രഥം മുന്നോട്ടുനീങ്ങുന്നു

വർത്തമാനത്തിന്റെ ആൽവൃക്ഷച്ചുവട്ടിൽ കാലസ്വരൂപം. സൂര്യതേജസ്സുളള ഒരു ചെറുപ്പക്കാരൻ കാലസ്വരൂപത്തിന്റെ മുന്നിലെത്തി.

“ഗുരു ഉറങ്ങുകയാണോ?”

“ത്രിലോകജ്ഞാനികളുറങ്ങാറില്ല. എന്താ നിനക്ക്‌ അറിയേണ്ടത്‌?”

“എനിക്കിവിടെ മടുത്തു. എങ്ങോട്ടെങ്കിലും പോകണം.”

“എങ്ങോട്ട്‌?”

“അറിഞ്ഞുകൂടാ. ബന്ധങ്ങളുടെ ഭാരം ചുമന്നു തളർന്നു. ഇനി വയ്യ.”

“തളർന്നതല്ലേയുളളൂ, വീണില്ലല്ലോ. തളർച്ച തോന്നൽ മാത്രമാണ്‌.”

“പക്ഷെ, എനിക്ക്‌ മടുത്തു. എനിക്ക്‌ പോകണം.”

“എന്നാൽ മുന്നോട്ടുപൊയ്‌ക്കോളൂ.” കാലസ്വരൂപം കൈവിരൽ ചൂണ്ടി.

അയാൾ കിഴക്കിനെ നോക്കി. ഗർഭപാത്രത്തിന്റെ അവസ്ഥാന്തരങ്ങളിൽ നിന്നും ഭൂമിയുടെ നാഭിയിലേക്ക്‌ സൗഭാഗ്യങ്ങളുടെ ഗംഗ ഒഴുകി. പിന്നെ, പടിഞ്ഞാറു നോക്കി, പകലുകളുടെ നഷ്‌ടങ്ങൾക്ക്‌ ചിതയൊരുങ്ങുന്നു. സ്വർണ്ണം തിളങ്ങുന്നു. അയാളുടെ കാതുകളിൽ, തെക്കുനിന്നും യുദ്ധസന്നാഹങ്ങളുടെ ശബ്‌ദം. ശാന്തി, ഇനി യുദ്ധങ്ങളുടെ മൈതാനത്ത്‌ സാഹോദര്യത്തിന്റെ കുഞ്ഞരിപ്രാവുകളെ വളർത്താം. വടക്ക്‌, അനാഥരുടെ നീണ്ടനിര. ഇനി എങ്ങോട്ട്‌? കാലസ്വരൂപം പറഞ്ഞു. “നിന്നെ ഞാനറിയുന്നു. മുന്നോട്ടുനീങ്ങുക. ഞാനറിയാതെ ഒന്നുമിവിടെ സംഭവിക്കുന്നില്ല. ഭൂതവും ഭാവിയും വർത്തമാനവും ഞാനാകുന്നു. ഞാൻ വെളിച്ചമാകുന്നു. ഇരുളും. ദൂരെ, വസന്തങ്ങളുടെ വെളിപാടുകൾ കാതോർക്കുക. അയാൾ കാലസ്വരൂപത്തെ നമസ്‌കരിച്ചു. സൗരമണ്ഡലങ്ങളിലൂടെ അനാദിയുടെ പൊരുൾ തേടി അലഞ്ഞു.

കാലചക്രം തിരിഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അയാൾ കാലസ്വരൂപത്തിന്റെ മുന്നിൽ എത്തി. ധ്യാനത്തിൽ നിന്നും കാലസ്വരൂപം വെളിച്ചത്തിലേക്കു കടന്നു. കണ്ണുതുറന്നു. പ്രസന്നഭാവത്തിൽ ചെറുപ്പക്കാരൻ. ”നീ വന്നോ?“

”യാത്ര ആയാസരഹിതമായിരുന്നോ?“

”അങ്ങനെ പറയാം.“

”ഇനി എങ്ങോട്ടാണ്‌?“

”ഇനി യാത്രയില്ല, ഞാൻ അകംപൊരുൾ അറിഞ്ഞു.“

”നന്ന്‌.“

ഇത്‌ പുനർജ്ജനിയുടെ ഋതുവാണ്‌. ഇവിടെ ഒരു ചിത്രം പൂർത്തിയാകുന്നു. കാലസ്വരൂപം തന്റെ രഥത്തിൽ കയറി. രഥം മുന്നോട്ടു നീങ്ങി.

Generated from archived content: story1_sept14_05.html Author: kadathy_shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English