കാലധർമ്മത്തെ കാക്കുമജ്ഞാന-
കലാകാരൻ; വിരചിതമീമഹാ
ജീവിതനാടകത്തിൽ നടി-
കർ നാം നാട്യജീവികൾ
ഇല്ല; പരിചയമിന്നാർക്കും സ്നേ-
ഹാർദ്രമാം പ്രകൃതിതൻമുഖം
പെരുകും ദുരിതജീവിതചിത്രം
ദുരന്തം മുന്നേറും, ദുർനടപ്പിൻ ഫലം
ഉള്ളിൽ തിങ്ങും വിഷം അപരന്റെ-
നെഞ്ചിൽതാഴ്‌ത്തും, ക്രൂരകാളിയന്മാ-
രോടരുതെന്നു ചൊല്ലാൻ ഇല്ലൊരാൾ
കാണികൾ എങ്ങും മിണ്ടാപ്രാണികൾ
ദീനരാം മനുജരിൽ ദീനരോദനം
ബധിര കർണ്ണങ്ങളിൽ അലയവെ
അർത്ഥിയെ തഴുകുമർത്ഥകാമിതൻ
കപടനാട്യത്തെ വാഴ്‌ത്താൻ വയ്യ.
കലി ബാധിച്ച കണ്ണുകൾ, കല്ലായ്-
തീർന്ന ഹൃദയം, അനിദ്രമാം രാവുകൾ,
കാശുമുളച്ച ചുമരുകൾ, സ്വസ്ഥ
ജീവിതമിന്നൊരു മരീചിക മാത്രം
കാരസ്‌കരം പോലെ കയ്പാർന്ന
പാലെന്തിന് ശുദ്ധമാം ഒരു
തുള്ളിജലം പോതും നീറു-
മാത്മാവിൻ കനലണയ്‌ക്കാൻ.
Generated from archived content: poem1_jan2_08.html Author: k_kanakaraj