അകന്നു പോകുന്ന മേഘങ്ങള്‍

ആകാശത്തിന്റെ അനന്തവിസ്തൃതിയിലൂടെ ലക്ഷ്യമില്ലാതെ തെന്നി തെന്നി നീങ്ങുന്ന മേഘശകലങ്ങളെ ശ്രദ്ധിച്ച് അനന്തന്‍ വീട്ടുമുറ്റത്തെ ചെമ്പകചുവട്ടിലെ ചാരു കസേരയില്‍ ആലസ്യത്തിന്റെ വെളുത്ത പുതപ്പ് പുതച്ചു കിടന്നു. ചുറ്റും നിറഞ്ഞൊഴുകുന്ന വസന്തത്തിന്റെ കുളിര്‍മ്മയും സുഗന്ധവും അയാള്‍ തിരിച്ചറിഞ്ഞു. വസന്തം വന്നു ഹൃദയവാതുക്കല്‍ നില്‍ക്കുന്നു.

തന്നില്‍ നിസംഗതയുടെ മണലാരണ്യം നിറയുന്നു. അയാള്‍ കാതോര്‍ത്തു. നേര്‍ത്ത ശബ്ദം വല്ലയിടത്തും നിന്ന് ഉയരുന്നുണ്ടോ? പക്ഷികള്‍ ചിലക്കുകയോ ചിറകടിക്കുകയോ ചെയ്യുന്നില്ല. പകലിന്റെ അഗ്നി പ്രവാഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അവ ഏതോ സാന്ത്വനത്തിന്റെ ശീതപൊയ്ക തേടി പറന്നകന്നിരിക്കുന്നു. നിസംഗതയുടെ മഹാശൂന്യത അനന്തന്റെ ബോധത്തിലേക്കു കടന്നു വന്നു. കണ്ണുകളില്‍ ബോധത്തിന്റെ നേര്‍ത്ത സിരാതന്തുക്കളിലൂടെ നിറഞ്ഞൊഴുകുന്ന നിസംഗതയുടെ മുന്നില്‍ ഒരു നിമിഷം നിന്നു.

ഇനി എന്തു ചെയ്യണം? ദിക്കുകളുടെ നാല്‍ക്കവലയ്ക്കു മുന്നില്‍ ആനന്ദന്‍ കാഴ്ച നഷ്ടപ്പെട്ടു നിന്നു.

നേരത്തെ,

ഇങ്ങനെ ചാരു കസേരയില്‍ തളര്‍ന്നു കിടക്കുന്ന നേരത്ത് ചാരത്തു വന്ന് ഒന്നും പറയാതെ ഏറെ നേരം തന്റെ മുഖത്തു നോക്കി നില്‍ക്കാന്‍………

അമ്മ ഒന്നും ചോദിക്കുമായിരുന്നില്ല.

വാര്‍ദ്ധക്യത്തിന്റെ നിറം മങ്ങിയ കൃഷ്ണമണികളില്‍ വാത്സല്യത്തിന്റെ നറും പുഷ്പങ്ങള്‍ വിടര്‍ത്തി ഏറെ നേരം നോക്കി നില്‍ക്കും . കണ്ണീര്‍ കണങ്ങള്‍ തന്റെ ദേഹത്തേക്ക് ഇറ്റു വീഴുന്ന നേര‍ത്ത് അമ്മയുടെ ചുണ്ടത്ത് നേര്‍ത്ത മന്ദഹാസം വിരിയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അത് സന്തോഷത്തിന്റെതല്ല ദു:ഖം ഒതുക്കാന്‍ കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ബോധം അനുവദിക്കാതെ ചിരിക്കാന്‍ കഴിയുന്നത് ഒരനുഗ്രഹമാണ്. അമ്മയുടെ ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനയുടെ ഫലം ഇതായിരിക്കും.

ഒരു കാര്യം തീര്‍ച്ച.

അമ്മ അസാധാരണമായ മനക്കരുത്ത് നേടിക്കഴിഞ്ഞു. ഇങ്ങനെ ഈ ചാരു കസേരയില്‍ ചാഞ്ഞു കിടക്കുന്ന നേരത്ത് ചായ തണുപ്പിച്ച് അടുത്തു കൊണ്ടു വന്നു വയ്ക്കും. കുടിക്കാന്‍ പറയാതെ കുറെ നേരം തന്റെ മുഖത്തേക്കു നോക്കി നില്‍ക്കും.

അനന്താ നീയെന്താ ഒന്നും മിണ്ടാതെ കിടക്കുന്നതെന്ന് ഒരിക്കല്‍ പോലും അമ്മ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കല്ലേ എന്നു മാത്രം എന്നും പ്രാര്‍ത്ഥിച്ചിരുന്നുള്ളു.

രാത്രി എപ്പോഴോ ഒന്നു മയങ്ങി ഉണരുമ്പോഴും അമ്മ അടുത്തുണ്ടാകും. ഉറങ്ങാതെ താന്‍ ഉറങ്ങുന്നതും ഉണരുന്നതും കാത്ത്.

” അമ്മയ്ക്ക് ഉറക്കം വരുന്നില്ലേ കുറെ നേരം പോയി കിടന്നുറങ്ങമ്മേ” എന്നു പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കഴിഞ്ഞിട്ടില്ല വാക്കുകള് ‍പുറത്തേക്കു വന്നിട്ടില്ല.

അമ്മ തനിക്ക് കാവലാകുന്നു. പിച്ച വച്ചു തുടങ്ങുന്ന ഒരു ഇളം കുഞ്ഞിനെ ശ്രദ്ധിക്കുന്ന സൂക്ഷ്മതയോടെ തന്റെ നിശ്വാസങ്ങളുടെ ശബ്ദപ്പാടകലെ നിതാന്ത ജാഗ്രതയോടെ നില്‍ക്കുന്നു. ആകാശത്തേക്കു പറന്നുയര്‍ന്നു പോകാതിരിക്കാന്‍ ഭൂമിയിലൂടെ നടന്നു പോകാതിരിക്കാന്‍. അമ്മക്ക് താനിന്നും മുലകുടി മാറാത്ത കുഞ്ഞാണോ അമ്മ വാര്‍ദ്ധക്യത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തി നില്‍ക്കുന്നു. താന്‍ മധ്യത്തിലും ഒരര്‍ത്ഥത്തില്‍ താനും വൃദ്ധനാണ്. അന്ധന്‍ മറ്റൊരു അന്ധന് അത്താണിയാകുന്നതു പോലെ അമ്മ തനിക്ക് താങ്ങാകുന്നു താനോ.

തന്റെ നാല്‍പ്പതാം പിറന്നാള്‍ ദിവസം അമ്മ പുലര്‍ക്കാലത്തുണര്‍ന്ന് വെള്ളൂര്‍ക്കുന്നം ശിവക്ഷേത്രത്തില്‍ തൊഴുതു. അനന്തന്റെ സൗഭാഗ്യങ്ങള്‍ക്കു വേണ്ടി ഭഗവാന് കണ്‍നിറയെ വഴിപാട് അര്‍പ്പിച്ചു.

പേര് അനന്തന്‍ നക്ഷത്രം പൂരുരുട്ടാതി ഒരു പുഷ്പാഞലി ഒരു വിളക്ക് കടും പായസം ഗണപതി ഹോമം

ബാല്യത്തിന്റെ പിറന്നാല്‍ ദിവസങ്ങളില്‍ അമ്മയോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി ശ്രീകോവിലിനു മുന്നിലെത്തുമ്പോള്‍‍ പൂജാരിയോടു പറയുന്ന വാക്കുകള്‍. പ്രസാദം തന്റെ നെറുകയില്‍ ചാര്‍ത്തി ശബ്ദം താഴ്ത്തി അമ്മ മന്ത്രിക്കും.

എന്റെ അനന്തന്റെ തെറ്റുകള്‍ പൊറുക്കണെ.

അനന്തന്‍ തെറ്റൊന്നും ചെയ്തിരുന്നില്ല. എന്നാലും പറയും അന്നും അങ്ങനെ പറഞ്ഞു. ഞാനെന്തു തെറ്റാണമ്മേ ചെയ്യുന്നത്.

തെറ്റു ചെയ്യാതിരിക്കാന്‍ കൂടിയാ അമ്മ പ്രാര്‍ത്ഥിക്കുന്നത്. പിറന്നാള്‍ ദിനം ഊണു കഴിഞ്ഞ് ഉമ്മറത്ത് വന്നിരുന്നപ്പോള്‍‍ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.

”സുകൃതക്ഷയം എന്റെ സുകൃതക്ഷയം… അതിനെന്റെ അനന്തുവിനെയാണല്ലോ നീ ശിക്ഷിക്കുന്നത് അനന്താ നീ എത്ര കാലമിങ്ങനെ ഒറ്റയ്ക്കു കഴിയും അമ്മയുടെ കാല കഴിഞ്ഞാല്‍ നിന്റെ കാര്യങ്ങളെ ന്വേഷിക്കാന്‍ പിന്നാരാ ഉള്ളത്?’‘

അതിനൊരു പരിഹാരവും അമ്മയ്ക്കു പറയാനില്ല. അത് അമ്മയ്ക്കറിയാം. എന്നാലും വെറുതെ ഒരു പ്രയോജനവുമില്ലെന്നറിഞ്ഞിട്ടും അമ്മ പറയുന്നു.

‘’ അനന്താ നീയൊരു പെണ്ണു കെട്ടണം. എന്നാലെ അമ്മയ്ക്കു സമാധാനത്തോടെ കണ്ണടയ്ക്കാന്‍ കഴിയൂ”

നടക്കില്ലെന്നറിയാം എത്രയോ ദിക്കുകളില്‍ പെണ്ണുകാണല്‍ നടന്നു. ഇരുപത്തി നാലാമത്തെ വയസിലാണെന്നു തോന്നുന്നു ആദ്യമായി ഒരു പെണ്‍കുട്ടിയെ കാണാന്‍ പോയത്. ഒക്കെ ഇന്നലെ നടന്നതു പോലെ തോന്നുന്നു.

വന്നു കയറിയ ഉടനെ അമ്മ തിരക്കി. അനന്തന്‍ ഇഷ്ടമാണെന്നോ അല്ലന്നോ പറഞ്ഞില്ല പിന്നീട് അമ്മാവന്‍ പറഞ്ഞാണ് അറിഞ്ഞത് ജാതകപ്പൊരുത്തമില്ലെന്ന്.

‘’ ഇല്ലെങ്കില്‍ വേണ്ട നമുക്ക് മറ്റൊന്ന് ആലോചിക്കാം. ആലോചന മുറയ്ക്കു നടന്നു. ഒക്കെ ഒത്തു വരും ഒടുവില്‍ പെണ്ണിന്റെ വീട്ടുകാര്‍ പറയും ജാതകപ്പൊരുത്തമില്ലെന്ന്.

ആദ്യമാദ്യം തമാശയായിട്ടാണ് തോന്നിയത്. കുറെ കഴിഞ്ഞപ്പോള്‍ അമ്മയുടെ മുഖത്ത് നിരാശ പടരുന്നതറിഞ്ഞു. അങ്ങനെ തന്റെ ജാതകം സൂക്ഷ്മപരിശോധക്കു വിധേയമാക്കി.

പിന്നീട് ഒരിക്കലും അമ്മ തന്നോട് കല്യാണക്കാര്യം പറഞ്ഞിട്ടില്ല. അതോടെ അമ്മയുടെ വാത്സല്യവും വര്‍ദ്ധിച്ചു വന്നു. തന്റെ കണ്‍ വെട്ടത്ത് അമ്മ നിറഞ്ഞു നിന്നു. ഒരു കാര്യം താന്‍ മനസ്സില്‍ കാണുന്ന നേരത്ത് അമ്മ മുന്നില്‍ വന്നു കഴിഞ്ഞിരിക്കും.

അമ്മയില്‍ വന്ന മാറ്റം ഏറെ പ്രകടമായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷമാണ് അമ്മാവന്‍ ആ രഹസ്യം തന്നോട് പറഞ്ഞത്. ഏറെ നിര്‍ബന്ധിച്ചതിനു ശേഷം കാര്യങ്ങളെ ശാന്തതയോടെ മനസ്സിലാക്കാന്‍ പാകത വന്നെന്ന് അമ്മാവനു ബോധ്യം വന്നതിനു ശേഷം.

അനന്തന്റെ ജാതകത്തിനു ഭാര്യ വാഴില്ലത്രെ. അത് കേട്ടപ്പോള്‍ യാതൊന്നു തോന്നിയില്ല. ഒരു പക്ഷെ അനുഭവങ്ങള്‍ പകര്‍ന്നു തന്ന പക്വതകൊണ്ടാകാം അമ്മ അത് വളരെ നേരത്തെ അറിഞ്ഞിരുന്നോ. അതിനു ശേഷം നാല്‍പ്പതാം പിറന്നാള്‍ ദിവസമാണ് അമ്മ തന്നോട് കല്യാണക്കാര്യം പറയുന്നത്. ജീവിതത്തിന്റെ മധ്യഘട്ടം കഴിഞ്ഞാല്‍ ജാതക ദോഷത്തിന്റെ തീവ്രത കുറയുമെന്ന് ആരോ അമ്മയോട് പറഞ്ഞിരുന്നെത്രെ.

തനിക്ക് യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല. അമ്മയുടെ ഒരാഗ്രഹമെങ്കിലും നടന്നു കാണണമെന്ന മോഹമേ ഉണ്ടായിരുന്നുള്ളു. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല. വരുന്നതെല്ലാം അനുഭവിച്ചു തീര്‍ക്കണം. വിധിയുടെ ലീലാ വിലാസങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല.

അമ്മ പെണ്ണിനെ കണ്ടെത്തി. ആരാണെന്ന് ചോദിച്ചില്ല നേരത്തെ കണ്ടതുമില്ല. അതിനുള്ള താത്പര്യവും സ്വപ്നങ്ങളുമൊക്കെ നഷ്ടപ്പെട്ടിരുന്നു.

കല്യാണത്തിനു പുറത്തുനിന്നാരേയും വിളിച്ചിരുന്നില്ല. അമ്മയും അമ്മാവനും മാത്രം. താലി ചാര്‍ത്തിക്കഴിഞ്ഞ് ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നത് അമ്മാവന്റെ വാക്കുകളായിരുന്നു. ‘’ അനന്തന്റെ ജാതകത്തിനു പെണ്ണു വാഴില്ല ‘’

ദൈവമേ അത് പെണ്‍കുട്ടി അറിഞ്ഞിട്ടുണ്ടാകുമോ?

”അറിഞ്ഞിരുന്നു. അനന്തേട്ടന്റെ അമ്മ പറഞ്ഞിരുന്നു എന്നെ കാണാന്‍ വന്ന ദിവസം കല്യാണത്തിനു മുമ്പ് എന്നെ കാണണമെന്ന് അനന്തേട്ടനെന്താ തോന്നാതിരുന്നത്?’‘

”നിനക്ക് അങ്ങനെ തോന്നാതിരുന്നതെന്താ?”

”അത്തരം ആഗ്രഹങ്ങള്‍ ഒരു പ്രായം കഴിഞ്ഞാല്‍ തീരും എനിക്കും നാല്‍പ്പതു കഴിഞ്ഞില്ലേ”

അമ്മ ഏറെ സന്തോഷവതിയായിരുന്നു. താന്‍ ദിവസങ്ങള്‍‍ എണ്ണി തീര്‍ക്കുകയായിരുന്നു. ഹൃദയത്തില്‍ അഗ്നി ആളിക്കത്തുകയായിരുന്നു. ജാതകത്തിലെ വിധിയെ കാലം തെറ്റെന്നു തെളിയിക്കുമോ? അമ്മയോടൊപ്പം ക്ഷേത്രദര്‍ശനം പതിവാക്കി. അവസാനത്തെ ആശ്രയം കണ്ടെത്തുകയായിരുന്നു. സര്‍വ്വതും അവിടെ സമര്‍പ്പിച്ചു.

കാലത്തിന്റെ തെരുവോരങ്ങളില്‍ നിസംഗനായി തലകുമ്പിട്ടു നിന്നു. വരാനുള്ളത് ഏതോ വഴിയോരത്ത് മറഞ്ഞിരിക്കുന്നതായി തോന്നി. ദൈവം തന്നെയും ഇന്ദിരയേയും കാത്തുകൊള്ളുമെന്ന് ആരോ വാക്കു തരുന്നതായി തോന്നി. അത് സത്യമാകണമെന്ന് പ്രാര്‍ത്ഥിച്ചു.

പക്ഷെ കാലം ജാതകത്തിലെ വിധി മാറ്റിയെഴുതിയില്ല . പുഴയുടെ ഗതി മാറിയില്ല. നടക്കേണ്ടത് നടന്നു.

ഒരു വര്‍ഷത്തിനു ശേഷമാണെന്നു മാത്രം. പൂര്‍വ്വ ജനമത്തിന്റെ പാപബോധങ്ങളുടെ നിഴല്‍പ്പാടുകള്‍‍ ജനിമൃതികളിലൂടെ ആവര്‍ത്തിക്കുന്നു.

ചോരയുടെ ഗന്ധം മാറാത്ത ഒരിളം കുഞ്ഞിനെ അമ്മയുടെ വിറക്കുന്ന കൈകളില്‍ ഏല്‍പ്പിച്ച് ഇന്ദു കാലത്തിന്റെ ഏതോ ഗുഹാന്തരങ്ങളിലേക്ക് നടന്നു പോയി. ഒരു വാക്കു പോലും പറയാതെ.

നിസംഗതയുടെ തുരുത്ത് തന്നിലേക്കടുത്തു വരുന്നത് അമ്മ അറിഞ്ഞു. ജാതകത്തില്‍ അനന്തന് ഭാര്യ വാഴില്ല. ശൂന്യതയുടെ മഹാതുരുത്ത് മുന്നില്‍ വളര്‍ന്നു പന്തലിക്കുമ്പോഴും അമ്മയുടെ കൈകളില്‍ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ഒരു ജീവിതം പ്രപഞ്ചത്തെ അറിയുകയായിരുന്നു. അവനില്‍ അമ്മ ആശ്വാസത്തിന്റെ തുരുത്ത് കണ്ടെത്തുകയായിരുന്നു.

അമ്മ അവനില്‍ അനന്തന്റെ ബാല്യത്തെ കണ്ടെത്തുകയായിരുന്നു.

അനന്തനിലേക്ക് അവന്‍ മെല്ലെ പിച്ച വച്ച് നടക്കുകയായിരുന്നു.

സമാധാനത്തിന്റെ ഏതോ പനിനീര്‍പ്പൂവിന്റെ നിര്‍മ്മലഗന്ധം തന്റെ കണ്ണുകളില്‍ നിറയുന്ന നേരത്ത് അമ്മ തൊട്ടടുത്തുണ്ടായിരുന്നു.

ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നു പോകുന്ന സാന്ത്വനത്തിന്റെ മേഘ ചിത്രങ്ങളെ പറ്റി ഓര്‍ത്ത് അനന്തന്‍ വെറുതെ കിടന്നു.

അമ്മയ്ക്കു വേദനയുടെ കനലുകള്‍‍ നല്‍കി അച്ഛന്‍ നേരത്തെ പറന്നകന്നു. ജാതകദോഷത്തിന്റെ പഞ്ചാഗ്നി നടുവില്‍ കിടന്ന് എരിഞ്ഞടങ്ങി ഇന്ദുവും കണ്‍മുന്നില്‍ നിന്നകന്നു. ഒടുവില്‍ അതും സംഭവിച്ചു.

തന്റെ മകനും തന്നില്‍ നിന്നും അകന്നു. ജാതകത്തില്‍ തന്റെ ഭാര്യ വാഴില്ലന്നറിഞ്ഞിട്ടും അമ്മയോട് താന്‍ മഹാപരാധം ചെയ്തെന്ന് മകന്‍ വിശ്വസിച്ചു.

അവന്‍ ഇന്നെവിടെയാണ്?

അമേരിക്കയിലോ?

നിങ്ങള്‍ ചത്ത് വടക്കേ പറമ്പില്‍ ഒരു പിടി ചാരമാകാതെ ഞാന്‍ ഇനി നാട്ടില്‍ കാലുകുത്തില്ല. മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് നിങ്ങള്‍ ചെയ്തത്.

ഇത്രയേറെ ദുരിതങ്ങള്‍ അനുഭവിക്കാന്‍ താന്‍ ചെയ്തതെന്താണ്? ഉത്തരത്തിനു ആരുടെ മുന്നില്‍ ശിരസു നമിക്കണം?

ദുരിതങ്ങള്‍ക്കു നിത്യ സാക്ഷിയായി നില്‍ക്കുന്ന അമ്മ. കരയാതെ, ദു:ഖം തിന്നു തീര്‍ക്കാന്‍ കഴിയാതെ ചിരിക്കുന്ന അമ്മ.

അമ്മേ അനന്തന്‍ ചെയ്ത തെറ്റെന്താണ്?

വെറുതെ ഉത്തരമില്ല. കയങ്ങളിലൂടെ മുങ്ങിത്താഴുന്നതെന്തിനാണ്?

അമ്മ ഒരു നാള്‍ മൗനത്തിന്റെ വാത്മീകത്തില്‍ നിന്നും പുറത്തു കടന്ന് അനന്തതയുടെ നീലാകാശത്തിലേക്ക് പറന്നുയരും. അച്ഛന്‍ സമീപത്തേക്ക്.

തൊട്ടടുത്ത് ആളനക്കം.

അനന്തന്‍ കണ്ണുതുറന്നു തൊട്ടടുത്ത് അമ്മ.

‘’ അനന്താ ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നിനക്കാരാണുള്ളത്?”

‘’ അമ്മ മരിക്കില്ല ഞാന്‍ മരിച്ചു കഴിഞ്ഞിട്ടേ അമ്മ മരിക്കു’‘

അമ്മ ഒന്നും പറയുന്നില്ല. തൊട്ടടുത്ത് തന്നെ തലോടി ക്കൊണ്ട് .

‘’ നാളെ നിന്റെ പിറന്നാളാണ് നിനക്കെത്ര വയസായെന്ന് അറിയോ?’‘

‘’ അറിയില്ല ‘’

‘’ എഴുപത്. എന്റെ അനന്തന്‍ വയസനായിരിക്കുന്നു. അമ്മക്ക് തൊണ്ണൂറ് എന്താ മോനേ ഒന്നും മിണ്ടാത്തത്? ഇനി ആരെയാണാവോ ആദ്യം വിളിക്കുന്നത് ഞാന്‍ പോയാല്‍ എന്റെ അനന്തനാരാണുള്ളത്?’‘

അടുത്തു വരുന്ന സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശം.

”അമ്മ കാവല്‍ നില്‍ക്കും ഉറങ്ങിക്കോ”

ഇങ്ങനെ എത്രനാള്‍?

അനന്തന്‍ പിന്നെയും ചാരു കസേരയിലേക്കു ചാഞ്ഞു.

Generated from archived content: story1_agu22_13.html Author: kadathi_shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English