പുളളിപ്രാവുകളെ തേടി

ഞങ്ങള്‌ നാല്‌ പേരുണ്ടായിര്‌ന്ന്‌ ഓടാൻ. ഞാനും, സുധീറും, കബീറും, ഷാനുവും. പുളളിപ്രാവുതന്നെ വീഴണേ എന്ന്‌ ഓട്ടത്തിനെടേലും ഞാൻ പ്രാർത്ഥിച്ചോണ്ടിരുന്നു. വെടിക്കാരൻ ഉന്നം വച്ചത്‌ അതിനെതന്നെയായിരുന്നു. ഞങ്ങള്‌ മുമ്പേ ഓടാൻ ഉളളതുകൊണ്ട്‌ വെടിക്കാരൻ പതുക്കെ വരുകയേയുളളൂ. വെടി ചങ്കിന്‌ തന്നെ കൊണ്ടിട്ടൊണ്ടെങ്കിൽ അധികദൂരം പറക്കാതെ തന്നെ വീഴും. ഏശിയിട്ടേ ഉളളൂ എങ്കിൽ കുറെ പറക്കും, പിന്നെ ഏതെങ്കിലും മരത്തിൽ തളർന്നിരിക്കും, അവസാനം ഉരുണ്ട്‌ താഴെ തന്നെ വീഴും. മരക്കൊമ്പിലെങ്ങാനും തടഞ്ഞിരിക്കുകയാണെങ്കിൽ വെടിക്കാരൻ തന്നെ കയറി എടുക്കും. അയാൾ മരത്തിൽ കയറുമ്പോൾ തോക്ക്‌ ഞങ്ങളെ ഏൽപ്പിക്കും. ഞങ്ങള്‌ നാലു പേരും കൂടിയാണ്‌ തോക്ക്‌ താങ്ങിപ്പിടിക്കുക. അതിന്‌ ഭയങ്കര ഭാരമാണ്‌. പഴയ തോക്കാണെങ്കിലും അതിന്റെ ഇരുമ്പ്‌ കുഴലിനും, ചുവട്ടിലെ മരത്തിനും എണ്ണയിട്ടപോലെ തിളക്കമാണ്‌. വെടിമരുന്നിന്റെ മണത്തിനുവേണ്ടി ഞങ്ങളത്‌ ചുമ്മാ മണപ്പിച്ചുനോക്കും.

ഓടിക്കിതച്ചെത്തിയ ഞങ്ങൾ പറങ്കിമാവും ആഞ്ഞിലിയും കൂടി നിൽക്കുന്ന പുരയിടത്തിൽ തിരക്കി നടക്കാൻ തുടങ്ങി. പ്രാക്കൂട്ടങ്ങൾ ആ ദിക്കിലേക്കാണ്‌ പറന്നത്‌. കരിയിലകളിലെങ്ങാനും ചോരത്തുളളികൾ വീണുകിടപ്പുണ്ടോ എന്ന്‌ നോക്കി ഞാനും നടന്നു. മരിക്കാൻ പോകുന്ന നേരത്തെ ചിറകടിക്കുന്ന ശബ്‌ദമുണ്ടല്ലോ, അതെങ്ങാനും കേൾക്കുന്നുണ്ടോ എന്ന്‌ ഞങ്ങള്‌ ശ്രദ്ധിച്ചു.

ദാ വീഴുന്നു മേലേന്ന്‌ ഒരെണ്ണം.. പറക്കാൻ വയ്യാതെ കുഴഞ്ഞു വീണതാണ്‌. ജീവൻ ഇനിയും പോയിട്ടില്ല. പക്ഷെ എന്റെ സന്തോഷം പകുതീം പോയി – അത്‌ പുളളിപ്രാവല്ല.

ഷാനു നിന്നതിനടുത്താണ്‌ അത്‌ വീണത്‌. അവൻ തന്നെ അതിനെ പൊക്കിയെടുത്തു. അതിന്റെ വെടികൊണ്ട ഭാഗം ഞങ്ങള്‌ കണ്ടുപിടിക്കുന്നതിനിടെ വെടിക്കാരൻ സ്ഥലത്തെത്തി അതിനെ കയ്യിൽ വാങ്ങി. അയാൾ അതിനെ ചിറകിൽ തൂക്കിയാണ്‌ തിരിച്ചു നടന്നത്‌. ഞങ്ങള്‌ പിറകേയും. ഡ്രില്ലുപുരയുടെ വരാന്തയിലെത്തുമ്പോഴേക്കും അത്‌ ചാകും – ഞാൻ മനസ്സിൽ വിചാരിച്ചു.

ഉച്ചതിരിഞ്ഞുളള ആദ്യ പീരിയഡ്‌ കഴിഞ്ഞ്‌ ബെല്ലടിക്കുന്ന ശബ്‌ദം കേട്ടു. ഒപ്പം കുട്ടികളുടെ ചിലമ്പലും. കാലൻ കോശിപ്പണിക്കരുടെ കണക്ക്‌.

ക്ലാസ്‌ കഴിഞ്ഞു. അടുത്തത്‌ സുഷമ ടീച്ചറുടെ കെമിസ്‌ട്രി ക്ലാസാണ്‌. ടീച്ചറ്‌ ആരൊക്കെ ക്ലാസിൽ കയറി, കയറിയില്ല, എന്നൊന്നും നോക്കിയില്ല. പാവം ടീച്ചറാണ്‌. തുക്കിക്കൊണ്ടു വന്ന പ്രാവിനെ വെടിക്കാരൻ താഴെ പുല്ലിലേക്കിട്ടു. അയാൾ കാക്കിസഞ്ചിയിൽനിന്ന്‌ ഒരു ബീഡി എടുത്ത്‌ കത്തിച്ചു വലിക്കാൻ തുടങ്ങി. തോളിൽ തൂക്കാൻ പാകത്തിൽ വളളിയുളള കാക്കിസഞ്ചിക്ക്‌ രണ്ട്‌ പളളകളുണ്ട്‌. ഒന്നിൽ വെടിമരുന്നും, ഉണ്ടകളും ഉണക്കച്ചകിരിയും പിന്നെ അയാളുടെ ബീഡിക്കെട്ടും തീപ്പെട്ടിയും. മുഴച്ചിരിക്കുന്ന മറ്റേതിൽ വെടിവച്ചിട്ട പ്രാവുകളോ, കൊക്കുകളോ മറ്റോ ആയിരിക്കും. അതിന്റെ ചുവട്ടിൽ കറകൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്‌. പഴക്കം മൂലം കറുത്ത ചോരക്കറകളാകാം. ഇരുപ്പേ വൈദ്യനു വേണ്ടിയാണ്‌ അയാൾ പക്ഷികളെ വെടിവച്ചിടുന്നത്‌ എന്നാണ്‌ പറഞ്ഞത്‌. ഇരുപ്പേ വൈദ്യന്‌ പല മരുന്നുകളും ഉണ്ടാക്കാനറിയാം. നാട്ടിലെ വലിയ വൈദ്യനാണ്‌ അയാൾ. ചിറ്റപ്പൻ ചേട്ടന്‌ അസുഖം മാറിയതും അങ്ങിനെ ഏതോ മരുന്ന്‌ ഉണ്ടാക്കി കൊടുത്തിട്ടാണെന്ന്‌ ഞാൻ കേട്ടിട്ടുണ്ട്‌.

തോക്ക്‌ നിറക്കുന്നത്‌ കാണാൻ ഞങ്ങള്‌ അടുത്തുകൂടിനിൽക്കും. അയാൾ വളരെ പതുക്കെയാണ്‌ അത്‌ ചെയ്യുക. ആദ്യം കുറച്ച്‌ വെടിമരുന്ന്‌ നുളളിയിടും. പിന്നെ കുഴലിനോട്‌ ചേർന്നിരിക്കുന്ന നീളൻ കമ്പിയെടുത്ത്‌ കുഴലിൽതാഴ്‌ത്തി ആ മരുന്ന്‌ ഇടിച്ചിടിച്ചമർത്തും. ഇത്തിരി ചകിരി പറിച്ചെടുത്ത്‌ അതിന്റെമേലെ കുത്തിതാഴ്‌ത്തും. പിന്നെയും മരുന്നിട്ട്‌ ഇടിച്ചമർത്തും. അങ്ങനെ അവസാനം വെടിയുണ്ട മേലെ വയ്‌ക്കും. അത്‌ താഴെ വീണുപോകാതിരിക്കാൻ പിന്നേം ഇത്തിരി ചകിരി കുത്തി തിരുകും. പക്ഷെ ഇനി ഇവിടെ കാത്തിരുന്നിട്ട്‌ ഒരു കാര്യവുമില്ല. വെടിക്കാരൻ പോകാതെ ഒരു പ്രാവുപോലും തിരിച്ചുവരാൻ പോകുന്നില്ല. പ്രാവുകളാണെങ്കിലും അവയ്‌ക്കും വിവരമുണ്ട്‌. ഇനി പ്രാവുകളെ കിട്ടുക പ്രൈമറി സ്‌കൂളിന്റെ മേൽക്കൂരയിലാണ്‌. ചുറ്റുമതിലില്ലാതെ കിടക്കുന്നതുകൊണ്ട്‌ അവിടെ കയറിപ്പറ്റാൻ എളുപ്പമാണ്‌. പ്രൈമറി സ്‌കൂൾ ഒരൊറ്റ വലിയ ഹാളാണ്‌. അത്‌ തട്ടികൾ വച്ച്‌ ഒന്നും രണ്ടും മൂന്നുമായി തിരിച്ചിരിക്കുകയാണ്‌. പ്രാവിന്റെ കാഷ്‌ഠം ഒലിച്ചുകിടക്കുന്ന അതിന്റെ ഭിത്തികളുടെ മൂലകളിലെല്ലാം, പുഴുക്കൾ ഉറകെട്ടി ഇരുന്നുറങ്ങുന്നുണ്ട്‌. ഭിത്തികൾക്ക്‌ കുറുകെ ഇട്ടിരിക്കുന്ന വലിയ കമ്പികളിലും മിക്കപ്പോഴും പ്രാവുകൾ വന്നിരിക്കാറുണ്ട്‌. പക്ഷെ നാലുമണി കഴിയണം. സ്‌കൂളുവിട്ട്‌ പിളേളരും, സാറൻമാരും പോയെങ്കിലേ അവിടെച്ചെന്ന്‌ വെടിവയ്‌ക്കാൻ പറ്റൂ. നിറച്ച തോക്ക്‌ ദേഹത്തിന്‌ കുറുകെ വച്ച്‌ വെടിക്കാരൻ വരാന്തയിലേക്ക്‌ മലർന്നു കിടന്നു. അയാളുടെ കൈയുളള പഴയ ബനിയനിൽ അങ്ങിങ്ങ്‌ വെടികൊണ്ട മാതിരി വട്ടത്തിലുളള ദ്വാരങ്ങളുണ്ടായിരുന്നു. അതിലൂടെ അയാളുടെ നെഞ്ചിലെ രോമങ്ങൾ പുറത്തേക്ക്‌ തളളിനിന്നു. ഞങ്ങളുടെ വീടിന്റെ പിറകിലെ കോഴിക്കൂടിന്‌ ചുറ്റിലും കടും പച്ചനിറത്തിൽ തഴച്ചുവളർന്നുകിടക്കുന്ന കറുകപ്പുല്ലുമാതിരി.

ഞങ്ങള്‌ നാലുപേരും ഇത്തിരി അപ്പറത്തോട്ട്‌ മാറിയിരുന്നപ്പം കബീറ്‌ കൂപ്പിലെ കഥകള്‌ പറയാൻ തുടങ്ങി. അവന്റെ വാപ്പച്ചി കൂപ്പിലെ ഡ്രൈവറാണ്‌. ഒഴിവുദിവസങ്ങളിൽ വാപ്പച്ചി അവനെ കൂപ്പിൽ കൊണ്ടുപോകാറുണ്ട്‌. കൂപ്പിലെ തടിപിടിക്കുന്ന ആനകളുടെ കഥകൾ അവൻ കൈയും കാലും കാട്ടി അഭിനയിച്ച്‌ പറയുന്നത്‌ ഞങ്ങള്‌ രസത്തോടെ കേട്ടിരുന്നു. വെടിക്കാരൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി വരാന്തയുടെ മൂലയിലെ വെയിലിൽ വീണ്‌ കുറുകി പുകഞ്ഞു. കഥയ്‌ക്കിടെ ഞാനെഴുന്നേറ്റ്‌ വെറുതെ പ്രാവിനെ തട്ടി നോക്കി. വിരലുകൊണ്ട്‌ ഉന്തി പതുക്കെ മലർത്തിയിട്ടു. അത്‌ കല്ലുപോലെയായിരുന്നു.

മൂന്ന്‌ നാല്‌ ദിവസം വൈകിട്ട്‌ തകൃതിയായി മഴപെയ്‌ത്‌ തോർന്ന ഒരു സന്ധ്യക്കാണ്‌ ഈയാംപാറ്റകൾ പൂക്കുറ്റിപോലെ പൊങ്ങിയത്‌. മുറ്റത്തുനിന്ന്‌ മുറികളിലേക്ക്‌ അവ ഇരച്ചുകയറാൻ തുടങ്ങിയപ്പോൾ ഞാനും, ചേച്ചിയും അമ്മയുംകൂടി ലൈറ്റുകളെല്ലാം അണച്ചിട്ട്‌ മുറ്റത്ത്‌ തീ കൂട്ടി. അതിലേക്ക്‌ വന്നുവീഴുന്ന ഈയാംപാറ്റകളേയും നോക്കി ഇറയത്തെ ഇരുട്ടിൽ ഞാനങ്ങനെ ഇരുന്നു. അച്‌ഛൻ വളം ഡിപ്പോ അടച്ചിട്ട്‌ എട്ടര മണിയായേ വരത്തുളളൂ. അതുവരെ പഠിച്ചില്ലേലും കുഴപ്പമൊന്നുമില്ല. ഇപ്പോൾ ഞങ്ങൾ സ്‌കൂളിലെ ഡ്രില്ലുപുരയുടെ അടുത്തേക്ക്‌ പോകാറേയില്ല. അങ്ങോട്ട്‌ പോകാൻ എല്ലാവർക്കും പേടിയാണ്‌. സ്‌കൂളിലെ മതിൽക്കെട്ടും കഴിഞ്ഞ്‌ തെങ്ങിൻതോപ്പിന്റെ അങ്ങേയറ്റത്താണ്‌ ഡ്രില്ലുപുര. ഡ്രില്ലുപുരയുടെ മുമ്പിലെ പടികൾ ചവിട്ടിക്കയറിയാൽ മുകളിൽ വലിയ ഗ്രൗണ്ട്‌. പഴയ ഡ്രില്ലുപുരയ്‌ക്ക്‌ വലിയ നാല്‌ മുറികളാണ്‌. അങ്ങേയറ്റം സ്‌കൗട്ടിന്റേതാണ്‌. വൃത്തിയുളള ആ മുറിയിൽ അലമാരയുടെ മുകളിൽ നിറയെ വലിയ ട്രോഫികൾ അടുക്കിവച്ചിരിക്കുന്നത്‌ കാണാം. രണ്ടാമത്തെ മുറി എൻ.സി.സിക്കാരുടേതാണ്‌. അവരുടെ ഡ്രസ്സുകളും, ബൂട്ടുകളും നിറയെ അടുക്കിവച്ചിട്ടുണ്ടാകും. ഭിത്തിയിൽ ഏറോപ്‌ളെയിനിന്റെ ചെറിയ മോഡലുകളുണ്ടാക്കി തൂക്കിയിട്ടുണ്ട്‌. അവരുടെ ഓഫീസർമാർ വരുന്ന ദിവസം ഏറോപ്‌ളെയിനുകൾ ഗ്രൗണ്ടിൽ പറത്താറുണ്ട്‌. മൂന്നാമത്തെ മുറി സ്‌പോർട്‌സിന്റെതാണ്‌. നിറയെ സാധനങ്ങളാണാമുറിയിൽ ബാളുകളും, ബാറ്റും, നെറ്റും, കാരംസ്‌ ബോർഡും, തടിക്കഷണങ്ങളും, പഴയ കസേരകളും, മേശകളും അങ്ങനെ മുറി നിറഞ്ഞുകിടക്കുകയാണ്‌. നാലാമത്തെ മുറി വെറുതെ കിടക്കുകയാണ്‌. അതിന്റെ ജനാലകൾ വലിച്ചുതുറന്നാണ്‌ ഇട്ടിരിക്കുന്നത്‌. അഴികളില്ലാത്തതിനാൽ ജനാലവഴി ഒരാൾക്ക്‌ അകത്തുകയറാൻ കഴിയും. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സുലു ആ മുറിയിലാണ്‌ ബോധം കെട്ട്‌ കിടന്നത്‌. സുലുവിനെ സ്‌കൂളിനടുത്തുളള ആശുപത്രിയിലേക്ക്‌ എടുത്തുകൊണ്ട്‌ പോയപ്പോൾ എന്റമ്മോ! എന്തൊരാൾക്കാരാ അവിടെ കൂടിയത്‌! ആശുപത്രിക്ക്‌ പിറകിലുളള കയ്യാലയ്‌ക്ക്‌ മുകളിലാണ്‌ ഞങ്ങള്‌ കയറി നിന്നിരുന്നത്‌. എന്നിട്ടും ഒന്നും കാണാൻ പറ്റിയില്ല. ജനാല വഴി നോക്കിയാൽ ആരൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നടക്കുന്നത്‌ കാണാമായിരുന്നു. വിവരം അറിഞ്ഞ ഉടനെതന്നെ കൂട്ടമണിയടിച്ച്‌ സ്‌കൂളുവിട്ടിരുന്നു. സാറൻമാരുടെ എല്ലാം എന്തോ അത്യാവശ്യ മീറ്റിംഗ്‌ കൂടാൻ വേണ്ടി. ഓട്ടത്തിനും ചാട്ടത്തിനുമെല്ലാം പങ്കെടുക്കുന്ന പെണ്ണായിരുന്നു സുലു. ഞങ്ങളുടെ വീടും കഴിഞ്ഞ്‌ കുറെ അപ്പുറത്താണ്‌ അവളുടെ വീട്‌. അവളുടെ അച്‌ഛനേം, അമ്മേം, എനിക്കറിയാം. ഞങ്ങളുടെ വീടിന്റെ മുന്നിൽ കൂടിയാണ്‌ നടന്ന്‌ പോകുന്നത്‌. തീപ്പെട്ടി കമ്പനിയിൽ പണിയെടുക്കുന്ന ലക്ഷ്‌മണനും, സരോജിനിയും. അവർക്ക്‌ ആകപ്പാടെ ഒരു മോളേയുളളൂ.

സംഭവം നടന്നേന്റെ അന്നും പിറ്റേന്നുമൊക്കെ പോലീസ്‌ ജീപ്പ്‌ ഗ്രൗണ്ടിൽ കിടക്കുന്നത്‌ കാണാമായിരുന്നു. ഡ്രിൽ മാസ്‌റ്റർ റോൾഡൻ സാറും, സുധാകരൻ സാറും ഡ്രില്ലുപുരയുടെ അടുത്ത്‌ സംസാരിച്ചോണ്ട്‌ നിൽക്കുന്നതും. പിളേളരെയാരെയും അങ്ങോട്ട്‌ പോകാൻ സമ്മതിച്ചതേയില്ല. ഉച്ചയ്‌ക്ക്‌ ഊണുകഴിഞ്ഞ്‌ സാധാരണ ജയകൃഷ്‌ണൻസാറും, സുധാകരൻ സാറും സ്‌റ്റാഫ്‌ റൂമിൽ ഇരുന്ന്‌ ചെസ്‌ കളിക്കാറുണ്ട്‌. ഞങ്ങള്‌ ജനലിൽ തൂങ്ങിനിന്ന്‌ അത്‌ കാണും. സംഭവത്തിന്‌ ശേഷം ചെസ്സ്‌ കളിയൊന്നുമില്ലാര്‌ന്ന്‌. അവിടേം എല്ലാവരും സുലുവിന്‌ പറ്റിയതിനെക്കുറിച്ചുളള സംസാരമായിരുന്നു. പിന്നെ പേപ്പറിൽ വരുന്ന അങ്ങനെയുളള കഥകളെക്കുറിച്ചും. പിളളാരുടെ എടേലും, സ്‌കൂളിന്‌ മുമ്പിലുളള അയ്യപ്പന്റെ കടേലും എല്ലാം ഇതുതന്നെയായിരുന്നു സംസാരം. ആകപ്പാടെ സ്‌ക്കൂളിലൊരു പുകിലാരുന്ന്‌.

സുലുവിനെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കാണാൻ ഞാനും പോയാര്‌ന്ന്‌. അവളുടെ വീടും മുറ്റവും നിറയെ ആൾക്കാരായിരുന്നു. എന്റെ വീടിന്‌ തൊട്ടടുത്തുളള അപ്പൂപ്പനും, മയ്‌തീന്റെ ഇളയകുഞ്ഞ്‌ ഷുക്കൂറും ഡങ്കി വന്ന്‌ മരിച്ചതിനുശേഷം അവിടെയെല്ലാം കൊതുകിനെ അകറ്റാനും, പരിസരം വൃത്തിയാക്കി കുമ്മായം വിതറാനും വന്ന പല ആൾക്കാരേയും അക്കൂട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു. ഒന്നുരണ്ട്‌ പേർ പത്രക്കാരാണെന്ന്‌ തോന്നുന്നു. അവർക്കൊപ്പം ക്യാമറയും പിടിച്ച്‌ വേറെ ആൾക്കാരുമുണ്ട്‌. ആരൊക്കെയോ വീടിനകത്തേക്ക്‌ തളളിക്കയറാൻ ശ്രമിച്ചപ്പോഴാണ്‌ സുലുവിന്റെ അമ്മ തലയിൽ കൈവച്ച്‌ നിലവിളിച്ചുകൊണ്ട്‌ പുറത്തേക്ക്‌ വന്നത്‌. അവരുടെ നിലവിളികേട്ട്‌ ശരിക്കു ഞാനും അങ്ങ്‌ പേടിച്ചുപോയി.

“എന്റെ സാറുന്മാരേ ഞങ്ങൾക്കൊന്നും അറിയത്തില്ലേ…., ഞങ്ങളെ വെറുതേ വിടണേ…., എന്റെ പൊന്നുമോള്‌ പാവമാണേ…. അയ്യോ…..”

അവര്‌ വല്ലാതെ ഒറക്കെ കരഞ്ഞുകൊണ്ടിരുന്നു. ചകചകാന്നാണ്‌ അവരുടെ മുഖത്തേക്ക്‌ ഫ്‌ളാഷുകൾ വീണത്‌. ആൾക്കാരുടെ ഇടയിൽ നിന്ന്‌ തിക്കി തിരക്കി ചാടി വീണ ചാനലുകാരൻ വാഴപ്പിണ്ടിപോലത്തെ മൈക്ക്‌ അവരുടെ മുഖത്തേക്ക്‌ നീട്ടിപ്പിടിച്ച്‌ ആ കരച്ചിൽ ഒട്ടും കളയാതെ തന്നെ റിക്കാർഡു ചെയ്‌തു. സുലുവിന്റെ അച്‌ഛൻ മുറ്റത്ത്‌ സങ്കടത്തോടെ നിന്ന്‌ കൈകൂപ്പി ശല്യപ്പെടുത്തരുതേ എന്ന്‌ അവരോട്‌ താണപേക്ഷിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്തേക്കും ഫ്‌ളാഷുകൾ അടിച്ചു. ചാനലുകാർ അയാളെ മാറ്റി നിറുത്തി എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ അയാൾ കണ്ണുനീർ തുടച്ചുകൊണ്ട്‌ ഒഴിഞ്ഞു മാറി. ഉടുപ്പിൽ അങ്ങിങ്ങെല്ലാം ബട്ടൻസ്‌ പിടിപ്പിച്ച താടിക്കാരൻ ക്യാമറാമാൻ കുനിഞ്ഞും നിവർന്നും നിന്ന്‌ അതെല്ലാം ഷൂട്ട്‌ ചെയ്‌തു. മറ്റൊരാൾ “അച്‌ഛാ പ്ലീസ്‌ – ഇങ്ങോട്ട്‌ നോക്കൂ, പ്ലീസ്‌”- എന്നു പറഞ്ഞുകൊണ്ട്‌ പിന്നാലെ വീണ്ടും കൂടി. ഇതിനിടയിൽ ജീപ്പിൽ നിന്നിറങ്ങിയ രണ്ട്‌ പോലീസുകാർ ചെന്ന്‌ വീട്ടിനുളളിലേക്ക്‌ ഇടിച്ചുകയറാൻ ശ്രമിച്ച ആൾക്കാരെ ഒഴിപ്പിച്ചുവിട്ടു. ഞാനും, ഷാനുവും, സുധീറും വീടിന്റെ പിറകിലൂടെ ചുറ്റി നോക്കീട്ടും അകത്തുകയറി സുലുവിനെ ഒന്ന്‌ കാണാൻ പോലും കഴിഞ്ഞില്ല.

പോലീസുകാർക്ക്‌ ഡ്രില്ലുപുരയുടെ മുറിയിൽ നിന്ന്‌ സുലുവിന്റെ പുളളിപാവാടയുടെ കഷണോം, തലയിൽ കെട്ടിയിരുന്ന റിബണും, ചുരുളൻ മുടിയും തെളിവായി കിട്ടിയെന്ന വിവരം വന്നു പറഞ്ഞത്‌ കബീറാണ്‌. ഇങ്ങനെയുളള കാര്യങ്ങൾ കണ്ടെത്താൻ അവൻ മിടുക്കനാണ്‌. ചുരുളൻ മുടിയുടെ തെളിവുവച്ചുകൊണ്ട്‌ ഞങ്ങൾ ക്ലാസിലിരുന്ന്‌ ഒത്തിരി ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തു. ഇടയ്‌ക്കിടെ വരാന്തയിൽ വന്നിരുന്ന്‌ ചീട്ടു കളിക്കുന്ന കുറെ പിശകു പയ്യൻമാരെയായിരുന്നു ഞങ്ങൾക്ക്‌ സംശയം. അവൻമാർ എവിടെ നിന്ന്‌ വരുന്നതാണെന്ന്‌ ഞങ്ങൾക്കറിയത്തില്ല. അല്ലെങ്കിലും സുലു എങ്ങനെ അവൻമാരുടെ കയ്യിൽ ചെന്നു പെട്ടു എന്നത്‌ പിന്നെയും ഉത്തരം മുട്ടിക്കുന്നതായിരുന്നു. കടയിലയ്യപ്പനോട്‌ പറഞ്ഞപ്പം അതിനെക്കുറിച്ച്‌ നമ്മളാരും ഇപ്പോൾ പുറത്ത്‌ സംസാരിക്കരുത്‌ എന്നാണ്‌ ഉപദേശിച്ചത്‌. റേപ്പ്‌ എന്ന്‌ സിനിമാ സ്‌റ്റൈലിൽ പറഞ്ഞുകൊണ്ടിരുന്ന കബീർ പീഡനം എന്ന്‌ തിരുത്തി പറയാൻ തുടങ്ങിയത്‌ അയ്യപ്പന്റെ കടയിലെ ചർച്ചകൾ കേട്ട ശേഷമാണ്‌. ഞങ്ങളുടെ അച്‌ഛൻ സംഭവം അറിഞ്ഞപ്പം തൊട്ട്‌ പീഡനം എന്നുതന്നെയാണ്‌ സംസാരത്തിനിടയിൽ പറയുന്നത്‌. ശരിക്കും പീഡനം നടന്നിട്ടൊണ്ടെങ്കിൽ പെൺകുട്ടികൾക്ക്‌ വയറ്റിലൊണ്ടാകും എന്നും അന്വേഷണത്തിന്‌ അത്‌ വലിയ ഒരു തെളിവാകും എന്നും അയ്യപ്പൻ തറപ്പിച്ചു തന്നെ പറഞ്ഞു. ഞങ്ങളുടെ ഇടയിലെ ഉഗ്രൻ സസ്‌പെൻസ്‌ ആയിരുന്നു അത്‌. ഏതോ ലാബീന്ന്‌ റിപ്പോർട്ടുകൾ ഇനീം വരാനുണ്ട്‌. അതും കൂടി കാത്തിരിക്കുകയാണ്‌ അയ്യപ്പൻ. പക്ഷെ പോലീസിന്റെ അന്വേഷണത്തിന്‌ ഒരു ചൂടും ഇല്ലെന്ന്‌ പറഞ്ഞ്‌ അയ്യപ്പൻ ദേഷ്യപ്പെട്ടു.

രണ്ടാം പീരീഡ്‌ കഴിഞ്ഞ്‌ ഇന്റർവലിന്‌ ബെല്ലടിച്ചപ്പോ ഞാനിറങ്ങി നിന്ന്‌ ഡ്രില്ലുപുരയുടെ അങ്ങോട്ട്‌ നോക്കി. കബീറ്‌ തെളിവിന്റെ കാര്യം പറഞ്ഞപ്പം മുതൽ അവിടച്ചെന്നൊന്ന്‌ നോക്കണമെന്ന്‌ ഞാൻ വിചാരിച്ചതാണ്‌. എന്നാലും ഒരു ധൈര്യം പോരാ. പതുക്കെ ഞാൻ അവിടേക്ക്‌ നടന്നു. കുട്ടികളാരും അതിന്റെ അടുത്തില്ല. സംഭവം കഴിഞ്ഞ്‌ ആദ്യമായാണ്‌ ഞാൻ അതിന്റെ അടുത്തേക്ക്‌ പോകുന്നത്‌. ദൂരെനിന്ന്‌ നോക്കിയപ്പം തൊറന്നുകിടന്ന ജനൽ അടച്ചിട്ടിരിക്കുകയാണ്‌. ഇത്തിരികൂടി അടുത്തുചെന്നു. ജനൽപ്പലക ഒരു തടിക്കഷണം വച്ച്‌ ആണിയടിച്ച്‌ ഉറപ്പിച്ചിട്ടുണ്ട്‌. അടഞ്ഞുകിടന്ന ജനലിലൂടെ അകം കാണാൻപറ്റുമോ എന്നു ഞാൻ നോക്കി. നേരിയ വിടവിലൂടെ അകത്തെ ഇരുട്ട്‌ കാണാം. അതിലേക്ക്‌ ഒളിച്ചു നോക്കിക്കൊണ്ട്‌ നിന്നപ്പം ഞാൻ പലതും ഓർത്തുപോയി. ഒന്നിലധികം പേര്‌ ഉണ്ടായിരുന്നെന്നും, പെണ്ണ്‌ മരിക്കാതെ രക്ഷപ്പെട്ടത്‌ ഭാഗ്യം എന്നും കബീറ്‌ തന്നെയാണ്‌ പറഞ്ഞത്‌. ഈ ഇരുട്ടിൽ കിടന്നാണ്‌, അവൻമാരുടെ ബലപ്രയോഗത്തിൽ സുലു കൈകാലിട്ടടിച്ചതെന്നോർത്തപ്പോൾ എനിക്ക്‌ പേടി തോന്നി. അധികനേരം നിൽക്കാതെ പെട്ടെന്നു ഞാൻ തിരിച്ചുനടന്നു. മുമ്പ്‌ ഇതുവഴി പോകുമ്പോൾ തൊറന്നുകിടന്ന ജനലിലൂടെ അകത്തേക്ക്‌ തലയിട്ട്‌ കൂക്കിവിളിക്കാറുണ്ടായിരുന്നു. ഇരട്ടിശബ്‌ദത്തോടെയാണ്‌ അത്‌ തിരിച്ച്‌ മുഴങ്ങുക. ചുമരിന്റെ മുകളിൽ പതുങ്ങിക്കൂടിയിരിക്കുന്ന പ്രാവുകളെല്ലാം അതുകേട്ട്‌ പേടിച്ചുവിറച്ചിട്ടുണ്ടാകും.

വനിതാ സമാജക്കാരും കമ്മീഷനിൽനിന്നുവന്ന രണ്ട്‌ സ്‌ത്രീകളും സുലുവിനെ കാണാനും തെളിവെടുക്കാനും വന്നപ്പോഴാണ്‌ ജനാലവഴി സുലുവിനെ പിന്നെ കണ്ടത്‌. അവൾ ഒന്നും മിണ്ടാതെ ദൂരേക്ക്‌ നോക്കി ഒരേ ഇരുപ്പാണ്‌. അവളാകെ കോലംകെട്ടുപോയി. പീഡനം കഴിഞ്ഞിട്ട്‌ ഒരാളെ ഞാൻ ആദ്യമായാണ്‌ കാണുന്നത്‌. അവളുടെ ഇരുപ്പ്‌ കണ്ടപ്പം എനിക്ക്‌ വല്ലാത്ത കഷ്‌ടം തോന്നി. സുലുവിന്‌ സമനില തെറ്റിയിട്ടുണ്ടെന്ന വിവരം അമ്മയിൽ നിന്നാണ്‌ ഞാൻ കേട്ടത്‌. അത്‌ അയ്യപ്പനോട്‌ ആദ്യം പറഞ്ഞതും ഞാനാണ്‌. പഴയ ചില കേസുകൾ വച്ചുകൊണ്ട്‌ അയ്യപ്പൻ അത്‌ ശരിയായിരിക്കും എന്നുതന്നെ പറഞ്ഞു.

പോലീസുകാരുടെ അന്വേഷണം എങ്ങുമെത്താതെയായപ്പോഴാണ്‌ നാട്ടുകാർ കമ്മിറ്റി ഉണ്ടാക്കിയത്‌. പാർട്ടിയുടെ നേതാവും, ഞങ്ങളുടെ ബന്ധുവും കൂടിയായ അരവിന്ദൻ ചേട്ടനായിരുന്നു കമ്മിറ്റികൂടിയ ദിവസം പ്രസംഗിച്ചത്‌. കലക്കൻ പ്രസംഗമായിരുന്നു അത്‌. പിറ്റേന്ന്‌ പഞ്ചായത്താപ്പീസിലേക്കും പോലീസ്‌ സ്‌റ്റേഷനിലേക്കും മാർച്ച്‌ നടന്നു. അതിന്റെ മുന്നില്‌ സുലുവിന്റെ അച്‌ഛനെ എല്ലാവരും കൂടി നിർബന്ധിച്ചു പിടിച്ചുകൊണ്ടുവന്നു നടത്തിച്ചു. ഞാനും സുധീറും കബീറും ഷാനുവും ഇതിലെല്ലാം പങ്കെടുത്തതുകൊണ്ട്‌ ക്ലാസിൽ കയറിയതേയില്ല. ജാഥയ്‌ക്ക്‌ പോയിട്ട്‌ പിന്നെ സമയം കിട്ടേണ്ടേ?

പഞ്ചായത്ത്‌ പ്രസിഡണ്ടും, പോലീസധികാരികളും ഉറപ്പുപറഞ്ഞ ഒരാഴ്‌ചക്കകം ആ ദുഷ്‌ടൻമാരെ പിടിച്ച്‌ തിരിച്ചറിയൽ പരേഡ്‌ നടത്തിയിട്ടില്ലെങ്കിൽ നിരാഹാരം തുടങ്ങാൻ തന്നെ കമ്മിറ്റി തീരുമാനിച്ചു. ലക്ഷ്‌മണനേയും, സരോജിനിയേയും സഹായിക്കാൻ പാട്ടപ്പിരിവും രസീതിപ്പിരിവും തുടങ്ങി. നിരാഹാരമിരിക്കാൻ ലക്ഷ്‌മണൻ മാത്രം പോര സരോജിനിക്കും വേണമെന്ന്‌ സ്‌ട്രോങ്ങായി എല്ലാവരും പറഞ്ഞു. കമ്മിറ്റിയുടെ തീരുമാനം അറിയിക്കാൻ ചെന്നവർക്കുനേരെ സരോജിനി ദേഷ്യപ്പെട്ടെന്നും, ചാടിയിറങ്ങി വകതിരിവില്ലാതെ എന്തൊക്കെയോ വിളിച്ചുപറഞ്ഞെന്നും അറിഞ്ഞു. ആ സംഭവം കാണാൻ എനിക്ക്‌ പറ്റിയതേയില്ല. ചെലപ്പം വിഷമംകൊണ്ട്‌ സരോജിനിക്കും ചെറുതായിട്ട്‌ വട്ട്‌ തൊടങ്ങിക്കാണും എന്നു പറഞ്ഞത്‌ ഷാനുവാണ്‌. ആരും അത്‌ എതിർക്കാൻ പോയില്ല.

ഇതിനിടെ ഓണപ്പരീക്ഷ ഇങ്ങ്‌ വന്നതേയറിഞ്ഞില്ല. പരീക്ഷയായതുകൊണ്ട്‌ രാവിലെ തൊട്ട്‌ വൈകിട്ടുവരെ ക്ലാസിലിരുന്ന്‌ മുഷിയേണ്ട കാര്യമില്ല. പരീക്ഷയുടെ അന്ന്‌ രാവിലെ അയ്യപ്പന്റെ കടയിലിരിക്കുമ്പോഴാണ്‌ ഞെട്ടിപ്പിക്കുന്ന വാർത്ത ഞങ്ങള്‌ കേട്ടത്‌. സത്യം പറയാമല്ലോ കരച്ചിലുവന്നുപോയി. പാവം സുലു, അവളുടെയൊരു വിധി. എന്റെയപ്പുറത്തിരുന്ന സുധീറിന്റെ കണ്ണുനിറയുന്നതും ഞാൻ കണ്ടു. അരിപൊടിക്കാൻ പോയ ബദറുമ്മ യോനാച്ചന്റെ പെണ്ണുമ്പുളളയോട്‌ പറഞ്ഞുകൊണ്ട്‌ പോകുന്നതുകേട്ടു. “എന്നാലും എന്റെ റബ്ബേ ആ സരോജിനീം കുടുംബോം വല്ലാത്തൊരു കടുംകൈയ്യാ ചെയ്‌തത്‌.”

ആ ദുഷ്‌ടൻമാരെ സുലുവിന്റെ മുമ്പിൽ കൊണ്ടുവന്ന്‌ നിരത്തി നിറുത്തി തെളിവെടുക്കുന്നതും, പോലീസ്‌ ഇടിച്ചവൻമാരുടെ എല്ലൂരുന്നതുമായ സ്വപ്‌നം ഇനി നടക്കത്തേയില്ല. സുലുവിന്റെ മുഖം ഓർത്തപ്പോൾ എനിക്ക്‌ സഹിക്കാനായില്ല. അയ്യപ്പൻ ചതുരത്തിൽ മുറിച്ച ഓരോ കറുത്ത തുണി കൊണ്ടുവന്ന്‌ ഞങ്ങളുടെ നെഞ്ചത്ത്‌ കുത്തി തന്നു. പൊടിപറത്തിപ്പാഞ്ഞുവന്ന ഒരു വാൻ ജംഗ്‌ഷനിൽ നിറുത്തി വഴിചോദിച്ച്‌ അവിടേക്ക്‌ തിരിഞ്ഞുപോയി. അതു ചാനലുകാരാ- വാൻ കണ്ടാലറിയാം. ഞാനും സുധീറും വാനിന്റെ പിന്നാലെ ഓടാനേ പോയില്ല. ഞങ്ങൾക്ക്‌ അതിനൊന്നും കഴിയുമായിരുന്നില്ല. കരച്ചിലടക്കാനാകാതെ ഞങ്ങൾ രണ്ടുപേരും തൂണുംചാരിയിരുന്നു.

Generated from archived content: story1_aug7_08.html Author: k_r_hari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here