മുറ്റത്തെ തൈമാവിലെ തണുത്ത കാറ്റ് ഉണര്‍ന്ന് തൊട്ടടുത്ത വയലിനപ്പുറത്ത് നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് തെന്നിപ്പോകുന്ന നേരത്ത് അയാള്‍ കണ്ണൂതുറക്കും. കിടന്നുകൊണ്ടു തന്നെ അമ്മയേയും അച്ഛനേയും ഓര്‍ക്കും. ഒരു നിമിഷം കണ്ണടക്കും. അവരാണല്ലോ മുന്നിലെ പ്രകാശം. സമയം നാലര കഴിഞ്ഞു. ലൈറ്റിടാതെ ഭാര്യയേയും മക്കളേയും ഉണര്‍ത്താതെ അടുക്കളയിലേക്കു നടക്കും അടുപ്പിനടുത്തു തന്നെ പൈപ്പുണ്ട്. എന്നാലും കിണറ്റില്‍ നിന്നും ഒരു ബക്കറ്റു വെള്ളം തുടിച്ചു കോരിയെടുക്കും കടുപ്പത്തിലൊരു ചായ മാറ്റാനാകാത്ത ശീലം. ശബ്ദമുണ്ടാക്കാതെ മുറ്റത്തിറങ്ങി സൈക്കിളെടുക്കുമ്പോള്‍ അകത്തു ഭാര്യ വാതില്‍ അടയ്ക്കുന്ന ശബ്ദം. നേരെ ടൗണിലേക്ക്. അയാള്‍ നന്ദനം മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അലക്കുകാരനാണ്. ബെഡ് ഷീറ്റും തലയിണക്കവറും അലക്കി വൃത്തിയാക്കിക്കൊടുക്കണം . കൂലി വളരെ കുറവാണ് ബെഡ്ഷീറ്റിനു മൂന്ന് രൂപയും ചെറിയ പീസുകള്‍ക്ക് ഒന്നര രൂപയും. ദിവസവും പത്തു നാല്പ്പതെണ്ണം കാണും. ഓപ്പറേഷന്‍ തിയറ്ററിലെ തുണിക്ക് നൂറു രൂപ തരും ഒരു ഓപ്പറേഷനായാലും നാല് ഓപ്പറേഷനായാലും കൂലി ഒന്നു തന്നെ. മുന്നൂറു നാനൂറു രൂപയുടെ സ്ഥിരവരുമാനം. പെറ്റലക്കിന്റെ മെച്ചത്തിലാണ് ജീവിച്ചു പോരുന്നത്. കൂലി വാങ്ങുന്നതില്‍ ഹോസ്പിറ്റല്‍ അധികാരികളുടെ നിയന്ത്രണമില്ല. നൂറോ നൂറ്റമ്പതോ വാങ്ങാം. ചിലര്‍ ചോദിക്കാതെ തന്നെ ഇരുന്നൂറ് തരും. പെറ്റലക്ക് ഭാര്യയാണു ചെയ്യുന്നത ”ഇന്നെന്താ അലക്കുകാരന്‍ വൈകിയത്” നഴ്സിംഗ്സൂപ്രണ്ട് അങ്ങിനെയാണ്. അയാള്‍ക്കൊരു പേരുണ്ടെന്ന് ചിന്തിക്കാറില്ല ആരുടെ മുന്നിലും അലക്കുകാരനെന്നു വിളിക്കും ധോബീന്ന് വിളിച്ചിരുന്നേല്‍.. ” മൂന്നു സിസേറിയനും രണ്ടു നോര്‍മലുമുണ്ട് ” ” തങ്കപ്പന്‍ ചേട്ടനു കാശിന്നു വാരാം ”അറ്റന്‍ഡര്‍ കുമാരന്‍ പറഞ്ഞു . ” ലേബര്‍ റൂമിലെ വെയ്സ്റ്റ് മാറ്റണം പെണ്ണും പിള്ള വരില്ലേ?” ” കുട്ടികളെ സ്കൂളിലാക്കിയിട്ടു വരും” അതിനോടവര്‍ പ്രതികരിച്ചില്ല. അഹങ്കാരത്തിന്റെ ഹുങ്കാരശബ്ദത്തില്‍ നടന്നകന്നു. ” ഇത് പെണ്ണോ ആണോ?” ” രണ്ടായാലും ഒന്നു തന്നെ അവര്‍ അവരുടെ വേല ചെയ്യുന്നു നമ്മള്‍ നമ്മുടേയും” ” എന്തു വേല തൂപ്പുകാരന്റെയും അലക്കുകാരന്റെയും നെഞ്ചത്തു കയറുന്നതാണോ വേല?” അയാള്‍ ബെഡ് ഷീറ്റ് എണ്ണീ തിട്ടപ്പെടുത്തി. ഒതുക്കികെട്ടി ഒറ്റക്കു തന്നെ നിലത്തു നിന്നും ഉയര്‍ത്തി തലയില്‍ വച്ചു. വിഴുപ്പു തുണി പൊകിത്തരാന്‍ ആരും സഹായിക്കില്ല. വിഴുപ്പുതുണിക്കെട്ടില്‍ തൊട്ടാല്‍ മഹാരോഗം വരുമെന്നാണു വിചാരം.
ഹോസ്പിറ്റലിന്റെ തൊട്ടടുത്താണ് പുഴ പ്രകാശം പരന്നുതുടങ്ങുന്നു തുണിക്കെട്ട് നിലത്തിട്ട് നടുനിവര്‍ത്തി ഇനി കാരം മുക്കി പിഴിഞ്ഞ് ഒതുക്കി വയ്ക്കണം പത്തു മിനിറ്റ് കഴിഞ്ഞ് സോപ്പ് തിരുമ്മി ചേര്‍ത്ത് അലക്കി തുടങ്ങണം. അപ്പോഴേക്കും നേരം നന്നായി വെളുക്കും അയാള്‍ ഒരു ബീഡിക്കു തീകൊളുത്തി. തണുത്ത കാറ്റിനൊത്ത് പുഴയ്ക്കു മുകളിലൂടെ ബീഡിപ്പുക ആകാശത്തേക്കു പറന്നുയര്‍ന്നു ബീഡിപ്പുകയുടെ മനം മടുപ്പിക്കുന്ന ഗന്ധം. പുഴ അസഹ്യതയോടെ മുഖം തിരിച്ചു. മുഖത്ത് നീരസക്കറ വട്ടത്തില്‍ തെളിഞ്ഞ് വലുതാകുന്നു. പൊടുന്നനെ അയാള്‍ക്കു മുന്നില്‍ മായാദേവിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു. തൊട്ടടുത്ത കടവുകളിലൊന്നും കണ്ടില്ല. പാവം നേരം വെളുത്തത് അറിഞ്ഞു കാണില്ല.
തൊട്ടടുത്ത് ശിവക്ഷേത്രം ആറുകടവുകളാണുള്ളത് . രണ്ടെണ്ണം പുരുഷന്മാര്‍ക്ക് രണ്ടേണ്ണം സ്ത്രീകള്‍ക്ക് ഒരെണ്ണം ക്ഷേത്രക്കടവ്.. ഒരെണ്ണം അലക്കുകാര്‍ക്കു മാത്രമായി മാറ്റി വച്ചിരിക്കുന്നു വേലത്തി കടവെന്നാണ് അറിയപ്പെടുന്നത്. അവിടെ അലക്കുകാരും വേശ്യകളും കുളീക്കുന്നു അലക്കുന്നു പകല്‍ നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാനും തലേന്നു രാത്രിയിലെ വിശേഷങ്ങള്‍ പങ്കിടാനും മറ്റുമുള്ള വിശ്രമസങ്കേതമായും വേശ്യകള്‍ വേലത്തിക്കടവിനെ ഉപയോഗിക്കുന്നുണ്ട്. ഒന്നു നന്നായി ശ്വാസം വിടാനോ ഇത്തിരിനേരം കുത്തിയിരുന്ന് വിശ്രമിക്കാനോ പകല്‍ നേരത്ത് സമയം കിട്ടാറില്ല വേലയോട് വേല.
നീ എന്തിനാ മോളേ ഇങ്ങനെ ക്ഷടപ്പെടുന്നതെന്നു ചോദിക്കാന്‍ പലപ്പോഴും വായ് തുറന്നിട്ടുണ്ട് ദൈവം തരുന്നതെല്ലാം അനുഭവിക്കണം. ദൈവം ഓരോന്നും തരുന്നു ഇഷ്ടമല്ലേലും വാങ്ങണം. മായാദേവി പറയുന്നതാണ് നേര് അയാള്‍ ആകാശത്തേക്കു നോക്കികൊണ്ടിരുന്നു ‘ കഷ്ടാണേ ദൈവം ഓരോന്ന് വിധിക്കണത്’ അച്ഛനും അമ്മയും ഈ കടവത്ത് പണി ചെയ്തു ജീവിച്ചു. ദാഹിച്ച നേരത്ത് പുഴയിലെ വെള്ളം കുടിച്ചു ജീവിച്ചു ചത്തു. അമ്മ കണ്ണറിയാന്‍ മേലാത്ത കാലത്ത് കാലുതെന്നി പുഴയില്‍ വീണാണു മരിച്ചത്. ഞങ്ങള്‍ നാലു മക്കളില്‍ മൂന്നു പെണ്ണൂങ്ങളും പഠിച്ചു ജയിച്ചു നല്ല നെലേലെത്തി. ഞാന്‍ പഠിച്ചില്ല നമ്മുടെ തലേല്‍ വിഴുപ്പുകെട്ട് വീണൂ ഓരോ യോഗം. ” തങ്കപ്പേട്ടനെന്താ കണ്ണടച്ചു നിന്നു ചിരിക്കുന്നത് കിറുക്കാണോ?” പൊടുന്നനെ അയാള്‍ ചിരി നിറുത്തി. മായാദേവി. ‘ നേറം വെളുത്തല്ലേ ഇന്നെന്താ അലക്കാന്‍ തൊടങ്ങാത്തത്?” ”മോള്‍ വരാത്തതെന്തേ എന്നോര്‍ത്ത് വിചാരിച്ചു നിന്നതാണ്” ” നേര്?” ” സത്യം വെള്ളൂര്‍ക്കുന്നത്തപ്പനാണേ സത്യം ” ” ദൈവത്തെ ചേര്‍ത്തെന്തിനാണ് സത്യം ചെയ്യുന്നത് തങ്കപ്പേട്ടനു ഓര്‍ക്കാനും വിചാരിച്ചു വേവലാതിപ്പെടാനും വളരെ കുറച്ചു പേരാണുള്ളത് അതിലൊരാള്‍ ഞാനല്ലേ?” ” മോളങ്ങനെ കരുതുന്നെങ്കില്‍ സന്തോഷം വല്യ സന്തോഷം”
” കഷ്ടപ്പെടുന്നവര്‍ക്കല്ലേ കഷ്ടപ്പെടുന്നവരെ പറ്റി ഓര്‍ക്കാന്‍ നേരം കിട്ടു” അവള്‍ ഒന്നു നിര്‍ത്തി ചോദിച്ചു ” ചേച്ചി വരുന്നില്ലേ?” ”വരും കുട്ടികളെ സ്കൂളിലാക്കിയിട്ടു വരും” അങ്ങനെ ഒരു പതിവു ചോദ്യവും പതിവ് ഉത്തരവും. ചോദിക്കുന്നവര്‍ക്കുമറിയാം ഉത്തരം പറയുന്നവര്‍ക്കുമറിയാം എന്നാലും എന്നും ചോദിക്കും എന്നും പറയും അതാണല്ലോ ജീവിതം വെറും ആവര്‍ത്തനങ്ങള്‍.
അവള്‍ തുണികള്‍ സോപ്പിടാനും അയാള്‍ ബെഡ് ഷീറ്റ് അലക്കാനും തുടങ്ങി. അലക്കുകടവില്‍ നിന്നു ഹോസ്പിറ്റല്‍ ഗന്ധം ഉയര്‍ന്നു. ഇലട്രിക് ലൈന്‍ കമ്പില്‍കളില്‍ ഇരിക്കുന്ന കാക്കകള്‍… ഒന്നടങ്കം ആകാശത്തേക്കു പറന്നുയര്‍ന്നു അമ്പലമുറ്റത്തെ അരയാല്‍ കൊമ്പുകള്‍ കാക്കകളെ കാത്തിരിക്കുന്നുണ്ട്. ബെഡ് ഷീറ്റ് അലക്കുമ്പോഴും കട്ടി അഴുക്കുള്ള ഭാഗത്ത് സോപ്പ് ചേര്‍ത്ത് തിരുമ്മി വൃത്തിയാക്കി വെള്ളത്തില്‍ വിടര്‍ത്തി അലമ്പി പിഴിഞ്ഞ് ഒതുക്കി വയ്ക്കുമ്പോഴും മനസിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നത് മായാദേവിയുടെ പാവപ്പെട്ട ജീവിതമാണ്. അന്തസും ആഭ്യജാത്യവുമുള്ള കുടുംബത്തിലാണ് ജനിച്ചത്. ഉയര്‍ന്ന ജാതി നേരത്തെ അച്ഛനും അമ്മയും ജീവിച്ചിരുന്നകാലത്ത് തമ്പുരാട്ടീന്നാണ് മായാദേവിയുടെ അമ്മയെ വിളിച്ചിരുന്നത് കാലം പുഴയിലൂടെ ഒത്തിരി കടന്നു പോയി . ”തങ്കപ്പേട്ടനും മറ്റുള്ളവരുടേ വിഴുപ്പലക്കിയാണ് ജീവിക്കുന്നത് ഞാനും അങ്ങണെ തന്നെ തങ്കപ്പേട്ടന്‍ കുലത്തൊഴിലിന്റെ മഹത്വം പറയാനുണ്ട് എനിക്കോ?” മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുന്നു തിമിര്‍ത്ത് ഒഴുകുന്നു. വേനക്കാലത്ത് ഒരു തുള്ളി ദാഹജലത്തിനു വേണ്ടി നിലവിളിക്കുന്നു രണ്ടും കണ്ടു നിറഞ്ഞ ജീവിതത്തിനു മുന്നില്‍ സന്തോഷവും ദുരിതവും ഒരുമിച്ചു നില്‍ക്കും. കരയാനും ചിരിക്കാനും കഴിയാതെ മായയുടെ ജീവിതം ഒരു പുഴയാണ്. ജലപ്രവാഹം തീരെ ഇല്ലാത്ത പുഴ മൂന്നാലുപേര്‍ ചുറ്റും ഒഴുകിക്കൊണ്ടിരിക്കുന്നു പാവം.
അയാള്‍ ഇടക്കു തലയുയര്‍ത്തി നോക്ക.
‘ ഇന്ന് പിടിപ്പതുണ്ടെന്നു തോന്നുന്നല്ലോ” ” ഇന്നലെ വരെ മൂന്നു വീട്ടിലെ തുണികളാണ് ചുമന്നിരുന്നത് ഇന്ന് നാലാമതൊരു വീട്ടിലെ വിഴുപ്പലക്കും തലോലോട്ടു വച്ചു ഭയങ്കര സന്തോഷത്തോടെ ” ” പുത്തന്‍ വിഴുപ്പേതാണ്?” ” അരുണ്‍ വക്കീലിന്റെ ” ” അവനൊക്കെ കാശ് തരുമോ?” ” തരും മുറ്റമടിച്ചു തുണിയലക്കി വിരിച്ചു കൊടുക്കുന്നതിന് നൂറു രൂപ പറഞ്ഞുറപ്പിച്ചിട്ടാണ് തൊടങ്ങണത് മുറ്റോന്ന് പറയാനൊന്നുമില്ല ഒക്കെ ടൈല്‍സിട്ടതാണ്” ” എന്നാലും മുറ്റമടി മുറ്റമടി തന്നെയാണ് വിഴുപ്പലക്ക് വിഴുപ്പലക്കു തന്നെയാണ്” ” ഓരോന്നിനും അതിന്റേതായ നെലയും വിലയുമുണ്ട് അങ്ങനെ കരുതിയാല്‍ നമുക്കു പട്ടിണി കിടക്കാതെ കഴിയാം” അതാണ് നേര് പുഴ പറഞ്ഞു. തണുത്ത കാറ്റും പറഞ്ഞു നീന്തിത്തിമിര്‍ക്കുന്ന ചെറുമീനുകളും പറഞ്ഞു അങ്ങനെ ഓരോന്നും പറഞ്ഞിരുന്ന നേരത്ത് അയാളുടെ ഭാര്യ വന്നു. തലയില്‍ ഒരു കെട്ട് തുണിയും.
” മക്കള്‍ സ്കൂളില്‍ പോയോ?” ” ഉം ഇന്നു നേരത്തെ ജീപ്പു വന്നു ”പതിവു ചോദ്യം പതിവ് ഉത്തരം.
” ഇന്നു ചോര കെട്ടാണല്ലോ ചേച്ചി ” ” അപ്പടി അഴുക്കാണ് പറഞ്ഞിട്ടെന്താ ചോര കഴുകി കളഞ്ഞിട്ടേ ഓപ്പറേഷന്‍ തിയറ്ററിലെ തുണീ പുറത്തു കൊടുക്കാന്‍ പാടുള്ളുന്നു മാനേജ്മെന്റ് തീരുമാനം നഴ്സ്നുമാരും അറ്റന്‍ഡര്‍മാരും അങ്ങനെ ഒന്നും നോക്കില്ല ഒക്കെ വാരി ചേര്‍ത്ത് ബക്കറ്റിലാക്കി തരും ചോര മാത്രമല്ല ഒക്കെ കാണും” അവള്‍ ഒരു ചുവട് വെള്ളത്തിലേക്കിറങ്ങി.
” ഇന്നെന്താ മായയുടെ മുഖം വല്ലാതിരിക്കുന്നത് രാത്രി ഉറങ്ങിയില്ലേ കരഞ്ഞു കലങ്ങിയ മാതിരി എന്തുപറ്റി മോളേ ചേച്ചിയോട് തുറന്നു പറയ് ” അപ്പോഴാണ് അയാളും ശ്രദ്ധിച്ചത് . ” പറയടാ നിനക്കെന്താ പറ്റിയത്?” പൊടുന്നനെ അവള്‍ പൊട്ടിക്കരഞ്ഞു പുഴ ഞെട്ടിത്തെറിച്ചു തണുത്ത കാറ്റ് വട്ടം ചുറ്റി. ‘ സഹിക്കാന്‍ പറ്റണില്ല ചേച്ചി’ കാലവര്‍ഷം കനത്തു തിമിര്‍ത്തു പെയ്യുന്നു മനത്ത മഴ തിമിര്‍ത്തു പെയ്യുകയാണ്.
” വെളുപ്പിനെണീറ്റ് നാലു വീട്ടിലെ മുറ്റം വൃത്തിയാക്കി അകവും തുടച്ചിട്ടാണ് അവിടെത്തെയെല്ലാം തുണിയും വാരിക്കെട്ടി അലക്കി വീടുകളില്‍ ചെന്ന് വിരിച്ചു കൊടുത്തിട്ടാണ് ഞാന്‍ തുണിക്കടയില്‍ ചെല്ലുന്നത് രാവിലെ ഒമ്പതുമണി മുതല്‍ രാത്രി എട്ടുമണി വരെ നിന്ന നില്പ്പ് നില്‍ക്കണം ഒന്നിരിക്കാനോ ബാത്ത് റൂമില്‍ പോകാനോ സമ്മതിക്കില്ല ചത്തപരുവത്തിലാണ് വീട്ടിലെത്തുന്നത് എന്തേലും തിന്ന് കിടന്നാ ഉറക്കം വരണത് അറിയില്ല ഒന്നുറങ്ങി ഉണരേണ്ടതല്ലേ? എന്റെ ദുരിതം അവള്‍ക്കറിയാം എന്നിട്ടും അവള്‍ പറയുകയാണ് തുണിക്കടയിലെ മാനേജര്‍ പറയുകയാണ്..” ” കരയാതെ മോള്‍ കരയാതെ അവരെന്താ പറഞ്ഞത്…” ” ഞാന്‍ ജീവിക്കുന്നില്ലെന്ന് പണി മാത്രം പോരെന്ന് അതോണ്ട് മുതലാളി പറയുന്നതിന് വഴങ്ങണമെന്ന്” അവള്‍ നിന്നു കരയുകയാണ് കനത്ത മഴ പെയ്യുന്നതു പോലെ.
” ഞാന്‍ തുണിക്കടയിലെ പണി വേണ്ടെന്നു വച്ചു” ” നല്ല കാര്യം മോളെ ” ” നല്ലതു തന്നെ ” തങ്കപ്പേട്ടനും പറഞ്ഞു . പുഴയും തണുത്തകാറ്റും കറുത്ത മഴയും പറഞ്ഞു.
നിറഞ്ഞൊഴുകുന്ന പുഴ നനുത്ത സാന്ത്വനം പോലെ അവരിലൂടെ ഒഴുകാന്‍ തുടങ്ങി
Generated from archived content: story1_july17_14.html Author: kadathi_shaji