ശ്രീകുമാറിന്റെ വാക്കുകളിലൂടെ ഞാൻ ഭാഗവതരെ കേൾക്കുന്നു. ഭാഗവതരിൽനിന്ന് കാലങ്ങളുടെ താളപ്പെരുക്കവും രംഗത്തിളക്കവും അറിയുന്നു. അവ പുതിയ ചിന്തകളെ തട്ടിയുണർത്തുന്നു. ജീവചരിത്രങ്ങളുടെ ധർമം കാലാതീതരായ മനുഷ്യരുടെ ഗാഥ പാടുകയെന്നതാണ്. അവരുടെ സ്‌മരണയിൽ പുതിയ കാലം ഉപസ്‌തരിക്കപ്പെടുകയാണ്….
രാജാപ്പാർട്ടുകളെയും ഹാർമോണിയക്കാരെയുമൊക്കെയൊഴിവാക്കിയ നാടകങ്ങളെക്കുറിച്ച് ഇന്നും നമുക്കഭിമാനം കൊളളാം. പാരമ്പര്യത്തിൽനിന്ന് വിടുതൽ നേടിയ നാടകസങ്കല്പത്തെക്കുറിച്ച് പറയാം. പക്ഷേ, ചാക്യാരുടെ അഭിനയപദ്ധതിയിലൂടെയുണർന്ന് ഇന്നത്തെ സാമൂഹിക നാടകങ്ങളിലേക്കുളള മലയാളനാടകത്തിന്റെ വളർച്ചയിൽ, തുടർച്ചയിൽ വലിയൊരു കണ്ണിയായി ഭാഗവതരെപ്പോലുളളവരുടെ ജീവിതം നാമറിയണം. ഇന്നത്തെ രാഷ്‌ട്രീയവും അരാഷ്‌ട്രീയവുമായ നാടകങ്ങളുടെ വളർച്ചയിൽ ഈ കണ്ണി പ്രസക്തമാണെന്ന് നാമറിഞ്ഞേ പറ്റൂ. ഈ പുസ്‌തകം അങ്ങനെ സഫലമാകുന്നു.
ഭാഗവതരുടെ ഡയറികളിൽ കോറിയിട്ട അനുഭവങ്ങളെ ഒരു പത്രപ്രവർത്തകന്റെ മിടുക്കോടെ ശ്രീകുമാർ കണ്ടെത്തിയിരിക്കുകയാണീ പുസ്‌തകത്തിൽ…
സ്വകാര്യതയുടെ സ്‌നേഹപ്രവാഹമായ ഡയറിക്കുറിപ്പുകൾ ശ്രീകുമാർ തുറന്നുവയ്‌ക്കുന്നുണ്ട്. അതിൽ ബാഡ്‌മിൻഡൺ താരമായ സെബാസ്‌റ്റ്യനുണ്ട്. ഒറ്റമൂലികൾ കുറിച്ചിട്ട നാട്ടുമ്പുറത്തുകാരന്റെ അക്ഷരങ്ങളുണ്ട്. ഉദാഹരണം പ്രമേഹത്തിന് ആത്തച്ചക്കയുടെ കിളിന്തില 3 വീതം 30 ദിവസം ചവച്ചുതിന്നാൽ നന്നെന്നും മറ്റുമുളള കുറിമാനങ്ങൾ. പെയിന്ററായ സെബാസ്‌റ്റ്യന്റെ ദീപികയുടെ കവർ പെയിന്റിങ്ങ്, സത്യൻ മാസ്‌റ്ററുമായുളള സൗഹൃദം… ഇങ്ങനെ പലതുമുണ്ട്.
ബാല്യം, നാടകകാലം, വെളളിത്തിര, വ്യക്തിമുദ്ര എന്ന് ഈ ജീവിതചിത്രങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. ഭാഗവതരുടെ സഹപ്രവർത്തകനായിരുന്ന അഗസ്‌റ്റ്യൻ ജോസഫ് എന്ന പ്രതിഭാധനന്റെ മകൻ, ശ്രീ യേശുദാസ്, താൻ ഭാഗവതരുടെ ചെല്ലപ്പിളളയായിരുന്നുവെന്ന് പറഞ്ഞാണ് ഈ പുസ്‌തകം സന്തോഷത്തോടെ മലയാളികൾക്കു മുമ്പിൽ സമർപ്പിച്ചിരിക്കുന്നത്.
ശ്രീകുമാറിന്റെ ഭാഷ നേർരേഖയിലാണ് പോകുന്നത്. മൊത്തമൊരു ഗവേഷണചരിത്രത്തിന്റെ കെട്ടും മട്ടും ഏറെയാണ്. ഒരുപാടു കൊച്ചുതലക്കെട്ടുകൾ. ചിലപ്പോൾ ഭാഗവതരുടെ ഭാഷയിലൂടെയും സ്വന്തം വഴിയിലൂടെയും ശ്രീകുമാർ മാറിമാറിക്കടന്നു പോകുന്നു- ജീവചരിത്രം ഇങ്ങനെയുമാകാം എന്ന മട്ടിൽ.
(കറന്റ് ബുക്‌സ് ബുളളറ്റിൻ)
സെബാസ്‌റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ (ജീവചരിത്രം)
കെ.ശ്രീകുമാർ, ഡി സി ബുക്‌സ്, വില – 160.00
Generated from archived content: book1_feb10.html Author: kaithapram