വീരാൻകുട്ടിയുടെ ‘മാന്ത്രികൻ’ എന്ന പുതിയ കവിതാസമാഹാരം സമകാലീന മലയാള കവിതകളുടെ ഇടത്തിൽ ആഖ്യാനരീതിയിലും സമീപനത്തിലും എന്തു വ്യത്യാസത്തെയാണ് എഴുതുന്നത്?
സൂക്ഷ്‌മ ജീവിത ദൃശ്യങ്ങൾഃ ആസ്‌പത്രിക്കു മുമ്പിലെ നടപ്പാതയിൽ, ആളൽ, ഉമ്മാരം, കുടുക്ക, ലാമിനേഷൻ എന്നീ കവിതകൾ സൂക്ഷ്‌മ ജീവിതസന്ദർഭങ്ങളുടെ കാഴ്‌ചകളാണ്.
കൊളോണിയൽ ആധുനികതയുടെയും അതിന്റെ ഇരട്ടയായ മാർക്‌സിസത്തിന്റെയും വ്യവഹാരങ്ങൾ നമുക്ക് രേഖീയമായ കാലബോധവും ഫോട്ടോഗ്രാഫിക് ദൃഷ്‌ടിയും ഫ്യൂച്ചറിസവും…. സമ്മാനിച്ചിട്ടുണ്ട്. അതിനാൽ വർത്തമാനകാലത്തോടും ഗ്രാമീണജീവിതത്തോടും എളിയവയോടും നിഷേധാത്മക സമീപനം പുലർത്തുന്ന ശീലം നമുക്കിന്നുണ്ട്. പക്ഷേ, വീരാൻകുട്ടിയുടെ കവിതകൾ ഗ്രാമീണവും കുടുംബപരവുമായ ജീവിതത്തിന്റെ ആർദ്രതയും തെളിമയും പ്രസാദവുമുളള അനവധി ഉജ്ജ്വലമുഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്.
സൂക്ഷ്‌മ പ്രകൃതി ദൃശ്യങ്ങൾ ഃ വെളളകൊക്കിന്റെ പടം, മരങ്ങളുടെ ആസ്‌പത്രി, കടം, അടക്കം, കടലിന്റെ ഓലയിൽ, ഉണക്കം, കൂടെ വരുന്നവ, മുറി, കുളി, കേൾക്കാൻ വേണ്ടി അല്ലാത്തവ എന്നീ കവിതകളിൽ വസ്‌തുക്കളോടും ജീവജാലങ്ങളോടും പ്രകൃതിയോടും പാരിസ്ഥിതിക ധാർമ്മികതയോടെ പെരുമാറുന്നതിന്റെ സാക്ഷ്യങ്ങളുണ്ട്.
വീരാൻകുട്ടിയുടെ കവിതകളിലെ വസ്‌തുക്കൾ രൂപകമോ അന്യാപദേശമോ പ്രതീകമോ അല്ല. ഉപാദാനങ്ങളാണ്. ഇവ ഹിഡൻ അജണ്ടയോ രഹസ്യമോ ഒളിപ്പിച്ചുവെച്ച് വായനക്കാരെ കാമാതുരകളായി കാത്തിരിക്കുന്നില്ല. രൂപകം വസ്‌തുക്കളുടെ സാദൃശ്യത്തെക്കുറിക്കുമ്പോൾ ഉപാദാനം സമ്പർക്കത്തെ കുറിക്കുന്നു. മലയാള കവിതയിൽ കെ.എ.ജയശീലനും ചെറുകഥയിൽ അയ്‌മനം ജോണും ചിഹ്നപരതയുടെ മൃഗശാലയിൽനിന്നും മ്യൂസിയത്തിൽനിന്നും വസ്‌തുക്കളെയും ജീവജാലങ്ങളെയും തുറന്നുവിടുന്നു. വീരാൻകുട്ടിയും ഈ പാത പിന്തുടരുന്നു.
ആഖ്യാനരീതിയിൽ വ്യത്യസ്‌തതയും പരീക്ഷണോന്മുഖതയും ഉളള കവിതകളാണ് നിശ്ശബ്‌ദത, മാന്ത്രികൻ, രക്തംഃ ചില പൊതുവിവരങ്ങൾ, വിരിയുന്ന പൂവിനെക്കുറിച്ചുളള കവിത, നിങ്ങളുടെ കൺമുമ്പിൽ ഇപ്പോൾ ഉളളത് എന്നിവ. രൂപകങ്ങളിൽനിന്ന് ഉപാദാനങ്ങളിലേക്കും ഭാവഗീതപരവും ധ്യാനാത്മകവുമായ രീതിയിൽനിന്ന് ആഖ്യാനപരവും നാടകീയവും ആത്മപ്രതിഫലനാത്മകവുമായ രീതിയിലേക്കും അവയ്‌ക്കിടയിലെ സന്നിഗ്‌ദ്ധതകളിലേക്കുമുളള ഋതുസംക്രമണം ഈ കവിതകളിലുണ്ട്.
മൂർത്തവും സന്ദർഭപരവുമായ ആഖ്യാനരീതിയിലാണ് വീരാൻകുട്ടിയുടെ ശക്തി….വീരാൻകുട്ടിയുടെ കവിതകൾ ഒരുതരം പ്രാർത്ഥനകളാണെന്ന് പി.രാമൻ. ആത്മരതിയുടെ ഇടുക്കത്തിൽനിന്ന് ലോക തുറസ്സിലേക്ക്, അപരരിലേക്ക് തുറന്നുവിടലാണ് ഈ പ്രാർത്ഥനകൾ. തനിക്കെഴുതുന്ന കത്തുകളല്ല ഇവ. ഇവയിലെ മേൽവിലാസവും വിഷയവും അവരവരുടേതാണ്. പ്രാർത്ഥനാനിർഭരവും വിനയാന്വിതവുമായ ഈ തുറസ്സ് ലൗകികവും നാടനും ആയ ഒരാളുടെ മണ്ണിൽ തൊടുന്ന ആത്മീയതയിൽനിന്നാണ് ഉദിക്കുന്നത്.
മാന്ത്രികൻ, വീരാൻകുട്ടി, ഡി സി ബുക്‌സ്, വില – 38.00
Generated from archived content: book2_june23_05.html Author: k_rajan