ഏതാനും മാപ്പിളചിത്രങ്ങൾ

ജൂത-ക്രൈസ്‌തവ-മുസ്ലീം മതക്കാരാണ്‌ മാപ്പിളമാർ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവർ. ഇതിൽ തന്നെ മുസ്ലീംകളെ തനിയെ എടുത്താൽ, മലബാറിലെ മുസ്ലീംകളാണ്‌ പൊതുവെ മാപ്പിളമാർ എന്ന പേരിൽ അറിയപ്പെടുന്നത്‌. പണ്ടും, ഇന്നും. ഒരു മുപ്പത്തിയഞ്ച്‌ നാല്പത്‌ വർഷം മുമ്പുവരെ, കേരളത്തിലെ ഓരോ മതവിഭാഗത്തിൽ പെട്ടവരേയും, അവരിൽതന്നെ വ്യത്യസ്‌ഥ ജാതികളിൽ പെട്ടവരെയും, ഓരോരുത്തരുടെയും വേഷ ഭൂഷാദികളിൽ നിന്ന്‌ തിരിച്ചറിയാൻ കഴിയുമായിരുന്നു. നടപ്പ്‌, ഇരിപ്പ്‌, വസ്‌ത്രധാരണരീതി, ആഭരണങ്ങൾ, ഭക്ഷണരീതി തുടങ്ങിയവയെല്ലാം വ്യത്യസ്‌തമായിരുന്നു.

മാപ്പിളമാരിൽ തന്നെ, വടക്കെ മലബാറിലെ രീതികളിൽ നിന്ന്‌ വ്യത്യസ്‌തമായിരുന്നു തെക്കെ മലബാറിലെ സമ്പ്രദായങ്ങൾ. വടക്കെ മലബാറിലെ മാപ്പിളപ്പെണ്ണുങ്ങൾ ഇറക്കം കൂടിയ, അയഞ്ഞ കുപ്പായങ്ങളായിരുന്നു ധരിച്ചിരുന്നതെങ്കിൽ, തെക്കൻ മലബാറിൽ അത്രതന്നെ ഇറക്കമില്ലാത്ത, ഇറുകിയ വെളളക്കുപ്പായമാണ്‌ പ്രചാരത്തിലുണ്ടായിരുന്നത്‌. എന്നാൽ ‘വെളളക്കാച്ചി’ക്ക്‌ ഒരു ‘ദേശീയസ്വഭാവ’മുണ്ടായിരുന്നു. ‘കറുത്ത ചീനായി’, ‘ചുകന്ന ചീനായി’, ‘സൂപ്പ്‌’ തുടങ്ങിയവയായിരുന്നു തെക്കെ മലബാറിൽ ഉടുതുണിയായി സ്‌ത്രീകൾ ഉപയോഗിച്ചിരുന്നത്‌. മുലക്കച്ചയും അടിവസ്‌ത്രങ്ങളും ഉപയോഗിക്കുന്ന പതിവ്‌ മാപ്പിളസ്‌ത്രീകളിൽ അപൂർവമായിരുന്നു. പുരുഷന്മാരുടെ ഇഷ്‌ടവസ്‌ത്രം ‘കളളിത്തുണി’ (ലുങ്കി) തന്നെ. ചെരിപ്പും മെതിയടിയും ഉപയോഗിക്കുന്ന പതിവ്‌ പണ്ടുമുതലേ ഉണ്ടായിരുന്നു. തലമറയ്‌ക്കൽ മുസ്ലീം സ്‌ത്രീകൾക്ക്‌ നിർബ്ബന്ധമാണ്‌. മുസ്ലീം സ്‌ത്രീകൾക്കിടയിൽ സാരി ധരിക്കുന്ന പതിവ്‌ മലബാറിൽ പരക്കെ പ്രചാരത്തിൽ വന്നിട്ട്‌ രണ്ട്‌ ദശാബ്‌ദത്തിലധികമായിട്ടില്ല.

മേക്കാത്‌ കുത്തി ചിറ്റ്‌ ഇടുന്ന സമ്പ്രദായം ഏതാണ്ടൊരു മതനിയമംപോലെ പാലിക്കപ്പെട്ടിരുന്നു. കഴിവുളളവർ പൊൻചിറ്റും, പാവങ്ങൾ വെളളിച്ചിറ്റും അണിഞ്ഞിരുന്നു. ഇതിനു പുറമെ കീഴ്‌ക്കാതിൽ തോടയും വലിയ ‘കാതില’യും അണിഞ്ഞിരുന്നു. കണ്‌ഠാഭരണങ്ങളായി ചിറ്റത്ത്‌, ചങ്കേലസ്സ്‌, പൊളേളമണി, മുറ്യേലസ്സ്‌, കൊരലാരം തുടങ്ങിയ പണ്ടങ്ങളാണ്‌ പ്രചാരണത്തിലുണ്ടായിരുന്നത്‌. എല്ലാം അരക്കുളള പണ്ടങ്ങൾ. വിവാഹവേളയിൽ ‘പവൻ’ പറയുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഇന്നയിന്ന ആഭരണങ്ങൾ എന്ന്‌ വ്യക്തമായി പറയും. ‘ചിറ്റ്‌, തോട, ചിറ്റത്ത്‌’ ആയിരുന്നു ഏറ്റവും താഴെക്കിടയിൽ. ഇടത്തരക്കാരാണെങ്കിൽ ‘ചങ്കേലസ്സ്‌ പൊളേളമണി’. ഉയർന്ന ഇടത്തരക്കാർക്ക്‌ ‘പൊളേളമണി മുറ്യേലസ്സ്‌’, പണക്കാർക്ക്‌ ‘മാലേം വളേം തുടങ്ങിയ പണ്ടങ്ങൾ’. ഈ രൂപത്തിലായിരുന്നു, പെണ്ണിന്‌ ആഭരണങ്ങൾ പറഞ്ഞിരുന്നത്‌.

ഓത്തുപളളിയിൽ പോയി ഖുർ-ആൻ പഠിക്കുന്നതല്ലാതെ, ഭൗതിക വിദ്യാഭ്യാസം പെണ്ണുങ്ങൾക്ക്‌ ഹറാം (നിഷിദ്ധം) ആയിരുന്നു. പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ ‘സ്‌കൂളിൽ പോക്ക്‌’ നരകത്തിലേക്കുളള യാത്രയായി പോലും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. മുസ്ലിയാക്കൻമാരുടെ ‘വയള്‌’ (മതപ്രസംഗം) എന്ന പാതിരാപ്രസംഗം വഴിയാണ്‌ സ്‌ത്രീകൾക്ക്‌ ‘വിജ്ഞാനം’ ലഭിച്ചിരുന്നത്‌. സ്വർഗ്ഗത്തിലെ സുഖവാസത്തെക്കുറിച്ചും, നരകത്തിലെ യാതനകളെക്കുറിച്ചും ഉളള പൊടിപ്പും തൊങ്ങലുംവെച്ച കഥകളാണ്‌ ഈ പ്രാസംഗികന്മാർ പറഞ്ഞിരുന്നത്‌. യൂറോപ്പിൽ ഇരുൾമൂടിയ ഒരു കാലഘട്ടത്തിൽ, കിഴക്കുദിച്ച ഒരു വെളളിനക്ഷത്രമായിരുന്നു ഇസ്ലാമികസംസ്‌കാരം എന്നതൊന്നും ഇക്കൂട്ടർക്കറിയാമായിരുന്നില്ല. വൈദ്യശാസ്‌ത്രം, ഗണിതശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, സാഹിത്യം, രസതന്ത്രം എന്നീ രംഗങ്ങളിൽ ഇസ്ലാം നല്‌കിയ സംഭാവനകളും ഇവർക്കജ്ഞാതമായിരുന്നു (ഇന്നും സ്‌ഥിതി വ്യത്യസ്‌തമല്ല). ആൺകുട്ടികൾക്ക്‌ മുടി വളർത്താൻ അനുവാദമുണ്ടായിരുന്നില്ല. (ഈ ലേഖകൻ തലമുടി വളർത്താൻ തുടങ്ങിയത്‌ ഫിഫ്‌ത്ത്‌ ഫോറത്തിൽ പഠിക്കുമ്പോഴായിരുന്നു!). സ്‌കൂളിലെ വില്ലൻമാർ ബീജഗണിതത്തിലെ ആദ്യപാഠങ്ങളിൽ പലതും ചോക്കുകൊണ്ട്‌ എഴുതിപ്പഠിച്ചിരുന്നത്‌ ഞങ്ങളുടെ മൊട്ടത്തലകളിലായിരുന്നു! എത്രതന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമുദായത്തെ ഗ്രസിച്ചിരുന്നുവെങ്കിലും സദാചാരബോധത്തിൽ മാപ്പിള സ്‌ത്രീകൾ വളരെ മുന്നിലായിരുന്നു.

ഇസ്ലാമികസംസ്‌ക്കാരത്തിന്റെ ഉദാത്തഭാവമായ സമത്വചിന്തയും സാഹോദര്യ ബോധവും മലബാർ മാപ്പിളമാർ എന്നും മുറുകെ പിടിച്ചിരുന്നു. ഇതിന്റെ ഏറ്റവും സുന്ദരമായ വശം കാണാൻ കഴിഞ്ഞിരുന്നത്‌ ‘തീൻമേശ’യിലായിരുന്നു. നിലത്ത്‌ പായ വിരിച്ച്‌, നടുക്ക്‌ ‘സുപ്പറ’യിട്ട്‌ അതിലാണ്‌ വിഭവങ്ങൾ നിരത്തുക. ‘സാൻ’ എന്നുപേരുളള വലിയ വട്ടപ്പാത്രത്തിൽ നിന്നാണ്‌ എട്ടോ പത്തോ ആളുകൾ വട്ടമിട്ടിരുന്ന്‌ ഭക്ഷണം കഴിക്കുക. വലിയവനെന്നോ ചെറിയവനെന്നോ മുതലാളിയെന്നോ തൊഴിലാളിയെന്നോ ഉളള സ്ഥാനവ്യത്യാസങ്ങൾ ഒരിക്കലും നോക്കാറില്ല. കല്യാണഘോഷങ്ങൾ നടന്നിരുന്നത്‌ രാത്രികാലത്തായിരുന്നു. കോൽക്കളി, ഒപ്പന, ദഫ്‌മുട്ട്‌ തുടങ്ങി കലാപരിപാടികൾ പലതും ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ്‌ ഒരാഴ്‌ചക്കകം വധുവിന്റെ വീട്ടിൽ ‘പുത്യാപ്ല’ക്കും ‘ചെങ്ങായി’ (സ്നേഹിതർ) മാർക്കും ‘തക്കാരം’ (സൽക്കാരം) ഉണ്ടായിരിക്കും. ഇതും രാത്രിയിൽ ആയിരിക്കും. ഈ പരിപാടിയോടനുബന്ധിച്ച്‌ ചില സ്‌ഥലങ്ങളിൽ രസകരമായ ചില തമാശകളുണ്ടായിരുന്നു. ‘പുത്യാപ്ല’യേയും ‘ചെങ്ങായി’മാരെയും ‘ചതി’ക്കുന്ന ഏർപ്പാടായിരുന്നു ഏറ്റവും വലിയ തമാശ. പഴത്തിനുളളിൽ ഈർക്കിൾ തിരുകി വെക്കുക, ചായയിൽ ഉപ്പ്‌ കലക്കുക, ചോറു വിളമ്പുന്ന ‘സാനി’ൽ വലിയ കുണ്ടൻ പിഞ്ഞാണം കമിഴ്‌ത്തിവെക്കുക തുടങ്ങിയ ചെറിയ ചെറിയ തമാശകൾ.

Generated from archived content: essay1_feb10.html Author: kadavanattu_muhammed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English