റോങ്ങ്‌ കീ പപ്പാ

*കാടങ്കികൾ വന്ന ഉച്ചയായിരുന്നു അത്‌. പൊടിക്കാറ്റടങ്ങാത്ത തെരുവുകളുടെ ദൂരങ്ങളിലേയ്‌ക്ക്‌ നോക്കി നിലോഫർ പൂമുഖത്ത്‌ ഇരിക്കുമ്പോഴാണ്‌ അവരുടെ വരവ്‌. കാടങ്കികളുടെ പതിവ്‌ വർഷത്തിൽ ഒന്നോ രണ്ടോ തവണയാണ്‌. കഴിഞ്ഞ വർഷങ്ങളിലൊന്നും അത്‌ മുടങ്ങിയിട്ടില്ല എന്ന്‌ തോന്നുന്നു. അഥവാ മുടങ്ങിയിട്ടുണ്ടെങ്കിൽ തന്നെ നിലോഫർ അത്‌ ഓർക്കാനും വഴിയില്ല. കാടങ്കികളുടെ ഫലപ്രവചനങ്ങളിൽ വലിയ കഴമ്പില്ലെന്ന്‌ അവൾക്ക്‌ തോന്നിയിരുന്നു. ഒരു പ്രാവശ്യം കണ്ട മുഖങ്ങളെ പിന്നീട്‌ കണ്ടതായും നിലോഫർ ഓർക്കുന്നില്ല. വന്നു കയറിയതിലൊരാൾ പടിക്കലിരുന്ന്‌ പ്രവചനങ്ങൾ തുടങ്ങിക്കഴിഞ്ഞു. അയാളുടെ കൈകളിലെ ലോഹവളകൾ തമ്മിൽതല്ലി ശബ്‌ദമുണ്ടാക്കിക്കൊണ്ടിരുന്നു. നിലോഫർ അവരെ ശ്രദ്ധിച്ചതേയില്ല. ഉച്ചയുടെ തീക്ഷ്‌ണതകളിലേക്കും, അതിന്റെ വിരിപ്പിലെ നിയതങ്ങളല്ലാത്ത ജീവിതചലനങ്ങളിലേക്കും നോക്കി അവളിരുന്നു. ഗഗാറിൻ ഇന്ന്‌ നേരത്തെ വരും. ഇവിടെ വന്നേ ഊണു കഴിക്കൂ എന്ന്‌ വിളിച്ചപ്പോൾ പറഞ്ഞതാണ്‌. ആ അവ്യക്തതകളിൽ നിന്ന്‌ ഗഗാറിന്റെ മോട്ടോർ സൈക്കിൾ ഒരു സ്‌ഫടികത്തിളക്കത്തോടെ, പീക്കോക്ക്‌ നിറങ്ങളിലേക്ക്‌ പരിണമിച്ച്‌ കടന്നുവരുന്നതും കാത്ത്‌ അവളിരുന്നു.

അടുക്കളയിൽ നിന്ന്‌ കുക്കർ നീട്ടിവിളിക്കാൻ തുടങ്ങി. മാംസത്തിന്റെ മസാല ഗന്ധങ്ങൾ നേർത്ത്‌ പരക്കാൻ തുടങ്ങിയിരിക്കുന്നു. നിലോഫർ അടുക്കളയിൽ നിന്ന്‌ തിരികെ വരുമ്പോഴും കാടങ്കികൾ കാത്തുനിൽക്കുകയായിരുന്നു. അയാൾ പിന്നെയും പ്രവചനങ്ങൾ തുടങ്ങി. അവൾക്കതൊരു ശല്യമായി തോന്നി. അവരെ ഒഴിവാക്കാൻ നിലോഫറിന്‌ ധൃതിയായി. രണ്ടുരൂപാ നാണയങ്ങൾ നൽകി നിർബന്ധപൂർവ്വം അവരെ പറഞ്ഞുവിട്ടു. ഗഗാറിനും അവരെ ഇഷ്‌ടമല്ല. ഇപ്പോൾ വരുന്നപാടേ കണ്ടാൽ അദ്ദേഹത്തിനു ദേഷ്യം വരും.

ഇന്നിപ്പോൾ ഈ നാടോടികളുടെ വായാടിത്തരങ്ങൾ കേട്ട്‌ വ്യാകുലപ്പെടേണ്ട ഒരു ദിവസമല്ലല്ലോ. വിഷമകാണ്ഡങ്ങളുടെ മൂർദ്ധന്യങ്ങൾ എന്നേ തങ്ങൾ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഗഗാറിന്‌ അപകടം പറ്റിക്കിടന്ന ദിവസങ്ങൾ, അമിതമായ ആശുപത്രി ചിലവുകൾ, പിടിച്ചുനിൽക്കാൻ വേണ്ടി വാങ്ങിയ കടങ്ങൾ, ബാങ്ക്‌ ലോണുകൾ, ജിവിതത്തിൽ ഇത്രയും പരീക്ഷണങ്ങൾ നേരിട്ട സാഹചര്യങ്ങൾ ഉണ്ടായിട്ടില്ല. എല്ലാ ദുരിതപർവ്വങ്ങളും തങ്ങളുടെ ജീവിതത്തിന്റെ പടികടന്നു പോയിരിക്കുന്നു എന്നവൾക്കു തോന്നി. നാഡീജ്യോതിഷത്തിൽ ഗഗാറിന്‌ വിശ്വാസം വന്നത്‌ അക്കാലത്തായിരുന്നു. ഒരു സുഹൃത്ത്‌ നിർബന്ധിച്ചിട്ടുകൂടിയാണ്‌ ഗഗാറിൻ അതിനു മുതിർന്നത്‌. പരദേശിയായ ആ ജ്യോത്സ്യൻ ഗഗാറിന്‌ ഒരത്ഭുതമായിരുന്നു.

മഞ്ഞുകട്ടയുടെ നിറമുളള ചെത്തിമിനുക്കിയ മോതിരത്തിന്റെ കല്ലിലേയ്‌ക്ക്‌ അവൾ നോക്കി. ഈ മോതിരത്തിന്‌ എന്തെങ്കിലും ശക്തിവിശേഷം ഉണ്ടാകാതിരിക്കില്ല. ഗഗാറിനും പറയാറുണ്ട്‌, ഈമോതിരം ധരിച്ചു തുടങ്ങിയശേഷം വളരെയേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന്‌. ഇളയ മകളുടെ കാഴ്‌ചയുടെ ന്യൂനത അപ്പാടെ മാറി, നേരത്തെ എത്ര ചികിൽസകൾ നടത്തിയിരുന്നു! ഗഗാറിന്‌ ഒരു പ്രമോഷൻ, അതുപോലെ ഗഗാറിന്റെ ഭീകരമായ കൂർക്കംവലി പോലും നന്നേ കുറഞ്ഞു. ഓർത്തപ്പോൾ അവൾക്ക്‌ ചിരിവന്നു.

മഞ്ഞുകട്ടയുടെ ചെത്തികൂർപ്പിച്ച വടിവുകളിലൂടെ നിലോഫർ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു. അതാ കേൾക്കുന്നു ഗഗാറിന്റെ മോട്ടോർ സൈക്കിളിന്റെ ശബ്‌ദം. ആ ശബ്‌ദം കേട്ടാൽ തനിക്ക്‌ തിരിച്ചറിയാം. എന്താണ്‌ വരാൻ താമസിക്കുന്നതെന്ന്‌ ആലോചിച്ചതേയുളളൂ. പണ്ട്‌ സ്‌കൂളിൽ പഠിച്ച ഒരു മായാജാലകഥയുടെ പൊരുൾ അവൾക്ക്‌ ഓർമ വന്നു. അത്ഭുതമോതിരത്തിൽ ഒന്നു തിരുമ്മിയാൽ മതി മനസ്സിലോർത്ത കാര്യം ഉടൻ സാധിക്കും, അതേ മാതിരി – അവളുടെ ഉളളിൽ ചിരിപൊട്ടി.

ഊണ്‌ കഴിച്ച്‌ എഴുന്നേറ്റിട്ട്‌ ഗഗാറിൻ ഒന്നുകൂടി പത്രം നോക്കി ഉറപ്പുവരുത്തി. എന്നിട്ടും വിശ്വാസം വരാതെ വീണ്ടും നിലോഫറിനോട്‌ ചോദിച്ചു. അവൾ രാവിലെ തന്നെ സ്‌ഥാപനത്തിന്റെ ഓഫീസിലേയ്‌ക്ക്‌ വിളിച്ച്‌ നമ്പറും അതിന്റെ മേൽവിലാസവും പരിശോധിച്ചിരുന്നു.

“അന്നും ഞാൻ നിർബന്ധിച്ചിട്ടാണല്ലോ ആ സ്‌കീമിൽ നമ്മൾ ഫ്രിഡ്‌ജ്‌ വാങ്ങാൻ പോയത്‌. പണം ഇല്ലെന്നു പറഞ്ഞ്‌ പിൻമാറിയിരുന്നെങ്കിലോ?”

സമ്മാനത്തിന്റെ ക്രെഡിറ്റ്‌ അവൾ അവകാശപ്പെടുകയാണ്‌. മാത്രമല്ല ആ കൂപ്പൺ പൂരിപ്പിച്ചിട്ടതും അവളുടെ പേരിലാണ്‌. ഇത്‌ ബംബർ സമ്മാനമാണ്‌. പത്തുപവനും ഒരു സുഖവാസ കേന്ദ്രത്തിൽ രണ്ടുരാത്രിയും രണ്ടു പകലും അവരുടെ ചെലവിൽ താമസവും. പല കൂപ്പണുകളും തന്റെ പേരിൽ പൂരിപ്പുച്ചിട്ടുണ്ട്‌. പക്ഷെ ഇതുവരെ സമ്മാനങ്ങളൊന്നും അതിനു കിട്ടിയിട്ടില്ല. മുടങ്ങാതെ ഓൺലെൻ ലോട്ടറി ഒരു കൈ നോക്കുന്നുമുണ്ട്‌. അൻപതുരൂപയിൽ കൂടുതൽ സമ്മാനം അതിനും കിട്ടിയിട്ടില്ല.

“എല്ലാം നിന്റെ ഭാഗ്യം” – അവൾ അടുത്തുവന്നിരുന്നപ്പോൾ ഗഗാറിൻ പറഞ്ഞു.

“അല്ല നമമുടെ ഭാഗ്യം എന്ന്‌ പറയൂ” – അവൾ ഖണ്ഡിച്ചു.

“എന്റെയും, ഗഗാറിന്റെയും, നമ്മുടെ കുട്ടികളുടേയും ഭാഗ്യം” – അവൾ വാശിയിലാണ്‌.

“ഓകെ സമ്മതിച്ചിതിക്കുന്നു.” -ഗഗാറിൻ അടിയറവു പറഞ്ഞു.

മേശപ്പുറത്തു കിടന്ന സിഡിയിൽ കറങ്ങുന്ന ഫാനിന്റെ ഇതളുകൾ സപ്‌ത വർണ്ണക്കറക്കങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരുന്നു. ഗഗാറിന്റെ മൊബൈൽ ഫോൺ പോളിഫോണിക്ക്‌ സംഗീതംപൊഴിച്ചു. ഫോൺ എടുക്കാൻ അവൾ സമമതിച്ചില്ല.

“ഓഫീസ്‌ കാര്യം ഇത്തിരി നേരത്തേയ്‌ക്ക്‌ മാറ്റിവയ്‌ക്കൂ, നമുക്ക്‌ വിശ്രമിക്കാം”

പോളിഫോണിക്ക്‌ സംഗീതം വീണ്ടും പൊഴിഞ്ഞുകൊണ്ടിരുന്നു. ഏതോ അഭൗമ ലോകത്തുനിന്ന്‌ മുഴങ്ങുന്ന മാതിരി. ഭാഗ്യദേവതയുടെ മാറിലേയ്‌ക്ക്‌ ഗഗാറിൻ തല ചായ്‌ച്ച്‌ കിടന്നു. സപ്‌ത വർണ്ണക്കാഴ്‌ചകളുടെ പഥങ്ങളിലൂടെ അയാൾ ചുറ്റിത്തിരിയാൻ തുടങ്ങി.

ഗഗാറിന്റെ മോട്ടോർ സൈക്കിളിന്റെ വശത്തു ഘടിപ്പിച്ചിരുന്ന പെട്ടിയിൽ ആരോ അമേരിക്കൻ ഉത്‌പന്നങ്ങളുടെ പരസ്യം പതിച്ചുകളഞ്ഞു. ഗഗാറിൻ ക്ഷമയോടെ ഇരുന്നു ആ ലേബൽ ചുരണ്ടിക്കളയാനുളള ശ്രമത്തിലാണ്‌. അത്ര ബലമേറിയ പശകൊണ്ടാണ്‌ അത്‌ ഒട്ടിച്ചിരിക്കുന്നത്‌. പെട്ടിയുടെ പെയിന്റുകൂടി ഇളകുന്നു. ഗഗാറിൻ ആ ഉദ്യമത്തിൽ നിന്നും പിൻവാങ്ങി. അത്‌ അങ്ങനെ തന്നെ ഇരിക്കട്ടെ, മറ്റൊരു പോംവഴിയും കാണുന്നില്ല. അയാൾക്ക്‌ അരിശം വന്നു.

അടിവസ്‌ത്രങ്ങളുടെ പ്രദർശനം ഇന്ന്‌ സമാപിക്കുകയാണ്‌. ലോകത്തിലെ എല്ലാ പ്രശസ്‌ത ബ്രാൻഡുകളുടേയും, ഡിസൈനുകളുടെയും വമ്പിച്ച പ്രദർശനമാണ്‌ നഗരത്തിൽ മൂന്നാഴ്‌ചയായി നടക്കുന്നത്‌. ഇത്രയേറെ തിരക്ക്‌ മുമ്പെങ്ങും ഉണ്ടായിട്ടില്ല. എന്നാണറിഞ്ഞത്‌. നിലോഫർ പല പ്രാവശ്യം ഓർമ്മിപ്പിച്ചതാണ്‌. അവസാന ദിവസം വീണ്ടും അവളുടെ ഓർമമപ്പെടുത്തൽ. ഇനി മാറ്റിവയ്‌ക്കാൻ പഴുതുകളില്ല. വൈകിട്ട്‌ നേരത്തെ എത്താമെന്ന്‌ ഗഗാറിൻ വാക്കുകൊടുത്തു.

ഫ്രിഡ്‌ജ്‌ കമ്പനിയുടെ കത്ത്‌ വന്നിരുന്നു. സുഖവാസത്തിന്‌ അവർ തിരഞ്ഞെടുത്തു നല്‌കിയിരിക്കുന്ന ദിവസങ്ങൾ ഡിസംബർ 30ഉം 31ഉം ആണ്‌. പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ കൂടി ഗഗാറിനും കുടുംബത്തിനും അവർ അവസരം നൽകി. ഗഗാറിനും നിലോഫറും കുട്ടികളും ആകെ സന്തോഷത്തിലായിരുന്നു.

മൊബൈൽ ഫോണിൽ വന്നു കിടക്കുന്ന തമാശകൾ നിലോഫർ വായിച്ചു കേൾപ്പിക്കുന്നതിനിടയിലാണ്‌ ഗഗാറിൻ പുതിയ ഒരു ആശയം അവതരിപ്പിച്ചത്‌.

“നമുക്ക്‌ മുകളിലുളള ചെറിയ മുറി ഏസി ആക്കിയാലോ?”

ഒരു സർദാർജി തമാശ പകുതി നിർത്തി നിലോഫർ കൈചുരുട്ടി ഗഗാറിന്റെ നെഞ്ചിൽ ഇടിച്ചു.

“ബെസ്‌റ്റ്‌ ഐഡിയ —, ചൂട്‌ വല്ലാതെ കൂടി വരികയാണ്‌, ഈ സമ്മറിലെങ്കിലും നമുക്ക്‌ എസിയിൽ കഴിയണം” – നിലോഫർ ആകെ ത്രില്ലിലാണ്‌.

ട്രെയിനിലെ ഉയർന്ന ക്ലാസിൽ ഉല്ലാസഭരിതമായ ഒരു യാത്രയായിരുന്നു റിസോർട്ടിലേയ്‌ക്ക്‌. പുതുവർഷാഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുകയാണവിടെ. ധാരാളം ഗസ്‌റ്റുകൾ വന്നിട്ടുണ്ട്‌. എല്ലാ ലൊക്കേഷനുകളിലും നല്ല തിരക്ക്‌. സോണാഗ്രീൻസ്‌ എന്ന ആഡംബരങ്ങൾ നിറഞ്ഞ റസ്‌റ്റോറന്റിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കുന്നതിനിടെയാണ്‌ ഗഗാറിനും കുടുംബവും മറ്റൊരു കുടുംബത്തെ പരിചയപ്പെട്ടത്‌. ഒരു സ്വർണ്ണക്കട തിരഞ്ഞെടുത്ത്‌ അയച്ച മഹാഭാഗ്യശാലികളാണവർ. നാല്‌ പകലുകളും അഞ്ച്‌ രാത്രികളും സുഖവാസത്തിനായി അവർ സ്വന്തമാക്കിയിട്ടുണ്ട്‌. നിലോഫറിന്‌ അവരോട്‌ തെല്ല്‌ അസൂയ തോന്നാതിരുന്നില്ല.

ഗഗാറിൻ നീന്തൽക്കുളത്തിൽ സമയം ചെലവഴിച്ചപ്പോൾ നിലോഫർ റിസോർട്ടിൽ ഉളള ബ്യൂട്ടി പാർലറിലേക്കും, കുട്ടികൾ വിശാലമായ പാർക്കിലേക്ക്‌ കളിക്കാനും പോയി. വൈകിട്ട്‌ റിസോർട്ടിൽ നിന്ന്‌ ഗഗാറിനും കുടുംബവും ഉൾപ്പെട്ട ഗ്രൂപ്പിനെ ഒരു ബോട്ടുയാത്രയ്‌ക്ക്‌ കൊണ്ടുപോയി. ‘പഞ്ചഗംഗ’ എന്ന വിഭാഗത്തിലെ കോട്ടേജിലാണ്‌ ഗഗാറിനും കുടുംബവും. അവിടെ സുന്ദരമായ പുൽത്തകിടിയിലായിരുന്നു രാത്രിയിൽ ഡിന്നർ ഒരുക്കിയിരുന്നത്‌. നിലോഫറും മറ്റുചില പെൺകുട്ടികളും ചേർന്ന്‌ രസകരമായ പാട്ടുകൾ പാടി. ഗഗാറിനും ഒരു സുഹൃത്ത്‌ സംഘത്തെ കിട്ടിയിരുന്നു. പതിവുശൈലിയിൽ നിന്ന്‌ മാറി ഇറുകിയ പാന്റും ടീഷർട്ടുമായിരുന്നു ഗഗാറിന്റെ വേഷം. നിലോഫറും കുട്ടികളും വളരെ മോഡേണായി ഡ്രസ്‌​‍്‌ ചെയ്‌തിരുന്നു. പുൽത്തകിടിയിലെ നനുത്ത വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന നിലോഫറിനെ ഗഗാറിൻ വീക്ഷിച്ചു. അവൾ പതിവിലും സുന്ദരിയായിരിക്കുന്നു. വിസ്‌കിയുടെ തരിപ്പിൽ അയാൾ ഓർത്തു.

പുതുവർഷാഘോഷങ്ങളുടെ പട്ടികയിൽ ഏറ്റവും ആകർഷകമായ ഇനം ബൾഗേറിയൻ നൃത്ത സംഘത്തിന്റെ മാദക നൃത്തമാണ്‌. ബബ്‌ൾ കഫേയിലെ പൂജ്യം ഡിഗ്രി തണുപ്പിലായിരിക്കും അരങ്ങേറുക. സ്‌പെഷ്യൽ കാൻഡിൽ ലൈറ്റ്‌ റൊമാന്റിക്‌ ഡിന്നറാണ്‌ സോണാഗ്രീൻസിൽ.

“ഇന്ന്‌ നമുക്കും നൃത്തം ചെയ്യണം” നിലോഫർ പറഞ്ഞു.

“അത്രയ്‌ക്കു വേണോ?” ഗഗാറിന്‌ ഒരു ശങ്ക.

“ജീവിതത്തിൽ വല്ലപ്പോഴുമല്ലേ നമുക്കിങ്ങനെ അവസരങ്ങൾ കിട്ടുക?”– ഹെൽത്ത്‌ ക്ലബ്ബിൽ നിന്ന്‌ ഇറങ്ങിനടക്കവേ നിലോഫർ പറഞ്ഞു.

“ഒരു ദിവസം കൂടി നമുക്കിവിടെ താമസിച്ചാലും നഷ്‌ടമൊന്നുമില്ല. കുട്ടികൾക്ക്‌ ഇനിയും

മതിയായിട്ടില്ല.

രാത്രിയിൽ ബബ്‌ൾ കഫേയുടെ മങ്ങിയ വെളിച്ചം നിറഞ്ഞ ഹാളിൽ ശീതവാതങ്ങളുടെ മന്ദപ്രവാഹത്തിൽ ഗഗാറിനും നിലോഫറും ഒട്ടിനിന്നു. നർത്തകരെ പരിചയപ്പെടുത്തുമ്പോൾ തന്നെ വർണ്ണപ്രകാശം അവരുടെ അംഗലാവണ്യങ്ങളാൽ മായാജാലങ്ങളെ സൃഷ്‌ടിച്ചു. സംഗീതത്തിന്‌ ഒത്തു നിലോഫർ പതുക്കെ ചുവടുവച്ചു, ഗഗാറിനും. അവൾക്ക്‌ ചുവടുകൾ നന്നായി വഴങ്ങുന്നുണ്ട്‌. തണുപ്പിൽ അയാൾ ഇടയ്‌ക്കിടെ അവളെ തന്നിലേക്ക്‌ ചേർത്തു പിടിച്ചുകൊണ്ടിരുന്നു. സംഗീതത്തിനനുസരിച്ച്‌ ചുവടുകൾ മുറുകി. ഹാളിലെ ചലനങ്ങൾ കൊഴുത്തു. നിലോഫറിന്‌ വേഗത കൂടിയിരിക്കുന്നു. ഗഗാറിൻ ഒപ്പമെത്താൻ ശ്രമിച്ചു. നിലോഫർ വല്ലാതെ ലാസ്യവതി ആയതുപോലെ! ഗഗാറിൻ ജീവിതത്തിൽ അവളെ അങ്ങനെ കണ്ടിട്ടേയില്ല. ആ മാദകനർത്തകികളെ വെല്ലുന്ന ചടുലത! അവളെ ചേർത്തണയ്‌ക്കാൻ, ചുംബിക്കാൻ അയാൾ ശ്രമിച്ചു. നിലോഫർ അയാളുടെ കരവലയത്തിൽ നിന്ന്‌ കുതറുകയാണ്‌. ഭ്രമാത്മക താളങ്ങളിൽ, അലച്ചുയർന്ന്‌ പൊട്ടിത്തകരുന്ന പരകോടി സംഗീതത്തിൽ ബബ്‌ൾ കഫേ വന്യമായ ഒരു സങ്കേതം പോലെ തോന്നി. ഭ്രാന്തമായ ഒരു കറക്കത്തിലൂടെ നിലോഫർ ഗഗാറിന്റെ കരംവിട്ട്‌ തെറിച്ചുപോയി. മങ്ങിയ വെളിച്ചത്തിലൂടെ, അസാമാന്യ മെയ്‌വഴക്കത്തോടെ മറ്റേതോ കരങ്ങളിലേക്കണയാൻ!!

ഗഗാറിന്റെ ചുവടുകൾ ഇടറി. കാഴ്‌ചയുടെ സൂക്ഷ്‌മതകൾ ഉരുകി അവ്യക്തമാകുകയാണ്‌. വന്യമായ ആ ചലനങ്ങളുടെ ഇടയിൽ ഒരു പർപ്പിൾ ടോപ്പ്‌ അയാൾ തിരഞ്ഞു. ആരോ ഗഗാറിനെ പിറകിൽ നിന്ന്‌ താങ്ങി. പൂജ്യം ഡിഗ്രിയുടെ മാസ്‌മരികതയിൽ നിന്ന്‌ ഗഗാറിൻ പുറത്തായിരിക്കുന്നു. ഷാൻഡിലിയറുകളുടെ നക്ഷത്ര തിളക്കങ്ങൾ തറയുടെ കണ്ണാടി മിനുസങ്ങളിൽ വീണ്ടും അനേകം സ്രോതസുകളായി ചിതറിക്കിടന്നു. ഏതോ അനന്ത പഥത്തിലൂടെന്നപോലെ ഗഗാറിൻ ചുറ്റുവഴികളിലൂടെ തെന്നിനീങ്ങി.

കുട്ടികൾ?

കാർണിവൽ ഗ്രൗണ്ടിൽ കൃത്രിമ ജലാശയത്തിലെ നാവികരായിരിക്കും അവർ. യാന്ത്രികമായ തിരമാലകളിൽ യാനപാത്രത്തിന്റെ പ്ലവനനിയമങ്ങൾ പാലിക്കാൻ അവർ പാടുപെടുന്നുണ്ടാകാം. ചെകിടടപ്പിക്കുന്ന ഡ്രംബീറ്റുകൾ, അലർച്ചകൾ! ഒരു നിമിഷത്തേക്ക്‌ ബബ്‌ൾ കഫേയുടെ കനത്ത വാതിൽ തുറന്നടഞ്ഞു.

കാരാഗ്രഹത്തിലടച്ച രാജകുമാരിയെ രക്ഷിക്കേണ്ടതുണ്ട്‌. ഒരു ടൈംഫണലിന്റെ അങ്കിതങ്ങൾ ഗഗാറിന്റെ ഓർമയിൽ തെളിഞ്ഞു. കേവലം നാഴികകളെ അവശേഷിക്കുന്നുളളു. *പ്രിൻസ്‌ ഓഫ്‌ പേർഷ്യയിലെ രാജകുമാരനുമുന്നിലെ വഴികൾ ദുർഘടങ്ങളാണ്‌. ഓരോ മടക്കുകളിലും അപകടങ്ങൾ പതിയിരിപ്പുണ്ട്‌. എതിരാളികളെ വെട്ടിവീഴ്‌ത്തി, മാന്ത്രിക വാതിലുകൾ തുറന്ന്‌, കൂറ്റൻ കൊട്ടാരക്കെട്ടുകളിൽ നിന്ന്‌ കെട്ടുകളിലേക്ക്‌ കുതിച്ചുചാടിയാണ്‌ മുന്നേറ്റം. ഗഗാറിന്‌ ഇപ്പോഴും നല്ലവണ്ണം കളിക്കാനറിയില്ലെന്ന്‌ കുട്ടികൾ പറയും. കൊട്ടാര എടുപ്പുകളുടെ അരികിൽ കൊണ്ടുനിർത്തി, തെറ്റായ ഏതെങ്കിലും കീ അമർത്തിപ്പോയാൽ മതി, അല്ലെങ്കിൽ കീ കോമ്പിനേഷൻ മാറിപ്പോയാൽ മതി, കുന്തമുനകൾ ഉയർന്നു നിൽക്കുന്ന കൊടും താഴ്‌ചയിലേയ്‌ക്ക്‌ രാജകുമാരൻ പതിക്കും.

അതാ വീണ്ടും—

മാർബിൾ പടികളിൽ ഗഗാറിന്റെ ചുവടുകൾ തെറ്റി. എല്ലാ നിയന്ത്രണങ്ങളും നഷ്‌ടപ്പെട്ട്‌ താഴേക്ക്‌…

*കാടങ്കികൾ – കാക്കാലൻമാരുടെ ഗണത്തിൽപ്പെട്ടവർ

*പ്രിൻസ്‌ ഓഫ്‌ പേർഷ്യ – പ്രചാരം നേടിയ ഒരു കമ്പ്യൂട്ടർ ഗയിം.

Generated from archived content: story1_oct12_2006.html Author: k_r_hari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English