ഇന്നലെ
പ്രഭാതത്തിൽ അമ്മയുടെ ശവദാഹം.
ചെങ്കെല്ലിന്റെ
ചീളുകൾ കൊണ്ടസ്ഥിമാടം.
അമ്മയുടെ കണ്ണുകൾ
സ്‌നേഹത്തിന്റെ തീർത്ഥവിളക്കുകൾ,
വിളക്കിനുതാഴെ
ചിതലെടുക്കാത്ത ലിപികൾ.
അക്ഷരങ്ങൾ
കാരുണ്യത്തിന്റെ വസന്തം.
ഈ സാന്ത്വനസ്പർശനത്തിലാണ് ഞാൻ വളർന്നതും,
അന്ധകാരത്തിനുളളിലെ
വസന്തത്തെ തിരിച്ചറിഞ്ഞതും;
ലക്ഷ്യമില്ലാത്ത യാത്രക്കുമുന്നിൽ
ചോദ്യമായ്, നിഴലായ്, കണ്ണീരായ്
വന്നുനില്‌ക്കാതെ
ആശീർവാദത്തിന്റെ
ഗായത്രി കാതിൽ പകർന്ന്
നെറുകയിൽ കൈവച്ചനുഗ്രഹിച്ചു
തിരിയും
എണ്ണയും തീരാത്ത മൺചിരാത് തന്നു.
യാത്ര
അനായാസമായിരുന്നില്ല,
തിരിച്ചറിവിന്റെ ഹിമാലയങ്ങൾ
ആവർത്തിച്ചു നടന്നുതിരിഞ്ഞ്
ഒടുവിൽ
ധ്യാനത്തിന്റെ മഹാമൗന സാഗരം;
സാഗരത്തിനുളളിൽ
ബോധോദയത്തിന്റെ നിലാവെളിച്ചത്തിൽ
അക്ഷരങ്ങൾ ചേർത്തുവായിച്ചു,
അമ്മ
സ്‌നേഹമാകുന്നു,
സ്‌നേഹം കാരുണ്യമാകുന്നു,
കാരുണ്യം ദൈവമാകുന്നു.
അൻപേ ശിവം,
ശിവം, ശിവമയം.
അകം പൊരുളിന്റെ
ചന്ദനഗന്ധത്തിൽ
ഇന്നലെ
അമ്മയുടെ ശവദാഹം നടന്നു.
Generated from archived content: poem2_jan18_06.html Author: kadathi_shaji