നാം ജീവിക്കുന്ന ഈ വലിയ ലോകത്തിൽ വിമർശിക്കപ്പെടേണ്ട പലതുമുണ്ട്. ചിലതൊക്കെ കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുമ്പോൾ പ്രതികരണശീലമുളളവർ അവയെ ചോദ്യം ചെയ്യാനോ പരിഹസിക്കാനോ വിമർശിക്കാനോ പ്രേരിതരാകും. വിമർശനം ചിലപ്പോൾ സംഹാരാത്മകമായേക്കാമെങ്കിലും ആത്യന്തികവിശകലനത്തിൽ സൃഷ്‌ടിപരം തന്നെ. മലയാള മനോരമ ദിനപത്രത്തിൽ പനച്ചി എഴുതുന്ന ‘തരംഗങ്ങളിൽ’ എല്ലാ തലങ്ങളിലുമുളള വായനക്കാരെ ആകർഷിച്ചുപോരുന്നു. കാൽ നൂറ്റാണ്ടു പിന്നിട്ടിട്ടും ആകർഷണീയതയും രസനീയതയും പ്രഹരശക്തിയും കുറയാതെ റീഡബിലിറ്റി നിലനിർത്തുന്ന പംക്തിയാണത്. പനച്ചി എന്നത് ജോസ് പനച്ചിപ്പുറത്തിന്റെ തൂലികാനാമം. ഭാഷാപോഷിണിയിലെ ‘സ്‌നേഹപൂർവ്വം പനച്ചി’ എന്ന പംക്തിയും അദ്ദേഹത്തിന്റേതാണ്. പത്രപ്രവർത്തകന്റെ സൂക്ഷ്‌മനിരീക്ഷണപാടവവും സാഹിത്യകാരന്റെ ശൈലീ പ്രസാദവും സോദ്ദേശ്യവിമർശകന്റെ വചനതീക്ഷ്‌ണതയും ആലോചനാമൃതമായ നർമ്മവും പനച്ചിയുടെ കുറിപ്പുകളെ ആസ്വാദ്യമാക്കുന്നു.
വാർത്തകൾ വരികൾക്കിടയിലൂടെ വായിച്ചശേഷമാണ് പനച്ചി പംക്തികൾ എഴുതുന്നത്. ചെത്തിക്കൂർപ്പിച്ച കൊച്ചുകൊച്ചു വാക്യങ്ങൾ. അവ ലക്ഷ്യത്തിൽ തറഞ്ഞു കയറും. ആനുകാലികവിഷയങ്ങളെ പനച്ചി ഇഞ്ചിഞ്ചായി പരിശോധിക്കുന്നു; അപഗ്രഥിക്കുന്നു; തുറന്നുകാട്ടുന്നു; പരിഹസിക്കേണ്ടവയെ പരിഹസിക്കുന്നു. വാക്കുകൾക്കു രൂപഭേദം വരുത്തിയും ചില വാക്കുകൾ കോർത്തിണക്കിയും നർമ്മം ഉത്‌പാദിപ്പിക്കാൻ പനച്ചിക്കു വിരുതുണ്ട്. അദ്ദേഹത്തിന്റെ ചില രസികൻപ്രയോഗങ്ങൾ ഓർമ്മയിൽ തങ്ങിനില്‌ക്കും. വായനക്കാരുടെ മനസ്സിൽ തരംഗങ്ങളുണ്ടാക്കുവാൻ പനച്ചിക്കറിയാം.
സാധാരണജനങ്ങളുടെ പക്ഷത്തു നിന്നുകൊണ്ടാണ് പനച്ചി ‘തരംഗങ്ങളിൽ’ എഴുതുന്നത്; ഭടജനങ്ങളുടെ നടുവിൽ നിന്നുകൊണ്ട് വടിവിയന്ന ചാരുകേരളഭാഷയിൽ പണ്ട് കുഞ്ചൻനമ്പ്യാർ എഴുതിയതുപോലെ. നിഷ്‌കളങ്കമായ ആകാശകുസുമത്തിന്റെ ചോദ്യങ്ങളും പങ്കപ്പാടു വീട്ടിൽ കഷ്‌ടകാലൻനായരുടെ ദൈന്യവും മറക്കാവുന്നവയല്ല. വർത്തമാനകാലയാഥാർത്ഥ്യങ്ങൾ ജ്വലിച്ചുയരുന്ന ഈ പംക്തി വിമർശനവിധേയരാകുന്നവരുടെ കണ്ണു തുറപ്പിച്ചിട്ടുണ്ട്; സത്വരപ്രശ്‌നപരിഹാരത്തിനു വഴിതുറന്നിട്ടുണ്ട്.
1979-2004 കാലയളവിൽ പനച്ചി എഴുതിയ കുറിപ്പുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവയാണ് ‘തരംഗങ്ങളിൽ’ എന്ന പേരിൽ ഡി.സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ പുസ്‌തകത്തിന്റെ ഉളളടക്കം.
‘സ്‌നേഹപൂർവ്വം പനച്ചി’ എന്ന നർമ്മരസപ്രധാനമായ സാഹിത്യ നിരീക്ഷണപംക്തി തുടങ്ങിയത് 1996 മേയിൽ ആയിരുന്നു. 1996-2000 കാലയളവിൽ കുറിപ്പുകൾ അതേ പേരിൽ കറന്റ് ബുക്‌സ് പുസ്‌തകമാക്കിയിട്ടുണ്ട്. “ഇങ്ങനെയൊരു പംക്തിക്ക് എന്റെ മുമ്പിൽ ഒരു മാതൃക ഉണ്ടായിരുന്നില്ല; മാതൃകയുളളതായി എനിക്കറിയില്ല എന്നു പറയുന്നതാവും ശരി. അതുകൊണ്ട് ‘സ്‌നേഹപൂർവ്വം’ ഓരോ മാസവും എഴുതിയെഴുതി രൂപപ്പെട്ടു വരികയാണ് ചെയ്‌തത്.” പനച്ചിപ്പുറം പറയുന്നു.
‘സാഹിത്യവാരഫല’ത്തിൽ പ്രതിഫലിക്കുന്നതിനെക്കാൾ നർമ്മം മനസ്സിൽ സൂക്ഷിക്കുകയും സംസാരത്തിൽ വിന്യസിക്കുകയും ചെയ്യുന്ന വ്യക്തി എന്ന് പനച്ചിപ്പുറം വിശേഷിപ്പിക്കുന്ന എം.കൃഷ്‌ണൻനായർ പനച്ചിയുടെ രചനാതന്ത്രം വിശദീകരിക്കുന്നുണ്ട്. “ദൈനംദിന സംഭവങ്ങൾ എടുത്ത് ആവശ്യകതയില്ലാത്ത വിശദാംശങ്ങൾ അദ്ദേഹം ദുരീകരിക്കുന്നു. എന്നിട്ട് സൂത്രവാക്യത്തിന്റെ മട്ടിൽ രൂപപരിവർത്തനം വരുത്തി വായനക്കാർക്കു നല്‌കുന്നു. മിതം ച സാരം ച വചോഹി വാഗ്മിതാ എന്ന സാരസ്വതരഹസ്യം പനച്ചിപ്പുറത്തിന് അറിയാം. ഫലമോ! വായനക്കാർ ഉളളുകുളിർക്കെ ചിരിക്കുന്നു. പൊട്ടിച്ചിരിയല്ല ഉണ്ടാകുന്നത്. കലയെ സംബന്ധിച്ച മൂല്യമില്ല പൊട്ടിച്ചിരിക്ക് എന്ന് ഒർട്ടേഗ ഇ ഗാസ്‌റ്റ് പറഞ്ഞതാണ് സത്യം. കഴിയുമെങ്കിൽ വായനക്കാരന്റെ കടക്കണ്ണിൽ ഒരു പുഞ്ചിരി പുരണ്ടിരിക്കത്തക്കവിധത്തിലേ ഹാസ്യാവിഷ്‌കരണം ആകാവൂ. ഹാസ്യത്തിന്റെ പേരിൽ പച്ചത്തെറി പ്ലാറ്റുഫോമിൽനിന്നു വിതറുന്ന തിരുവനന്തപുരത്തെ ഹാസ്യസാഹിത്യകാരന്മാർ പനച്ചിപ്പുറത്തിന്റെ ശിഷ്യത്വം സ്വീകരിക്കണമെന്നു വരെ ഞാൻ പറയും.”
“കലയും സാഹിത്യവും ഈയുളളവന് ഇഷ്‌ടമാണ്. കലയും സാഹിത്യവുംകൊണ്ട് വാൾ പയറ്റ് നടത്തുന്ന ബുദ്ധിജീവികളെ അതിലേറെ ഇഷ്‌ടമാണ്.” എന്നു പറയുന്ന പനച്ചി ചിലപ്പോഴൊക്കെ അതികായന്മാരെ എടുത്തു കുടയാറുണ്ട്. ഒരു സാമ്പിൾ ഇതാ….
“എഴുത്തിൽ തലയെടുപ്പുളള ഒറ്റയാൻ കൊടിമരമായി നിന്ന എം.പി. നാരായണപിളളയെക്കുറിച്ച് സുകുമാർ അഴീക്കോട് മലയാള മനോരമയിൽ എഴുതിയപ്പോൾ അതിൽ ഇങ്ങനെയൊരു വാചകമുണ്ടായിരുന്നു.
-നാം അദ്ദേഹത്തെ ഒരു പത്രപ്രവർത്തകനായി തരംതാഴ്‌ത്തുകയായിരുന്നു.
അഴീക്കോട് പൊതുവേദികളിൽ കയറിനിന്ന് അഴീക്കോടാലികൊണ്ട് ആഞ്ഞുവെട്ടുന്നത് കണ്ടു രസിച്ചിട്ടുളളയാളാണ് പനച്ചി. പരശുരാമനുശേഷം മഴു അഥവാ കോടാലി ഇത്ര ഭംഗിയായി നീട്ടിയെറിയാൻ കഴിവുളള മറ്റൊരാളെ പനച്ചി കണ്ടുമുട്ടിയിട്ടുമില്ല.
എന്നാലും,
അഴീക്കോടു സാറേ,
പത്രപ്രവർത്തകർക്കിട്ട് ഈ കോടാലിപ്രയോഗം വേണ്ടിയിരുന്നോ?
സർഗരചന അന്യമായപ്പോൾ സുകുമാർ അഴീക്കോട് വെറുമൊരു നിരൂപകനും കവലപ്രസംഗകനുമായി തരംതാഴുകയായിരുന്നു എന്നു വല്ല പത്രപ്രവർത്തകനും പറഞ്ഞാൽ സാറിനെന്തു തോന്നും?”
-ഇതു വായിച്ച് നർമ്മബോധമുളള അഴീക്കോട് മാഷ് കുലുങ്ങിച്ചിരിച്ചിട്ടുണ്ടാവും!
1975-ലാണ് ജോസ് പനച്ചിപ്പുറം മലയാള മനോരമയുടെ പത്രാധിപ സമിതിയിൽ ചേർന്നത്. പടിപടിയായി ഉയർന്ന് ചീഫ് ന്യൂസ് എഡിറ്ററായി. പത്രപ്രവർത്തനത്തിന്റെ ഒഴിയാത്തിരക്കുകൾക്കിടയിലും അദ്ദേഹം കഥകളും നോവലുകളും പംക്തികളും എഴുതി പ്രശസ്‌തി നേടി.
ആഷാഢം, ധാരാവി, കഥയിൽ ഇല്ലാത്ത ഒരാൾ തുടങ്ങിയ കഥാസമാഹാരങ്ങളും സ്വന്തം, ആർദ്രം, അലിഖിതം തുടങ്ങിയ നോവലുകളും പ്രസിദ്ധീകരിച്ച പനച്ചിപ്പുറത്തിന്റെ രചനാശൈലിക്ക് പുതുമയും തിളക്കവുമുണ്ട്.
അക്കാദമികളെയും അവാർഡുകളെയും ആക്ഷേപഹാസ്യശൈലിയിൽ വിമർശിച്ചിട്ടുളള ജോസ് പനച്ചിപ്പുറത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് – ‘സ്‌നേഹപൂർവ്വം പനച്ചി’ എന്ന കൃതിക്ക്. സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡ്, ജെ.കെ.വി. പുരസ്‌കാരം (ധാരാവി) തുടങ്ങിയവയും ലഭിക്കുകയുണ്ടായി. അദ്ദേഹം ഇപ്പോൾ കേരള സാഹിത്യ അക്കാദമി അംഗമാണ്. പത്രസംവിധാനത്തിനുളള ദേശീയ അവാർഡ് ജേതാവാണ് ജോസ് പനച്ചിപ്പുറം.
തരംഗങ്ങളിൽ
പനച്ചി
ഡിസി ബുക്‌സ്, വില – 80.00
(കടപ്പാട് ഃ കറന്റ് ബുക്‌സ് ബുളളറ്റിൻ)
Generated from archived content: book2_apr27.html Author: kainakari_shaji
Click this button or press Ctrl+G to toggle between Malayalam and English