മദര്‍ തെരേസയെക്കുറിച്ച് ആത്മകഥാരൂപത്തിലെഴുതിയ ‘ദി മദര്‍’ എന്ന എം.കെ. ചന്ദ്രശേഖരന്റെ പുസ്തകം ഹൃദ്യമായ വായനാനുഭവമായിരുന്നു. ഇതിനു മുന്‍പ് ഗ്രന്ഥകര്‍ത്താവ് കമല സുരയ്യ എന്ന മാധവിക്കുട്ടിയെക്കുറിച്ചും ചങ്ങമ്പുഴയെപ്പറ്റിയും ഇതേ രൂപത്തിലുള്ള ആത്മകഥകളെഴുതിയിട്ടുണ്ട്. അവ രണ്ടും ഭാവനയുടെ വര്‍ണ നൂലുകള്‍ ചേര്‍ത്ത നോവല്‍ രൂപത്തിലായിരുന്നു. മലയാളത്തില്‍ താരതമ്യേന നൂതനമായ ശൈലി. മദര്‍ തേരസയെക്കുറിച്ചുള്ള പുസ്തകത്തില്‍ ഭാവന കൊണ്ട് നിറം പിടിപ്പിച്ച ചമല്‍ക്കാരങ്ങളില്ല; വസ്തുതാ കഥനം മാത്രമേയുള്ളു. അത് വളരെ ഹൃദ്യവും ലളിതവുമായ ശൈലിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. മദര്‍ തേരസയെക്കുറിച്ചു ഇംഗ്ലീഷില്‍ വലിപ്പമുള്ള പുസ്തകങ്ങളുണ്ട്. മാല്‍ക്കം മഗ്ഗറിഡ്ജ്, ആന്‍ വെബ്ബ്, ഡെസ്മണ്ട് ഡോയ്ഗ്, കാതറിന്‍ സ്പിന്‍ക്, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചാവഌതുടങ്ങിയവരുടെത്. ചന്ദ്രശേഖരന്റെ പുസ്തകത്തിനു വലിപ്പം അധികമില്ലെങ്കിലും ഉള്‍ക്കനം കൂടുതലുണ്ട്. നവീന്‍ ചാവഌയുടെ 239 പേജുള്ള പുസ്തകത്തിന്റെ പകുതിപോലുമില്ല ‘ ദി മദര്‍’. എന്നാല്‍ ചാവഌയുടെ പുസ്തകത്തില്‍ സൂചിപ്പിക്കുന്ന എല്ലാ വസ്തുതകളും ചന്ദ്രശേഖരന്‍ ഉള്‍പ്പെടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ബഹുമതിയായ ഭാരതരത്‌നവും ലോകസമാധാനത്തിനുള്ള നോബല്‍ സമ്മാനവും നേടിയ വിശുദ്ധയായ അമ്മ ഇതിലൂടെ കൂടുതല്‍ ആദരിക്കപ്പെടുന്നുവെന്ന് മാത്രമല്ല മലയാളത്തില്‍ അവരെക്കുറിച്ചു വേറെ പുസ്തകങ്ങളില്ലെന്ന ന്യൂനതയും പരിഹരിക്കപ്പെടുന്നു. സെന്റ് ഫ്രാന്‍സിസ് അസീസിയുടെ പ്രാര്‍ഥന ചൊല്ലിക്കൊണ്ട് നോബല്‍ സമ്മാനം സ്വീകരിച്ച ദരിദ്രരില്‍ ദരിദ്രരെയും രോഗികളെയും ആസന്നമരണരായവരെയും ശുശ്രൂഷിച്ചു, ഞാന്‍ ലോകത്തിന്റെയാണ്, ഞാന്‍ ഇന്ത്യന്‍ പൗരനാണ് എന്നു പ്രഖ്യാപിച്ച വിശുദ്ധിയുടെയും മനുഷ്യസ്‌നേഹത്തിന്റെയും മൂര്‍ത്തിമദ്ഭാവമായ വനിതയ്ക്ക് നല്‍കാന്‍ കഴിയുന്ന ഒരു വലിയ ദൗത്യമാണ് പുസ്തക രചനയിലൂടെ ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നത്..
1910 ആഗസ്റ്റ് 26-ാം തീയതി മാസിഡോണിയയിലാണ് (ഇപ്പോള്‍ ഉസ്‌കുപ്പ്) ആഗ്നസ് ഗോന്‍ക്‌സ ബോജാഹു എന്ന പേരില്‍ മദര്‍ തേരേസ ജനിച്ചത്. 12-ാം വയസില്‍ ആ പെണ്‍കുട്ടിക്കു ഒരുള്‍വിളിയുണ്ടായി. ജീവിതം ദൈവത്തിന് സമര്‍പ്പിക്കണം. അവര്‍ അയര്‍ലന്‍ഡിലെ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു പഠിച്ചു അതിനു ശേഷം അവര്‍ ഇന്ത്യയിലേക്ക്, കോല്‍ക്കത്തയിലേക്ക് വിദ്യാഭ്യാസത്തിന് നിര്‍ദേശിക്കപ്പെട്ടു. തേരേസ എന്ന പേരു സ്വീകരിച്ച അവര്‍ക്ക് അധ്യാപികാജോലിയിലിരിക്കേ വീണ്ടും ദൈവവിളിയുണ്ടായി. പരമദരിദ്രന്മാര്‍ക്കിടയില്‍ ജീവിച്ചു അവരെ സേവിക്കുക. കൊല്‍ക്കത്തിയിലെ ഏറ്റവും വൃത്തിഹീനമായ ചേരിപ്രദേശങ്ങളിലൊന്നാണ് കോണ്‍വെന്റിന്റെ സുഖ സൗകര്യങ്ങളില്‍ ജീവിച്ച ആ വിദേശ വനിത ആതുര സേവനത്തിനായി തെരഞ്ഞെടുത്തത്. സേവനത്തിനു അവര്‍ക്ക് മേലധികാരികളുടെ അനുവാദം ലഭിക്കാന്‍ കാലതാമസം നേരിട്ടെങ്കിലും ക്ഷമയോടെ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു അവര്‍ കാത്തിരുന്നു. കൊല്‍ക്കത്തയിലെ ബിഷപ്പ് അവരെ അളവറ്റ് സഹായിച്ചിരുന്നതായി ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു.
പതിനെട്ടധ്യായങ്ങളുള്ള ദി മദറില്‍ ഗ്രന്ഥകാരന്‍ മദര്‍ തേരേസയുടെ ‘ മനുഷ്യരിലേക്കിറങ്ങിയ മാലാഖ’യുടെ വിഹ്വലതകളെപ്പറ്റിയും വ്യാകുലതകളെക്കുറിച്ചും പ്രതിപാദിക്കുന്നത്. അവരുടെ സേവന താത്പരതയെക്കുറിച്ചു സംശയാലുക്കളായിരുന്നവരും അവര്‍ മതപ്രചരണം നടത്തുകയാണെന്നു പ്രചരിപ്പിച്ചവരുമുണ്ടായിരുന്നു.
പക്ഷെ, അവര്‍ ജാതിമന്യേ ആതുരശുശ്രൂഷ നടത്തിയതിന്റെ നഖചിത്രങ്ങള്‍ പുസ്തകത്തിലുണ്ട്. ദൈവത്തിന് അവരുടെ മേല്‍ പ്രത്യേകമായ കാരുണ്യവും വാത്സല്യവുമുണ്ടായിരുന്നുവെന്നും അവരുടെ ഏത് സന്നിഗ്ധ ഘട്ടിത്തിലും ദൈവം ദാതാക്കളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും പലയിടങ്ങളിലും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു. യുദ്ധമുന്നണികളില്‍ പോലും അവര്‍ക്ക് രാഷ്ട്രത്തലവന്മാരുടെയടുത്ത് എപ്പോഴും കയറിച്ചെല്ലാവുന്ന അവര്‍ ധീരമായി പോയി തകര്‍ന്നു കിടന്ന ആശുപത്രിയില്‍ മരണവുമായി ഏറ്റുമുട്ടുന്ന കുട്ടികളെ രക്ഷിച്ചു.
ചെര്‍ണോബില്‍ അണുദുരന്തമുണ്ടായപ്പോഴും അര്‍മേനിയയില്‍ ഭൂകമ്പമുണ്ടായപ്പോഴും അവിടങ്ങളില്‍ മരണക്ലേശമനുഭവിക്കുന്നവരെ ശുശ്രൂഷിച്ചു. അവര്‍ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ മരിക്കുമ്പോള്‍ 4000 കന്യാസ്ത്രീകളുണ്ടായിരുന്നു. 1996ല്‍ 100 രാജ്യങ്ങളില്‍ 517 സേവന കേന്ദ്രങ്ങളുണ്ടായിരുന്നു. 1948 ല്‍ തന്നെ മഠം ഉപേക്ഷിച്ചു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കു ലഭിച്ചിരുന്നു( പേജ് 20) . ആ വാര്‍ത്ത അറിഞ്ഞതോടെ ‘ ദൈവമേ, നീ ഏതെല്ലാം വിധത്തില്‍ എന്നെ പരീക്ഷിക്കുന്നു. ആഹ്ലാദിപ്പിക്കുന്നു’ ‘ എന്നവര്‍ക്കു തോന്നിയത്’ ‘ ഔദ്യോഗികമായ തുടക്കം’ 1948 ഡിസംബര്‍ 21ാം തീയതിയായിരുന്നു. ചേരിപ്രദേശത്തെ വൃത്തിഹീനരായ 28 വിദ്യാര്‍ഥികളെ പഠിപ്പിച്ചുകൊണ്ട്, നീലക്കരയുള്ള മൂന്നു സാരികളായിരുന്നു അവര്‍ക്ക് ഉടുക്കാന്‍ കിട്ടിയത്. പക്ഷെ പില്‍ക്കാലത്ത് അവരുടെ വേഷം അവരെ ഏതാള്‍ക്കൂട്ടത്തിലും തിരിച്ചറിയാന്‍ ഉതകി എന്നു മാത്രമല്ല മിഷണറി ഓഫ് ചാരിറ്റീസിലെ സിസ്റ്റര്‍മാരുടെ ഔദ്യോഗിക വേഷവുമായി കോല്‍ക്കത്തയിലെ പ്രസിദ്ധമായ കാളിഘട്ട് ക്ഷേത്രത്തിനടുത്ത് മരണാസന്നരെ ശുശ്രൂഷിക്കാനുള്ള നിര്‍മല്‍ ഹൃദയ് തുടങ്ങിയപ്പോള്‍ അവര്‍ക്ക് നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ കഠിനമായിരിക്കുന്നു. പക്ഷെ അവര്‍ എതിര്‍പ്പുകളെ സേവനം കൊണ്ട് നേരിട്ടു. എതിര്‍ത്തവര്‍ അവരുടെ മിത്രങ്ങളും സഹായികളുമായി. മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആക്ഷേപത്തിനവര്‍ മറുപടി പറഞ്ഞത്(പേജ് 43) ഇങ്ങനെ: ‘ ശരിയാണ്. ഞാന്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ട് ഹിന്ദുവിനെ നല്ലൊരു ഹിന്ദുവാകാന്‍ പ്രേരിപ്പിക്കുന്നു. കത്തോലിക്കന്‍ നല്ലൊരു കത്തോലിക്കനാവണം. അതുപോലെ ജൈനനും മുസ് ലിമും ബുദ്ധമുതവിശ്വാസിയും- എല്ലാവരും അവരുടെ മതവിശ്വാസത്തിലൂന്നിയ പ്രാര്‍ത്ഥനകള്‍ ചൊല്ലാനാണ് ഞാന്‍ പ്രേരിപ്പിക്കുന്നത്’
അനാഥരും അവശരുമായ അനേകം പെണ്‍കുട്ടികളെ അവരുടെ സ്ഥാപനം സംരക്ഷിച്ചു വളര്‍ത്തി കുടുംബിനികളാക്കി. വിവാഹപ്രായമെത്തുമ്പോഴെക്കും അവര്‍ക്ക് വേണ്ട കരുതലായി വിവാഹസാരികള്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കായി ചെറിയ തുകകള്‍ ബാങ്കില്‍ നിക്ഷേപിക്കും( പേജ് 71).
1983 ല്‍ കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കാന്‍ ബ്രിട്ടിഷ് ഗവണ്‍മെന്റില്‍ നിന്നുള്ള ഏറ്റവും വലിയ ബഹുമതിയായ ഓര്‍ഡര്‍ ഒഫ് മെറിറ്റ് മദര്‍ തേരേസയ്ക്കു നല്‍കി. പക്ഷെ, ബ്രിട്ടണ്‍ അപ്പോഴത്തേയ്ക്ക് ഗ്രന്ഥകാരന്‍ സൂചിപ്പിച്ചതുപോലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമായിരുന്നില്ല(81).
ഗാന്ധിജിയുടെ മാതൃക പിന്‍തുടര്‍ന്നു കലാപ ബാധിതപ്രദേശങ്ങളിലെ അശരണര്‍ക്ക് മദര്‍ തേരേസ ആശ്വാസം നല്‍കി. വത്തിക്കാനിലെ പോപ്പ് അവര്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ സ്ഥലമനുവദിച്ചത് ഏറ്റവും വലിയ ദൈവകാരുണ്യമായി മദര്‍ തേരസ കരുതിയിരുന്നുവോ? ഗ്രന്ഥകാരന്‍ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. ലോകമേ തറവാടായി കരുതിയിരുന്ന ഒരു വിശുദ്ധ അത് മറ്റുപലതുമന്ന പോലെ ഒരനുഗ്രമായേ കരുതിയിരിക്കാനിടയുള്ളൂ. കാരണം പുസ്തകം അവസാനിക്കുന്നത് ദൈവം ഒരു മിഥ്യയാണ്. അതെ, ഈ മിഥ്യമായ വിശ്വാസത്തെയാണ് ഞാന്‍ കൊണ്ടു നടന്നത്. എന്നോട് പൊറുക്കൂ. സ്വര്‍ഗ രാജ്യത്തേക്കുള്ള യാത്ര എനിക്കു തുടങ്ങാനാവുന്നില്ല.. യാത്ര തുടങ്ങുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവരുന്നത് ശുദ്ധ ശൂന്യതയാണ്… ദൈവമില്ലെങ്കില്‍ ആത്മാവുമില്ല.. ജീസസ് നീയും ഒരു മിഥ്യയാണ് എന്നിങ്ങനെയാണ്. അവര്‍ക്കു പിഴച്ചുവോ..?
ദി മദര്‍
എം.കെ. ചന്ദ്രശേഖരന്‍
കറന്റ് ബുക്‌സ് തൃശൂര്‍
വില: 85 രൂപ
Generated from archived content: book1_sep6_13.html Author: k_kunjikrishnan