തലച്ചിറപ്പറമ്പത്ത് കേളുപ്പണിക്കർ എന്ന ‘പെരുമലയൻ’ കേളുവേട്ടൻ ഞങ്ങളുടെ നാടിന്റെ ഓർമകളുടെയും ഋതുക്കളുടെയും ഒരു അടയാള മരമാണ്. മഴയുടെ ഉളളിൽ നിന്ന് ഓരോരോ കാലത്ത് മുരിക്ക് പൂക്കുംപോലെ ചോപ്പു കെട്ടി കേളുവേട്ടൻ പുറത്തിറങ്ങിവരും. ചെമ്പകമരങ്ങൾ പൂത്തു കൊഴിയുന്ന മകരമാസത്തിന്റെ പാതിരാവുകളിൽ ഗുളികനായും കരിങ്കുട്ടിച്ചാത്തനായും ഉറഞ്ഞാടി നാടിളക്കുമ്പോഴും, കർക്കടകത്തിന്റെ ദുരിതങ്ങളെ പാടിയാട്ടാനായി ‘ഉടുക്കുമുട്ടി’ ചെത്തുമ്പോഴും, പൂവിന്റെ കിരീടം വെച്ച് ചോന്ന മുണ്ടുടുത്ത്, കുരുത്തോലയിൽ ചെമ്പരത്തിപ്പൂക്കൾ കെട്ടിയ പനയോലക്കുടയുമെടുത്ത് ‘ഓണപ്പൊട്ടനായി’ മണികിലുക്കിയെത്തുമ്പോഴും കേളുവേട്ടൻ ചെയ്യുന്നത് കേവലം അനുഷ്‌ഠാനയാട്ടങ്ങൾക്കും കുലത്തൊലിനും അപ്പുറം ഒരു നാടിന്റെയാകെ ഓർമ കെട്ടഴിക്കലും കൂടിയാണ്.
മലപോലെ കറുത്തു പൊന്തിനിൽക്കുന്ന ദുരിതക്കർക്കടകത്തിന്റെ താഴ്‌വാരത്തെ, മഴക്കറുപ്പിനുളളിലെ മലയപ്പുരയുടെ മുറ്റത്തെ പകലിരുട്ടിലേക്ക് ചെന്നുനോക്കിയാൽ കേളുവേട്ടനെ കാണാം. കർക്കടകം കഴിഞ്ഞിട്ടും കറുപ്പ് മാറാത്ത പുരയുടെ മുറ്റത്ത് നിറയെ ചെമ്പരത്തിപ്പൂക്കൾപോലെ മുറുക്കിത്തുപ്പിയ കലകൾ. അവിടെ ഓണപ്പൊട്ടൻ കെട്ടുന്നതിന്റെ ഒരുക്കങ്ങളാണ്.
ഇറയത്തെ മരക്കഷണത്തിൽ ‘ബംഗാരം’ കല്ല് പൊടിച്ചരച്ചിട്ട് അതിലുരച്ചിട്ട് പണിപ്പിച്ചാത്തിക്ക് മൂർച്ച കൂട്ടുകയാണ് കേളുവേട്ടൻ.
60 കൊല്ലങ്ങളായി കേളുവേട്ടൻ മുടങ്ങാതെ ഓണപ്പൊട്ടൻ കെട്ടുന്നു. ഓണപ്പൊട്ടൻ മഹാബലിയാണ്. ‘പ്രസ’കളുടെ (പ്രജകളുടെ) സുഖദുഃഖങ്ങൾ അറിയാനായി ഉത്രാടം നാളും തിരുവോണം നാളും ഓണപ്പൊട്ടൻ പുരയായ പുരകളൊക്കെ കയറിയിറങ്ങും. തലപ്പാളി (കിരീടം) വെച്ച ഓണപ്പൊട്ടൻ വർത്താനം പറയില്ല. ആംഗ്യങ്ങളിലൂടെ നാട്ടുകാരോട് ഉരിയാടും.
പൊട്ടൻ കെട്ടുന്നയാൾ അത്തം മുതൽ 10 നാൾ മീനും ഇറച്ചിയും തിന്നില്ല എന്ന വ്രതമെടുക്കും. ഓണപ്പുരകളിൽനിന്ന് അവിലോ അരിയുണ്ടയോ പഴമോ പയറോ കഴിക്കും. ചോറ് തിന്നില്ല. മൂന്നാമത്തെ ഓണമാണ് ഓണപ്പൊട്ടന്റെ ഓണം. തുണിക്കെട്ടിൽ നിറയെ അരിയും വസ്‌ത്രങ്ങളുമായി മടങ്ങിവന്ന് ‘മഹാബലിയുടെ ആടയാഭരണങ്ങളഴിച്ചുവെച്ച് വറ്റിയ വയറിൽ അന്ന് സമൃദ്ധമായുണ്ണുന്നു. മലയക്കുടികൾക്ക് മുകളിൽ അക്കാലങ്ങളിലാണ് സമൃദ്ധമായി പുകയുയരുക.
അറുപത്തൊമ്പത് കർക്കടകങ്ങളുടെ ഇരുളു മുറ്റിയ കേളുവേട്ടന്റെ ഉടൽ ഈ എഴുപതാം വയസ്സിലും കെട്ടിയാട്ടത്തിനൊരുങ്ങുന്നു. കാലത്തിന്റെ നാട്യമാറ്റങ്ങളൊന്നും തെയ്യം കെട്ടലിൽ നിന്നോ ’പൊട്ടൻ‘ കെട്ടലിൽ നിന്നോ കേളുവേട്ടനെ പിന്തിരിപ്പിക്കുന്നില്ല. ’ഇത് കുലത്തൊഴിലാണ്. കാരണോൻമാർ കൈത്തണ്ട മുറുക്കിക്കെട്ടി ഞരമ്പ് തുളച്ച് ചോര ചീറ്റിച്ച് ഉച്ചബലി നടത്തി വാങ്ങുന്ന അധികാരമാണ്.‘
ജൻമി-മാടമ്പിക്കൂട്ടങ്ങളോടുളള രോഷത്തിന്റെ തീ കെട്ടിയ ഉടലായിരുന്നു മലയന്റെ ഉടല്.
കേളുവേട്ടന്റെ അണച്ച പിച്ചാത്തിയുടെ മൂർച്ച മിന്നുമ്പോൾ മലയപ്പുരയുടെ മുറ്റത്ത് മഴക്കിടയിലെ വെയില് വന്ന് മിന്നിമായുന്നു. ഓണത്തിന്റെ മഞ്ഞ ഉടുപ്പിട്ട പൂമ്പാറ്റകൾ മുറ്റത്തെ വെയിലത്ത് വന്ന് വട്ടമിടുന്നു.
മുറ്റത്തെ അയലിൽ ചുവന്ന പട്ടും ’ചെമ്പടത്തിന്റെ‘ നൂലും ആറിയിട്ടിരിക്കുന്നു. ഇപ്പോൾ നാട്ടിലെങ്ങും നടന്നാലും ഒരു ചെക്കിപ്പൂവ് കിട്ടാനില്ലെന്ന് കേളുവേട്ടൻ പറയുന്നു. ചെക്കിപ്പൂവെങ്ങും കിട്ടാതാവുമ്പോൾ ചെമ്പടത്തിന്റെ (ചുവന്ന പടം) നൂലുകൾ പൂവാക്കി കിരീടമായി വെക്കുന്നു. തലപ്പാളികളിലും കൈവളകൾക്കിടയിലും ചുറ്റിക്കെട്ടുകയാണ് ചെയ്യുക. ഓണപ്പൊട്ടന്റെ മുടിയാക്കിക്കെട്ടാനായി വാഴപ്പോള ചതച്ച് നൂലാക്കി, ആനക്കുവ്വയരച്ച് കലക്കിയതിൽ മുക്കിയെടുത്ത് മഞ്ഞ നിറം കൊടുത്ത് ഇറയത്ത് ഉണങ്ങാൻ കെട്ടിയിരിക്കുന്നു.
കവുങ്ങിന്റെ പാള വളച്ചുകെട്ടി ഒറോപ്പക്കൈത ചതച്ചുണ്ടാക്കിയ വെളുത്ത നൂല് കൊണ്ടു ചുറ്റിപ്പൊതിഞ്ഞ തലക്കിരീടവും കോലായയിൽ ഒരുക്കിവെച്ചിട്ടുണ്ട്.
’ഓരോ കൊല്ലവും ഓണപ്പൊട്ടൻ കെട്ടാനുളള ചമയങ്ങൾ വാങ്ങാനായി നല്ല പണച്ചെലവുണ്ട്. ഇതൊക്കെ എവിട്‌ന്നാ.‘ കേളുവേട്ടൻ ചോദിക്കുന്നു. പിന്നെ ചെണ്ട മുട്ടിപ്പെരുക്കി കുനിഞ്ഞു നിവരുന്ന അതേ കോലത്തിൽ ചടുലമായി ഉയർന്നു നിന്ന് ചുവട് വെക്കുന്നപോലെ കാലെടുത്തുവെച്ച് തമാശയോടെ കേളുവേട്ടൻ പറയുന്നു. ’എന്നാലും ഒന്നിനും ഒര് മൊടക്കോം ഇല്ല കേട്ടോ.‘
തോറ്റം പാട്ടിന്റെ ഈണത്തിലും കയറ്റിറക്കത്തിലുമായിരിക്കും കേളുവേട്ടന്റെ തമാശയും കാര്യവും ചിരിയും വർത്തമാനവും ഒക്കെ എപ്പോഴും.
ഇപ്പോളിപ്പോൾ ഓണപ്പൊട്ടനെയൊന്നും ആൾക്കാരത്ര കാര്യമാക്കുന്നില്ല. കഴിഞ്ഞ കൊല്ലം കേളുവേട്ടൻ പല വീടുകളിലും കയറാതെ മുറതെറ്റിച്ച് വിഷമത്തോടെ മടങ്ങിപ്പോന്നു. എല്ലാവരും വീട്ടുകാരണവരെപ്പോലെ നടുത്തളത്തിൽ ഇരിക്കുന്ന ടി.വിയുടെ ചുവട്ടിലായിരിക്കും. മുമ്പൊക്കെ ഓണപ്പൊട്ടന്റെ മണിക്കിലുക്കം ദൂരെനിന്ന് കേൾക്കുമ്പോഴേ പുരക്കാർ കിണ്ടിയിൽ വെളളവും കൊളുത്തിയ നിലവിളക്കും കോലായിൽ കൊണ്ടുവെക്കുമായിരുന്നു. കൈമണിയിൽ ഒരു പിടിയരി ഇട്ടുകൊടുക്കും. അരിയും മലരുമെടുത്ത് ഓണപ്പൊട്ടൻ വിളക്കിനെ ഉഴിഞ്ഞെറിഞ്ഞ് അനുഗ്രഹിക്കും.
മണിക്കുലുക്കി; ആടിയാടി താളത്തിൽ ചുവടുവെച്ച് ഓണപ്പൊട്ടൻ നടന്നു കയറുന്നിടത്തെല്ലാം കുട്ടികളും കൂട്ടമായി ചെല്ലുമായിരുന്നു. എന്നാൽ അകത്ത് സീരിയലാണെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും ആണുങ്ങളഭിനയിച്ച പടങ്ങളാണെങ്കിൽ ഓണപ്പൊട്ടൻ പുറത്തുനിന്ന് മണി കുലുക്കലല്ലാതെ ഒരാളും തിരിഞ്ഞു നോക്കില്ലെന്ന് കേളുവേട്ടൻ പറയുന്നു.
അങ്ങനെ മടുത്താലൊന്നും ’കെട്ടുകൾ‘ തീരില്ലെന്ന് കേളുവേട്ടൻ പറയുന്നു. ’കർക്കടകം കഴിഞ്ഞ് ചിങ്ങം തെളിഞ്ഞാൽ ഓണപ്പൊട്ടൻ ഒരുക്കം തുടങ്ങും. അത് മുടങ്ങിയിട്ടുമില്ല. എന്തു സൂക്കേടാണെങ്കിലും സമയമായാൽ ആ കലാകാരന്റെ ഉടല് പൂകെട്ടിയുണരും.
ഒരു നാടിന്റെ ഓർമകളുടെ ഒരു പുല്ലടയാളവും ശേഷിക്കാത്ത വെളുത്തു നരച്ച പാലത്തിലൂടെ പല്ലിൽ പച്ചക്കുന്നുകളുടെ ചോര പറ്റിപ്പിടിച്ച ഒരു മണ്ണുമാന്തി വണ്ടി മാത്രം പോകുന്നത് കാണുന്നു. പാലത്തിനടിയിലെ പുഴ. കറുത്തു കെട്ടിയുറഞ്ഞു കിടക്കുന്നു. എങ്ങും പുഴുത്തു ചത്ത മീനുകളുടെയും പക്ഷികളുടെയും മണം പൊന്തുന്നു.
ആക്രികളുടെ വയലിലും സഞ്ചികൾ പൊതിഞ്ഞ മണ്ണിന്റെ ശവത്തിലും ഉത്രാട സൂര്യൻ തളർന്നുദിക്കുമ്പോൾ കറുത്തിരുണ്ട വരിക്ക പ്ലാവുകൾക്കു പിറകിൽനിന്നും അറ്റത്ത് വെളളയും കറുപ്പും വരഞ്ഞ ചുവന്ന ചിറ്റുമുണ്ടുടുത്ത് അതിന്റെ മീതെ കടുംചുവപ്പിന്റെ പട്ടുടുത്ത് അരയിൽ ഓട്ടുചന്ദ്രക്കലകൾ മിന്നുന്ന ‘മ്‌ണ്ണാക്ക്’ തൂക്കി മുഖത്തെഴുതി, മഷിയിട്ട് കണ്ണ് കറുപ്പിച്ച് നെഞ്ചിന്റെയുളളിൽ നിന്നൊരു കുല തെച്ചിപ്പൂ പറിച്ചെടുത്ത്, കിരീടം വെച്ച്, ഒരു കൈയിൽ ഓട്ടുമണിയും മറുകൈയിൽ ഓലക്കുടയുമായി കേളുവേട്ടൻ ഓണപ്പൊട്ടനായി പിന്നെയും വരുന്നേരം, എവിടെ നിന്നെന്നില്ലാതെ, മഞ്ഞ വെയിലിലേക്ക് ഒരു ഓണപ്പൊട്ടൻ (ഓണത്തുമ്പി) കിരികിരുത്തു പറന്നു വരുന്നു.
തുമ്പയും തെച്ചിയും കുഞ്ഞികാക്കപ്പൂവും നിലനാരകപ്പൂവും ചെമ്പരത്തിയും കൃഷ്‌ണമുടിയും അങ്ങുനിന്നും ഇങ്ങുനിന്നും പൊന്തിവരുന്നതായി തോന്നുന്നു. ഏവരും ‘ഒന്നുപോലെ’ വാഴുന്ന മലനാട്ടിൽ ‘പയിച്ച്’ കടം പിടിച്ച് ഓണമാകാതെ മരിച്ചു പോയോരും പൂവുകൾക്കൊപ്പം മണ്ണു കുടഞ്ഞ് പൊന്തി വരുന്നതായി തോന്നുന്നു.
മഴവെയിലിന്റെ ഉളളിൽ നിന്നും മണിക്കുലുക്കം കേൾക്കുന്നു.
പിന്നെയും ഓണമായി.
Generated from archived content: essay2_aug31_06.html Author: k_shereef