“അല്ലയോ സത്യവിശ്വാസികളെ!! നിങ്ങളുടെ പൂർവ്വികർക്ക് നിർബന്ധമാക്കപ്പെട്ടിരിക്കുന്നത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്‌മതയുളളവരാകുവാൻ വേണ്ടി.” (വിശുദ്ധ ഖുർ-ആൻ)
വിശുദ്ധിയുടെ മാസമായ റംസാൻ വീണ്ടും സമാഗതമാവുകയാണ്. വിശ്വാസികളെ ആത്മപരിശുദ്ധിയുടെയും ത്യാഗമനോഭാവത്തിന്റെയും അത്യുന്നത മേഖലയിലേക്ക് നയിക്കാൻ പര്യാപ്‌തമായ വ്രതാനുഷ്‌ഠാനത്തിന്റെ മാസമാണ് റംസാൻ. കനിവിന്റെയും കാരുണ്യത്തിന്റെയും ദാനധർമ്മങ്ങളുടെയും ദയാവായ്‌പിന്റെയും കാലം; ആരാധനകളും ദിക്ക്‌റുകളും അധികരിച്ച പകലിരവുകൾ. അല്ലാഹുവിന്റെ അനുഗ്രഹവർഷങ്ങൾക്ക് വേണ്ടി വ്രതാനുഷ്‌ഠാനത്തിന്റെ ആനന്ദാനുഭൂതിയിൽ മതിമയങ്ങുന്ന വിശ്വാസികൾ. അവന്റെ സ്‌നേഹധാരയിൽ ഇഴുകിവരുന്ന അത്ഭുതപൂർവ്വമായ സംഗമം. എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹത്തിന്റെ കലവറകൾ തുറക്കപ്പെടുന്ന പുണ്യങ്ങളുടെ പൂക്കാലം. തിന്മയുടെ കവാടങ്ങൾ അടയ്‌ക്കപ്പെടുകയും പുണ്യങ്ങളുടെ നന്മയുടെ കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യുന്ന ഈ മാസത്തിൽ മനുഷ്യൻ പൈശാചിക ദുർപ്രേരണകളിൽ നിന്നും മോചിതനായി നിത്യസുന്ദരമായ സ്വർഗ്ഗീയ ജീവിതത്തിലേക്ക് പ്രയാണം ചെയ്യുന്നു.
ആയിരം മാസങ്ങളെക്കാൾ ശ്രേഷ്‌ഠമായ ഒരു രാത്രിയെ കൊണ്ട് റംസാൻ മാസത്തെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. പരിശുദ്ധ ഖുർ-ആൻ അവതരിക്കപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ആ രാത്രിയുടെയും ആ രാത്രി ഉൾക്കൊളളുന്ന മാസത്തിന്റെയും പ്രസക്തി അനിർവചനീയമായി തീരുന്നു.
മനുഷ്യസമൂഹത്തിന് ദൈവലോക ജയം പ്രദാനം ചെയ്യുന്ന മഹിതവും സമഗ്രഹവുമായ ഒരു ജീവിത വ്യവസ്ഥിതി ലോകത്തിന് വിഭാവനം ചെയ്‌ത വിശുദ്ധ ഇസ്ലാമിനെ അഞ്ചു സ്‌തംഭങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിൽ നാലാമത്തെ സ്‌തംഭം റംസാൻ വ്രതമാകുന്നു. നോമ്പിന്റെ മതസാങ്കേതിക നാമം സൗമ് (സിയാമ്) എന്നാണ്. അതിന്റെ അർത്ഥം പിടിച്ചു നിൽക്കുക, വർജ്ജിക്കുക എന്നൊക്കെയാണ്. രോഗികളും ശിശുക്കളും യാത്രക്കാരും വാർദ്ധക്യം ബാധിച്ചവരും ഒഴികെ പ്രായപൂർത്തിയായ എല്ലാ ഇസ്ലാംമത വിശ്വാസികൾക്കും റംസാൻ മാസത്തിലെ നോമ്പ് നിർബന്ധമാണ്. പ്രഭാതം മുതൽ സൂര്യാസ്തമനംവരെ ആഹാരപാനീയങ്ങളും ലൈംഗികാഗ്രഹങ്ങളും പാടെ ഉപേക്ഷിക്കുന്നതോടൊപ്പം മനസ്സും ശരീരവും പൂർണ്ണമായും സർവ്വേശ്വരനായ ദൈവത്തിന്റെ പ്രീതിക്ക് തികച്ചും വിധേയനായി അനുഷ്‌ഠിക്കുന്ന ഒരു കർമ്മമാണ് വ്രതം. അനാവശ്യ സംസാരം നടത്തുന്നതും കേൾക്കുന്നതും ഉപേക്ഷിക്കുക. ശരീരേച്ഛകളെ തൊട്ട് സൂക്ഷിക്കുക തുടങ്ങി വർജ്ജിക്കേണ്ടവയിൽ നിന്നും പൂർണ്ണമായി മുക്തനാകുകയും വേണം. എങ്കിൽ മാത്രമേ നോമ്പിനർഹമായ പ്രതിഫലം ലഭിക്കുകയുളളൂ. മുപ്പത് നാൾ ശാരീരികേച്ഛകൾക്ക് കടിഞ്ഞാണിടുക വഴി മാനവർ സ്വയമൊരു വാർഷിക ശുദ്ധി പരത്തുകയാണ്.
റംസാൻ കടന്നുവരുന്നതോടുകൂടി പളളികളും മുസ്ലീം ഭവനങ്ങളും സജീവമാവുകയാണ്. എല്ലാ പകലുകളും വ്രതമനുഷ്‌ഠിക്കുകയും രാത്രിയിൽ പ്രാർത്ഥനകളിൽ മുഴുകുകയും ചെയ്യുന്നു. വ്രതാനുഷ്‌ഠാനത്തെ നിയമമാക്കിയതിൽ പരമ പ്രധാനമായി രണ്ട് തത്വങ്ങളുണ്ട്. ഒന്ന് മനുഷ്യർ ശാരീരികേച്ഛകളുടെ അടിമകളാണ്. വ്രതം എന്ന പരിചകൊണ്ട് അവയെ തടയുന്നു. മറ്റൊന്ന് വിശപ്പിന്റെ വിളി അറിയുമ്പോൾ ദരിദ്രരോടും പട്ടിണിപാവങ്ങളോടും കാരുണ്യവും ദാക്ഷിണ്യവും ഉണ്ടാകുന്നു. ഒപ്പം ക്ഷമയും. ഒരു ഹദീസിലൂടെ പ്രവാചകൻ പറയുന്നു; “റംസാൻ ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗമാണ്.” “നോമ്പ് എനിക്കുളളതാണ് അതിന് പ്രതിഫലം കൊടുക്കുന്നവൻ ഞാനാണ്‘ എന്നാണ് ദൈവവചനം. നോമ്പിനും നോമ്പുകാരനും ദൈവം നൽകുന്ന അത്യുന്നതമായ പദവിയാണ് ഈ വചനം വിളിച്ചോതുന്നത്. നോമ്പുകാരനെ ഭക്ഷിപ്പിക്കൽ വളരെ പുണ്യമുളള പ്രവർത്തിയായി പ്രവാചകർ കല്പിച്ചിരിക്കുന്നു. റംസാനിലെ 30 ദിവസങ്ങളിലും മുസ്ലീങ്ങൾ സ്വന്തം കഴിവിനനുസരിച്ച് കഴിവില്ലാത്തവർക്ക് ഭക്ഷണം നൽകി നോമ്പു തുറപ്പിക്കുന്നു. ദാനധർമ്മങ്ങളും സഹായസഹകരണവും വർദ്ധിപ്പിക്കേണ്ട മാസമാണ് റംസാൻ. നിർബന്ധമായും കൊടുക്കേണ്ട സക്കാത്ത് (നിർബന്ധദാനം) അർഹരായവർക്ക് കൊടുക്കാൻ പുണ്യമാസമായ റംസാൻ മുസ്ലീങ്ങൾ തെരഞ്ഞെടുക്കുന്നു. ഇത് കൂടാതെ ഭക്ഷണവും വസ്‌ത്രവും അർഹരായവർക്ക് എത്തിച്ച് കൊടുക്കാനും അവശരേയും അനാഥരേയും അകമഴിഞ്ഞ് സഹായിക്കുവാനും മറ്റു മാസങ്ങളേക്കാൾ റംസാനിൽ മുസ്ലീങ്ങൾ സന്നദ്ധരാവുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ ഇസ്ലാമിക സംഘടനകൾ തന്നെ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. റംസാൻ പരസ്പര സഹായത്തിന്റെ മാസമാണെന്ന പ്രവാചകവചനം അങ്ങനെ അന്വർത്ഥമാകുന്നു.
സുന്നത്തുക്കൾ വർദ്ധിപ്പിക്കുക, പളളിയിൽ ഭജന ഇരിക്കുക (ഇഹ്‌ത്തിവാഫ്), ഖുർ-ആൻ പാരായണം ചെയ്യുക, പൊറുക്കലിനെ തേടുക, ദാനം അധികരിപ്പിക്കുക തുടങ്ങിയ സത്‌കർമ്മങ്ങൾ ഓരോ നോമ്പുകാരന്റെയും കടമയാണ്. റംസാനിൽ വളരെ പ്രധാനപ്പെട്ട ഒരു രാവുണ്ട് ’ലൈലത്തുൽ ഖദർ‘ ആ ധന്യ നിമിഷം റംസാനിന്റെ ഒറ്റയായ രാവുകളിൽ ഉണ്ടാകുമെന്ന് പ്രവാചക വചനത്തിൽനിന്ന് മനസ്സിലാക്കാം. ആ രാത്രിയിലെ പ്രാർത്ഥന ആയിരം മാസം ആരാധന ചെയ്യുന്നതിനേക്കാൾ മഹത്തരമാണ്.
പാപപങ്കിലമായ 11 മാസത്തെ ജീവിതം ഒരു മാസംകൊണ്ട് പാപമുക്തവും പരിശുദ്ധവുമാവുന്നു. ശവ്വാൽ മാസപ്പിറവി ചക്രവാള സീമയിൽ പ്രത്യക്ഷമാകുന്നതോടെ വിശുദ്ധ റംസാൻ വിടപറയുകയായി. പിന്നെ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമായ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങുന്നു. ഒരു മാസക്കാലം തനിക്ക് വേണ്ടി ആഹാരവും ജലപാനംപോലും ഉപേക്ഷിച്ച് തന്റെ പ്രീതിക്ക് വേണ്ടി രാത്രികാലങ്ങളിൽ പ്രാർത്ഥിക്കുകയും പശ്ചാത്തപിക്കുകയും ചെയ്‌ത നോമ്പുകാരനെ സൽക്കരിക്കാൻ ദൈവം നിശ്ചയിച്ചിരിക്കുന്ന ദിവസമാണ് പെരുന്നാൾ ദിവസം. വ്രതാനുഷ്‌ഠാനം മുഖേന ആത്മസംസ്‌ക്കരണം നേടിയവർ ഈ ദിവസം ആഹ്ലാദചിത്തരായി പളളികളിലേക്ക് പ്രവഹിക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തി പരസ്പരം ആശംസകൾ കൈമാറി പിരിയുകയും ചെയ്യുന്നു. റംസാൻ ദാനങ്ങൾക്ക് പുറമെ മുസ്ലീങ്ങൾ പെരുന്നാൾ ദിവസം വളരെ പ്രധാനപ്പെട്ട ഒരു ദാനം കൂടി നൽകാറുണ്ട്. ഇതിനെ ’ഫിത്ത്‌റ് സക്കാത്ത്‘ എന്നാണ് പറയുന്നത്. സ്വന്തം ശരീരത്തിനും കുടുംബത്തിനും വേണ്ടി കുടുംബനാഥൻ പെരുന്നാൾ ദിവസം രാവിലെയോ തലേദിവസമോ ഇത് ദരിദ്രർക്ക് വിതരണം ചെയ്യുന്നു. ഫിത്ത്‌റ് സക്കാത്ത് പാവങ്ങളോടുളള കാരുണ്യവും റംസാനിലെ വീഴ്‌ചകൾക്കുളള പ്രായശ്ചിത്തവുമാണ്.
Generated from archived content: essay_oct12_05.html Author: k_p_gafoor