സ്‌തനാർബുദം

സ്‌തനാർബുദം വന്നെനിക്കതി സന്തോഷം!

ഇരുസ്‌തനങ്ങളും അറുത്ത്‌ മാറ്റിയത്‌

ബഹുത്ത്‌ സന്തോഷം!

മുടിമുഴുവൻ കൊഴിഞ്ഞു വീണതു കേമം!

ഇടവഴിയിൽ ഇരുട്ടത്തിനി തനിച്ചുപോകാം

ഇരതേടാൻ ഇണയില്ലാതിനി ഇരുളിലിറങ്ങാം

മുലയില്ലാത്തോൾ എന്നെ

ത്തഴുകാൻ ആരുവരും?

മുടിയില്ലാത്തോൾ മുഖ-

മതുപൂഴ്‌ത്താൻ ആരുവരും?

അർബുദരോഗി ഞാൻ, മുലപറിച്ചവൾ

മുടിമുറിച്ചവൾ മറയിനി വേണ്ട മടിയിനിവേണ്ട.

നാടൻ-നഗര-നരകപ്പെണ്ണ്‌

പെണ്ണെന്നുകരുതിയിനി ഉരുകി കരയണ്ട.

മുലപോയി മുടിപോയി

മരണപ്പതിനേഴുകാരി ഞാൻ

ഇനിയെനിക്കൊരു കൂട്ടം ചെയ്യണം

തെങ്ങേൽകയറണം കിണറ്റിലിറങ്ങണം

ഉണ്ടു കഴിഞ്ഞൊന്നുലാത്തണം

ഉഷ്‌ണത്തിൽ മുണ്ടുടുക്കാതെ നടക്കണം

നാലും കൂടും നടവഴിയിൽ

നാലാൾ കൂടും നടവഴിയിൽ

നാട്ടു വർത്താനം പറയണം

നീട്ടിത്തുപ്പണം…

Generated from archived content: sthanarbudam.html Author: kabeer_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here