നാണിച്ചു നില്‍ക്കുവതെന്തിന്നു, ലോകത്തെ
നേരിട്ടു കൊള്ളുക ധീരം, സഹോദരീ
പാരിതിലാര്‍ക്കും പണയപ്പെടുത്തുവാ
നായുസ്സു കിട്ടിയോളല്ല നീ, ഹീനയും!
കണ്ണീരു കൊണ്ടല്ല മൗന വല്‍മീകത്തി
നുള്ളിലൊളിച്ചല്ല ജീവിതം പോക്കേണ്ടൂ
എന്തും സഹിക്കുവാനുള്‍ക്കരുത്തുള്ള നീ
യെന്തിന്നു ഗദ്ഗദക്കായലില്‍ മുങ്ങണം?!
സത്യമാ,ണാര്‍ദ്രത വറ്റിയ കന്മഷ
ചിത്തങ്ങള്‍ നിന്‍ചുറ്റുമുണ്ടേറെ, പൂത്തുല
ഞ്ഞാടുന്ന നിന്റെ കനവുകളോരോന്നു
മോടയില്‍ തള്ളിയാഹ്ലാദിക്കും കശ്മലര്‍!
എങ്കിലുമുണ്ട് സഹോദരീ നിന്നെയും,
നിന്റെ പവിത്ര ജന്മത്തെയും മാനിക്കു
മെത്രയോ പുണ്യമനസ്സുകള്‍, നിന്നിലെ
യമ്മയെ, പുത്രിയെ, ഭാര്യയെ വാഴ്ത്തുവോര്‍!
നീ കരഞ്ഞാലൊപ്പം കണ്ണീരു വീഴ്ത്തുവോര്‍
നിന്‍ നൊമ്പരത്താലുറക്കമൊഴിക്കുവോര്‍
ഉണ്ടവര്‍ക്കെന്നും നിന്‍ ജീവിതത്തില്‍ നന്മ
യുണ്ടായിക്കാണുവാനാശയാശംസകള്‍ !
ഭീതി നരകമാ, ണാപതിക്കായ്ക നീ
ധീയായിരിക്കട്ടെ വീഥിയില്‍ പാഥേയ,
മായതു നല്‍കിടുമൂര്‍ജ്ജത്തൊടാര്‍ജ്ജവം,
കാട്ടുക, ലോകത്തെ നേരിട്ടു കൊള്ളുക.
ആകാരമായ്‌ക്കൊട്ടെ മാന്‍പേടയായിടാ
മാക്കരങ്ങള്‍ പക്ഷെ, ശക്തമാണോര്‍ക്കുക!
ദുര്‍ബലയല്ല, ചപല വികാരങ്ങ
ളാര്‍ക്കും ഗുണമല്ല, നീ ധീര! നീ ധീര!
ആരോ പറഞ്ഞു പഠിപ്പിച്ചതാണു, നീ
പോരാത്ത ജന്മമാണെന്നും, ഹതയെന്നും,
നീ കരയേണ്ടവള്‍, താഴേണ്ടവള്‍ ക്ഷമാ
പൂര്‍വ്വമെല്ലാം സഹിക്കേണ്ടവളങ്ങനെ!
പൊള്ളാണതൊക്കെയും, നിന്‍ ശുദ്ധ സ്വത്വത്തെ
തള്ളുവാ, നാകെയടക്കിഭ്ഭരിക്കുവാന്‍
കാമാര്‍ത്ഥ മോഹികള്‍ തീര്‍ത്ത നിയമങ്ങ
ളാമങ്ങള്‍, പൊട്ടിച്ചെറിയുക സര്‍വതും!
നേരിട്ടു കൊള്ളുക ധീരമീ ലോകത്തെ
നേരിനെ മാനിക്കുമെന്റെയാശംസകള്‍!
പൊട്ടിച്ചുമാറ്റുക മൗന വല്‍മീകത്തെ
കിട്ടേണ്ടതൗദാര്യമല്ല, അവകാശങ്ങള്‍!
Generated from archived content: poem5_mar18_15.html Author: kabeer_kunnath
Click this button or press Ctrl+G to toggle between Malayalam and English