒന്നേ ഉളളുവെങ്കിലും ശൈലികളുടെ വ്യത്യസ്തത കണക്കിലെടുക്കാതിരുന്നു കൂടാ. കഥകളിസംഗീതം പ്രാഥമികമായും പ്രാമാണികമായും അഭിനയ സംഗീതമാണ്‌. കഥാപാത്രങ്ങൾക്ക്‌ മൊത്തം ഭാവോജ്ജ്വലത പകർന്നു കൊടുക്കലാണ്‌ പശ്ചാത്തലക്കാരിൽ നിക്ഷിപ്‌തമായ ചുമതല. ഇതിന്നു പ്രതികൂലമായി വർത്തിക്കുകയും ഏതിന്റെയെങ്കിലും ഒന്നിന്നു പ്രാധാന്യമുണ്ടാകണമെന്നു കരുതി പ്രവർത്തിക്കുകയും ചെയ്യുന്നത്‌ രംഗത്ത്‌ കഥാപാത്രങ്ങളുടെ കൂട്ടായ്‌മയെ കൂടുതൽ കലുഷിതമാക്കും.

കഥകളിപ്പാട്ടിനെ സംബന്ധിച്ചിടത്തോളം കർണ്ണാടക സംഗീതത്തിന്റെ കൂട്ടുപിടിച്ചിട്ടാണെങ്കിലും ഭാവപ്പൊലിമയ്‌ക്ക്‌ ഊന്നലു കൊടുത്തുകൊണ്ടുളള ആശാസ്യമായ നില കൈവരിച്ചിരിക്കുന്നു എന്ന്‌ പറയാതിരിക്കാൻ വയ്യ. ബൃഹക്കസർത്തുകൾ, തോന്നും പടിയുളള രാഗം മാറ്റലുകൾ തുടങ്ങിയ അനാശാസ്യപ്രവണതകൾ ഇതിലുമുണ്ട്‌. എന്നാലും കാണികളെ ആകർഷിക്കുന്നതിൽ അധുനാതനരായ സംഗീതകാരൻമാർ ചെയ്‌ത സേവനം ആധുനിക പ്രവണതകളുടെ എടുത്തുപറയത്തക്ക നല്ല വശങ്ങളിൽ ഒന്നാണ്‌.

കൊട്ട്‌ഃ-ഒരു കാലത്ത്‌ രംഗത്ത്‌ ഇടച്ചോർച്ചയില്ലാതെ കൊട്ടുക എന്നതിലപ്പുറം ഒന്നുമായിരുന്നില്ല കഥകളിമേളം. അവ കഥാപാത്രത്തോടോ കഥാ സന്ദർഭത്തോടോ നീതി പുലർത്തിയിരുന്നില്ലത്രേ. ഈ നൂറ്റാണ്ടിന്റെ കൗമാരകാലത്തുപോലും ഊക്കിട്ട്‌ അമർത്തിക്കൊട്ടുക എന്ന സമ്പ്രദായം തന്നെ ആയിരുന്നു നിലനിന്നിരുന്നത്‌. മൂത്തമന കേശവൻ നമ്പൂതിരിയുടെ അനിതരസാധാരണമായ കൈസാധകത്തിന്റെയും കഥാപാത്രോചിതവും സന്ദർഭോചിതവുമായ മേളപ്രയോഗത്തിന്റെയും കാലം മുതൽക്കാണ്‌ കഥാപാത്രങ്ങൾക്ക്‌ അനുയോജ്യമായ മേളം കൊടുക്കുക- കൈയ്‌ക്കു ഫലപ്രദമായി കൂടുക- എന്ന സമ്പ്രദായം ഏറെക്കുറെ നിലവിൽ വന്നത്‌. അതിന്നു ശേഷം കലാമണ്ഡലം കൃഷ്‌ണൻ കുട്ടിപ്പൊതുവാൾ, കോട്ടക്കൽ കുട്ടൻമാരാർ, കലാഃ അച്യുണ്ണിപ്പൊതുവാൾ ചന്ദ്രമന്നാടിയാർ തുടങ്ങിയവരിലൂടെയാണ്‌ ഇതു കുറെക്കൂടി ഭാവോജ്ജ്വലവും ചലനാനുരോധവും, കർണ്ണാനന്ദകരവുമായി വളർന്നത്‌. കഥകളിമേളത്തിന്റെ വളർച്ചയ്‌ക്ക്‌ വെങ്കിച്ചസ്വാമി മുതൽക്കിങ്ങോട്ട്‌ അപ്പുകുട്ടിപ്പൊതുവാൾ നമ്പീശൻ കുട്ടി തുടങ്ങിയുളള മദ്ദളവിദഗ്‌ധരുടെ സേവനവും ഇവിടെ സ്‌മർത്തവ്യമാണ്‌. ഊക്കിട്ടുകൊട്ടുക എന്നതിൽ നിന്നും അഭിനയപോഷകമായും, കഥാപാത്രങ്ങളുടെ വൈകാരികവും വൈചാരികവുമായ എല്ലാ മണ്ഡലങ്ങളുടെയും ജീവനൗഷൗധിയായും കഥകളി മേളം വളർന്നു എന്നു പറയാം. അനാശാസ്യപ്രവണതകൾ ഈ രംഗത്തെയും ആക്രമിച്ചിട്ടുണ്ട്‌. കഥയെപ്പറ്റിയും, കഥാപാത്രത്തെപ്പറ്റിയും അവയുടെ സ്ഥായീരസസഞ്ചാരീഭാവങ്ങളെപ്പറ്റിയും ഒരു ബോധവുമില്ലാതെ കൊട്ടുക എന്ന പ്രവണതയാണ്‌ ഇതിൽ ഏറെ അസഹനീയം. കഥകളി മേളം എന്നത്‌ പരേംഗിതജ്‌ഞ്ഞാനത്തിന്റെ കല കൂടിയാണ്‌. നടൻ എല്ലാ അർഥത്തിലും രംഗത്ത്‌ സ്വതന്ത്രനായതുകൊണ്ട്‌ തന്റെ അറിവും കഴിവും അനുസരിച്ച്‌ പ്രവർത്തിക്കാം. പക്ഷേ, നടന്റെ ഈ പ്രയോഗങ്ങൾ എല്ലാം സാധുവാകണമെങ്കിൽ, മേളത്തിന്ന്‌ പ്രത്യുൽപ്പന്നമതിത്വവും പരേംഗിതജ്‌ഞ്ഞാനവും മേളപടുത്വവും ഉളള നല്ല പശ്ചാത്തലക്കാർ പിന്നിലുണ്ടാകണം. ഏറെക്കുറെ ഇന്നത്തെ ചെറുപ്പക്കാർ ഈ കഴിവുകൾ സ്വാംശീകരിച്ചിട്ടുണ്ട്‌. എന്നാലും നടന്റെ ഇംഗിതത്തിനും സംതൃപ്‌തിക്കും ഇണങ്ങിയ മട്ടിൽ മേളം കൊടുക്കത്തക്കവിധം അവരുടെ മേളം ഇനിയും വളരേണ്ടതുണ്ട്‌. ആവശ്യമില്ലാതെയും കൈയെത്താതെയും വേണ്ടതും വേണ്ടാത്തതും കൊട്ടിക്കൊണ്ടിരിക്കുക, സംഗീതം കേൾപ്പിക്കാതെ ഉരുട്ടിക്കൊട്ടുക, സന്ദർഭാനുസരണം പദങ്ങൾക്കിടയ്‌ക്ക്‌ വേണ്ടവാക്കിനു ശബ്‌ദം നൽകാതിരിക്കുക തുടങ്ങിയ ദോഷങ്ങളിൽ നിന്ന്‌ ഇനിയും ഇവർ മുക്തരായിട്ടില്ല. എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും കഥകളിയിലെ ചെണ്ടയും മദ്ദളവും ചേർന്നുളള മേളം അഭിനയപോഷകമായി എത്രയോ വളർന്നിരിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു.

തേപ്പും കോപ്പുംഃ- ചുട്ടി, മുഖത്തെഴുത്ത്‌, കോപ്പുകൾ എന്നിവയിലും കാര്യമായ പരിവർത്തനങ്ങൾ വന്നിട്ടുണ്ട്‌. അരിച്ചുട്ടിയിൽ നിന്നും കടലാസു ചുട്ടിയിലേയ്‌ക്കു വന്ന മാറ്റം വേഷങ്ങൾ ഒരുങ്ങുന്നതിലുളള കാലതാമസം വളരെ കുറച്ചിരിക്കുന്നു. അതുപോലെ മുഖത്തെഴുത്തിലും കാണാം നേരിയ പരിഷ്‌കാരങ്ങൾ. പഴയ കാലത്തേയും ഇപ്പോഴത്തേതുമായ കഥകളിവേഷങ്ങൾ ഒത്തു നോക്കിയാലെ വന്നുപെട്ട മാറ്റങ്ങൾ പരിപൂർണ്ണമായും വ്യക്തമാകൂ. ഇന്നത്തെ വേഷമാതൃകകൾ മുമ്പെന്നത്തേക്കാളുമധികം ഭംഗിയുളളവയാണെന്നതിനു സംശയമില്ല. വളയം വെക്കുന്നതിലും പുരികം എഴുതുന്നതിലും ചുണ്ടൊതുക്കുന്നതിലും കാണിച്ച നിഷ്‌കർഷ ചുട്ടിയുടെ വലുപ്പച്ചെറുപ്പത്തേയും ബാധിച്ചു. കൂടുതൽ വലുപ്പത്തിൽ കണ്ണ്‌ എഴുതണമെന്നു ധരിച്ചിട്ടുളള കുറെ നടൻമാർ ഇല്ലെന്നില്ല. ചുട്ടിയുടെ വലുപ്പം കൂടിക്കൂടിവരുന്നത്‌ മുഖത്തെ അരോചകമാക്കാനേ സഹായിക്കൂ എന്ന്‌ ഇവർ അറിയുന്നില്ലായിരിക്കാം. ചുട്ടിയും കേശഭാരകിരീടവും കുപ്പായവും ഉടുത്തുകെട്ടും തമ്മിലുളള ആനുപാതികമായ ആകാരപ്പൊലിമയുടെ ഭംഗിയിൽ ചിലത്‌ കൂടുതൽ പുറത്തേക്കു തുറിച്ചു നിൽക്കുകയും മറ്റുചിലത്‌ ശോഷിച്ചു കാണുകയും ചെയ്യുന്നത്‌ ഭംഗിക്കു പകരം അഭംഗിയാണു വളർത്തുക. വൈക്കോൽത്തുറുപോലെ അരയിൽ വിടർന്നു പന്തലിച്ചു നിൽക്കുന്ന ഉടുത്തുകെട്ടും ഊത്തക്കവിളുപോലെ വളർന്നു വലുതായി നിൽക്കുന്ന ചുട്ടിയുമായി രംഗത്തു വരുന്ന നളനും ഭീമനും അർജ്ജുനനുമൊക്കെ, ആ കഥാപാത്രങ്ങളോടുളള കാണികളുടെ ആദരവും ആഭിമുഖ്യവും നശിപ്പിക്കുകയേ ചെയ്യൂ. എന്നാൽ മിടുക്കന്മാരായ ചില കലാകാരൻമാർ അപ്രധാന കഥാപാത്രങ്ങളുടെ മുഖത്തെഴുത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രശംസനീയവുമാണ്‌. ഹംസം, കാർക്കോടകൻ, വജ്രദംഷ്‌ട്രൻ, മലയൻ, കാളകണ്‌ഠൻ തുടങ്ങിയ കഥാപാത്രങ്ങളിലാണ്‌ ഈ പരീക്ഷണങ്ങൾ വിജയിച്ചു കണ്ടിട്ടുളളത്‌.

അതുപോലെത്തന്നെയാണ്‌ കോപ്പുകളിൽ കണ്ടുവരുന്ന നേരിയ പരിഷ്‌കാരങ്ങളും. പക്ഷേ, ഇതിലെ പുതുമകൾ പലതും പണം അധികം ചിലവഴിക്കാതെയുളള സൂത്രപ്പണികളാണ്‌. മാറ്റങ്ങൾ അധികവും എളുപ്പപ്പണിയിലും വില കുറഞ്ഞ സാധനങ്ങളുടെ അലങ്കരണത്തിലും ഒതുങ്ങി നിൽക്കുന്നു. ചാമരങ്ങളിലും (തലമുടി) കുപ്പായങ്ങളിലും കഥാപാത്രോചിതമായ കിരീടാദ്യാഭരണങ്ങളിലും ഈ മാറ്റം ഇന്നു വളരെ പ്രകടമായി കാണാം. ഇതിൽ കളിയോഗക്കാരെ പഴി ചാരേണ്ടതില്ലെന്നു തോന്നുന്നു. കാലം കൊണ്ട്‌ വളരെ അധികം പണം ചിലവഴിച്ച്‌ ഇവയെല്ലാം നന്നാക്കിക്കൊണ്ടു നടക്കുക എന്നുളളതും അതിനു തക്ക പ്രതിഫലം കിട്ടുക എന്നുളളതും പ്രയാസമാണ്‌. അപ്പോൾ സ്വാഭാവികമായും കച്ചവട മനസ്ഥിതി ഇക്കാര്യങ്ങളിലെല്ലാം താനെ വന്നുപെടുന്നു.

ആസ്വാദകർഃ- ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക്‌ ആസ്വാദകരുടെയിടയ്‌ക്കുളള ആധുനികപ്രവണതകളും പ്രതിപാദിക്കേണ്ടതാണ്‌. ഏതു കലാപ്രസ്ഥാനത്തിന്റെയും നിലനിൽപ്പിന്നും വിജയത്തിനും മൂന്നു ഘടകങ്ങൾ അത്യന്താപേക്ഷിതമാണല്ലോ. സംഘാടകൻ, പ്രയോക്താവ്‌, പ്രേക്ഷകൻ എന്ന ഈ ഘടകങ്ങളുടെ അനിവാര്യത എന്നും ഈ ശാസ്‌ത്രീയ കലയെ ന്യൂനപക്ഷത്തിന്റേതായി നിലനിർത്തി. കാരണം വ്യക്തമാണ്‌. ഒരു കാലത്ത്‌ ഉന്നത കുലജാതരുടെയും ആഢ്യന്മന്യന്മാരുടെയും ആയിരുന്ന ഈ കല സാധാരണക്കാരിലേക്ക്‌ ഇറങ്ങി വന്നിട്ട്‌ കാലം കുറച്ചായി. എന്നാലും ഉത്തര മദ്ധ്യ കേരളത്തിൽ കഥകളിയുടെ സമഗ്രമായ ആസ്വാദനം നടക്കുന്നത്‌ ഇന്നും ആ സമുദായങ്ങളിലൊക്കെത്തന്നെയാണ്‌. മദ്ധ്യ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതു കുറെക്കൂടി ബഹുജനമാദ്ധ്യമമാണ്‌. എല്ലാ സമുദായത്തിൽ പെട്ട ആൾക്കാരും കഥകളിനടന്മാരായും ആസ്വാദകന്മാരായും ഉണ്ട്‌. മറ്റുളള സ്ഥലങ്ങളിലെപ്പോലെ ആസ്വാദനത്തിന്റെ കാര്യത്തിൽ പലതട്ടുകളിലുളളവരാണ്‌ ഇവരും. സമഗ്രമായ ആസ്വാദനത്തിന്റെ അഭാവം എവിടെയും വർദ്ധിച്ചു വരികയാണ്‌. ഈ നിയാമക ഘടകത്തിന്റെ അപര്യാപ്തത കാലങ്ങളായി കഥകളിയുടെ കാതലിനെ കാർന്നുതിന്നുന്നുണ്ടെന്നുളളതാണ്‌ സത്യം. തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ഉചിതമായവ പറഞ്ഞു കൊടുക്കാനും വേണ്ടത്‌ ചേർത്ത്‌ അഭിനയിപ്പിക്കാനും കഴിവുളള നേതൃത്വമില്ലായ്‌മ കഥകളിക്ക്‌ വളരെ അധികം ദോഷം ചെയ്യുന്നുണ്ട്‌. ഈ കല ഒരു ഫാഷനായി കാണുന്നതും എന്തും നന്നായി എന്ന്‌ മൊത്തത്തിൽ അഭിനന്ദിക്കുന്നതും പ്രേക്ഷകരുടെ ആധുനിക പ്രവണതകളിൽ പ്രബലമായി വർത്തിക്കുന്ന ബലഹീനതയാണ്‌. ക്ഷേത്രോത്‌സവങ്ങളിൽ ഒരു വഴിപാടു മാത്രമായിത്തീരുകയും പല പരിപാടികളിൽ ഒന്നെന്ന നിലയിൽ ഈ കല അധഃപതിക്കുകയും ചെയ്തതിൽ പ്രേക്ഷകലോകത്തിന്ന്‌ പറയത്തക്ക പങ്കുണ്ട്‌. ഇതിന്‌ എതിരായി പലവാദമുഖങ്ങളും ഉന്നയിക്കാൻ കാണുമെങ്കിലും കലാകാരൻമാരുടെ ദുഷ്‌പ്രവണതകൾക്ക്‌ ഒരളവു വരെ ലഹരി പിടിപ്പിച്ചത്‌ സൂക്ഷ്‌മമായി പരിശോധിച്ചാൽ അവരാണെന്നു കാണാം. നേരത്തെ സൂചിപ്പിച്ച മൂന്നു ഘടകങ്ങളുടെ സ്വരുമിപ്പിൽ നിന്നേ നല്ല കലാപ്രകടനം ഉണ്ടാവൂ എന്നും കഥകളിയുടെ നിലനിൽപ്പിന്നും വളർച്ചക്കും പ്രചാരത്തിനും ഇവയുടെ സഫലമായ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണെന്നും ധരിച്ചാലെ കഥകളിയ്‌ക്കു ഭാവിയുളളു എന്നു തുറന്നു പറയട്ടെ.

Generated from archived content: essay1_aug13_08.html Author: kalamandalam_kesavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English