വിവാഹങ്ങൾ സ്വർഗ്ഗത്തിൽവച്ചു നടത്തപ്പെടുന്നു

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക്‌ കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ കെ. സരസ്വതിയമ്മയുടെ ‘വിവാഹങ്ങൾ സ്വർഗ്ഗത്തിൽവച്ചു നടത്തപ്പെടുന്നു’ എന്ന കഥ വായിക്കുക.

എന്തായാലും മാധവിക്കൊരു ഭർത്താവിനെ പണംകൊടുത്തു നേടേണ്ടെന്ന്‌ അവളുടെ അച്ഛനമ്മമാർ തീർച്ചപ്പെടുത്തിയതായിരുന്നു. അവളുടെ അച്ഛൻ പറഞ്ഞുഃ “ഒറ്റക്കാശും വാങ്ങിച്ചല്ല ഞാനൊരുത്തിയെ കൊണ്ടന്നത്‌. പിള്ളേരും പതിനൊന്നായി. മരുമോൻമാരെ വിലയ്‌ക്കെടുക്കാൻ തുടങ്ങിയാലൊടുക്കം പിച്ചപ്പാളയെടുത്തുപോവുല്ലേ?” അവളുടെ അമ്മ പറഞ്ഞുഃ “കലി പോണ പോക്ക്‌! പതിനഞ്ചുതികയുമ്മുമ്പേ പിടിപിടീന്നാളുവന്ന്‌ എന്നെ റാഞ്ചിയെടുത്തോണ്ടു പോന്നു. ചക്രമാശിച്ചു വരുന്നവനെ ഇവിടെ വേണ്ട. അവൻ ഒടുക്കം പെണ്ണിനെയും വിറ്റെന്നുവരും. അവളിവിടെ ചുമ്മാ ഇരുന്നോട്ടേ, കാലവും കർമ്മവും ഒക്കുമ്പം, കയറിട്ടു വലിച്ചപോലെ ഓടിവരൂല്ലേ?”

എന്നിട്ട്‌ മാധവിയുടെ കാലവും കർമ്മവും ഒക്കായ്‌കയാൽ, കയറിട്ടു വലിച്ചപോലെ ആരും ചെല്ലാതെതന്നെ കൊല്ലങ്ങൾ നീങ്ങാൻ തുടങ്ങി.

അച്ഛനമ്മമാരുടെ അശാന്തിയെ തെല്ലും വകവെയ്‌ക്കാതെ കാലം മാധവിയുടെ അനുജത്തിമാരുടെ ശരീരത്തിലും സർഗ്ഗാത്മകമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. പതിനഞ്ചുകഴിഞ്ഞ ബാലികകൾ നാലെണ്ണമായിത്തീർന്നു ആ വീട്ടിനകത്ത്‌.

പ്രായം ചെന്ന ബാലിക കന്യകയായി വീട്ടിലിരുന്നാൽ ആ വീട്‌ തീപിടിക്കുമെന്നു മുത്തശ്ശിമാർ പറയാറുണ്ട്‌. പക്ഷേ, വീട്ടിലല്ല, രക്ഷാകർത്താക്കളുടെ കരളിലാണ്‌ തീപിടുത്തമുണ്ടാകുന്നതെന്നു മാധവിയുടെ അച്ഛനമ്മമാർ അനുഭവിച്ചറിഞ്ഞു.

ആ നിലയിൽ അവരുടെ ആദ്യനിശ്‌ചയം ഉരുകിയൊലിച്ച്‌ എന്തെങ്കിലും ചെറിയൊരു തുക കൊടുക്കാമെന്ന തീരുമാനമായി രൂപാന്തരപ്പെട്ടു. പക്ഷേ, അവരുടെ ഇരുന്നൂറും, വരുന്നവരുടെ രണ്ടായിരവും തമ്മിലുള്ള ഉരസലിൽ ആലോചനകൾ പിന്നെയും പലതും തേഞ്ഞു മാഞ്ഞു.

ഒടുവിൽ മാധവിക്ക്‌ ഇരുപത്തിമൂന്നു കഴിഞ്ഞശേഷം ഒരിടപാട്‌ അഞ്ഞുറുരൂപയിലൊതുങ്ങി. പുറമേ ഏർപ്പാടുകാരനു പ്രതിഫലമായി അമ്പതുറുപ്പികയും.

ഏർപ്പാടുകാരൻ എല്ലാം പറഞ്ഞുറപ്പിച്ചശേഷമാണ്‌ വരന്റെ ആളുകൾ പെണ്ണുകാണാൻ ചെന്നത്‌. അവരെ പ്രീതിപ്പെടുത്താൻ വേണ്ടി ഒരു മൃഷ്‌ടാന സദ്യ തയ്യാറാക്കിയിരുന്നു. അച്‌ഛന്റെ ആജ്ഞയനുസരിച്ച്‌ അന്നെങ്കിലും തന്റെ ഉപജീവനമാർഗ്ഗം തെളിഞ്ഞുകിട്ടാൻ മനസാ പ്രാർത്ഥിച്ചുകൊണ്ട്‌ മാധവിയാണ്‌ അവർക്കു വിളമ്പിക്കൊടുത്തത്‌. അവളെ അവർക്കു ബോധിക്കുകയും ചെയ്‌തു. അതിനുശേഷം അവളുടെ അച്ഛൻ വരനെയും പോയിക്കണ്ടതോടെ ഇരുകൂട്ടർക്കും എല്ലാം സമ്മതമായി.

ആദ്യപുത്രിയുടെ വിവാഹമായതിനാൽ അവരുടെ പരമാവധി കഴിവിൽ അടിയന്തരം കൊണ്ടാടപ്പെട്ടു. മൂന്നു കൂട്ടം പ്രഥമനും കതിർമണ്ഡപവും ആ നാട്ടിൻപുറത്തൊരു പുതുമയായിരുന്നു. പോരെങ്കിൽ വരന്റെ സ്‌നേഹിതരുടെ വകയായ മംഗളാശംസയും.

വിവാഹങ്ങൾ സ്വർഗ്ഗത്തിൽവച്ചു നടത്തപ്പെടുന്നു എന്ന വാചകത്തോടെ തുടങ്ങിയ മംഗളാശംസയിൽ പ്രേമാമൃതം, പാരിജാതം, കല്‌പവൃക്ഷം എന്നീ പദങ്ങൾ തകർത്തുവിട്ടിരുന്നു. അന്യോന്യം കാണുകപോലും ചെയ്യാതെ വെറും വ്യാപാരബന്ധരൂപത്തിൽ സംയോജിപ്പിക്കപ്പെട്ട ആ വധുവരന്മാർ ‘പ്രണയാവേശത്തോടെ ദാമ്പത്യവാടിയിലേക്കു കുതിക്കുകയാണെന്നൊരാരോപണവും അതിലുണ്ടായിരുന്നു.

അന്നേ ദിവസം രാത്രി ഭർത്തൃഗൃഹത്തിൽവെച്ച്‌, ചുമരിൽ തൂക്കിയ മംഗളാശംസാപത്രത്തിലെ സുവർണ്ണാക്ഷരങ്ങൾ മങ്ങിയ വെളിച്ചത്തു മിനുങ്ങിക്കൊണ്ടിരിക്കെ, മാധവി, കതിർമണ്ഡപത്തിലെ സ്വർഗ്ഗത്തിൽ നിന്നും കിടപ്പറയിലെ ലോകത്തിലേക്കു കടന്നു.

പക്ഷേ, അവളുടെ ജീവിതാനുഭവങ്ങൾ അവിടെ നിന്നില്ല. സ്വർഗ്ഗവും ലോകവും കഴിഞ്ഞാൽ നരകമാണടുത്തതെന്ന്‌ അമ്മായിയമ്മ അവൾക്കനുഭവപ്പെടുത്തിക്കൊടുത്തു.

മകനെയും ഭർത്താവിനെയും സ്വന്തം ഭരണത്തിൻകീഴിലാക്കിയിരുന്ന അവർക്കു മരുമകൾ ഒരു മോശപ്പെട്ട ഇരയായിരുന്നു.

ഒന്നു നോക്കിയാൽ തീരെ അന്യായമായിരുന്നുമില്ല അവരുടെ ശണ്‌ഠ. വിവാഹത്തിന്റെ മൂന്നാംനാൾ, മകളുടെ ദാമ്പത്യക്ഷേമം കാണാൻ ചെന്ന മാധവിയുടെ അച്‌ഛൻ, മറ്റാരുമറിയാതെ മകളോട്‌ ആഭരണത്തിൽ ഭൂരിഭാഗവും തിരിയെച്ചോദിക്കുന്നത്‌ അമ്മായിയമ്മ ഒളിച്ചുനിന്നു കേട്ടു. ആഭരണങ്ങളോടൊന്നിച്ചു മകളെയും കൊണ്ടുപൊയ്‌ക്കൊള്ളണമെന്നാജ്‌ഞ്ഞാപിച്ചുകൊണ്ടാണ്‌ അവർ ഒളിവിൽ നിന്നും പുറത്തുവന്നത്‌. വൃദ്ധൻ വിളർത്തു തളർന്നു മിണ്ടാതിരുന്നു. അണിഞ്ഞൊരുങ്ങിനടക്കാനുള്ള ആശയാൽ മകളും അച്ഛനുവേണ്ടി ഒന്നും പറഞ്ഞില്ല.

കഴിയുന്നത്ര പണവും പ്രയത്നവും വ്യയം ചെയ്‌തു നീക്കിക്കിട്ടിയ ഭാരം വീണ്ടും ഏറ്റെടുക്കാനും, ഇരവൽപണ്ടങ്ങളുടെ ഉടമസ്‌ഥരായ അയൽക്കാരെ അഭിമുഖീകരിക്കാനും വയ്യാതെ വൃദ്ധൻ ആകെ വിഷമിച്ചു.

എന്തായാലും, വീട്ടിൽ മടങ്ങിച്ചെന്നു ഭാര്യയോടു കാര്യമെല്ലാം പറഞ്ഞപ്പോൾ അയാൾക്കല്‌പം ആശ്വാസമായി. സ്‌ത്രീബുദ്ധിയോടെതിരിടാൻ സ്‌ത്രീ ബുദ്ധിക്കു കഴിയും എന്നയാളാശിച്ചു.

നാലഞ്ചു നാൾ കഴിഞ്ഞു മാധവിയുടെ അച്‌ഛൻ അമ്മയോടൊന്നിച്ചു വീണ്ടും മകളെ കാണാൻ ചെന്നു. അമ്മായിയമ്മയുടെ മുമ്പിൽ വച്ചുതന്നെ അമ്മ മകളുടെ പഴയ ആഭരണങ്ങൾ ഊരി, പകരം പുതിയവ ഇട്ടുകൊടുത്തു.

എന്നിട്ട്‌, യാത്രയാകാൻ നേരം, മകളുടെ തലയിൽ കൈവച്ച്‌, പല അമ്പലങ്ങൾക്കും വഴിപാടു നേർന്നുകൊണ്ടവർ പതുക്കെപ്പറഞ്ഞൂഃ “ഈശ്വരൻ പ്രസാദിച്ചു വേഗമൊരു കുഞ്ഞിനെത്തന്നാൽ മതിയായിരുന്നു. മരുമോളെ എത്ര കണ്ടുകൂടെങ്കിലും, മോനൊരു കൊച്ചുണ്ടായാൽ അതിനെ വലിയ ഇഷ്‌ടമായിരിക്കും, പിന്നീടതിന്റെ തള്ളയെ കളയാനൊക്കുകയുമില്ല.”

വധുവരന്മാരുടെ ’വേളിച്ചരടിന്റെ കെട്ടുമുറുക്കാൻ‘ അച്‌ഛനമ്മമാരുടെ ബലിഷ്‌ഠകരങ്ങളെക്കാൾ കുഞ്ഞിന്റെ പിഞ്ചുകൈക്കാണല്ലോ കെല്‌പ്‌!

കുറച്ചുദിവസം കഴിഞ്ഞു മാധവി ഭർത്താവുമായി സ്വന്തം വീട്ടിൽ വിരുന്നുണ്ണാൻ പോയി. അനുജത്തിമാരുടെ നിർബന്ധത്താൽ അന്നവൾക്കവിടെ താമസിക്കേണ്ടിവന്നു. അവളെ കൂട്ടിക്കൊണ്ടുപോരാൻ പിറ്റേന്നു ചെല്ലാമെന്നു പറഞ്ഞ്‌ അവളുടെ ഭർത്താവ്‌ വീട്ടിലേക്കു മടങ്ങി.

പക്ഷേ, ’പിറ്റേന്നു‘കൾ എട്ടുപത്തായിട്ടും അവളെ വിളിക്കാനായാൾ ചെന്നില്ല. ഓരോ അസൗകര്യങ്ങൾ പറഞ്ഞു നാളുകൾ നീട്ടിക്കൊണ്ടിരുന്നു. രണ്ടുമാസം കഴിഞ്ഞപ്പോൾ മാധവിയുടെ അച്ഛനമ്മമാർക്കു പരിഭ്രമമായി. അപ്പോഴാണു തങ്ങളുടെപേരിൽ ഭയങ്കരമായൊരു ചാർജ്ജ്‌ – ആൾമാറാട്ടക്കേസ്‌ – ഉത്ഭവിച്ചിരിക്കുന്നതായി അവരറിഞ്ഞത്‌. മാധവിയെയല്ല, സുന്ദരിയായ മറ്റൊരു ബാലികയെയാണ്‌ ’പെണ്ണുകാണിച്ചതെ‘ന്ന ആ ആരോപണത്തെ അവളുടെ അച്ഛനമ്മമാർ തികച്ചും നിഷേധിച്ചു. പോരെങ്കിൽ, കുറെക്കൂടി പണം ഇനിയും പിടുങ്ങാൻ അമ്മായിയമ്മ എടുത്തിരിക്കുന്ന പണിയാണിതെന്നൊരു പ്രത്യാരോപണവും ഉണ്ടായി.

ക്രമേണ കേസ്‌ വലുതായി; പ്രമാദമായി; സർക്കാർ കോടതിയിൽ കേറാതെ രാജിയാക്കാൻ മാന്യരായ അയൽക്കാർ ഇടപെട്ടു.

ഇരുകൂട്ടരുടെയും ആളുകളുൾപ്പെട്ട ഒരു സ്‌പെഷ്യൽ കോടതിയിൽ കേസ്‌ വിചാരണയ്‌ക്കൊടുക്കണമെന്നായിരുന്നു മദ്ധ്യസ്‌ഥതീരുമാനം. മാധവിയെ മാത്രം വിസ്‌തരിച്ചാൽ മതിയെന്നും അവരഭിപ്രായപ്പെട്ടു. അതിനൊരു പ്രത്യേകദിവസവും നിശ്ചയിച്ചു.

പരിചയമുള്ള സകല ഈശ്വരന്മാരോടും കരുണയിരന്നുകൊണ്ടാണ്‌ അന്ന്‌ മാധവിയുടെ അമ്മ അവളെ വിചാരണസ്‌ഥലത്തേക്കു യാത്രയാക്കിയത്‌. തോറ്റുപോയാലത്തെ സ്‌ഥിതിയെക്കുറിച്ച്‌ അവർക്കെല്ലാം അത്രമാത്രം ഭയമായിരുന്നു. അനാഘ്രാതകുസുമത്തിന്‌ ഒരു സ്‌ഥിരം ഉടമസ്‌ഥനുണ്ടാക്കാൻ തന്നെ ഈ പാടായ സ്‌ഥിതിക്ക്‌, ഹിമബിന്ദുഗർഭംകൂടെയായാൽ പിന്നെ ആരുണ്ടാവും സ്വീകരിക്കാൻ? മാധവിയുടെ അമ്മ പറഞ്ഞുഃ “ഇവിടം ജയിച്ചാപ്പിന്നെ എല്ലാം കൊണ്ടും നമ്മൾ രക്ഷപ്പെട്ടതുതന്നെ. ഞാൻ കൊണ്ടിട്ട മുക്കുപണ്ടങ്ങളുടെ കാര്യത്തിലും പിന്നെ പേടിക്കണ്ട. ആ മറിമായക്കാരി മൂത്തമ്മ നല്ലതെടുത്തിട്ടു മാറ്റിയതാണെന്നു പറഞ്ഞോണ്ടാൽ മതി. നമ്മൾ പറയുന്നതേ എല്ലാവരും വിശ്വസിക്കൂ.”

മാധവിയുടെയും അവളുടെ ഭർത്താവിന്റെയും അച്ഛന്മാരെക്കൂടാതെ പതിനഞ്ചാളുകൾ ആ വീടിന്റെ മുൻവരാന്തയിൽ വട്ടമിട്ടിരുന്നിരുന്നു. ഭർത്താവിന്റെ ആൾക്കാരായി പത്തും ഭാര്യയ്‌ക്കുവേണ്ടി അഞ്ചും.

സദസ്സിന്റെ അഗ്രാസനാധിപതി ആദ്യമായി മാധവിയോടു ചോദിച്ചു. പെണ്ണുകാണാൻ എത്രപേർ ചെന്നിരുന്നു എന്ന്‌ ’മൂന്ന്‌‘ എന്നവളുത്തരം പറഞ്ഞയുടൻ ആ മൂന്നുപേരെയും ചൂണ്ടിക്കാണിക്കാൻ അവൾ ആജ്ഞാപിക്കപ്പെട്ടു.

മാധവി എല്ലാരെയും ഒന്നു നോക്കി. അന്നത്തെ മൂന്നുപേരിൽ ഒന്ന്‌ വരന്റെ അച്ഛനായിരുന്നു. മറ്റു രണ്ടുപേരെയും അന്നത്തേതിൽ പിന്നീട്‌, വിവാഹദിവസംപോലും അവൾ കണ്ടിരുന്നില്ല. എങ്കിലും ആ കൂട്ടത്തിൽനിന്നും ഒറ്റനോട്ടത്തിൽത്തന്നെ അവരെ കണ്ടുപിടിക്കാനവൾക്കു സാധിച്ചു.

അത്രയും കൊണ്ടുതന്നെ അവൾക്കനുകൂലമായ വിധി ഉണ്ടാകാമെന്ന്‌ ഒരാൾ അഭിപ്രായപ്പെട്ടതിനെ മറ്റുള്ളവർ എതിർത്തു. വിസ്‌താരം വീണ്ടും തുടർന്നു.

ആ മൂന്നുപേരെ സംബന്ധിച്ചിടത്തോളം ആ ദിവസം എന്തെങ്കിലും പ്രത്യേകത അവൾ കണ്ടിരുന്നോ എന്നായിരുന്നു അടുത്തചോദ്യം. വധുവിനുവേണ്ടി ഹാജരായ ഒരു മാന്യൻ ആ ചോദ്യം തടഞ്ഞു. പരീക്ഷാമുറിയിലെ വിദ്യാർത്ഥിനിയെക്കാൾ പരിഭ്രമിച്ചു തിരഞ്ഞെടുപ്പുകാരുടെ മുമ്പിൽ നില്‌ക്കുന്ന ആ ജീവതസ്‌പർശിയായ മുഹൂർത്തത്തിൽ നിസ്സാരസംഗതികൾ ആരും കാണുകയില്ല എന്നായിരുന്നു അയാളുടെ വാദം. ആരും പിന്താങ്ങുകയാൽ അതും തള്ളപ്പെട്ടുപോയി. വാസ്‌തവത്തിൽ ആരുടെ പിന്താങ്ങലും ആവശ്യവുമില്ലായിരുന്നു.

എന്നാൽ ആ ചോദ്യത്തിനു മാധവി കൊടുത്ത മറുപടി കേട്ടപ്പോൾ അതി സൂക്ഷ്‌മമായ നിരീക്ഷണശക്തിയാലും നിശിതമായ ഓർമ്മശക്തിയാലും അവൾ അവരെയെല്ലാം അത്ഭുതപ്പെടുത്തി.

കരവെളുത്ത പുളിയിലക്കരനേര്യതിട്ട്‌, മുറുക്കാൻ കവിളിലൊതുക്കി അപ്പോൾ മുമ്പിലിരുന്ന വൃദ്ധൻ, അന്ന്‌ ഒരു കസവുകവിണി കഴുത്തിൽക്കൂടെ ചുറ്റിയിട്ടിരുന്നു എന്നു മാധവി പറഞ്ഞു. അയാൾ അഭിമാനത്തോടെ അതു ശരിയാണെന്നു സമ്മതിച്ചു. ബന്ധത്തിലൊരു സ്‌ത്രീക്കു പ്രസവമെടുത്തതിനു പാരിതോഷികമായി ഭാര്യയ്‌ക്കു കിട്ടിയ ആ കവിണി വളരെ പാടുപെട്ടാണ്‌ അന്നൊരു ദിവസത്തേക്ക്‌ അയാൾക്കു കിട്ടിയത്‌. പക്ഷേ, അങ്ങനെ ചുറ്റിയിട്ടിരുന്നതിന്റെ ഇടയിൽക്കൂടെ കഴുത്തിലെ ഒരു ചെറിയ മുഴ കാണാമായിരുന്നു എന്നവൾ പറഞ്ഞപ്പോൾ വൃദ്ധന്റെ മുഖം ംലാനമായി. ആ ംലാനത ഏറ്റുപറച്ചിലിന്റെ ലക്ഷ്‌ണമായി കാണികൾ കണക്കാക്കി.

അപ്പോഴേക്കും, താൻ അവഗണിക്കപ്പെടുന്നു എന്നു തോന്നിയ മറ്റേ വൃദ്ധൻ ചോദിച്ചുഃ “എന്നെപ്പറ്റി ഒന്നും ഓർക്കുന്നില്ലേ?

’ഉണ്ട്‌, അന്നു മുഖത്തു കണ്ണാടി ഉണ്ടായിരുന്നു‘ എന്നു പറഞ്ഞിട്ട്‌, മാധവി കണ്ണടയെപ്പറ്റി ഒരു വർണ്ണന കൊടുത്തുഃ കാതിൽ വയ്‌ക്കുന്ന കമ്പി ഒരു നൂലുകൊണ്ട്‌ കണ്ണാടിയുടെ ഫ്രെയിം കമ്പിയോടു ചേർത്തു കെട്ടിയിരുന്നു എന്നും, ഒറ്റ നോട്ടത്തിൽ കാണാൻ പറ്റാത്ത വണ്ണം നൂലിന്റെ ഭാഗം മൂടിക്കൊണ്ടു മറഞ്ഞിരുന്നെങ്കിലും അയാളുടെ മുമ്പിൽ ചോറു വിളമ്പാൻ കുനിഞ്ഞപ്പോഴാണ്‌ അവളതു കണ്ടതെന്നും മറ്റുമായിരുന്നു സംഗ്രഹം.

താൻ ആ ചോദ്യം ചോദിച്ചതിൽ കണ്ണാടിയുടെ ഉടമസ്‌ഥൻ പശ്ചാത്തപിച്ചു. മറ്റേയാളുടെ മുഴ കാണാൻ പെൺവീട്ടുകാരുടെ അഞ്ചാളുകൾപോലും ഔത്സുക്യം കാണിക്കാത്തതിനു പകരം, ഇപ്രാവശ്യം പതിനഞ്ചുപേരും കണ്ണാടി പോക്കറ്റിൽ നിന്നെടുപ്പിച്ചു പരിശോധിച്ചുനോക്കി. പോരാഞ്ഞിട്ട്‌ ഉടമസ്‌ഥനെക്കൊണ്ട്‌ അതു ധരിപ്പിച്ചു. മാധവി പറഞ്ഞ ബാക്കി ഭാഗത്തിന്റെയും സത്യാവസ്‌ഥ ബോദ്ധപ്പെട്ടു.

ആ പരിശോധന തീർന്നപ്പോൾ പുളിയലക്കരനേര്യതുകാരൻ ചോദിച്ചുഃ ”ഊണു കഴിച്ചപ്പോഴെന്തെങ്കിലും വിശേഷമുണ്ടായോ?“

അവിടെയും മാധവിക്ക്‌ ഓർമ്മപ്പിശകുണ്ടായില്ല. മൂന്നുപേർക്കുള്ള ഇലകളിലും അവൾ മുട്ടക്കറി വിളമ്പിയതും, ഒടുവിൽ സസ്യഭുക്കായ അയാൾക്കു വേറെ ഇല എടുക്കേണ്ടിവന്നതും അവൾ വിശദാംശങ്ങൾ വിട്ടുപോകാതെ വിസ്‌തരിച്ചു.

അപ്പോൾ കണ്ണാടിക്കാരനെ തൊട്ടുകൊണ്ട്‌ ഒരാൾ ചോദിച്ചുഃ ”ഇങ്ങേരോ?“

മാധവി ആദ്യം ചോദ്യകർത്താവിനെ നോക്കി; ആ ചോദ്യം മനഃപൂർവ്വം ദ്രോഹബുദ്ധിയോടെ ചോദിക്കപ്പെട്ടതാണെന്നവൾക്കു തോന്നി. പിന്നീടവൾ ചോദ്യഹേതുവായ ആളിനെ നോക്കി. അവളുടെ അപ്പോഴത്തെ ഭാവത്തിൽ ഭീഷണിപ്പെടുത്തൽ തീരെയില്ലായിരുന്നു; കൂടിപ്പോയാൽ, ഏതാണ്ടൊരനുകമ്പയാണു സ്‌ഫുരിച്ചിരുന്നത്‌.

പക്ഷേ, നിശിതമായ ഓർമ്മശക്തിയുള്ള ആ പെൺകുട്ടിയെ അയാൾ ഭയന്നു.

അന്ന്‌, കണ്ണുകൊണ്ടപേക്ഷിച്ചു ചോറും കറികളും കണ്ടമാനം വിളമ്പിച്ച ശേഷം അവളുടെ അശ്രദ്ധയാൽ അതെല്ലാം വീണുപോയതാണെന്നും ഭാവിച്ച്‌ അച്ഛനെക്കൊണ്ട്‌ അയാൾ, തന്നെ ശകാരിപ്പിച്ചതും മാധവി സ്‌പഷ്‌ടമായി ഓർത്തു. ഭാവിശ്വശുരന്റെ മുമ്പിൽവച്ചു കണ്ടമാനക്കാരിയാണെന്നു തെളിഞ്ഞാൽ ആ വിവാഹാലോചന തകർന്നു പോവുമെന്നാണ്‌ അച്ഛന്റെ ഭയം എന്നൂഹിച്ചിട്ടും അയാളുടെ പൂജ്യത പുറത്താക്കി തന്റെ നിരപരാധിത്വം സ്‌ഥാപിക്കാനവൾ ശ്രമിച്ചില്ല. അന്യരുടെ മുമ്പിൽ അഭിമാനം ക്ഷതപ്പെടാതെ ആഹാരാർത്തിയെ തൃപ്‌തിപ്പെടുത്താൻ യത്നിച്ച ആ ബുഭുക്ഷുവിനോട്‌ അന്നും ഇന്നും അവൾക്ക്‌ അനുകമ്പയേ ഉള്ളു. വയറുപിഴപ്പിനുവേണ്ടിയാണല്ലോ താനും ഈ വേഷമെല്ലാം കെട്ടുന്നത്‌ എന്നവൾ വിചാരിച്ചിരിക്കാം.

ഏതായാലും അവളുടെ ആ അനുഭാവം അതേ മനോഭാവം തന്നെ ആ വൃദ്ധനിലും ഉളവാക്കി. വരന്റെ അച്ഛന്റെ നേരെ തിരിഞ്ഞ്‌ അയാൾ ഗൗരവത്തിൽ പൊതിഞ്ഞ ദേഷ്യത്തോടെ ചോദിച്ചു. ”ചെലവിനു കൊടുക്കാൻ നിവൃത്തിയില്ലെങ്കിൽ അക്കാര്യം തുറന്നുപറഞ്ഞുകൂടെ, നല്ലൊരു കുട്ടിയെയിട്ടു മാനം കെടുത്താതെ? മിരട്ടും മറിമായവുമില്ലാത്ത പെണ്ണാണെന്ന്‌ അതിന്റെ മുഖത്തു നോക്കിയാലറിയാം. ഇനി, ഉള്ള മാനത്തോടെ ഇപ്പത്തന്നെ കൂടെ വിളിച്ചോണ്ടുപോണം.“

എന്നിട്ടയാൾ മറ്റെല്ലാരുടെയും മുഖത്തു നോക്കി. തന്റെ വിധി ഐകകണ്‌ഠേന സ്വീകരിക്കപ്പെട്ടിരിക്കുന്നു എന്നു കണ്ട്‌ അയാൾ, ജയഗർവ്വോടെ മാധവിയുടെ അച്ഛന്റെ നേരെ തിരിഞ്ഞു പറഞ്ഞുഃ ”ഈ പോക്കണംകെട്ട ഏർപ്പാടിനു ഞാൻ കൂടെ വന്നതുതന്നെ മോശമായിപ്പോയി. ഇത്ര ബുദ്ധിയും ഓർമ്മശക്തിയുമുള്ള കുട്ടിയെ ഞാൻ കണ്ടിട്ടില്ല. നിങ്ങളതുവെറുതെ കളഞ്ഞു ഈ ഇരപ്പാളിത്തത്തിനൊന്നും പോകാതെ ഇവളെ പഠിപ്പിച്ചിരുന്നെങ്കിൽ എത്ര അന്തസ്സായിരുന്നു? ക്ലാസ്സിലെല്ലാം ഒന്നാമതായി ജയിച്ചേനെ.“

ജീവനു രക്ഷകിട്ടിയ ആശ്വാസത്തോടെ അകത്തേക്കു പോകാൻ തിരിഞ്ഞ മാധവിയുടെ കണ്ണുകൾ ചുമരിൽ പതിച്ച മംഗളാശംസയിൽ പതിഞ്ഞു. വിവാഹങ്ങൾ സ്വർഗ്ഗത്തിൽവച്ചു നടത്തപ്പെടുന്നു എന്ന അക്ഷരങ്ങൾ അപ്പോഴും മിനുങ്ങുന്നുണ്ടായിരുന്നു.

Generated from archived content: story1_jan31_11.html Author: k_saswathiyamma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here