അന്നും താമസിച്ചാണ് ജോലി കഴിഞ്ഞു വരാനായത്.
മങ്ങിയ വെളിച്ചമേ ഇടനാഴിയിലുണ്ടായിരുന്നുള്ളു. കതകിന്റെ പിടിയില്‍ അന്നും ഒരു നോട്ടീസ് തിരുകി വെച്ചിട്ടുണ്ടായിരുന്നു. ട്യൂഷന്‍ സെന്റെറുകള്‍, സംഗീത നൃത്ത വിദ്യാലയങ്ങള്‍, ഇലട്രിക് പ്ലംബിംഗ് ജോലികള്‍…. കമ്പ്യൂട്ടറും മലയാള ലിപിയും വ്യാപകമായതോടെ മലയാളത്തിലുള്ള നോട്ടീസുകളും അറിയിപ്പുകളും സര്‍വ്വസാധാരണങ്ങളായി.
കതകു തുറന്ന് അകത്തുകയറി ആള്‍പ്പെരുമാറ്റമില്ലാത്ത ഫ്ലാറ്റിലെ മുഷിഞ്ഞുകെട്ട ഗന്ധം എന്നത്തേയും പോലെ മടുപ്പിച്ചു. നോട്ടീസ് ടീപ്പോയിലേക്കിട്ടിട്ട് വസ്ത്രം മാറാന്‍ കിടപ്പുമുറിയിലേക്കു പോയി.
ഫ്ലാറ്റ് പങ്കിടുന്ന രണ്ടുപേരും അവധിയിലാണ്.
വേലക്കാരി ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. വിളമ്പി ചൂടാക്കി കഴിക്കാനുള്ള ഭക്ഷണം വേണ്ടെന്നു വച്ച് കിടക്കാനൊരുങ്ങുമ്പോളാണ് നോട്ടീസിനെ പറ്റി ഓര്‍ത്തത് . സിറ്റിയിലെ മലയാളി റസ്റ്റോറന്റ് ഓണസദ്യ ഒരുക്കി മഹാബലിയേയും ഓണത്തേയും വരവേല്‍ക്കുന്നെന്ന്. സദ്യ വേണ്ടവര്‍ മുന്‍കൂട്ടി അറിയിക്കണം. പാഴ്സലേയുള്ളു. നിലവിളക്കിന്റെയും ഭക്ഷണം വിളമ്പിയ തൂശനിലയുടേയും ചിത്രത്തോടൊപ്പം തൊഴുതു പിടിച്ച് കസവുടുത്ത ഒരു സ്ത്രീയുടേയും കുടവയറും തുള്ളിച്ച് ആടയാഭരണങ്ങളണിഞ്ഞ് ഓലക്കുടയും ചൂടിയ ചിത്രവുമുണ്ട് അറിയിപ്പില്‍.
ഓലക്കുടക്കാരനെ മഹാബലിയാക്കിയിരിക്കുകയാണ്!
രാജാവ് ബലിയായപ്പോള്‍ മഹാബലിയായി.
കലണ്ടറിലേക്കു നോക്കി നാളയാണ് ഓണം.
ഓണമെന്നു കേള്‍ക്കുമ്പോഴൊക്കെ നാലരപ്പതിറ്റാണ്ട് മുമ്പുള്ള ഒരു കര്‍ക്കിടകമാസത്തിലെ ആ ദിവസത്തെപറ്റി ഓര്‍മ്മ വരുന്നതും പതിവാണ്.
വാരിത്തുമ്പിലൂടെ ഒലിച്ചിറങ്ങി, മുറ്റത്തിറമ്പില്‍ വച്ചിരുന്ന പാത്രങ്ങളിലേക്കു വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദവും താളവും കേട്ട് ഉടുത്തിരുന്ന കൈലിയഴിച്ചു പുതച്ച് ഉറക്കത്തിന്റെ മാന്ദ്യവുമായി എഴുന്നേല്‍ക്കാന്‍ മടിച്ച് കിടന്ന ഒരു ദിവസം.
തലമൂടി പുതച്ചിരുന്ന കൈലി വലിച്ചു മാറ്റി പെങ്ങള്‍ വഴക്കു പറഞ്ഞു.
‘’ സൈറനടിക്കാറായി …എഴുന്നേല്‍ക്കടാ’‘
മുനിസിപ്പാലിറ്റി വക സൈറന്റെ ശബ്ദത്തിലൂടെ ആയിരുന്നു അന്നൊക്കെ സമയമറിഞ്ഞിരുന്നത്. ഒന്‍പത് , ഒന്ന്, അഞ്ച്… എന്നീ സമയ ക്രമത്തില്‍ സൈറണ്‍ മുഴങ്ങുമായിരുന്നു.
കൈലി നഷ്ടപ്പെട്ട ഞാന്‍ തുടകള്‍ക്കിടയില്‍ കൈചേര്‍ത്തു വച്ചു ചുരുണ്ടുകൂടി. കുഞ്ഞനിയന്റെ നഗ്നത പെങ്ങള്‍ക്ക് പുതിയ കാഴ്ചയല്ലായിരുന്നു.
പക്ഷെ പെങ്ങള്‍ ഗൗരവത്തിലായിരുന്നു.
കുഞ്ഞേയെന്നുള്ള വിളിക്കു പകരം എടാ എന്നുമാക്കിയിരുന്നു. സഹികെടുമ്പോഴേ എടാ എന്ന് ഗൗരവത്തോടെ പെങ്ങള്‍ വിളിക്കുമായിരുന്നുള്ളു. പിടിച്ചു നിര്‍ത്തി പുറത്ത് ഇടിക്കുമ്പോള്‍ പോലും പെങ്ങള്‍ ശാന്തമായിട്ടായിരുന്നു പ്രതിരോധിച്ചിരുന്നത്.
‘’ വിടു കുഞ്ഞേ , എനിക്കൊത്തിരി പണിയൊണ്ട്’‘
പിന്നെയും മടിച്ചു കിടന്നപ്പോള്‍ പെങ്ങള്‍ പ്രലോഭിപ്പിച്ചു.
‘’ സ്കൂളീന്നു വരുമ്പോ , നല്ലരിച്ചോറു വച്ച് പരിപ്പും പപ്പടോം കൂട്ടി ഇലയില്‍ ചോറു തരാം’‘
തലപൊക്കി അവിശ്വാസത്തോടെ പെങ്ങളെ നോക്കി.
അന്ന് ‘ പിള്ളേരോണ’ മാണെന്ന് പെങ്ങള്‍ പറഞ്ഞു.
നല്ലരിച്ചോറെന്നു പറയുന്ന കുത്തരിച്ചോറ് ആഡംബരമായിരുന്നു. റേഷന്‍ കടയില്‍ നിന്നുള്ള ‘ ചാക്കരി’ യായിരുന്നു പതിവു ചോറ്. ചാക്കരിച്ചോറിന്റെ കെട്ട വാട വിശപ്പിനേക്കാള്‍ അസഹ്യമായിരുന്നു. കഴുകിയാലും കഴുകിയാലും കൈയില്‍ നിന്നും ആ മടുപ്പിക്കുന്ന വാട പോവുകയില്ലായിരുന്നു. കുളിക്കാന്‍ പോലും സോപ്പുപയോഗിക്കാത്തവര്‍ സോപ്പുകൊണ്ട് കൈ കഴുകുമെന്ന് ഊഹിക്കാനേ കഴിയാത്ത കാലവുമായിരുന്നു.
കൈ കഴുകി കഴിഞ്ഞുമുള്ള വാട മാറിക്കിട്ടാന്‍ പാണനില കൈയില്‍ ഞെരടുമായിരുന്നു.
കൊയ്ത്തും മെതിയും കുത്തരിച്ചോറുമൊക്കെ കുറച്ചു വീടുകളില്‍ മാത്രമായിരുന്നു. ആ വീടുകളിലെ കഞ്ഞിവെള്ളത്തിനും ആവശ്യക്കാര്‍ ഏറെയായിരുന്നു.
കോരിച്ചൊരിയുന്ന മഴയുടെ കര്‍ക്കട ദിവസങ്ങള്‍ പട്ടിണിയുടെ നാളുകളായിരുന്നു.
പയറിന്റെ ഇല പുഴുങ്ങിയത് അത്താഴമായി വിളമ്പിയിരുന്ന സന്ധ്യകള്‍.
അന്യരുടെ പറമ്പിലെ ആഞ്ഞിലിച്ചക്കയും മാങ്ങയും പറിച്ചു തിന്നു വിശപ്പടക്കിയിരുന്ന പകലുകള്‍. പരിപ്പും പര്‍പ്പിടകവും കൂട്ടി കുത്തരിച്ചോറിന്റെ ഊണെന്നുള്ള പെങ്ങളുടെ പ്രലോഭനത്തില്‍ വീണ് സ്കൂളില്‍ പോകാന്‍ പെട്ടെന്നൊരുങ്ങി.
ഒരുക്കമൊന്നുമില്ല. മാവില കൊണ്ടുഒരു പല്ലു തേപ്പ്. ചുറ്റുമതിലില്ലാത്ത കിണറില്‍ നിന്ന് പാളത്തൊട്ടികൊണ്ട് വെള്ളം കോരി തലയിലൂടെ ഒഴിച്ച് കുളിക്കും. കോരിയൊഴിക്കുന്ന വെള്ളത്തിലേറെയും ദേഹത്തൂടെ ഒഴുകി കിണറ്റിലേക്കു തന്നെ വീഴും. പഴങ്കഞ്ഞിയുണ്ടെങ്കില്‍ കുടിച്ച് സ്കൂളിലേക്ക് ഒരോട്ടം. മഴയുണ്ടെങ്കില്‍ വാഴയിലയോ ചേമ്പിലയോ കൂട്ടിപ്പിടിച്ചു പിഴിഞ്ഞു ഈറനോടെ തന്നെയായിരുന്നു ക്ലാസ്സില്‍ ഇരുന്നിരുന്നത്. ദേഹത്തോടൊട്ടി തണുപ്പിക്കുന്ന നനഞ്ഞവസ്ത്രവും വിശപ്പും ക്ലാസ്സുകളെ വിരസമാക്കി. പഠിപ്പിച്ചതൊന്നും മനസ്സിലായില്ല.
ആവശ്യത്തിന് ബുക്കുകളോ പുസ്തകങ്ങളോ പേനയോ ഭക്ഷണമോ ഇല്ലാത്ത ഇല്ലായ്മകളിലൂടെയുള്ള വിദ്യാഭ്യാസം…
പല്ലുതേയ്ക്കാന്‍ ഉമിക്കരി പോലുമില്ലാത്ത കെട്ട കാലം.
അന്നും പഠിപ്പിച്ചതൊന്നും ശ്രദ്ധിച്ചില്ല. വയര്‍ നിറയെ നല്ലരിച്ചോറ് ഉണ്ണുന്ന കൊതിപ്പിക്കുന്ന വിചാരമായിരുന്നു. സമയം നീങ്ങുന്നില്ല വെളിച്ചെണ്ണയില്‍ ഉള്ളി പൊരിയുന്ന മണത്തിന്റെ ഓര്‍മ്മ കൊതി കൂട്ടി. കടുകു വറുക്കുന്ന ദിവസം ചീനച്ചട്ടിയിലെ എണ്ണമയത്തിലേക്ക് കുറച്ചു ചോറിട്ട് ഇളക്കി ഉരുളയാക്കി പെങ്ങള്‍ അമ്മയുടെ നിറഞ്ഞ വാത്സല്യവും ചേര്‍ത്ത് തരുമായിരുന്നു. ആ ഉരുളയുടെ രുചിക്കു സമാനമായ ഒരു രുചിയും ഇതെവരെ കിട്ടിയിട്ടില്ലെന്ന് ഗള്‍ഫിന്റെ സുരക്ഷിതത്വത്തിലും ഞാന്‍ ഓര്‍ത്തു. ഇപ്പോള്‍ എനിക്കു വിശക്കാറേയില്ല. ഭക്ഷണം നിയന്ത്രിക്കണമെന്ന് വൈദ്യോപദേശവും.
മഴ നനഞ്ഞു കൊണ്ടായിരുന്നു സ്കൂളില്‍ നിന്നും വീട്ടിലേക്ക് ഓടിയത്. തോട്ടിലൂടെ കുത്തിയൊഴുകുന്ന വെള്ളം തടഞ്ഞു നിര്‍ത്തി ചിറ കെട്ടാനൊന്നും അന്ന് മനസനുവദിച്ചില്ല. പര്‍പ്പടകം പൊള്ളിക്കുന്ന എണ്ണയില്‍ പൊരിയുന്ന ഉള്ളിയുടെ മണത്തിനായി മൂക്കു വിടര്‍ത്തിക്കൊണ്ടായിരുന്നു മുറ്റത്തേക്ക് ഓടിക്കയറിയതും.
താടിക്കു കൈകൊടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളും കണ്ണീരൊഴുകി ഉണങ്ങിയ മുഖവുമായി തിണ്ണയ്ക്കിരിക്കുന്ന പെങ്ങെളെ കണ്ടപ്പോള്‍ എനിക്കു സംശയമായി. മുടി അഴിഞ്ഞുലഞ്ഞും ബ്ലൌസ് കീറിയുമിരുന്നു. ഞാന്‍ കാണാതിരിക്കാനായി ബ്ലൌസിന്റെ കീറല്‍ കൈകൊണ്ടു മറച്ച് കണ്ണുകളും മുഖം അമര്‍ത്തിത്തുടച്ച് കൊണ്ട് പെങ്ങള്‍ എഴുന്നേറ്റു.
അളിയെനെന്ന് ചിലപ്പോഴെങ്കിലും വിളിക്കേണ്ടി വന്നിട്ടുള്ള അയാള്‍ ഉറക്കാത്ത കാലടികളോടെയും ഉപ്പന്‍ കണ്ണുകളോടേയും വിളറിയെടുത്ത കാട്ടുപോത്തിനേപ്പോലെ ഇന്നും വന്നുവെന്ന് നഷ്ടബോധത്തോടേയും നിരാശയോടേയും ഞാന്‍ മനസിലാക്കി.
എന്റെ പൂക്കളെല്ലാം വാടി.
രാവിലെ മുതല്‍ വിവിധ വര്‍ണ്ണങ്ങളിലും ഗന്ധങ്ങളിലും വിരിഞ്ഞുനിന്നിരുന്ന ഓണപ്പൂക്കളമൊക്കെ അയാള്‍ ചവിട്ടി മെതിച്ചിരിക്കുന്നു.
ആളിക്കത്തി നിന്നിരുന്ന എന്റെ വിശപ്പും കെട്ടു.
ഞാന്‍ ചായ്പ്പിലേക്ക് ഒളിഞ്ഞു നോക്കി.
പൊട്ടിക്കിടക്കുന്ന പാത്രങ്ങളും ചവിട്ടിത്തെറിപ്പിച്ചും വാരിയെറിഞ്ഞും നാശമാക്കിയ ചോറും കറികളും നിലത്തു കിടക്കുന്നു.
കരയാന്‍ പോലുമാകാതെ പെങ്ങളുടെ അരുകിലേക്കു ചെന്ന് അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയില്‍ ഞാന്‍ പതുക്കെ തലോടി. ഒരു ഏങ്ങലോടെ എന്നെ ചേര്‍ത്തു പിടിച്ച് ഉമ്മ വച്ചുകൊണ്ട് പെങ്ങള്‍ ചോദിച്ചു.
”കുഞ്ഞിനു വിശക്കുന്നു അല്ലേ? അമ്മാമ്മ ഇപ്പോ എന്തെങ്കിലും ഉണ്ടാക്കിത്താരാം…’’
പെങ്ങള്‍ ഇല്ലാതായി.
സ്വന്തം അടുക്കളയിലെ സമൃദ്ധിയാണ് ഓണം.
ഓണമെന്ന പേരില്‍ അരങ്ങേറുന്നതൊക്കെ സമ്പന്നതയുടെ അശ്ലീല പ്രകടനമാണെന്ന് ഓര്‍ത്തുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു.
Generated from archived content: story1_oct19_12.html Author: kaipattur_thankachan