തേന്മാവ്‌

അങ്കണത്തിൽ കളിക്കൂട്ടുകാരൻ

അതിഥികൾക്കെന്നും ആതിഥേയൻ

അഗതികൾക്കെന്നും ശരണാലയം

അമൃതൊഴുക്കുന്നൊരു പാൽക്കടൽ നീ

പിച്ചഞ്ഞാൻ വെയ്‌ക്കവെ നിൻപിഞ്ചുകാലിൽ

നുള്ളിനോവിച്ചെത്ര നിർദ്ദയം ഞാൻ

കരഞ്ഞില്ലതെല്ലുംമൊഴിഞ്ഞില്ല നീ

അന്നേ നിനക്കെന്നെയെത്രയിഷ്‌ടം

കിടക്കവേ ഗർഭത്തിൽ ഞാനുണ്ണിമാങ്ങപോൽ

അമ്മ കൊതിതീർത്ത മാമ്പഴമൊന്ന്‌

ദൂരേയ്‌ക്കെറിഞ്ഞ വിത്താകുമോ നീ

അച്‌ഛനമ്മയ്‌ക്കെന്നെനൽകിയപോൽ

വാത്സല്യം കനിവാർന്നൊരമ്മയെപ്പോൽ

സ്‌നേഹമാം കാർക്കശ്യം താതനെപ്പോൽ

തത്വോപദേശങ്ങൾ ഗുരുവിനെപ്പോൽ

വേണ്ടപ്പോളേകുന്നോൻ കൂട്ടുകാരൻ

കാർക്കശ്യം തത്വോപദേശങ്ങൾ നീ

മൗനത്തിലാക്കി സ്‌നേഹംചൊരിഞ്ഞു

ഏകിനീയിത്രനാളെത്രയെല്ലാം

വേണ്ടതെന്തെന്തെന്നറിഞ്ഞുതന്നെ

തളിർക്കുന്നു പൂക്കുന്നു കായ്‌ക്കുന്നു നീയെൻ

ചിത്തത്തിൽ പൂക്കളമിട്ടു നിൽപ്പൂ

ചാഞ്ചക്കമാടാൻ നീ കൈകൾനീട്ടീ

വെയിലത്തെനിക്കായി ചൂടേറ്റുനീ

മഴയത്തൊരു മുത്തുക്കുട നിവർത്തി

കാറ്റത്ത്‌ ചാഞ്ഞെനിക്കഭയമേകി

കുളിർതെന്നലാലെന്നെ തൊട്ടിലാട്ടി

മുറ്റത്ത്‌ തളിരിനാൽ പട്ടുനീർത്തി.

മാമ്പഴം തിന്നെന്റെ പശിയാറ്റി ഞാൻ

ഇലകൾ കരിച്ചെന്റെ കുളിരാറ്റി ഞാൻ

പഴുത്തിലകൊണ്ടുഞ്ഞാൻ പല്ലുതേച്ചു

പുഴുത്തപല്ലും പൂപോൽ മണത്തു

കുയിലുകൾ തളിരുണ്ട്‌ പാട്ടുപാടി

ഊഞ്ഞാലിലാടിയണ്ണാറക്കണ്ണൻ

ശലഭങ്ങൾ തേൻകുടിച്ചുന്മത്തരായ്‌

വേച്ചുവേച്ചെങ്ങ് പറന്നുപോയി

പതംഗങ്ങൾ തേൻകുടിക്കുന്ന കണ്ടാൽ

പലവർണ്ണപുഷ്‌പങ്ങളൊത്തപോലെ

രാപ്പകൽ മുറ്റത്ത്‌ കുടനിവർത്തി

നിൽക്കുന്ന നീയൊരനൽപ്പനല്ലോ

ഒരു മണ്ണ്‌, ഒരു വെള്ളം, ഒരു വായു നമ്മൾക്ക്‌

എന്തുണ്ട്‌ നമ്മളിലന്യമായി

ജീവികൾതൻ ഗണത്തിൽപ്പെടുന്നോർ

നമ്മളെന്നെന്നും ഒന്നുതന്നെ

ഒരിക്കൽ ഞാനെങ്ങോ പറന്നിടാനായ്‌

എല്ലാരുമന്ത്യമായ്‌ യാത്രചൊൽകെ

നീമാത്രമേകില്ലെനിക്ക്‌ യാത്ര

നീയെന്റെ യാത്രയ്‌ക്ക്‌ സഹയാത്രികൻ

ആദ്യം ജനിച്ചു ഞാനെന്നിരിക്കെ

എനിയ്‌ക്കല്ലോ മരണത്തിലാദ്യ ഊഴം

എന്നന്ത്യമല്ലോ നിൻ മരണമണി

ഇപ്പഴേ നിൻ നൽപ്പിനൊക്കെ നന്ദി

തലങ്ങും വിലങ്ങും ശവക്കുഴിയിൽ

എനിക്കു താങ്ങാകാൻ മരിക്കുന്നു നീ

ഒരു മണ്ണിലൊരു ചാരമാകവേ നാം

വീണ്ടുമൊന്നാകുന്നൊരാത്മാവുപോൽ.

Generated from archived content: poem1_sep6_10.html Author: k_nandakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English