സ്‌ത്രീപീഡനങ്ങളുടെ ക്രൂരകഥകൾ വായിച്ച് മനംമടുത്ത അയാൾ പത്രം മടക്കിവെച്ച് ചാരുകസേരയിൽ ചാഞ്ഞു കിടന്നു. ലക്ഷ്യമില്ലാതെ ശൂന്യതയിലേക്കു നോക്കിക്കൊണ്ടിരുന്നു. സ്വർണ്ണവെയിലിൽ പെയ്യുന്ന ചാറ്റമഴ എന്തൊരു ഋതുവിശേഷം! ഞായറാഴ്‌ചയുടെ ആലസ്യത്തിൽ പൊങ്ങിയൊഴുകുന്ന ചിന്തകളിൽ നിന്ന് തെന്നിവീണ് അയാൾ മയക്കത്തിലായി.
സ്വപ്‌ന – ജാഗർ അതിർവരമ്പുകളിലെവിടെയോ വ്യാപരിച്ച ബോധതലത്തെ ആ വാക്കുകൾ ഞെട്ടിച്ചുണർത്തി. “ഡാഡീ, സോദോമിലെ ലോത്തിന്റെ കഥയൊന്നു പറഞ്ഞു തരാമോ?….” സൺഡേ സ്‌കൂൾ ക്ലാസ്സ് കഴിഞ്ഞു വന്ന കുഞ്ഞുമകൾ തന്നെ തുറിച്ചു നോക്കിനിൽക്കുന്നു.
മനസ്സിൽ കൂടി ഒരു മിന്നൽപ്പിണർ പാഞ്ഞു.
അവളുടെ ചോദ്യം ഇടിവെട്ടോടെ മാറ്റൊലികൊണ്ടിരുന്നു. ആർത്തിരമ്പുന്ന വികാരങ്ങളുടെ വേലിയേറ്റം ശരീരമാകെ ചൂടനുഭവപ്പെടുന്നു. സ്വേദകണങ്ങൾ നെറ്റിയിൽ നിറയുന്നു.
മനസ്സംയമനം പാലിക്കാൻ ഒരു വിഫലശ്രമം നടത്തി. ഒരു ദീർഘനിശ്വാസമെടുത്തു, പരുഷതകലർത്തി നിസ്സംഗഭാവത്തിൽ അയാൾ പറഞ്ഞുഃ “ബൈബിളിലെ പഴയ നിയമത്തിലുള്ള ഒരു കഥയാ… നീയിപ്പോൾ അതൊന്നുമറിയണ്ട….. വലുതാകുമ്പോൾ വായിച്ചു മനസ്സിലാക്കാം…. നീ പോയി വിശ്രമിക്ക്…..” അയാളുടെ മുഖഭാവം കണ്ട്, ശബ്‌ദം കേട്ട് മകൾ അമ്പരന്നു. അറച്ചറച്ച്, വിഷണ്ണയായി അവൾ നടന്നുപോയി.
ആദ്യമായാണ് മകളോട് ഇങ്ങനെ സംസാരിച്ചു പോയത്. കഥകൾ കേൾക്കാൻ അവൾക്കു വലിയ ഇഷ്‌ടമാണ്. പറയാൻ തനിക്കും. അവളുടെ ചോദ്യങ്ങൾക്കുവേണ്ടി ചെവികൂർപ്പിച്ചിരുന്നിട്ടേയുള്ളു. വിശദീകരണങ്ങൾ നൽകാൻ വ്യഗ്രത കാട്ടിയിട്ടേയുള്ളു.
മമ്മിയുടെ അഭാവമറിയിക്കാതിരിക്കാൻ താൻ അതീവ ശ്രദ്ധാലുവായിരുന്നു.
കുറ്റബോധത്തിൽ നിന്നുതിർന്ന അങ്കലാപ്പ് വീണ്ടും മനസ്സിനെ മഥിക്കുന്നു.
‘വെക്കേഷനു പോകുമ്പോൾ നിന്റെ മമ്മിയോട് ചോദിക്ക്!’ എന്നു മറുപടി പറയാനായിരുന്നു ആദ്യം മനസ്സിൽ തോന്നിയിരുന്നത്. എങ്കിലും ആ കുഞ്ഞുമനസ്സിനെ ചിന്താക്കുഴപ്പത്തിലാക്കി നോവിക്കുവാൻ തോന്നിയില്ല. നോവിക്കരുതെന്ന് നിർബന്ധമുണ്ട്. ഒരു വലിയ ചോദ്യചിഹ്നമായി. ഭാരമായി ലോത്തിന്റെ കഥ അവളുടെ മനസ്സിൽ തങ്ങിനിൽക്കരുത്. നിസ്സംഗമായൊരു മറുപടി പറയുന്നതിൽ താൻ വിജയിച്ചോ? ആൻഡ്രൂസ് ആത്മപരിശോധനയിലാണ്ടു.
വെക്കേഷൻ കാലത്ത് മകൾ മമ്മിയോടൊപ്പം താമസിക്കാൻ പോകുന്നതും അവൾ ജൂലിയോട് ഈ ചോദ്യം ആവർത്തിക്കുന്നതും മനസ്സിൽ കണ്ടു. ജൂലി നിന്നു പരുങ്ങുന്നു! വിയർക്കുന്നു !! വളരുന്ന മകളുടെ ഓരോ ചോദ്യവും അവളുടെ മേൽ ഗന്ധകവും തീമഴയും വർഷിക്കട്ടെ…..!
വർഷങ്ങളായി പടുത്തുയർത്തിയ ജീവിതബന്ധങ്ങളല്ലേ, സ്വപ്‌നങ്ങളല്ലേ അവൾ എത്ര നിസ്സാരമായി അറത്തുമുറിച്ചത്! തന്നെ മാത്രമല്ല ഈ ഓമന കുഞ്ഞിനേയും ഉപേക്ഷിക്കുവാൻ അവൾക്കു തോന്നിയല്ലോ?! അവളുടെ അധരങ്ങളിൽ സ്‌തുതിയും ഹൃദയത്തിൽ കാപട്യവുമായിരുന്നു. അധമ ചോദനകൾ മനുഷ്യനെ അവിവേകിയാക്കുമെന്ന ചൊല്ല് എത്ര ശരിയാണ്!
ജൂലി! അവൾ തനിക്കു ദൈവം യോജിപ്പിച്ചുതന്ന ഭാര്യ മാത്രമായിരുന്നില്ല. തിരുനെൽവേലിക്കടുത്തൊരു കുഗ്രാമത്തിൽ നിന്ന് വിവാഹം കഴിച്ച് മുംബയിൽ കൊണ്ടുവരുമ്പോൾ അവൾ ശാലീന സുന്ദരിയായൊരു ഗ്രാമീണ പെൺക്കൊടിയായിരുന്നു. പഠിക്കാൻ മിടുക്കിയായ അവൾ ഉപരിപഠനം നടത്തണമെന്ന് ശഠിച്ചത് താനായിരുന്നു. കടുത്ത ദാരിദ്രത്താൽ അപൂർണ്ണമായ അവളുടെ വിദ്യാസ്വപ്‌നങ്ങൾ പൂർത്തികരിച്ചു കൊടുക്കുന്നത് തന്റെ ധാർമ്മികോത്തരവാദിത്വമാണെന്ന് തോന്നി.
ഒരു മകളെപ്പോലെ, അനുജത്തിയെപ്പോലെ, ശിഷ്യയെപ്പോലെയൊക്കെ പരിഗണിച്ച് പഠനത്തിന്റെ സോപാനങ്ങളിൽ സഹായഹസ്‌തവുമായി താൻ എപ്പോഴുമുണ്ടായിരുന്നു – യൗവനത്തിന്റെ തുടിപ്പുകളെ സംയമിപ്പിച്ച്….. ഭർത്താവിന്റെ അധികാരങ്ങളെ പലപ്പോഴും ത്യജിച്ച്! ബിരുദാനന്തരബിരുദം റാങ്കേടെ അവൾ പാസ്സായപ്പോൾ ജീവിതസാഫല്യം നേടിയപോലെ ഏറെ സന്തോഷിച്ചത് താനായിരുന്നു. നല്ലൊരുദ്ദ്യോഗം ലഭിച്ചപ്പോൾ തോളിൽ നിന്ന് മലയിറക്കിവെച്ച ആശ്വാസമായി. സാമ്പത്തിക ഞെരുക്കങ്ങൾക്ക് അറുതിവന്നല്ലോ….
ദാമ്പത്യജീവിതം പൂവിട്ടുതുടങ്ങിയത് പിന്നീടാണ്. മകൾ ജനിച്ചപ്പോൾ ജീവിതത്തിന് മറ്റൊരു ദിശാബോധമുണ്ടായി.
അവളുടെ ഹൃദയകാഠിന്യം എല്ലാം തകർത്തു ദൈവത്തിന്റെ പ്രമാണങ്ങൾ, ചട്ടങ്ങൾ, കല്‌പനകൾ എല്ലാം അവൾ കാറ്റിൽ പറത്തി.
ചൂടുകാറ്റ് ഓർമ്മകളെ അലോസരപ്പെടുത്തുന്നു. അയാൾ എണീറ്റു. പാവം മകൾ കിടക്കയിൽ ചുരുണ്ടുകൂടി കിടന്ന് ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു. അവൾ ആഹാരം കഴിച്ചോ എന്നുപോലും താൻ ശ്രദ്ധിച്ചില്ല… കുറ്റബോധം വീണ്ടും വേട്ടയാടുന്നു.
എന്നിൽനിന്നകന്നു നില്‌ക്കരുതേ, കർത്താവേ……. സഹായത്തിനാരുമില്ല…. അറിയാതെ മനസ്സിൽ നിന്നൊരു പ്രാർത്ഥന ഉയർന്നു. ഉപബോധമനസ്സ് ആശ്വാസം തേടി ബൈബിൾ കൈയിലെടുത്തു. ഉൽപത്തി പുസ്‌തകം പത്തൊമ്പതാം അദ്ധ്യായം തുറന്നു. “ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കുന്നതിന് ഞങ്ങളുടെ അടുക്കൽ പുറത്തുകൊണ്ടുവാ എന്ന് അവനോടു പറഞ്ഞു.” കാമാന്ധത ബാധിച്ച സോദാമിലെ പുരുഷാരം! ലോത്തിന്റെ കന്യകമാരായ പുത്രിമാരെ നിരസ്സിച്ച പുരുഷാരം! ആതിഥ്യ മര്യാദയെക്കുറിച്ചു പറഞ്ഞ ലോത്തിനെ നോക്കി അവർ അട്ടഹസിച്ചു.
കാലം സഹസ്രാബ്‌ദങ്ങളിലൂടെ ഒഴുകി. അന്തർധാരാ അഭംഗുരമായി പുതിയ രൂപഭാവങ്ങൾ തേടി. എല്ലാമുപേക്ഷിച്ച് സഹപ്രവർത്തകയായ ഗോവൻ സ്‌ത്രീയുമായി താമസമാക്കിയ അവളെപ്പറ്റിയോർക്കുമ്പോൾ ലജ്ജയെക്കാളേറെ ഭയമാണ് ഇപ്പോൾ തോന്നുന്നത്. അവൾക്ക് ഇരുട്ടു മറയായില്ല. ഭിത്തികൾക്ക് അവരെ ഒളിപ്പിക്കാനായില്ല. എല്ലാം അവൻ കണ്ടു. നഗ്നനേത്രങ്ങൾകൊണ്ട് അത്യുന്നതന്റെ നിയമം അവൾ ലംഘിച്ചു. “സോദാമിന്റേയും ഗോമോരയുടേയും മേൽ യഹോവയുടെ സന്നിധിയിൽ നിന്നും ആകാശത്തുനിന്നും തന്നെ, ഗന്ധകവും തീയും വർഷിച്ചു.”
ഒപ്പം, കല്‌പന നിരസിച്ച ലോത്തിന്റെ ഭാര്യ ഒരു ഉപ്പുതൂണായിത്തീർന്ന ഭയാനകചിത്രവും ആൻഡ്രൂസിന്റെ മനസ്സിൽ തെളിഞ്ഞു. ദൈവകോപത്തിന്റെ അഗ്നിവർഷത്തിൽ അവൾ ചാമ്പലാകുമോ കല്‌പന നിരസിച്ച അവൾ മറ്റൊരു ഉപ്പു തൂണായി മാറുമോ? അയാളുടെ ഹൃദയം ത്രസിച്ചു.
അവൾക്കു വേണ്ടി വേദനിക്കുന്ന വേറൊരു ആൻഡ്രൂസ് തന്നിലുണ്ടോ? ആത്മശോധനയിൽ അയാൾ സ്വയം ആശ്ചര്യപ്പെട്ടു.
ന്യൂറോ – ബയോളജിക്കൽ വിശദീകരണങ്ങളും മനഃശാസ്‌ത്രവിശകലനങ്ങളും ഉപദേഷ്‌ടാക്കളുടെ നിർദ്ദേശങ്ങളും അസ്‌ഥാനത്താക്കുന്ന തരത്തിലായിരുന്നു അവളുടെ പെരുമാറ്റം.
ഒരു തെറ്റു തന്നിൽ സ്വയം കണ്ടുപിടിച്ചു തിരുത്തുന്നതിനുവേണ്ടി ഭൂതക്കണ്ണാടിയുമായി സ്വജീവിതത്തെ അയാൾ നിരീക്ഷിച്ചിരുന്നു.
ചതുരുപായങ്ങളും പ്രയോഗിക്കാൻ തുനിഞ്ഞിറങ്ങിയ തന്റെ സാമ ദാന-ഭേദ-ദണ്ഡ പദ്ധതികളെ അവൾ സമർത്ഥമായി പ്രതിരോധിച്ചു. സ്വന്തം ശരീരംകൂടി പ്രതിഫലമായി ആ ഗോവക്കാരി വാഗ്‌ദാനം ചെയ്‌തപ്പോൾ ആ പ്രത്യാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തനാകുവാൻ സമയമെടുത്തു. അവളുടെ ബന്ധത്തിന്റെ ദൃഢതയും തന്റെ പരാജയത്തിന്റെ ആഴവും തന്നെ കൂടുതൽ വ്യാകുലനാക്കി.
മകൾ വലുതാകുമ്പോൾ, ജീവിതയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുമ്പോൾ, അവളുടെ മമ്മിയെ എങ്ങനെ നേരിടും? തിരിച്ചും? അയാളുടെ മനം നിഷ്‌ക്രിയപ്രതികാരത്തിന്റെ കച്ചിത്തുരുമ്പുകൾ തേടി പുതിയ സാമൂഹ്യമൂല്യങ്ങൾ ഒരുപക്ഷേ അക്രമണ ബുദ്ധിയോടെ ഇതെല്ലാം ന്യായികരിക്കുമായിരിക്കും. ആദിപാപങ്ങളും തുടർപാപങ്ങളും നിയമങ്ങളാൽപോലും വിശുദ്ധീകരിക്കപെടുന്നകാലമല്ലേ?
തകർന്ന ജീവിതത്തിന്റെ ഭംഗശ്രുതികൾമാത്രം ഇപ്പോൾ മാറ്റൊലികൊള്ളുന്നു.
സോദോം വിട്ടുപോയി പർവത ഗുഹയിൽ താമസമായ ലോത്തിന്റെയും രണ്ടുപുത്രിമാരുടേയും കഥതുടർന്നു. ശ്ശെ…… ശ്ശെ….. വല്ലാത്ത ജാള്യത അനുഭവപ്പെട്ടു. സത്യവേദപുസ്‌തകം മടക്കി വെച്ചു.
വീണ്ടും മകളുടെ മുറിയിലേക്കു ചെന്നു. അവളുറങ്ങുന്നു. ചൂടും മനോവിഷമവും ചേർന്ന് ക്ഷീണിച്ചുള്ള ഉറക്കം.
എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോൾ ചെയ്യുന്നതുതന്നെ ചെയ്‌തു. പ്രാർത്ഥിച്ചു. ജീവിത പ്രതിസന്ധികളെ നേരിടാൻ മനഃശക്തിക്കുവേണ്ടി കണ്ണടച്ചു പ്രാർത്ഥിച്ചു. പശ്ചാത്താപത്തിന്റെ പുണ്യനദിയിൽ കുളിച്ച് അവൾ വിശുദ്ധയായി തിരിച്ചുവരുമെന്ന തന്റെ ഉൾമോഹം, ശുഭാപ്‌തിവിശ്വാസം, സഫലമാകണേയെന്നും ഉള്ളുരുകി പ്രാർത്ഥിച്ചു.
ഈറനണിഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ആൻഡ്രൂസ് മകളുടെ നെറുകയിൽ ചുംബിച്ചു.
Generated from archived content: story1_may4_11.html Author: k_rajan
Click this button or press Ctrl+G to toggle between Malayalam and English