മുല്ലപ്പൂക്കളുടെ ഗന്ധം ആസ്വദിച്ച ഗന്ധര്‍വന്‍

സിത്താറിന്റെ ലോകത്തെ ഗന്ധര്‍വനായിരുന്നു പണ്ഡിറ്റ് രവിശങ്കര്‍. എണ്‍പതുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്ത് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു അദ്ദേഹത്തെ ആദ്യമായി കണ്ടത്. കലാകാരന്‍ എങ്ങിനെ സംഗീതോപകരണങ്ങള്‍ക്ക് അലങ്കാരമാകുന്നു എന്നതിനു പണ്ഡിറ്റിനേക്കാള്‍ വലിയ ഉദാഹരണമില്ല.

വെള്ള പൈജാമയും കുര്‍ത്തയും വള്ളിചെരിപ്പും ധരിച്ചെത്തുന്ന അദ്ദേഹത്തിന്റെ ചിത്രം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും മനസില്‍ നിന്നു മാഞ്ഞിട്ടില്ല.

അന്നു തിരുവനന്തപുരത്തു ചടങ്ങിനെത്തിയ അദ്ദേഹം പ്രേക്ഷകരുടെയും സംഘാടകരുടേയും മനസു കീഴടക്കി. വേദി നിറയെ മുല്ലപ്പൂക്കള്‍ വിതറുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു . മുല്ലപ്പൂവിന്റെ മണം തനിക്കേറെ ഇഷ്ടമാണെന്ന് അദ്ദേഹം അടുപ്പമുള്ളവരോടു പറയുമായിരുന്നു. അതുപോലെ വേദിയില്‍ അനാവശ്യമായി ഒരാള്‍പോലും നില്‍ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അതു സംഘാടകരായാല്‍ പോലും മുഷിപ്പു പ്രകടിപ്പിക്കുമായിരുന്നു. സംഗീതം പൊഴിയുമ്പോള്‍‍ സദസു നിശബ്ദമായിരിക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. രവിശങ്കറിന്റെ പരിപാടിക്ക് എത്തുന്നവര്‍ ഇക്കാര്യത്തില്‍ ഏറെ ബോധവാന്മാരായിരുന്നു.

സംഗീതത്തിന്റെ ലോകത്ത് അപശബ്ദങ്ങള്‍ക്കു സ്ഥാനമില്ലെന്ന അടിസ്ഥാനതത്വമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. തന്റെ സംഗീതോപകരണങ്ങള്‍ സ്വയം എടുത്തുവയ്ക്കുക എന്നതും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. തന്നെ കാണാനായി ആളുകള്‍ കൂടുമ്പോള്‍ ഒരു മന്ദസ്മിതം മാത്രമാണ് അദ്ദേഹത്തിനുണ്ടാകുക. പരിപാടി കഴിയുന്നതുവരെ അതു മുഖത്തു നിലനില്‍ക്കുകയും ചെയ്യും. ഇടക്കിടക്ക് മദ്രാസില്‍ വരുമായിരുന്ന അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് എന്റെ സ്വകാര്യ ദു:ഖം.

Generated from archived content: essay1_dec20_12.html Author: kaithapram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here