ഞാണിന്മേൽ നടക്കുന്ന പെൺകുട്ടിയും തീനാളങ്ങൾക്ക്‌ നടുവിലെ പുലിയും

നിതാന്ത ജാഗ്രതാവാർഡിലെ എല്ലാ വിലക്കുകളുടെയും മറ സുധാകരനില്ലാതായി. ഇനി കാണേണ്ടവർക്കൊക്കെ കാണാവുന്നതാണെന്ന അവസാന അറിയിപ്പും നൽകി ഡോക്‌ടർ തലതാഴ്‌ത്തി മുറിവിട്ടു പോയപ്പോൾ ഗംഗ ഹരിയോടു പറഞ്ഞു. “സുധാകരൻ സാറിന്റെ ഈ അവസ്ഥ എനിക്കു കാണാനാവില്ല. നമുക്ക്‌ തിരിച്ചുപോകാം.”

മധുവിധു ആഘാഷങ്ങൾക്കിടെ ഒരു ആശുപത്രി സന്ദർശനം ഹരിക്കൊട്ടും ഇഷ്‌ടമുളളതായിരുന്നില്ല. ഗംഗയുടെ നിർബന്ധത്തിനു വഴങ്ങിയാണയാൾ മാസങ്ങളായി മെഡിക്കൽ കോളേജിൽ കിടക്കുന്ന ഗംഗയുടെ ചരിത്രാദ്ധ്യാപകനായിരുന്ന സുധാകരനെ കാണുവാൻ തയ്യാറായതും മണിക്കൂറുകളോളം ആശുപത്രി വരാന്തയിൽ കാത്തിരുന്നതും ഒടുവിൽ അവൾക്കു രോഗിയെ കാണെണ്ടന്നു പറഞ്ഞിട്ടും ഹരിക്കു ദേഷ്യം തോന്നിയതുമില്ല. ആശുപത്രിയുടെ പടവുകളിറങ്ങുമ്പോൾ അയാൾ ഓർമ്മിപ്പിച്ചു. “ദേ ഇതിനു പകരമുളള സിനിമ കാണലിനു മാറ്റമില്ല.”

ഗംഗയപ്പോൾ വിവാഹത്തലേന്നു അമ്മ നൽകിയ ഉപദേശമാണോർത്തത്‌. “ഇഷ്‌ടങ്ങൾ പരസ്‌പരം അറിഞ്ഞു പെരുമാറണം. എങ്കിലേ ദാമ്പത്യം സന്തോഷകരമാകൂ.” അങ്ങനെ തന്നെയാണവൾ ജീവിക്കുന്നതും. എങ്കിലും ഓരോ വിട്ടുവീഴ്‌ചകൾക്കുമൊടുവിൽ പൊരുത്തക്കേടുകളുടെ ഉച്ചസ്ഥായിയിലാണു താനും ഹരിയുമെന്ന സത്യം അവളെ അസ്വസ്ഥയാക്കും.

സർക്കസ്‌ ഗംഗയ്‌ക്കു ഭയമാണ്‌. അതിലേറെ സഹതാപമാർന്ന മിഴികളോടെ മാത്രമേ അവൾക്കതു കാണുവാനാകൂ. ഞാണിന്മേൽ നടക്കുന്ന പെൺകുട്ടിയുടെ ഹൃദയമിടിപ്പ്‌ മടക്കയാത്രയില്ലാതെയാണവളുടെ മനസ്സിലേക്കു കടന്നു വരിക. തീ നാളങ്ങളുടെ വളയത്തിലൂടെ പുലി ചാടുന്നത്‌ അവളുടെ കണ്ണുകളെ ചൂഴ്‌ന്നു കൊണ്ടാവും. ചാട്ടവാറിന്റെ സീൽക്കാരങ്ങൾ നിഗൂഢതയോടവളുടെ തലച്ചോറിൽ ഭ്രമണം ചെയ്യും. നിറകണ്ണുകളോടെ ചിരിക്കുന്ന കോമാളികൾ തലകീഴായ്‌ അവൾക്കു വട്ടമിടും. ഇങ്ങനെ സർക്കസ്‌ ഗംഗ ഒരിക്കലും കാണുവാനാഗ്രഹിക്കാത്തതായിരുന്നുവെങ്കിലും മധുര പലഹാരങ്ങളുമായി പുവർ ഹോമിൽ പോകാൻ ഹരിയുടെ സമ്മതത്തിനുവേണ്ടി മണിക്കൂറാണ്‌ അവൾക്കു സർക്കസ്‌ കൂടാരത്തിൽ വീർപ്പടക്കി ഇരിക്കേണ്ടി വന്നത്‌.

കേബിളിലെ ഹോട്ട്‌ ചാനൽ വൈകൃതങ്ങൾ അവളാദ്യമായ്‌ കണ്ടത്‌ രണ്ടുമണിക്കൂർ കെ.എസ്സിന്റെ പുല്ലാങ്കുഴൽ കച്ചേരിക്കു ഹരിയെ പിടിച്ചിരുത്താൻ. ഇന്നത്തെ ആശുപത്രി സന്ദർശനത്തിനാകട്ടെ നിരവധി നിബന്ധനകളായിരുന്നു അയാൾക്ക്‌. ജീൻസിലും ടോപ്പിലും ഗംഗയിപ്പോൾ വീർപ്പുമുട്ടുന്നതതിലൊന്ന്‌. ലിപ്‌സ്‌റ്റിക്കുകൂടി പുരട്ടണമെന്നായിരുന്നു. ഹരി കാണാതവൾ ലിപ്‌സ്‌റ്റിക്ക്‌ തന്റെ ജീൻസിന്റെ പോക്കറ്റിലൊളിപ്പിച്ചിരുന്നു.

“സിനിമയ്‌ക്കിനിയും സമയമുണ്ട്‌. തന്റെ അക്കൗണ്ടിലെ ബാക്കി സമയത്തു വേണമെങ്കിൽ ഇവിടെ ഒരു കൊച്ചു കൊട്ടാരം കാണാൻ പോകാം. അവിടെയും ചരിത്രമാണല്ലോ.” കാറിന്റെ വേഗത കുറയ്‌ക്കെ ഹരി പറഞ്ഞു. കണക്കുകൾ സമതുലിതമാക്കാൻ ഹരിയ്‌ക്കു നിമിഷങ്ങൾ മതി. ജോലിയിലെന്നല്ല ജീവിതത്തിലുമയാൾക്കു മാർഗ്ഗദർശി താൻ പഠിച്ച വ്യാപാര ശാസ്‌ത്രമാണ്‌. ഇംഗ്ലീഷ്‌ സിനിമ കാണലിനു മാറ്റമില്ലെന്നൊരിയ്‌ക്കൽ കൂടി ഹരി ഓർമ്മപ്പെടുത്തിയതായാണു ഗംഗയ്‌ക്കു തോന്നിയത്‌. എന്നും തനിക്കാരാധ്യനായ, എന്തിനും തനിക്കവസാന വാക്കായിരുന്ന സുധാകരൻ സാർ ഇപ്പോൾ ആശുപത്രി കിടക്കയിൽ നിന്നും ചരിത്രത്തിലേക്കു യാത്രയാകുമ്പോൾ അദ്ദേഹത്തിനെ കാണുന്നതിനു പകരം മ്യൂസിയം… സിനിമ… വിട്ടുവീഴ്‌ചകളുടെ പാരമ്യതയിൽ തന്നിൽ നിന്നും താനേറെ അകന്നു പോയതും ഗംഗയറിഞ്ഞു. കൊട്ടാരമുറ്റത്തെത്തും വരെ ആ അറിവിന്റെ വ്യാകുലതയിലായിരുന്നു അവൾ.

സന്ദർശകരുടെ എണ്ണം തികയാത്തതിനാൽ ഗൈഡു കൊട്ടാരമുറ്റത്തു കാത്തു നിൽക്കുന്നു. എങ്കിലുമയാൾ കാഴ്‌ച കാണാനെത്തിയവർക്കു വിരസത തോന്നാതിരിക്കാൻ ചരിത്രകഥകൾ പറഞ്ഞു തുടങ്ങിയിരുന്നു. അലങ്കാര ഗോപുരത്തിനും മീതേ പറക്കുന്ന മഹാരാജാവിന്റെ സർവ്വാധിപത്യമാണു കഥകളിൽ. കരിങ്കല്ലിലും തടിയിലുമൊക്കെ തീർത്ത ആ ബഹുനില മന്ദിരത്തിന്റെ ഖജനാവു കണക്കുകളൊഴിച്ചു നിർമ്മാണത്തിനു ജന്മാന്തരങ്ങൾ ചെലവഴിച്ച മനുഷ്യപ്രയത്‌നങ്ങളൊക്കെ ചരിത്രത്തിലെന്നതുപോലെ കഥകളിലും അജ്ഞാതമാണ്‌. മഹാരാജാവു തന്റെ പടയോട്ടങ്ങളിലൊഴുക്കിയ കണ്ണീർപ്പുഴകൾ ചരിത്രത്തിന്റെ സുവർണ്ണ കാലത്തിലേക്കു ഗതിമാറ്റി ആമുഖം അവസാനിപ്പിച്ചു ഗൈഡ്‌ കൊട്ടാരത്തിന്റെ വലിയ ഏണിപ്പടിയുടെ വാതിൽ തളളിത്തുറന്നു. പിന്നീട്‌ അതുവരെ ഇല്ലാതിരുന്ന ഒരു നറുചിരിയോടെ എല്ലാവരേയും പ്രദർശനമൊരുക്കിയിരുന്ന മുകളിലത്തെ നിലയിലേക്കു ക്ഷണിച്ചു.

ഗൈഡിനു പിന്നാലെ ഓരോരുത്തരായി പടികയറിത്തുടങ്ങിയപ്പോൾ എല്ലാവരും അവരറിയാതെ തന്നെ നിശ്ശബ്‌ദരായി. ഹരിക്കു തൊട്ടുമുന്നിൽ നീലമിഡിയണിഞ്ഞ ഒരു യുവതിയാണ്‌. ഏറ്റവും പിന്നിലായതിനാൽ ഗംഗയ്‌ക്കു എല്ലാവരേയും കാണാം. സ്വാഭാവികത തീരെയില്ലാത്ത ശബ്‌ദത്തിൽ ഗൈഡു കഥ തുടരുന്നുമുണ്ട്‌.

പ്രദർശനത്തിനാദ്യം വച്ചിരിക്കുന്ന സ്‌ഫടിക സിംഹാസനത്തിന്റെ തലപ്പാവ്‌ പടി കയറവേ തന്നെ ഗംഗ കണ്ടു. അവളതിനരുകിലെത്തിയപ്പോഴേക്കും ഗൈഡു കഥ പകുതി പറഞ്ഞു കഴിഞ്ഞിരുന്നു.

“….. എന്നിട്ടാ വിദേശ വനിത തന്റെ പ്രഭുവിനോടൊപ്പം സ്വദേശത്തേക്കു മടങ്ങിപ്പോയി. തന്റെ കേരള സന്ദർശനത്തിന്റെ ഓർമ്മയ്‌ക്കായി അടുത്ത വർഷം അവർ മഹാരാജാവിനു കപ്പലിലെത്തിച്ച സമ്മാനമാണീ സ്‌ഫടിക സിംഹാസനം.” മച്ചിലെ ശില്‌പങ്ങൾ നോക്കി നിന്ന ഗംഗയെ ഒന്നു പ്രത്യേകം ശ്രദ്ധിച്ചിട്ടു ഗൈഡു തുടർന്നു.

“നോക്കൂ ഈ സിംഹാസനത്തിന്റെ ഇരിപ്പിടത്തിന്റെ വലിപ്പത്തിനു സ്ഥിരതയില്ല. തൂവെണ്മയാർന്ന ഇതിന്റെ വെൽവെറ്റ്‌ കുഷ്യനിൽ മുഖം കാണാം.” ഗൈഡതു പറഞ്ഞയുടൻ നീലമിഡിക്കാരി അതു ശരിയാണെന്നു തെളിയിച്ചു.

“ഇനിയുമുണ്ടു സവിശേഷതകൾ. സിംഹാസനത്തിന്റെ കൈപ്പിടികളിലെ ലോഹഗോളത്തിൽ തട്ടുന്ന പ്രകാശം ഇരിക്കുന്ന ആളിന്റെ മുഖത്തിനു പ്രത്യേക തിളക്കമേകും. പിന്നയിതിന്റെ ഈ ചതുരക്കാലുകൾ ചതുരങ്ങളല്ല.” എല്ലാവരേയും ചിരിപ്പിക്കാൻ വേണ്ടിയാണു ഗൈഡങ്ങനെ പറഞ്ഞതെങ്കിലും പെട്ടന്നു തുറന്ന വിസ്‌മയങ്ങൾക്കു നടുവിൽ അമ്പരപ്പോടെ നിൽക്കുന്ന കാണികൾക്കതും യാഥാർത്ഥ്യമായി.

ചരിത്രത്തിന്റെയും കാഴ്‌ചയുടേയും അടുത്ത പുറത്തേയ്‌ക്കു ഗൈഡു നീങ്ങിക്കഴിഞ്ഞു. ഒന്നുകൂടി പിന്നിലേക്കായ ഗംഗ അവളറിയാതെയാണു നടക്കുന്നത്‌. ഏതോ യുദ്ധത്തിൽ വച്ചു മഹാരാജാവു ശത്രുക്കളിൽ നിന്നും പിടിച്ചെടുത്ത ഒരു പീരങ്കിക്കരുകിലാണു കാഴ്‌ചക്കാർ. ഗൈഡു ചരിത്രം വീണ്ടും രാജാവിന്റെ യുദ്ധനൈപുണ്യങ്ങളിലേക്കു തിരിച്ചപ്പോൾ, ഗംഗയോർത്തതു ആ കഥയുടെ മറുപുറമായിരുന്നു. ഒരുപക്ഷേ സുധാകരൻ സാർ പറയാറുളള ആ മഹാരാജാവു ഇതു തന്നെയാവും. അവൾ സുധാകരൻ സാറിനോടു തന്നെ ചോദിച്ചു.

ശരിയാണു ഗംഗാ നീയാവും ഇതാദ്യം തിരിച്ചറിയുകയെന്നു ഞാനൂഹിച്ചിരുന്നു. കാരണം ചരിത്ര പഠനം വെറും മനഃപ്പാഠത്തിനുളളതല്ല അതു തിരിച്ചറിവിനും കണ്ടെത്തലുകൾക്കുമുളളതാണെന്ന എന്റെ ഉപദേശം ഉൾക്കൊണ്ടവൾ നീ മാത്രമാണ്‌. ഞാൻ പറഞ്ഞിട്ടില്ലേ, നമ്മുടെ നാട്ടുരാജ്യം പണ്ട്‌ ആക്രമിക്കപ്പെട്ടതും റാണിയെ ജീവത്യാഗം ചെയ്യിപ്പിച്ചതുമൊക്കെ.. ഈ മഹാരാജാവിന്റെ വിനോദകഥകളിലെ ചെറിയ ഒരേടു മാത്രമാണത്‌. സുധാകരൻ സാർ ഗംഗയെ ചരിത്രക്ലാസ്സിലേക്കു വിളിച്ചു.

ഈയിടെയായി സുധാകരന്റെ ക്ലാസ്സിൽ കുട്ടികൾ തീരെക്കുറവാണ്‌. പണ്ട്‌ ആ സമാന്തര കലാലയത്തിലെ ചരിത്രവിജയങ്ങളുടെ നെടുംതൂണായിരുന്നു അയാൾ. എന്നിട്ടും…ഇങ്ങനെ പോയാൾ സാറിന്റെ സേവനം തങ്ങൾക്കു മതിയാക്കേണ്ടിവരുമെന്നും, സത്യാന്വേഷണം ചരിത്രക്ലാസ്സിൽ വേണ്ടെന്നുമൊക്കെ-പ്രിൻസിപ്പാളിനു പല തവണ സുധാകരനെ ഉപദേശിക്കേണ്ടിവന്നു. പക്ഷേ വിലക്കുകളൊന്നും അയാൾ വകവയ്‌ക്കുന്നില്ല.

ഗംഗയിപ്പോൾ സുധാകരൻ സാറിന്റെ ക്ലാസിലെ മുൻ ബെഞ്ചിലാണ്‌.

ഈ ചെറുരാജ്യം മഹാരാജാവാക്രമിക്കുമ്പോൾ, അതു സ്വത്തിനു വേണ്ടിയുളള അവിവേകിയായ സഹോദരന്റെ പിടിവാശിയായേ റാണി കരുതിയൊളളൂ. യുദ്ധത്തിൽ നഷ്‌ടങ്ങളുടെ സത്യമേ അവശേഷിക്കുവെന്നും, വിദേശിയരോടൊപ്പമുളള അരുതാത്ത ചങ്ങാത്തം സ്വയം കുഴി തീർക്കലാണെന്നും കാണിച്ച്‌ ഒരു കുറിമാനം റാണി കൊടുത്തയച്ചുവെങ്കിലും രാജാവതു ചെവിക്കൊണ്ടില്ല. അനുരഞ്ഞ്‌ജനമാണെന്നു തെറ്റിദ്ധരിപ്പിച്ചു റാണിയെ ബന്ദിയാക്കാൻ സഹായിച്ചതു കുറിമാനം കൊണ്ടുപോയ കാര്യസ്ഥൻ. സുധാകരൻ സാറിന്റെ ശബ്‌ദം ക്ലാസ്‌ മുറിവിട്ടു പുറത്തേയ്‌ക്കു പടരുകയാണ്‌. ഇന്നും ആവർത്തിക്കപ്പെടുന്ന ഇന്നലെകളെക്കുറിച്ച്‌.. മാറ്റമില്ലാതെ തുടരുന്ന വ്യവസ്ഥിതിയെ ചൂണ്ടി…

മുന്നിൽ നടന്നവരൊക്കെ കിളിവാതിലിലൂടെ ഒരു നിമിഷം നോക്കിയിട്ടു കടന്നു പോയപ്പോൾ ഗംഗമാത്രമതറിയാതെ നടക്കുന്നതു കണ്ടു ഹരി അവളെ പിടിച്ചു നിർത്തി. “നീയ്യെവിടെ പോവ്വാ.. കഴുമരം കാണാൻ ദേ ഈ കിളിവാതിലിലൂടെ താഴേക്കു നോക്കാനാ ഗൈഡു പറഞ്ഞത്‌.”

ചെറിയ വാതിലിലൂടെ കണ്ട ക്രൂരതയുടെ വലിയ കാഴ്‌ച അവളെ വീണ്ടും അസ്വസ്ഥയാക്കി. കഴുമരത്തിലെ ശിക്ഷാരീതികളെക്കുറിച്ചാണു ഗൈഡിപ്പോൾ സംസാരിക്കുന്നത്‌. ഒരു ന്യായാധിപന്റെ ഗൗരവത്തിലാണയാൾ.

“… എന്നിട്ടു പ്രതിയുടെ കൈകാലുകൾ ദേ ആ കാണുന്ന നാലു കുറ്റികളിൽ വലിച്ചകത്തി കെട്ടിയിട്ടു തല കടയ്‌ക്കൽ കുത്തി നിർത്തും.”

പ്രതി ചെയ്‌ത കുറ്റത്തേക്കുറിച്ചോ, വിചാരണയെക്കുറിച്ചോ ഇയാളെന്തെങ്കിലും പറഞ്ഞോ? കഴുമരത്തിന്റെ പിന്നിൽ നിന്നും സുധാകരൻ സാറിന്റെ ശബ്‌ദം ഗംഗയ്‌ക്കരികിലെത്തി.

പറയില്ല നിനക്കറിയ്യോ ഗംഗേ ജനിച്ച ജാതി കുറയുന്തോറും ശിക്ഷയുടെ കാഠിന്യം കൂടുന്ന ചരിത്രവും ഈ മഹാരാജാവിന്റെ സുവർണ്ണകാലത്താണ്‌. ഇപ്പോഴും ഇതിനൊക്കെ എന്തെങ്കിലും തിരുത്തുണ്ടോ? കോടികളുടെ അഴിമതിക്കാരൊക്കെ ഇന്നും അന്തഃപ്പുരങ്ങളിലല്ലേ?

സുധാകരൻ സാറിന്റെ പരാമർശങ്ങൾ നാട്ടിലെ ചില ഉന്നത നേതാക്കന്മാരുടെ അഴിമതിക്കഥകളിലേക്കു തിരിഞ്ഞപ്പോൾ, യുദ്ധം ക്ലാസ്‌ മുറിയിൽത്തന്നെ പൊട്ടിപ്പുറപ്പെട്ടു. പിൻ ബഞ്ചിൽ നിന്നും ചില പ്രസ്ഥാനക്കാരൊക്കെ മുന്നിലെത്തിക്കഴിഞ്ഞു. ഓടിക്കൂടിയ അദ്ധ്യാപകർക്കോ ചിതറിയോടിയ വിദ്യാർത്ഥികൾക്കോ തല്ലുകൊണ്ടു നിലത്തുവീണ സുധാകരനെ രക്ഷിക്കാനായില്ല. ഒടുവിൽ കോളേജിനു താഴിട്ട ആ യുദ്ധം അന്നു സന്ധ്യക്കു കുളക്കടവിലുയർന്ന സുധാകരന്റെ കുത്തുകൊണ്ട നിലവിളി വരെ നീണ്ടു.

കാഴ്‌ചപ്പുരയിൽ ഇരുൾ വീണു. ഗൈഡിന്റെ വിവരണങ്ങൾക്കു വേഗത കൂടുകയും ശബ്‌ദം കുറയുകയുമായി. നിറം മങ്ങിയ ദൃശ്യങ്ങളിലൂടെയാണിപ്പോൾ എല്ലാവരും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്‌. പൊടിപിടിച്ച സംഗിതോപകരണങ്ങൾ, മിഴികളടർന്ന ശില്‌പങ്ങൾ, ഒക്കെ പിന്നിട്ടു സന്ദർശകർ അവരറിയാതെ തന്നെ കാഴ്‌ചയാരംഭിച്ച സ്‌ഫടിക സിംഹാസനത്തിനരുകിലെത്തി.

ഏണിപ്പടിയുടെ ദീപം തെളിച്ചു ഗൈഡു പടികളിറങ്ങി. ഇപ്പോഴും ഏറ്റവും പിന്നിലാകാൻ ഗംഗ കാത്തു നിന്നു. ഹരിയും പടികളിറങ്ങിത്തുടങ്ങിയപ്പോൾ ഗംഗ ഒന്നുകൂടി സ്‌ഫടിക സിംഹാസനത്തിലേക്കു നോക്കി. പെട്ടന്നവൾ ജീൻസിന്റെ പോക്കറ്റിൽ നിന്നും ചുവപ്പു ലിപ്‌സ്‌റ്റിക്കെടുത്തു സിംഹാസനത്തിന്റെ വെൽവെറ്റ്‌ കുഷ്യനിൽ തലങ്ങും വിലങ്ങും കുത്തി വരച്ചു.

ആരോ പടികയറി വരുന്ന ശബ്‌ദം.

ലിപ്‌സ്‌റ്റിക്കു ദൂരെയെറിഞ്ഞു ഗംഗ വേഗം താഴേക്കിറങ്ങി.

അപ്പോൾ കഴുമരത്തിൽ നിന്നുമുയർന്ന സുധാകരന്റെ പൊട്ടിച്ചിരിയിൽ കൊട്ടാരം ഒരു നിമിഷം നടുങ്ങി.

Generated from archived content: story_njaninmel_nadakkuna.html Author: kaladharan_kottarakkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here