കൂറ്റൻ കുതിരക്കമ്പികളിൽ ഒരെണ്ണം മരുതോംകുന്നിന്റെ നെറുകയിലും മറ്റൊന്ന് മാണികത്തനാരുടെ പറങ്കിമാവിൻ കൂട്ടവും കഴിഞ്ഞ് പാട്ടുവരയ്‌ക്കൽച്ചിറയുടെ അങ്ങേക്കരയിലും നിന്നു. ഇവയ്‌ക്കു മുകളിലൂടെ വടംപോലെ വലിഞ്ഞുകിടന്ന മൂന്ന് കമ്പികളുടെ നിഴലിൽ കുന്നിൻചെരുവിലെ തെങ്ങിൻതോപ്പും, വെറ്റിലക്കൊടിയും, കഠാരമുളളുകളും, ചേറാടി നിലങ്ങളും, കൈത്തോടും കിടന്നു. ഞങ്ങളുടെ അടിസ്ഥാനഭയങ്ങൾ എപ്പോഴും കുതിരക്കമ്പികളിൽനിന്ന് അകലം പാലിക്കാൻ ഞങ്ങളെ ശീലിപ്പിച്ചു. ഞങ്ങളെ മാത്രമല്ല. കന്നുകാലികളേയും. അണമുറിയാതെ ഒഴുകുന്ന ഊർജ്ജത്തിന്റെ പെരുക്കങ്ങളിൽ വലിഞ്ഞുമുറുകിക്കിടന്ന കമ്പികളുടെ ഇരമ്പം പലപ്പോഴും അത് ഞങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടുമിരുന്നു. കണ്ണുപിടിക്കാത്ത അതിന്റെ ഏറ്റവും ഉയരത്തിലുളള കമ്പിയിൽ ജനുസ്സറിയാത്ത ഒത്തിരി ഒത്തിരി കിളികൾ മാത്രം ഉരുമിയിരുന്നു. പിന്നെ അവയ്‌ക്കുമാത്രം അറിയാവുന്ന സ്ഥലരാശികളിലേക്ക് എപ്പോഴോ പറന്നുപോവുകയും ചെയ്‌തു.
കുതിരക്കമ്പികൾ നാട്ടാൻ വന്നിറങ്ങിയതിൽ ഏറെയും തമിഴ്‌നാട്ടുകാരായിരുന്നു. നട്ടപ്പകലിലും പിരിയൻ കമ്പികളുടെ അലൂമിനിയം തിളക്കങ്ങളിൽ അപ്പാസ്വാമിയും, അമ്മാങ്കണ്ണും, ഭൈരവനും കിഴുക്കാംതൂക്കായി കിടന്നു. കമ്പികളിൽ കുടുക്കിവിട്ട കപ്പികളിൽ അവർ ഒഴുകിനടന്നത് ഞങ്ങളെ രസിപ്പിക്കുന്ന കാഴ്‌ചയായിരുന്നു. അത്ഭുതത്തിന്റെയും. അതുകഴിഞ്ഞ് എപ്പോഴാണ് അതിലൂടെ കറന്റ് ഒഴുകാൻ തുടങ്ങിയത് എന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. കാറ്റും കെട്ട് കരിയിലകളും ചിലക്കാത്ത ഏതോ സായാഹ്‌നങ്ങളിൽ കമ്പികളുടെ ഇരമ്പം ഞങ്ങളുടെ കാതിൽ വന്നലയ്‌ക്കുന്നതുവരെ. ഞങ്ങളുടെ പരിമിതമായ അറിവുകളിലൂടെ അങ്ങനെ ഞങ്ങൾ ഊഹിച്ചെടുക്കുകയായിരുന്നു.
കുതിരക്കമ്പിയുടെ പണിക്കാർ പോയതിന്റെ പിന്നാലെ വേലൻകുടീന്ന് കൂടിളകിയ മാതിരി ഒരു ബഹളമായിരുന്നു. മൂത്താന്റെ വീട്ടിലാക്കിയിട്ട്, മണ്ടയ്‌ക്കാട്ട്‌കുട ഉത്സവത്തിനുപോയ കണ്ണൻവേലന്റെ മോളെ കാണാനില്ലെന്ന്. നാടൊട്ടുക്ക് ഓടിനടന്ന് തെരഞ്ഞിട്ടും പെണ്ണൊരുത്തിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. അതും ഇതും പറഞ്ഞ് ചിലർ വാപൊത്തിച്ചിരിച്ചും, ചിലർ അയ്യോ കഷ്‌ടം പറഞ്ഞും ഇരിക്കുമ്പോഴാണ് ഈച്ചപ്പൊടിയൻ പുതിയ വാർത്തയുമായി എത്തിയത്. ഈച്ചപിടിക്കാൻ അച്ചൻകോവിലിലും, കോട്ടവാസലിലും, കുളത്തൂപ്പുഴയിലുമെല്ലാം കയറിയിറങ്ങി നടക്കുമ്പോൾ അവിൽക്കച്ചവടം നടത്തുന്ന ചെങ്കോട്ടക്കാരി പറഞ്ഞറിഞ്ഞതാണ്- പെണ്ണ് അയ്യാങ്കണ്ണിനൊപ്പം പുളിയാംകുടിയിൽ പൊറുക്കുന്നുണ്ടെന്ന്. റേഷൻ വാങ്ങാൻ പോകുന്നവഴി അവൾ പലപ്പോഴും അയ്യാങ്കണ്ണുമായി ശ്യംഗരിച്ചുനിൽക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ഈച്ചപ്പൊടിയൻ തെളിവും നിരത്തി- പിന്നെന്തുവേണം? ഉത്സവം കഴിഞ്ഞ് പിന്നേം ഒരാഴ്‌ച കഴിഞ്ഞ് വന്ന കണ്ണൻവേലനോട് സംഭവം പറഞ്ഞപ്പോൾ “പൊകഞ്ഞകൊളളി പൊറത്തെന്ന്” പറഞ്ഞ് ആട്ടി ഒരു തുപ്പുംതുപ്പി കണ്ണൻവേലൻ നേരേ ഷാപ്പിലേക്ക് നടന്നു. ഇതല്ലെങ്കിൽ വേറെ ആരുടെയെങ്കിലും കൂടെ ഓടിപ്പോകാൻ ഒരുമ്പെട്ടു നിന്നവളാണവളെന്ന് ബാക്കിയുളളവരും. “ന്നാലും കൊടംവച്ച കതിരുപോലൊരു പെണ്ണാരുന്നെന്ന്” വാട്ടിയിട്ട കപ്പ ഇത്തിരി ഊറ്റിയിട്ട്, മുളകും ഞെവിടി തിന്ന് മുറ്റത്തിരുന്നുകൊണ്ട് തിരുമാല്. എന്തായാലും അന്ന് കമ്പിയിൽ തൂങ്ങിക്കിടന്നുകൊണ്ട് അയ്യാങ്കണ്ണ് തമിഴ് പാട്ടൊക്കെ പാടിയത് വെറുതെയായിരുന്നില്ലാ എന്നെനിക്കിപ്പോൾ മനസ്സിലായി. കേൾക്കാൻ ആളുണ്ടായിട്ടായിരുന്നു അയ്യാങ്കണ്ണ് അങ്ങനെ നീട്ടിപ്പാടിയത്.
വിലക്കുകൾ ഒരിക്കലും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. കൂറ്റൻ കറണ്ട് കമ്പികൾ വന്നിട്ടുപോലും. തെങ്ങിൻതോപ്പിൽ ഓരോ കളികൾക്ക് ഓരോ ഇടങ്ങളും, വെറ്റിലക്കൊടിയുടെ പൊതിഞ്ഞുപിടിച്ച കുളിരും, തൊട്ടടുത്ത് കൈതപൊന്തകളുടെ രഹസ്യങ്ങളിൽ മറഞ്ഞുകിടന്ന നീലിച്ച കൊടിക്കുളവും, എളളിൻപണകളും എന്നുവേണ്ട എല്ലായിടങ്ങളും ഞങ്ങളുടേതായിരുന്നു. ഗ്യാസിന്റെ ഗോഡൗൺ വരുന്നതുവരെ. കുറെ തെങ്ങുകൾ കൂടി വെട്ടിവെളുപ്പിച്ച്, മണ്ണിട്ടമർത്തി വഴിയുംതെളിച്ച്, നിറംകെട്ട സിമന്റുകട്ടകളും ഷീറ്റുമായി അത് ഞങ്ങളുടെ കളിസ്ഥലങ്ങൾക്ക് ഒരു വിലങ്ങായി ഉയർന്നുവന്നു. എപ്പോഴും ഒരു ഉണ്ടക്കുടവയറൻ സെക്യൂരിറ്റി അതിന് കാവൽ നിന്നു. ബീഡിക്കറ പുരണ്ട വെളളിച്ചുരുളൻ മീശയുടെ അറ്റം പിരിച്ചുകാട്ടി പലപ്പോഴും അയാൾ ഞങ്ങളെ വിരട്ടി. ഞങ്ങളുടെ കളികൾ കാടുകയറുമ്പോഴും, അതിർത്തികൾ ലംഘിക്കുമ്പോഴുമെല്ലാം അയാൾ കണക്കറ്റ ചീത്തകൾ പറഞ്ഞു. അങ്ങനെ അയാൾ ഞങ്ങളുടെ ശത്രുവായി മാറി. കരിക്കട്ടയിലും ചോക്കിലും തരംകിട്ടുമ്പോഴൊക്കെ ഒരു ഉണ്ടക്കുടവയറൻ, കൊമ്പൻമീശയുമായി ഗോഡൗണിന്റെ ഭിത്തികളിൽ അവതരിച്ചു. ഇരുളുമൂടിക്കെട്ടി മഴമുറിയാതെ നിൽക്കുന്ന ദിവസങ്ങളിൽ അവിടങ്ങളിലെല്ലാം ഉറവകൾ പൊങ്ങാറുണ്ടായിരുന്നു. ഓരോ ഉറവകളും തേടി ഞങ്ങൾ നടക്കും. കരിനീല മണലുകളുടെ ചെറുവളയങ്ങളിൽ കിടന്ന ഉറവകളെ ഞങ്ങൾ കുത്തിക്കുത്തി വലുതാക്കും. മണ്ണുമാന്തി ഒരു കൊച്ചുകിണറുമാതിരി ഉണ്ടാക്കിയെടുക്കും. അതിൽ തെളിവെളളം നിറയുന്നത് ഒരു അധ്വാനത്തിന്റെ ഫലം കിട്ടുന്ന സംതൃപ്‌തിയോടെ ഞങ്ങൾ നോക്കിയിരിക്കും. പക്ഷെ അതെല്ലാം ഇന്ന് ഗ്യാസ് ഗോഡൗണിന്റെ വിലക്കുകൾക്കുളളിലാണ്. മണ്ണിട്ടമർത്തിയ അതിനുചുറ്റും ചെളിവെളളം പാടമൂടിക്കിടന്നു. അതിൽ വളർന്നുനിന്ന നെല്ലിലോ കളയിലോ വാലൻതുമ്പികൾ ഇത്തിരി വെയിലിൽ പാറിനടന്നു. കൈയ്യോന്നിയും കാട്ടുകടുകും, ചങ്ങലംപരണ്ടയും എവിടെയോ പട്ടുപോയി. മുറിച്ചിട്ടുകിടന്ന് അഴുകിയും, കൂണുപിടിച്ച മരങ്ങളും, ലോറി പോയി കുഴഞ്ഞുമറിഞ്ഞ മണ്ണും, കാലിയായ ഗ്യാസുകുറ്റികളുടെ ബഹളവും എല്ലാം ഞങ്ങളെ സംബന്ധിച്ച് അസുഖകരമായിരുന്നു. ചിലപ്പോൾ രാത്രിയിലും അവിടെ വണ്ടികൾ വന്നുപോകാറുണ്ട്. ഒരു രഹസ്യംപോലെ. കുന്നുകയറിപ്പോകുന്ന അവയുടെ ചുവന്നവെളിച്ചങ്ങൾക്ക് അകമ്പടിയായി പട്ടികളുടെ കൂട്ടക്കരച്ചിലുകളും കേൾക്കാം.
ചുമരും ചിരിയിരുന്ന് ചെവിത്തോണ്ടികൊണ്ട് കടുത്ത പ്രയോഗങ്ങൾ നടത്തുന്നതല്ലാതെ അപ്പൻ വേറൊന്നും ചെയ്യാറില്ല. എന്തെങ്കിലും പണിക്കുപോയാലും അപ്പൻ അത് കളഞ്ഞിട്ടുപോരും. അതൊന്നും ശരിയാകില്ല എന്നതാണ് അപ്പന്റെ പല്ലവി. ശിങ്കം, കുയിൽ, പുളളിമാൻ, ഡീലക്‌സ് ലോട്ടറികൾ എടുക്കുകയാണ് അപ്പന്റെ ഇപ്പോഴത്തെ തൊഴിൽ. അപ്പന് അതിൽനിന്ന് എന്തെങ്കിലും കിട്ടുന്നുണ്ടോ എന്നെനിക്കറിയില്ല. എന്റെ ബുക്കിൽ നിന്ന് കീറിയെടുക്കുന്ന പേപ്പറിലോ, സിഗറട്ട് കൂടിന്റെ പുറത്തോ അപ്പൻ എന്തോ എഴുതിക്കൂട്ടുന്നത് കാണാറുണ്ട്. ലോട്ടറി അടിക്കുന്നതിന് ചില സൂത്രവാക്യങ്ങളൊക്കെയുണ്ട് അപ്പന്റെ കണക്കിൽ. അതിരുന്ന് കൂട്ടലും കിഴിക്കലുമാണ് ചെവിത്തോണ്ടി കൈയിലില്ലാത്ത സമയങ്ങളിൽ. അടിക്കാത്ത ലോട്ടറികൾ തെറ്റുംമാറ്റും നുളളിക്കീറിയെറിയുന്നവ മുളളുവേലിക്കടുത്തും, മുളകുവളളികളുടെ പടർപ്പുകളിലും കടലാസുപൂക്കളായി ചിതറിക്കിടന്നു.
അപ്പന്റെ ഇരുപ്പുകണ്ട് രാവിലെ മുതൽ മുറുമുറുത്തു തുടങ്ങിയ അമ്മയുടെ അരിശം ഒന്നടങ്ങിയത് തൊണ്ണാംപൊത്ത് വലിച്ചുനീക്കി ഉണങ്ങാനിട്ടപ്പോൾ അതിനടിയിലിരുന്ന ചുരുട്ടപാമ്പിനെ അടിച്ചുകൊന്നതിനുശേഷമാണ്. അടുക്കളയിലെവിടെയോ ഇരുണ്ടുപഴുത്ത അരമുറിച്ചക്കയുടെ മണത്തിൽ വശംകെട്ട് നടക്കുകയായിരുന്നു ഞാൻ. അടിച്ചുകൊന്നതിനെ കുഴിച്ചുമൂടാനായി ഒരു ഈറക്കമ്പിൽ കോർത്തെടുത്ത് എന്റെ കൈയ്യിൽ തന്നു. ഞാനതിനേയും കൊണ്ട് വീടിറങ്ങി കൈത്തോടിന്റെ കരയിലെ പിരിയൻതെങ്ങുവരെ നടന്നെങ്കിലും പിന്നെയൊന്നാലോചിച്ച് ഗോഡൗണിന്റെ അടുക്കലേക്കുതന്നെ തിരിഞ്ഞുനടന്നു.
അപ്പൻ അവസാനമായി പണിക്കുപോയത് അന്ന് കുതിരക്കമ്പികളുടെ പണികൾ നടക്കുമ്പോഴാണ്. അമ്മ ഉപദേശിച്ചാണ് അപ്പൻ അന്ന് അവരോടൊപ്പം പോയത്. സ്വതയുളള ഒരാട്ടിൻകുട്ടി കണക്കെ അപ്പൻ അന്ന് ആദ്യമായി അമ്മയെ അനുസരിച്ചത് എന്നെ അത്ഭുതപ്പെടുത്തി. രണ്ടാംദിവസം പക്ഷെ അപ്പൻ കമ്പിമേൽ കയറുമ്പോൾ കാലുവിറയ്‌ക്കുന്നെന്ന് പറഞ്ഞ് തിരികെപ്പോന്നു.
“നിനക്കിവിടിരുന്ന് പറഞ്ഞാമതി, അനുഭവിക്കേണ്ടത് ഞാനാ, അതിന്റെ മോളീംന്നങ്ങാനും വീണാൽ പൊടിപോലും കാണില്ല”- ഇതൊന്നും ശരിയാകില്ല എന്ന അവസാനവാചകവും പറഞ്ഞ് അപ്പൻ ആ അദ്ധ്യായം മടക്കി. ചെവിത്തോണ്ടിയുടെ പ്രയോഗങ്ങളുമായി, അതിന്റെ അനുഭൂതിയിൽ അപ്പൻ പിന്നെയും ചുമരും ചാരിയിരുന്നു. റബ്ബറിന്റെ വലിയ രണ്ട് കൈയ്യുറകൾ അപ്പൻ ഇതിനിടയിൽതന്നെ സ്വന്തമാക്കിയിരുന്നു. അത് മടക്കി അപ്പന്റെ കിടക്കക്കടിയിലുളള ബയന്റ് പെട്ടിയിൽ ഭദ്രമായി വച്ചു.
ഇരുട്ട് ഭാസ്‌കരൻ പറഞ്ഞിട്ടാണ് സംഭവം ഞങ്ങളറിഞ്ഞത്. ഭാസ്‌കരൻ ഇരുട്ടായത് അവന്റെ നിറത്തിന്റെ ഗുണംകൊണ്ടാണ്. കേട്ടതും ഞങ്ങൾ കൊയ്‌ത്തുകഴിഞ്ഞു കിടന്ന പാടത്തിന്റെ കുറുകെ വലിഞ്ഞോടി. കച്ചിത്താളുകളിൽ തട്ടി കാലുമുറിഞ്ഞതും, അതിലെ വെളളത്തുളളികൾ തെറിച്ച് കാലുനീറിയതും ഞങ്ങളറിഞ്ഞില്ല. പളളിയാംതടത്തിലെ നിലയില്ലാക്കുളം മോട്ടോറുവച്ച് വറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെളളം കുറെ വറ്റിച്ചു കഴിഞ്ഞപ്പോഴാണ് അഴുകിക്കഴിഞ്ഞ ഒരു ശവം കണ്ടത്. എല്ലും മുടിയും മാത്രമേ ബാക്കിയുളളൂ എന്നാണ് ഇരുട്ട് പറഞ്ഞത്. ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ പോസ്‌റ്റ്‌മോർട്ടം ചെയ്യാൻ തുടങ്ങുകയായിരുന്നു. രണ്ട് ഓലകൊണ്ട് കുത്തിമറച്ചതിന്റെ അകത്തായിരുന്നു ഡോക്‌ടറും പോലീസുകാരും. ലക്ഷണങ്ങൾ വച്ച് ഒരു സ്‌ത്രീയുടെ ശവമാണെന്നാണ് എല്ലാവരും പറഞ്ഞത്. ആരാണെന്നോ എന്താണെന്നോ ആർക്കും അറിയില്ലായിരുന്നു. തിരികെവന്ന് കാലിലെ കച്ചിത്താളിന്റെ പോറലുകളും പരിശോധിച്ചിരിക്കുന്നതിനിടയിൽ എന്റെ മനസ്സിൽ ഏതൊക്കെയോ ചിന്തകൾ നുരപൊന്തിവന്നു. കൈത്തോടുമുറിഞ്ഞ് വെളളം മറിയുന്നിടത്ത് ചെനച്ചുനിൽക്കുന്ന ഞാറിനുചുറ്റും നുരകെട്ടിനിൽക്കുന്ന മാതിരി. അതുപിന്നെ ഓളംതല്ലി മുറിഞ്ഞുമുറിഞ്ഞ് എങ്ങോ അപ്രത്യക്ഷമാവുകയും ചെയ്‌തു. കഥകൾക്ക് ഒരു മറുകഥ പറയാൻ ഈച്ചപ്പൊടിയൻ നാട്ടിലുണ്ടായിരുന്നില്ല താനും. കണ്ടിട്ട് മൂന്ന്‌നാല് മാസങ്ങളാകുന്നു. ചിരട്ടയിൽ പെറുക്കിയിട്ടിരുന്ന ചൂണ്ടയിൽ കോർക്കാനുളള മണ്ണിര തീനുകളെ ശവംതീനി ഉറുമ്പുകൾ കൂട്ടംകൂട്ടമായി വലിച്ചുകൊണ്ടു പൊയ്‌ക്കൊണ്ടിരുന്നു.
അപ്പനിപ്പോൾ ഇത്തിരി ഗൗരവത്തിലാണ്. എവിടെനിന്നോ സംഘടിപ്പിച്ചുകൊണ്ടുവന്ന മുളംകമ്പുകൾ വെട്ടിക്കോതി തലയ്‌ക്കുയരമുളള കഴകളാക്കി ഒരുക്കിവച്ചു. മിക്കവാറും അപ്പൻ വൈകിയാണ് എത്തുന്നത്. ചിലപ്പോൾ രാവിലെ തന്നെ പോകും. വളരെ വൈകിയെത്തുന്ന ദിവസങ്ങളിൽ ഉച്ചവരെ കിടന്നുറങ്ങും ചെവിത്തോണ്ടി അപ്പൻ പാടെ മറന്നമട്ടാണ്. അപ്പന്റെ കട്ടിലിനടിയിൽ പോസ്‌റ്ററുകളുടെ അടുക്കുകൾ ഇരിക്കുന്നത് കാണാം. കൂടാതെ കടലാസുപൊതികളും. അതിലൊന്നും തൊട്ടേക്കരുതെന്ന അപ്പന്റെ വിലക്കുകൾ കട്ടിലിനടിവശം അപ്രാപ്യമായ ഗോഡൗൺപോലെ എന്നെ ഓർമ്മിപ്പിച്ചു.
“ഓരോരുത്തർക്കും ഓരോന്നു പറഞ്ഞിട്ടുണ്ട്. അതങ്ങനെയേ വരൂ”- അമ്മ അതുപറയുമ്പോൾ മനസ്സിന്റെ സന്തോഷം ആ വാക്കുകളിലുണ്ടായിരുന്നു. അപ്പനെ കാൽകാശിന് കൊളളില്ല എന്ന പഴയ വാചകം അമ്മ എപ്പോഴോ മറന്നു.
“അപ്പന് വിദ്യാഭ്യാസത്തിന്റെ ഒരു കൊറവുണ്ടന്നേയുളളൂ, പക്ഷെ എന്റെ മോൻ നന്നായി പഠിക്കണം കേട്ടോ” – എന്റെ കുറ്റിത്തലമുടി തടവിക്കൊണ്ട് അമ്മ പറഞ്ഞപ്പോൾ സ്വതയുളള ഒരാട്ടിൻകുട്ടി കണക്കെ ഞാനും അമ്മയെ അനുസരിച്ചു.
ആർക്കും വേണ്ടാതിരുന്ന അപ്പനെ പ്രസ്ഥാനത്തിന് ഇത്ര വിലപ്പെട്ടതായി എന്നത് പെട്ടെന്ന് എനിക്ക് ദഹിച്ചില്ലെങ്കിലും അപ്പൻ പ്രസ്ഥാനത്തിന്റെ ആളാണെന്ന് പറഞ്ഞുനടക്കുന്നത് എനിക്കും ഒരു ഗമയായിരുന്നു. വീട്ടിലിപ്പോൾ മുട്ടില്ലാതെ കാര്യങ്ങൾ പോകുന്നുണ്ടുതാനും.
“പ്രസ്ഥാനമാകുമ്പം പോലീസും അറസ്‌റ്റും കോടതിയുമൊക്കെ പതിവാ” – അപ്പൻ കുറെദിവസം വീട്ടിൽ വരാതെയിരുന്ന ഒരുനാൾ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
ഒരു മുറിച്ചോക്കുകൊണ്ട് തറയിൽ ഒരു തീവണ്ടി വരയ്‌ക്കാൻ നോക്കുകയായിരുന്നു ഞാൻ. അതു മായിച്ച് ഒരു പോലീസുവണ്ടി വരയ്‌ക്കാൻ തുടങ്ങി. ചുറ്റും ഇരുമ്പുവലകൾ പിടിപ്പിച്ച കടുംനീല നിറത്തിലുളള ഒരു പോലീസുവണ്ടി. അപ്പൻ പിന്നെയും വന്നില്ല. അപ്പനെക്കുറിച്ച് ആളുകൾ അതുമിതും പറയുന്നതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. കാരണം അപ്പൻ ഒരു പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിക്കുന്നവനാണ്. പ്രസ്ഥാനത്തിന് അതിന്റേതായ ലക്ഷ്യങ്ങളുണ്ട്. എന്റെ അമ്മ പറഞ്ഞുതന്നതും അതാണ്. അപ്പന്റെ കട്ടിലിനടിവശം ശൂന്യമായി കിടന്നു. ഒഴിഞ്ഞ ഒരു ഗോഡൗൺ പോലെ. ഊർന്നുപോയ ഒരു ബട്ടണുവേണ്ടി അതിനടിവശം ഞാൻ പരതിനടന്നു. അമ്മ അവസാനം എടുത്തുമാറ്റിയ കടലാസുപെട്ടി നിറയെ തുരുതുരാ മുളളാണികൾ ആയിരുന്നു. കൂടാതെ തകരഡപ്പികളും ചണവും ചെവിത്തോണ്ടിയുമായി ഇരുന്ന അപ്പന്റെയുളളിൽ ഇത്രപെട്ടെന്ന് ആദർശവും ആവേശവും എങ്ങനെ വളർന്നുതഴച്ചു എന്നത് ഇപ്പോഴും എനിക്ക് പിടികിട്ടിയില്ല.
“പ്രസ്ഥാനത്തിന്റെ ആളായതുകൊണ്ട് എല്ലാം അവര് നോക്കിക്കൊളളും. അവർക്കൊരു ഉത്തരവാദിത്തം ഉണ്ടല്ലോ. അല്ലെങ്കിലും അങ്ങേർക്കു വേണ്ടിയല്ലല്ലോ ഇതൊന്നും.” – എന്നാലും അമ്മയുടെ മുഖത്ത് ഒരു വല്ലായ്‌മയുടെ പടം പൊഴിഞ്ഞുകിടന്നു. അപ്പനില്ലെങ്കിലും വരുമാനം മുടങ്ങിയില്ല. അരിയും സാമാനങ്ങളും ഇടയ്‌ക്കിടെ പെട്ടിഓട്ടോയിൽ വന്നിറങ്ങി.
“ഞങ്ങളെ കൂടാതെ ഇവിടെ രണ്ട് മിണ്ടാപ്രാണികളും ഉണ്ടെന്നുളള കാര്യം കൂടി ഓർമ്മവേണം, കേട്ടോ.” വന്നവരോട് അമ്മ ഇത്തിരി നീരസം കലർത്തി ഓർമ്മിപ്പിച്ചു. അന്നു വൈകിട്ടുതന്നെ പ്രസ്ഥാനത്തിന്റെ പിണ്ണാക്കും വന്നു.
ചൂടൻ ഇറച്ചിക്കറിയും കൂട്ടി വയറുനിറയെ ചോറും കഴിച്ച്, രാത്രിയിൽ പുസ്‌തകത്തിന്റെ താളും മറിച്ചിരിക്കുമ്പോൾ ഒരു പ്രസ്ഥാനത്തിന്റേതന്നല്ല, അപ്പൻ തന്നെ ഒരു പ്രസ്ഥാനമാണെന്ന് എനിക്ക് തോന്നി. പണ്ട് ഉറങ്ങാൻ നേരം മുട്ടവിളക്ക് ഊതിയില്ലെങ്കിൽ അമ്മയുടെ ശകാരം കേൾക്കാം. ഇപ്പോൾ അമ്മ അങ്ങനെയല്ല. ഓളംവെട്ടുന്ന മുട്ടവിളക്കിന്റെ വെളിച്ചത്തിൽ ചുമരിൽ തൂക്കിയിരുന്ന അപ്പന്റെ കോളറുതേഞ്ഞ നിറംമങ്ങിയ ഉടുപ്പിൻമേൽ ഒരു പച്ചക്കുതിര ഇരിക്കുന്നത് ഞാൻ കണ്ടു. അവയെ കാണുന്നത് നല്ലതിനാണ്. പണം ഉണ്ടാകാനാണ് അവ കയറിവരുന്നത്. പക്ഷെ അവയെ പിടിക്കാൻ പാടില്ല. ക്ലാസിലെ സതീശൻ ഒരെണ്ണത്തിനെ തീപ്പെട്ടിക്കൂടിൽ അടച്ചുകൊണ്ട് നടക്കുന്നത് ഞാൻ കണ്ടിരുന്നു. എന്നാൽ ഞാൻ അവയെ ഒരിക്കലും ഉപദ്രവിക്കാറില്ല. അപ്പനിന്നി പരോളിൽ വരുമെന്ന് അമ്മ പറഞ്ഞപ്പോൾ ദൂരെ ഏതോ ജോലി സ്ഥലത്തുനിന്ന് ലീവിൽ വരുന്ന ഒരു പ്രതീതിയായിപ്പോയി എനിക്ക്. കാതോർത്തുകിടന്നാൽ കറന്റുകമ്പിയിലെ പെരുംപ്രവാഹത്തിന്റെ ഇരമ്പം കേൾക്കാം. പച്ചക്കുതിരയേയും നോക്കി അലക്കുമണം-മാറാത്ത പുതപ്പിന്റെ സുഖത്തിൽ ഞാനങ്ങനെ കിടന്നു. പതുക്കെ പതുക്കെ ഉറക്കം വന്നെന്റെ കണ്ണുകളെ തഴുകി. എന്റെ സ്വപ്‌നങ്ങളിൽ ഒന്നല്ല ഒരുപാട് പച്ചക്കുതിരകൾ വിഹരിക്കാനും.
Generated from archived content: story17_sep25_08.html Author: k_r_hari