ശ്രീചക്രം

പുനര്‍വായന

(മലയാള കഥാരംഗത്തെ നവോത്ഥാനകാലഘട്ടത്തെ സമ്പന്നമാക്കിയ അന്തരിച്ച പ്രഗത്ഭരുടെ കഥകളാണ് ഇത് വരെ ഞങ്ങള്‍ പുനര്‍വായനയിലൂടെ വായനക്കാര്‍ക്ക് നല്‍കിയത് . അവരുടെ തുടര്‍ച്ചയായി കഥാലോകത്തിന് ആധുനികതയ്ക്ക് തുടക്കം കുറിച്ച പോയതലമുറയിലെ ഏതാനും കഥകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കുന്നു. അന്തരിച്ച ശ്രീ കാക്കനാടന്റെ ‘ശ്രീചക്രം’ എന്ന കഥ ഈ ലക്കത്തില്‍ വായിക്കാം) മൂലാധാരത്തിന്നു മൂന്നരച്ചുറ്റുചുറ്റി, സര്‍പ്പാകാരമായി നിദ്ര ചെയ്യുന്ന കുണ്ഡലിനിശക്തി ഉണരു. പത്മാസനത്തില്‍ സ്വസ്ഥാനായിരുന്ന് , ഗുദത്തെ ബലമായി നിരോധിച്ച്, വായുവിനെ ഊര്‍ദ്ധ്വഗതമാക്കി കുംഭകം ചെയ്ത് സ്വാധിഷ്ഠാനത്തിലെ അഗ്നിയെ ജ്വലിപ്പിച്ച് , അഗ്നിയുടേയും വായുവിന്റേയും ആഘാതം കൊണ്ട് നിന്നെ ഉണര്‍ത്താന്‍, നീ ഉണര്‍ന്ന് ഗ്രന്ഥിത്രയവും ഷഡാധാരങ്ങളും ഭേദിച്ച് സഹസ്രദളകമലത്തിലെത്തി പരമശിവനോട് ഇണചേര്‍ന്ന് , അമൃധധാര വര്‍ഷിച്ച് എഴുപത്തീരായിരം നാഡികളേയും നനയ്ക്കുന്ന അത്ഭുതകരമായ അവസ്ഥ കൈവരുത്തുവാന്‍ പ്രയത്നിക്കുന്ന ഈ സാധകനോട് , പരാശക്തി, ദയ കാട്ടു. ഉണരൂ, ഉണരു, ഉണരു.

എതിരെ ഇരുന്നുറങ്ങിയ നഗ്നരൂപം കണ്ണുകള്‍ ചിമ്മിത്തുറന്നു. കറുത്ത്, ശക്തമായ കണ്ണുകള്‍ പ്രകാശം ചുരത്തി. നീണ്ട കണ്‍പീലികള്‍ ചലിച്ചു. മയ്യെഴുതിയ കണ്‍കോണുകളില്‍ വാലുകള്‍ മേലോട്ടു വളഞ്ഞു. അഴിഞ്ഞ, ചിതറിയ മുടി പിന്നില്‍ കറുത്ത, സമൃദ്ധമായ പശ്ചാത്തലമൊരുക്കി. ഫാല പ്രദേശത്തു പൊടിഞ്ഞ് സ്വേദകണങ്ങല്‍ അലങ്കാരത്തിന്റെ മുത്തുകളായി തിളങ്ങി. മൂക്കിന്റെ തുമ്പത്ത് ചുവപ്പ് ഒരു താമരപ്പൂ പോലെ വിടര്‍ന്നു. അധരങ്ങളില്‍ നേര്‍ത്തൊരു പുഞ്ചിരി ആതിരനിലാവു പോലെ പുലര്‍ന്നു. കഴുത്തു ചലിച്ചു. നീണ്ടുരുണ്ട നഗ്നമയ കൈകള്‍ ചലിച്ചു. നഗ്നമായ നിറഞ്ഞ മുലകള്‍ ചലിച്ചു. മുലകള്‍ക്കിടയില്‍ വയറിന്റെ വളവുകള്‍ ചലിച്ചു. നീല നിറമാര്‍ന്ന രോമാവലി ചലിച്ചു. നാഭിച്ചുഴിയും യോനിപ്രദേശവും ചലിച്ചു. വെണ്ണക്കല്‍ തൂണുകള്‍ മാതിരിയുള്ള കാലുകള്‍ ചലിച്ചു. പാദധൂളി, ദിവ്യമായ, ശക്തമായ , സുരഭിലമായ പാദധൂളി ഉയര്‍ന്നു പരന്ന് അന്തരീക്ഷത്തില്‍ നിറഞ്ഞു. പാദധൂളിയില്‍ നിന്നും പിന്നെ വര്‍ണ്ണരാജികളിലേക്കു നോക്കി കണ്ണഞ്ചിയ ചിത്രകാരന്റെ കൈകള്‍ വിറച്ചു. അയാളുടെ ബ്രഷ് നിലത്തു വീണു. ക്ഷുഭിതനായ അയാള്‍ അലറി ‘’ നിന്നോടല്ലേ ഞാന്‍ പറഞ്ഞത്?, ഉണരാന് നീ വെറുമൊരു മോഡല്‍ ഞാന്‍ വാടകക്കെടുത്ത മോഡല്‍. ഞാന്‍ എന്റെ ശക്തിദേവതയെ ഉപാസിക്കുകയാണ് . കണ്ണടക്കു ഞാന്‍ പറഞ്ഞ പോലെ ഇരിക്കു’‘

ഉണര്‍ന്ന സ്ത്രീരൂപം ഒരു നടുക്കത്തോടെ കണ്ണുകള്‍ പൂട്ടി. അവളുടെ ശ്വാസോച്ഛാസത്തിന്റെ നേര്‍ത്ത് ചലനമൊഴിച്ചൊക്കെ നിശ്ചലമായി. ചിത്രകാരന്‍ കുനിഞ്ഞു ബ്രഷെടുത്തു. തെല്ലിട നിശ്ചലനായിരുന്നു. അയാളുടെ അധരങ്ങള്‍ കഠിനമായൊരു വിസ്മയത്തില്‍ അകന്നിരുന്നു. അയാളുടെ കണ്ണുകളില്‍ ശൂന്യാകാശം നിഴലിച്ചു നിന്നു.

മനസില്‍ നിന്ന് ആകാശം . ആകാശത്തില്‍ നിന്നു വായു. വായുവില്‍ നിന്ന് അഗ്നി.അഗ്നിയില്‍ നിന്നും ജലം. ജലത്തില്‍ നിന്ന് ഭൂമി.

ഭൂമാതാവേ, ജഗദാംബികേ, ശക്തീ! യുഗങ്ങളുടെ തപസില്‍ നിന്നും അടിയന്‍ ഉണര്‍ന്നപ്പോള്‍ , നിന്തിരുവടി യുടെ പാദധൂളിയുടെ ശക്തിയും സൌരഭ്യവും അടിയനെ തൊട്ടുണര്‍ത്തിയപ്പോള്‍ , അടിയന്‍ കൊതിച്ചു , അമ്മേ നിന്തിരുവടിയുടെ രൂപം , നീയാകുന്ന നാദത്തിന്റെ രൂപം, അടിയനു പ്രത്യക്ഷനായിരിക്കുന്നുവെന്ന്.പക്ഷെ, തപ്പസ്സ് അപൂര്‍ണ്ണമായിരുന്നോ?

തപസായിരുന്നു സുഖം. തപസിന്റെ വേദന ആയിരുന്നു ,ശൈത്യം ആയിരുന്നു, ഏകാന്തത ആയിരുന്നു സുഖം. ധ്യാനത്തിന്റെ തീവ്രമായ അസഹ്യത ആയിരുന്നു സുഖം.

ഇന്നത്തെ വേദനയാണു കഠിനം . ഈ ദു:ഖമാണ് അടിയന്ന് അസഹ്യം. അമ്മേ കണ്ണുകള്‍ തുറക്കൂ.

വീണ്ടും ഭൌതികത കണ്ണുകള്‍ തുറന്നു. പൊടുന്നെനെ ശക്തമായൊരു വിഭ്രാന്തിയില്‍ ചിത്രകാരന്‍ പിടഞ്ഞു. നീയാണോ അമ്മ ? ഈ കണ്ണുകള്‍ , ഈ മുഖം , ഈ മുലകള്‍ , ഈ നാഭിപ്രദേശം , ഈ മൂലാധാരത്രികോണം നിന്റേതാണോ?

അല്ല ഒക്കെ ഭൌതികമാണ് ഇവള്‍ വെറും മോഡലാണ്. അവളുടെ ഭൌതികമായ ശരീരത്തിനു പിന്നില്‍ ഭൌതികമായ ഭൂമി കിടക്കുന്നു , പാറക്കെട്ടുകളില്‍ , കാട്ടരുവികളില്‍ , കാട്ടുപറവകളില്‍ , കുറ്റിച്ചെടികളില്‍ , കുന്നുകളില്‍, സന്ധ്യ തളംകെട്ടിക്കിടന്ന താഴ്വരകളില്‍ , ഭൂമി അമര്‍ന്നു കിടന്നു കുന്നുകള്‍ക്കു മീതെ മനസ്സില്‍ നിന്നുത്ഭവിച്ച നീലിച്ച ആകാശം. ആകാ‍ശത്തില്‍ നിന്നും വായു, വായുവില്‍ നിന്ന് അഗ്നി, അഗ്നിയില്‍ നിന്നും ജലം, ജലത്തില്‍ നിന്ന് ഭൂമി.

ഭൂമിയില്‍ പിറന്ന അവള്‍ എന്ന ഭൌതിക പദാര്‍ത്ഥത്തോട് അയാള്‍ക്കു വെറുപ്പും ദേഷ്യവും തോന്നി.

നീ മംസമാണ് , നീ അറകളാണ് . നീ ലോമികകളാണ്. നീ അസ്ഥികളാണ്. നീ രോമകൂപങ്ങളാണ്. നീ വെറും സ്ത്രീയാണ്. സ്ത്രീ എന്ന ഉപഭോകൃവസ്തു. നിന്നെ എനിക്കുപയോഗിക്കാം. നിന്റെ സ്ത്രൈണതയെ , നീ നിലവിളിച്ച് നിലവിളിച്ച് ഒടുവില്‍, ദ്രുതഗതിയില്‍ ശ്വാസോച്ഛാസം ചെയ്ത് കണ്ണുകള്‍ പൂട്ടി, തളര്‍ന്നു കിടക്കുവോളം , നീ മരിക്കുവോളം , നീ വെറും മൃതദേഹമാകുവോളം നിന്നെ എനിക്കുപയോഗിക്കാം.

നിന്നെ എനിക്കു വരക്കാം ഭൌതികമായ സ്ത്രീസൌന്ദര്യം അപ്പാടെ എണ്ണച്ചായത്തില്‍ പകര്‍ത്താം. പക്ഷേ, എനിക്കതു വേണ്ട . എനിക്കു സ്ത്രീയുടെ ചിത്രം വേണ്ട.

ശക്തിയുടെ ചിത്രം മതി. നാദത്തിന്റെ ചിത്രം മതി. നാദബ്രഹ്മമേ നിന്റെ ചിത്രം നാദമാകുന്ന ശക്തി , പരാശക്തി, നിന്റെ ചിത്രം.

അപ്പോള്‍ അയാള്‍ക്കു ദേഷ്യമിരട്ടിച്ചു, അയാള്‍ ഗര്‍ജ്ജിച്ചു ‘’ അടയ്ക്കു നിന്റെ കണ്ണുകളടയ്ക്കു’‘ അയാളുടെ വിറയ്ക്കുന്ന കൈകളില്‍ നിന്നു ബ്രഷ് വീണ്ടും നിലത്തു വീണു. അവള്‍ കണ്ണുകളടച്ചു

മഹാത്രിപുര സുന്ദരി , അരുതേ , കണ്ണുകള്‍ അടയ്ക്കരുതേ, അടിയന്‍ പ്രാര്‍ത്ഥിക്കുന്നു.

നിന്തിരുവടി കണ്ണുകളടയ്ക്കുമ്പോള്‍ പ്രപഞ്ചം നശിക്കുന്നു. തുറക്കുമ്പോള്‍ പ്രപഞ്ചം ഉണ്ടാകുന്നു. നീ കണ്ണുകള്‍ തുറന്നതിനാലുണ്ടായ ഈ പ്രപഞ്ചത്തെ പ്രളയത്തില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടി , അമ്മേ, കണ്ണുകള്‍ തുറക്കൂ.

പശുപതിക്കു മാത്രം അധീനമായൊരു ഹൃദയത്തോടുകൂടിയ മഹാദേവീ,നിന്തിരുവടിഞങ്ങളെശുദ്ധീകരീക്കുന്നതിനായി ,ഏതു കണ്ണുകളാല്‍ ശോണനദം, ഗംഗ, യമുന എന്നീ പുണ്യതീര്‍ത്ഥങ്ങളുടെ പാപവിനാശകമായ സംഗമം സൃഷ്ടിക്കുന്നുവോ , ആ ദയാനിര്‍ഭരമായ കണ്ണുകള്‍ , ചുവപ്പ്, വെളുപ്പ് , കറുപ്പ് എന്നീ വര്‍ണങ്ങളുള്ള ആ ദിവ്യനേത്രങ്ങള്‍ , അമ്മേ അടയ്ക്കരുതേ. വെളുപ്പെന്ന സത്വം. ചുവെപ്പെന്ന രജസ്സ്. കറുപ്പെന്ന തമസ്സ്. ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍. വിഷയവിരക്തനായ ത്രിപുരാന്തകനെ കാമഭ്രാന്തിനാല്‍ ഉന്മത്തനാക്കാന്‍ പോന്ന നിന്റെ കാതോളമെത്തുന്ന നേത്രങ്ങള്‍ തുറന്ന്, മഹേശ്വരീ , കടാക്ഷിക്കൂ , പ്രപഞ്ചത്തെ രക്ഷിക്കൂ. അരുതേ അമ്മേ കണ്ണുകളടയ്ക്കരുതേ.

ശൃംഗാരം , ബീഭത്സം, രൌദ്രം, അത്ഭുതം, ഭയം, വീരം, ഹാസ്യം, കരുണം എന്നിങ്ങനെ എട്ടുരസങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന , എട്ടു രസങ്ങള്‍ കിടന്നു തിളക്കുന്ന , എട്ടു രസങ്ങളുടെ വര്‍ണ്ണ പുഷ്പങ്ങള്‍ വിടരുന്ന , അലൌകിക സൌന്ദര്യമുള്ള നിന്റെ നേത്രങ്ങളുടെ കാന്തി , വിശ്വസുന്ദരീ , ഞാന്‍ എങ്ങനെ പകര്‍ത്തും? ദ്രാവിഡ ശിശുവിനേപ്പോലെ ജഗന്മാതാവേ, നിന്തിരുവടി എന്നെ പാലൂട്ടിയെങ്കില്‍

എങ്കില്‍ നിന്തിരുവടിയുടെ ശക്തമായ കാന്തി ഞാന്‍ ദര്‍ശിക്കുമായിരുന്നു . ഹിമവത്സാനുക്കളിലിരുന്ന് , നിന്റെ സൌന്ദര്യത്തിന്റെ മാസ്മരലഹരി നിറങ്ങളുടെ നൂറു ശ്ലോകങ്ങളിലൂടെ , താളരാഗലയനിബ്ദ്ധയമായി ഞാന്‍ ആവിഷ്ക്കരിക്കുമായിരുന്നു. നീയാകുന്ന ശബ്ദത്തെ , നീയാകുന്ന അര്‍ത്ഥത്തെ, ഞാന്‍ എന്റെ ക്യാന്‍ വാസില്‍ പകര്‍ത്തുമായിരുന്നു. ഇന്നു ഞാന്‍ എന്തു വരയ്ക്കട്ടെ? എങ്ങനെ ഞാന്‍ പകര്‍ത്തട്ടെ?

എന്റെ ദുര്‍ബ്ബലമായ കൈകളില്‍ നിന്നും ബ്രഷ് വീണു പോയിരിക്കുന്നു. എന്റെ മനസ്സ് മരവിച്ചു പോയിരിക്കുന്നു. എന്റെ ഇഡ- പിംഗളകള്‍ വഴി ഇറ്റു വീഴുന്ന അമൃതിന്റെ തുള്ളികള്‍ നുകര്‍ന്ന് കുണ്ഡലിനി ശക്തി, നീ ഉറങ്ങിക്കിടക്കുന്നു.

അമൃതിന്റെ പ്രവാഹം നിറുത്താന്‍ വേണ്ടി പത്മാസനത്തിലിരുന്ന് , ഗുദം ഉറപ്പിച്ചു., വായുവിനെ മുകളിലേക്കു കുംഭകം ചെയ്ത് ഞാന്‍ തപസ്സു ചെയ്തു. നിന്തുരുവടിയെ പഷ്ണിക്കിടാന്‍, അങ്ങനെ നിന്നെ സുഷ്മനയിലൂടെ മുകളിലേക്ക് ആവാഹിച്ചു സഹസ്രദളകമലകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാണനുമായി ഇണചേര്‍ക്കാന്‍ ഹിമഗിരികന്യേ , ഞാന്‍ കൊതിച്ചു. ആ ഇണചേരലിലൂടെ എനിക്കു ബുദ്ധിപരമായ പരിണാമം സംഭവിക്കുമെന്ന് , ഞാന്‍ ജ്ഞാനിയാവുമെന്ന് , നിന്റെ ചക്രരഹസ്യം എനിക്കു വശഗതമാവുമെന്ന് ഞാന്‍ ആഗ്രഹിച്ചു . മഴയത്ത് , വെയിലത്ത്, തണുപ്പത്ത്, ഇരുട്ടത്ത്, ഉടുതുണിയില്ലാതെ വിറക്കുന്ന ശരീരത്തെ മറന്ന്, എനിക്കു ചുറ്റിലും കിടന്നു കിടുങ്ങിയ പ്രപഞ്ചത്തെ മറന്ന്, ആഗ്രഹനിവൃത്തിക്കായി , നിന്റെ രൂപം കാണാന്‍ ശ്രമിച്ച് ജഗദംബേ, അടിയന്‍ ധ്യാനലീനനായിരുന്നു. എട്ട് രസങ്ങളുടെ നിറങ്ങള്‍ എന്റെ കണ്മുന്‍പില്‍ നിഴലാട്ടം നടത്തി. സത്ത്വത്തിന്റെ, രജസ്സിന്റെ, തമസ്സിന്റെ വര്‍ണ്ണങ്ങള്‍ എന്റെ മുന്നില്‍ അതിദ്രുതം ചുറ്റിത്തിരിഞ്ഞു, ശോണനദവും ഗംഗയും യമുനയും എന്നെ ചുറ്റിയൊഴുകി. അവയുടെ പാപനാശകമായ സംഗമം ഞാന്‍ കണ്ടോ? വെളുപ്പും ചുവപ്പും ചുറ്റിത്തിരിഞ്ഞ ചക്രത്തിന്റെ രൂ‍പം എന്റെ ഉള്ളില്‍ ഉറച്ചോ?

എട്ടു രസങ്ങള്‍ നിറഞ്ഞ നിന്റെ ഭാവവൈവിധ്യം മായാത്ത മാതിരി എന്റെ മനസില്‍ , എന്റെ ബുദ്ധിയില്‍ പതിഞ്ഞോ? നിന്റെ ചിത്രത്തിന്റെ രഹസ്യം എനിക്കു ലഭിച്ചോ? ഉണര്‍ന്നപ്പോള്‍,‍ ഇല്ലെന്നു തോന്നുന്നു. ത്രി നദികളുടെ സംഗമം, നിന്തിരുവടിയുടെ രൂപം, ശ്രീചക്രത്തിന്റെ രഹസ്യം ഒക്കെ എന്നെ വിട്ടൊഴിഞ്ഞു നടന്നു.

ഞാന്‍ ക്യാന്‍വാസ് തയ്യാറാക്കി. ഞാന്‍ എന്റെ ചായക്കൂട്ടുകള്‍ ഒരുക്കി വച്ചു. എന്റെ പണിപ്പുരയില്‍ ഞാനിരുന്നു. എന്റെ വിറക്കുന്ന കൈകള്‍ ബ്രഷേന്തി. ബ്രഷ് ക്യാന്‍വാസിന്‍മേല്‍ സഞ്ചരിച്ചു ബ്രഷ് ക്യാന്‍ വാസിന്മേല്‍ ചായത്തിന്റെ പോറലുകള്‍ വീഴ്ത്തി. ഭൂമിയിലെ പാതകള്‍ പോലെ , കാട്ടിലെ അരുവികള്‍ പോലെ , ജീവിതപാന്ഥാവുകള്‍ പോലെ, അമ്മേ, ചായത്തിന്റെ ലക്ഷ്യമില്ലാത്ത , രൂപമില്ലാത്ത, അര്‍ത്ഥമില്ലാത്ത , വികൃതമായ ചാലുകള്‍ എന്റെ ക്യാന്‍ വാസിലൊഴുകി.

നീ എന്റെ ക്യാന്‍വാസിലേക്ക് എഴുന്നുള്ളി വന്നില്ല. നിന്റെ ചക്രത്തിന്റെ രഹസ്യം എനിക്കു വിധേയമായില്ല. ഞാന്‍ കരഞ്ഞു. നീ എന്റെ കരച്ചില്‍ കേട്ടില്ലേ? കേട്ടെന്നു കരുതി, ഞാന്‍ വീണ്ടും ശ്രമിച്ചു. ഇല്ല ജഗദംബേ, നീ പ്രസാദിച്ചില്ല. നീ എന്നെ കടാക്ഷിച്ചില്ലെങ്കില്‍ , ശബ്ദത്തിന്റെയും അര്‍ത്ഥത്തിന്റെയും ആരംഭമേ, ആദിനാദത്തിന്റേയും ആദിവചനത്തിന്റേയും ചൈതന്യമേ,എന്നെ അനുഗ്രഹിച്ചെങ്കില്‍, ഞാന്‍ വിജയിക്കുമായിരുന്നു.

പക്ഷെ, ആ ഭാഗ്യം എനിക്കു നിഷേധിക്കപ്പെട്ടു. എന്റെ ശ്രമങ്ങള്‍ പാഴായി. ആരോ വരച്ച നിന്റെ ചിത്രത്തില്‍ നോക്കി ഞാന്‍ ഇരുന്നു, പഠിച്ചതെല്ലാം ഞാന്‍ ഓര്‍ത്തു. ഒമ്പതു ചക്രങ്ങളുടെ ഇണചേരലില്‍ നിന്നും, നാല്‍പ്പത്തിമൂന്നു കോണുകളും ഒരു ബിന്ദുവുമുള്ള ഈ രൂപം ഉണ്ടാവുന്നു. ശക്തിയുടെ അഞ്ചു ചക്രങ്ങള്‍ , ശിവന്റെ നാല്ചക്രങ്ങള്‍, അഞ്ചും നാലും ഒന്‍പത്. ഒന്‍പതിലെത്തുന്നവന്‍ വിജയം കൈവരിക്കുന്നു. ഞാന്‍ ശ്രമിച്ചു . എത്തിയില്ല. എത്തിയില്ല. എത്തിയില്ല. എനിക്കെത്തണമമ്മേ, ഒന്‍പതിലെത്തണം. ചക്രരഹസ്യം കണ്ടെത്താന്‍ വേണ്ടി, ശ്രീചക്രത്തിനു മുമ്പില്‍ ഉപവിഷ്ടനായപ്പോള്‍, ഞാന്‍ ബുദ്ധിശൂന്യനായി. നിന്റെ രൂപം പകര്‍ത്താന്‍ വേണ്ടി ബ്രഷേന്തിയപ്പോള്‍ ഞാന്‍ മൂഢനായി. ഒടുവിലൊടുവില്‍,

ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന ഒരു സ്ത്രീ രൂപത്തെ ഞാന്‍ എന്റെ മോഡലാക്കി. അവളെ വരക്കാന്‍ എനിക്കു കഴിയും. പക്ഷെ, അത് അവളുടെ രൂപമേ ആകുന്നുള്ളു. അവള്‍ മനുഷ്യസ്ത്രീയാണ്. സ്ത്രീ എന്ന ഭൌതികപദാര്‍ത്ഥമാണ് . മഹാത്രിപുരസുന്ദരി , ദേവസുന്ദരിമാര്‍ ഒരു നോക്കു കാണാന്‍ കൊതിക്കുന്ന നിന്റെ മാസ്മര സൌന്ദര്യം , നിന്റെ അലൌകികകാന്തി ഇവളിലൂടെ ഞാനെങ്ങനെ കണ്ടെത്തും ? എങ്ങനെ ആവിഷ്ക്കരിക്കും? അമ്മേ പ്രസാദിക്കൂ. കണ്ണുകള്‍ തുറക്കൂ. അയാള്‍ ഉറക്കെ നിലവിളിച്ചു : ‘ തുറക്കൂ!’

സ്ത്രീ കണ്ണുകള്‍ തുറന്നു . പൊടുന്നനെ ചിത്രകാരന്‍ അന്ധാളിച്ചു. ഇവള്‍ അവളാണെന്നു വരുമോ? തനിക്കെന്താണീ കിടിലം? ഭൂമി കുലുങ്ങുന്നുണ്ടോ? ഇവള്‍ ആരാണ്? അയാള്‍ തുറിച്ചു നോക്കി. മോഡല്‍, നഗ്നയായ മോഡല്‍. മാദകമായ അവയവങ്ങളുള്ള മോഡല്‍ സ്ത്രീ വേശ്യ. അയാള്‍ പിന്നെയും ക്ഷുഭിതനായി. ‘ കടന്നു പോകൂ!’ അയാള്‍ അലറി. ഭയചകിതയായ സ്ത്രീ എണീറ്റു . അവള്‍ ചിത്രകാരന്റെ ദൃഷ്ടിയില്‍ നിന്നും മറഞ്ഞു. അയാള്‍ ആകാശത്തേക്കു നോക്കി. ആകാശം, വായു, അഗ്നി,ജലം , ഭൂമി

പഞ്ചഭൂതങ്ങളുടെ മാതാവേ , ജനനീ, ജഗത്ജനനീ, കടാ‍ക്ഷിക്കില്ലേ? അയാളുടെ കണ്ണുകള്‍ ചുറ്റിത്തിരിഞ്ഞു. മുടി കാറ്റത്തുപറന്നു. താടി കാറ്റിലുലഞ്ഞു . മൂക്കു വികസിച്ചു. ചുണ്ടുകള്‍ വക്രിച്ചു. കവിളുകള്‍ വലിഞ്ഞു കഴുത്തില്‍ ഞരമ്പുകള്‍ വികസിച്ചു. സന്നിപാതജ്വരം ബാധിച്ചൊരു രോഗിയെപ്പോലെ അയാളുടെ ശരീരം വിറച്ചു തുള്ളി . തുള്ളിത്തുള്ളീ , തന്റെ ചായക്കൂട്ടുകള്‍ക്കു മേല്‍, അയാള്‍ പ്രജ്ഞയറ്റു വീണു. പ്രജ്ഞ വീണ്ടുകിട്ടിയപ്പോള്‍ കണ്മുമ്പില്‍ വെളുത്ത താടി കണ്ടു.കഷണ്ടി കയറിയ ശിരസ്സിന്മേല്‍ ശേഷിച്ച നരച്ച മുടിനാരുകള്‍ കണ്ടു. അലൌകികമായ ആനന്ദം കിടന്നു പതയുന്ന കണ്ണുകള്‍ കണ്ടു. ചുണ്ടത്തു മാസ്മരമായ മന്ദഹാസം കണ്ടു. ഗുരു . ‘’ഗുരോ!’ ചിത്രകാരന്‍ എണീറ്റിരുന്നു. ‘ എല്ലാം ഞാനറിഞ്ഞു’ ഗുരു അരുളിചെയ്തു : ‘ അവളെല്ലാം പറഞ്ഞു നിന്റെ മോഡല്‍’ ‘അവള്‍ എന്തു പറഞ്ഞു?’ ചിത്രകാരന്‍ തിരക്കി അവള്‍ എന്താവും പറഞ്ഞിട്ടുണ്ടാവുക, എന്താണിവിടെ സംഭവിച്ചത് എന്നു കണ്ടു പിടിക്കാന്‍ വേണ്ടി അയാല്‍ വൃഥാ ഓര്‍മ്മയില്‍ ചികഞ്ഞു. ‘നീ അവളെ ശകാരിച്ചു ‘ ഗുരു പറഞ്ഞു : ‘ ഒടുവില്‍ നീ അവളെ ഓടിച്ചു.’ ചിതകാരന്‍ അത്ഭുതസ്തബ്ധനായി നോക്കിയിരുന്നു. ‘ഞാനങ്ങനെ ചെയ്തിട്ടില്ലല്ലോ!’ അയാള്‍ പറഞ്ഞു. ‘ നിനക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല ‘ ഗുരു പറഞ്ഞു : ‘ അതു പോട്ടെ , മറ്റൊരു കാര്യമാണ് എനിക്കു നിന്നോട് പറയാനുള്ളത്’. ‘എന്താണ് ?’‘ ചിത്രകാരന്‍ ജിജ്ഞാസുവായി. ‘എനിക്ക് എന്തെങ്കിലും വ്യത്യാസമുണ്ടോ?’ ‘അങ്ങയുടെ കണ്ണുകളില്‍ അലൌകികമായ ആനന്ദത്തിന്റെ അലയടിയുണ്ട് . അങ്ങയുടെ ചുണ്ടുകളില്‍ മാ‍സ്മരമായ മന്ദഹാസമുണ്ട്’. ‘ ഉവ്വോ? ഉവ്വോ? ഉവ്വോ?’ ‘ഉവ്വ്. ഉവ്വ്. ഉവ്വ്.’ ‘രഹസ്യമറിയില്ലേ?’ ‘ഇല്ലല്ലോ!’ ‘ ഞാനെത്തി ‘ ഗുരുവുന്റെ ശബ്ദം അലൌകികമായി . ദിവ്യമായി അത്ഭുതപൂര്‍വമായ ശക്തിയും സൌന്ദര്യവും ആ ശബ്ദത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നുവെന്നു ശിക്ഷ്യന്‍ മനസ്സിലാക്കി.

‘ ഞാന്‍ ഒന്‍പതിലെത്തി’ ഓം ശക്തി.’

ഗുരുവിന്റെ കണ്ണുകള്‍ തന്റെ കണ്ണുകളെ തുളച്ച് ഉള്ളറകള്‍ പരതി. അവയും തുളച്ച് അപ്പുറത്തേക്ക് , പ്രപഞ്ചത്തിനപ്പുറത്തേക്ക് നോക്കുകയാണെന്നു ചിത്രകാരനു തോന്നി . ആ കണ്ണുകള്‍ ദേവിയെ കാണുകയാണ്. മാണിക്യ ഭാവം പ്രാപിച്ച് പന്ത്രണ്ടു സൂര്യന്മാരെ പതിച്ച ഹിമഗിരിസുതയുടെ സുവര്‍ണ്ണ കിരീടം കാണുകയാണ് വിടര്‍ന്ന കരിങ്കൂവളപ്പൂങ്കുലപോലെ നിബിഡവും മിനുമിനുപ്പുള്ളതും മൃദുവുമായ , സാധകരുടെ അജ്ഞതാന്ധകാരത്തെ നശിപ്പിക്കുന്ന പരമശിവപത്നിയുടെ ചികുരഭാരം കാണുകയാണ് . പകലിനെ സൃഷ്ടിക്കുന്ന വലതുകണ്ണും രാത്രിയെ സൃഷ്ടിക്കുന്ന ഇടതുകണ്ണും , സന്ധ്യയെ സൃഷ്ടിക്കുന്ന സ്വര്‍ണ്ണത്താമരപ്പൂവിന്റെ കാന്തിയുറ്റ മൂന്നാം കണ്ണും കാണുകയാണ്. അമൃതരസം നിറഞ്ഞു മാണിക്യത്തോല്‍ക്കുടങ്ങളായ വക്ഷോജങ്ങള്‍ കാണുകയാണ് . കുംഭീന്ദ്രരൂപനായ ഗജാസുരന്റെ മസ്തകത്തില്‍നിന്നെടുത്ത മുത്തുമണികള്‍ കോര്‍ത്ത മാല കാണുകയാണ് . ഗംഗാ നദിയിലെ ചുഴിയും നീലരോമാവലിയാകുന്ന ലതക്കു തടവും മന്മഥന്റെ പ്രതാപാഗ്നിക്കു ഹോമകുണ്ഡവും രതീദേവിയുടെ ലീലാഗൃഹവും ശിവനേത്രങ്ങളുടെ തപസിദ്ധിക്കു ഗുഹാദ്വാരവുമായ നാഭിപ്രദേശം കാണുകയാണ് . ഗുരുവും വിസ്തൃതമായ നിതംബപ്രദേശവും ഉപനിഷത്തുകള്‍ക്ക് ശിരോഭൂഷണങ്ങളായ ദിവ്യമരങ്ങളും കാണുകയാണ് . ദേവിയുടെ മൂലാധാരചക്രത്തില്‍ സമയമോടൊത്ത് നവരസങ്ങളോടെ അത്ഭുതതാണ്ഡവം ചവിട്ടുന്ന ആനന്ദഭൈരവനെപരാശക്തിയുടെ ആജ്ഞാചക്രത്തില്‍ വസിക്കുന്ന , സൂര്യചന്ദ്രകോടികളുടെകാന്തിപുഞ്ജത്തെ ധരിക്കുന്ന പരശംഭുവിനെ കാണുകയാണ് . മഹാദേവിയുടെ സ്വാധിഷ്ഠാനചക്രത്തില്‍ മഹാപ്രളയകാലാഗ്നിയുടെ അധിഷ്ഠാതാവായ കാലാഗ്നിരുദ്രനെ കാണുകയാണ്.

ശിക്ഷ്യന്‍ ഞെട്ടി. ശിക്ഷ്യനു ഗുരുവിനോടു അസൂയ തോന്നി. തന്നോടു തന്നെ നിന്ദയും സഹതാപവും തോന്നി. അവിശ്വാസത്തിന്റെ അലര്‍ച്ച അയാളില്‍ നിന്നും പൊട്ടിത്തെറിച്ചു: ‘എത്തിയോ?. ‘എത്തി’ ദിവ്യമായ ശബ്ദത്തില്‍, ശാന്തമായി ഗുരു മറുപടി പറഞ്ഞു: ‘ എത്തിയതിന്റെ സുഖത്തില്‍ ഞാന്‍ എന്നെ മറക്കുന്നു ‘ നിന്നെ മറക്കുന്നു . പ്രപഞ്ചത്തെ മറക്കുന്നു. എല്ലാമെല്ലാം മറക്കുന്നു. ഈ ആനന്ദം എനിക്കു പ്രകടിപ്പിക്കാന്‍ വയ്യ. ഈ അനുഭൂതി വിശേഷം എനിക്ക് ആവിഷ്ക്കരിക്കാന്‍ വയ്യ’ ബോധാബോധങ്ങളുടെ അതിര്‍വരമ്പത്തു കാലിടറി നടന്നുകൊണ്ട് , ഭ്രാന്തിന്റെ താഴ്വാരങ്ങളില്‍ വേച്ചു വേച്ച് അലഞ്ഞുകൊണ്ട് ചിത്രകാരന്‍ വീണ്ടും അലറി: ‘ എത്തിയോ? ഒന്‍പതിലെത്തിയോ?’ ‘എനിക്കതു വിശ്വസിക്കാന്‍ വയ്യ. വിശദീകരിക്കാനും വയ്യ,. എനിക്കതു വരക്കാന്‍ വയ്യ . പക്ഷേ ആ സുഖം ഞാന്‍ അനുഭവിക്കുന്നു . ഓം ശക്തി, ശക്തി!’ ഗുരുവിന്റെ ശാന്തഗംഭീരമായ ശബ്ദം ശക്തിമന്ത്രോച്ചാരണത്തില്‍ അലിഞ്ഞു. ‘ ഒന്‍പതിലെത്തിയെന്നോ?’ അസൂയ ചിത്രകാരനായി . ഗുരു തുടര്‍ന്നു : ‘ മഹാമായേ, നിന്റെ കടാക്ഷം . ശക്തിസ്വരൂപിണി, നിന്റെ കാരുണ്യം . നിന്തിരുവടിയുടെ പാദാരവിന്ദങ്ങള്‍ അടിയന്റെമേല്‍ പതിച്ചിരിക്കുന്നു. അഞ്ചു ശക്തിചക്രങ്ങള്‍. നാലു ശിവചക്രങ്ങള്‍, അഞ്ചും നാലും ഒന്‍പത്.’ ‘എത്തിയോ? എത്തിയെന്നോ?’ ചിത്രകാരന്‍ അക്ഷമനായി ഗര്‍ജ്ജിച്ചു.

ഗുരു മറ്റൊരു ലോകത്തായിരുന്നു . അയാളുടെ ശബ്ദം ഭക്തിനിര്‍ഭരമായിരുന്നു . ദിവ്യമായിരുന്നു. അസാധാരണമായിരുന്നു .’ ജഗന്മതാവേ, ബ്രഹ്മാവ്, ദേവേന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ ജരാമരണങ്ങളെ അതിജീവിക്കാന്‍ വേണ്ടി അമൃതപാനം ചെയ്തിട്ടുപോലും പ്രളയകാലത്തു നശിച്ചു പോകുന്നു . പരമ ശിവനോ ഉഗ്രമായ കാളകൂടം കഴിച്ചിട്ടു പോലും നശിക്കുന്നില്ല . മഹാമായേ, നിന്തിരുവടിയുടെ താടങ്കമഹിമകാരണം. ഓം ,ശക്തി സ്വരൂപിണി!’ ഗുരുവിന്റെ ശബ്ദത്തിന്റെ ലഹരി ശിക്ഷ്യനെ മത്തുപിടിപ്പിച്ചു. അയാള്‍ ഭാഷ മറന്നു. ഒരു ഭ്രാന്തനെപ്പോലെ അയാള്‍ പുലമ്പി: ‘ എത്തിയോ? എത്തിയോ? എത്തിയോ?’ അതു കേള്‍ക്കാത്ത ഗുരു തുടര്‍ന്നു: ‘ മഹാത്രിപുര സുന്ദരീ , അര്‍പ്പണമനോഭാവത്തോടെ അടിയന്‍ ചെയ്യുന്ന യദൃച്ഛാസല്ലാപങ്ങള്‍ മഹാമന്ത്രജപമായും അടിയന്റെ കൈയുടെ പ്രവൃത്തികള്‍ സംക്ഷോഭണാദിമുദ്രാ കാരണമായും അടിയന്റെ ചലനം നിന്തിരുവടിക്കു പ്രദക്ഷിണമായും അടിയന്റെ അന്നപാനാദിക്രിയകള്‍ നിന്തിരുവടിയുടെ ഹോമാനുഷ്ഠാനമായും അടിയന്റെ ശയനം നിന്തിരുവടിക്കു പ്രണാമമായും ; ഇങ്ങനെ അടിയന്റെ എല്ലാ സുഖവിലാസവും നിന്തിരുവടിക്കു പൂജയായി ഭവിക്കട്ടെ ! ഓം, ശക്തി ശക്തി, ശക്തി !’ ഗുരു ദിവ്യവും നിഗൂഢവുമായ ഒരു ചലനത്തില്‍ എണീ‍റ്റു.നടന്നു. നടന്നകന്നകലുന്ന ഗുരുവിനെ നോക്കി . ഇടയ്ക്കിടെ പിന്നാലെ ഓടി . ഇടയ്ക്കിടെ കൂവിയലച്ചു ശിക്ഷ്യന്‍ പുലമ്പിക്കൊണ്ടിരുന്നു.

‘എത്തിയോ ? ഒമ്പതിലോ? അഞ്ചും നാലും ഒമ്പത്. ചക്രരഹസ്യം . ചക്രഭേദനം . ശ്രീവിദ്യ. ശ്രീവിദ്യ എത്തിയോ? എത്തിയോ? എത്തിയോ?‘ ശിക്ഷ്യന്റെ പുലമ്പല്‍ കേള്‍ക്കാതെ ഗുരു നടന്നകന്നു . അയാളുടെ അധരങ്ങളില്‍ നിന്ന് ശക്തിമന്ത്രമായാനാദം അന്തരീക്ഷത്തില്‍ പ്രസരിച്ചു. മുടിയിലും താടിയിലും ചായക്കൂട്ടു പുരണ്ട , കണ്ണുകളില്‍ നീരു വറ്റിയ , മുഖത്തു വികാരങ്ങള്‍ വറ്റിയ, വായില്‍ ഉമിനീരു വറ്റിയ , നാവില്‍ ശബ്ദം വറ്റിയ ചിത്രകാരനെന്ന ശിക്ഷ്യന്‍ തന്റെ കീറിപ്പറിഞ്ഞ്, ചാ‍യം പുരണ്ട വസ്ത്രങ്ങളില്‍ ഭ്രാന്തനായി നില കൊണ്ടു. അയാളുടെ ഭ്രന്തു പിടിച്ച കണ്ണുകള്‍ അതിവേഗം ചുറ്റിത്തിരിഞ്ഞു. ചുറ്റിത്തിരിയുന്ന കണ്ണുകള്‍ക്കു മുമ്പില്‍ അവള്‍ അവതരിച്ചു. നഗനയായ അവള്‍. അവളുടെ വാര്‍ക്കൂന്തല്‍. അവളുടെ വക്ഷോജങ്ങള്‍. അവളുടെ രോമാവലി. അവളുടെ നാഭിപ്രദേശം. നിതംബം. തുടകള്‍. ചരണങ്ങള്‍.

അമ്മേ മഹാമായേ , നീയോ? സ്ത്രീയേ , മാംസപിണ്ഡമേ , നീയോ? ചിതകാരന്‍ കഠിനമായ കോപത്തിന്റെ , ഭ്രാന്തിന്റെ ചിത്രമായി മാറി. അയാള്‍ തന്റെ മോഡലിനു നേരെ ജ്വലിച്ചടുത്തു. അയാളുടെ ഭാവം കണ്ട് അവള്‍ ഭയന്നു. ഓടാന്‍ ശ്രമിച്ചു. അയാള്‍ വിട്ടില്ല . അയാള്‍ അവളെ കടന്നു പിടിച്ചു. അയാളുടെ മുഖവും കണ്ണകളും കത്തിയെരിഞ്ഞു.അയാളുടെ വിരലുകള്‍ അവളുടെ കഴുത്തിലമരും മുമ്പ് അവളുടെ ദീനമായ അപേക്ഷ , ഒരു നിലവിളിയായി പുറത്തു വന്നു. ‘അരുതേ!…കൊല്ലരുതേ!…’ ചിത്രകാരന്‍ അതു ശ്രദ്ധിച്ചില്ല . അയാളുടെ ക്രൂരമായ വിരലുകള്‍ , ഭ്രാന്തെടുത്ത വിരലുകള്‍ അവളുടെ കഴുത്തില്‍ ആഴ്ന്നിറങ്ങിയപ്പോള്‍ , നിലവിളിയിലെ , അപേക്ഷയിലെ അക്ഷരങ്ങള്‍ വളഞ്ഞു. ചതഞ്ഞു. അരഞ്ഞു. ചതഞ്ഞരഞ്ഞ അക്ഷരങ്ങള്‍ അലര്‍ച്ചയായി. ഞരക്കമായി. മൂളലായി. ഒന്നുമല്ലാതായി. നിശബ്ദമായി . ഒടിഞ്ഞ് കഴുത്തുമായി അവള്‍ കാലത്തിന്റെ ചുവന്ന മാറിലേക്കു വീണു. ചിത്രകാരന്‍ അവളെ പിച്ചിച്ചീന്താന്‍ തുടങ്ങി. രക്തം കുടിക്കണം രക്തം, രക്തം. അയാളുടെ ഗര്‍ജ്ജനം ദിക്കുകളെ നടുക്കി. മഹിഷാസുരമര്‍ദ്ദിനി , ശക്തിസ്വരൂപിണി , തായേ മഹാമായേ!

Generated from archived content: story1_may15_12.html Author: kakkanadan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English