പണ്ഡിറ്റ്‌ പി. ഗോപാലൻനായർ

അനുഗ്രഹീതനായ ഒരു കവിയും ഉചിതജ്ഞനായ ഒരു വ്യാഖ്യാതാവുമായിരുന്നു ശ്രീ.പണ്ഡിറ്റ്‌ പി.ഗോപാലൻനായർ. ഈശ്വരാർപ്പിതമായ ഒരു മുക്തതേജസ്സായിരുന്നു അദ്ദേഹം. ആദ്ധ്യാത്മിക ജ്ഞാനസർവ്വസ്വമാണ്‌ അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളും. ഒരു നൂറ്റാണ്ടിലധികം ജീവിക്കുകയും ഏതാണ്ട്‌ ആ കാലമത്രയും ജ്ഞാനോപാസകനായും ജ്ഞാന പ്രബോധകനായും വർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരപൂർവ്വ വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ സംസിദ്ധമായ അറിവിനെ ഘടദീപമാക്കാൻ അദ്ദേഹം അനുവദിച്ചില്ല. അതാണ്‌ ഗോപാലൻനായരുടെ ജീവിതത്തിന്റെ സാരപ്രയുക്തി.

ഒരു മനുഷ്യനു താങ്ങാവുന്നതിലധികം ദുരന്തങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്‌. രോഗം, സാമ്പത്തികക്ലേശം, ഭാര്യയുടെയും ഏകപുത്രന്റെയും അകാലമരണം- ഇവ അദ്ദേഹത്തിന്റെ ജീവിതചിന്തയിൽ വരുത്തിയ മാറ്റം ചെറുതല്ല. തന്റെ വൈയക്തിക ജീവിതത്തിലേക്ക്‌ അടിച്ചുകയറിയ ഈ ദുരന്താനുഭവങ്ങളെ ദൃഢമായ ആദ്ധ്യാത്മിക സാധനാവൃത്തിയിലൂടെ കൈക്കൊണ്ട ആത്മബലം കൊണ്ട്‌ അദ്ദേഹം നേരിട്ടു.

തന്റെ മനോവ്യഥകളെ മറക്കാനുളള ഒരു ഉപാശ്രയമായിട്ടാണ്‌ അദ്ദേഹം ആദ്ധ്യാത്മികതയെ കണ്ടത്‌. മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന ഗതിഭേദങ്ങളെ നിർമ്മമനായ ഒരു യോഗിയുടെ നിസ്സംഗതയോടെ അദ്ദേഹം നോക്കിക്കണ്ടു. നാനാവിധ ദുഃഖങ്ങളിൽപ്പെട്ടുഴലുന്ന മനുഷ്യർക്ക്‌ അല്പമെങ്കിലും സമാശ്വാസം കിട്ടുവാൻ ഉപകരിക്കുന്ന ഏകമാർഗ്ഗം ഈശ്വരചിന്തയാണെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ആ വിശ്വാസ പ്രമാണങ്ങൾക്കനുസൃതമായിത്തന്നെ അദ്ദേഹം ഗ്രന്ഥങ്ങളും രചിച്ചു. പണ്ഡിതന്മാർക്കെന്നപോലെ സാധാരണക്കാർക്കും ആദ്ധ്യാത്മിക ജ്ഞാനസമ്പാദനത്തിന്‌ ഉതകുമാറ്‌ അദ്ദേഹം തന്റെ വ്യാഖ്യാനങ്ങളെ സരളവും സുഗമവുമാക്കി.

അദ്ദേഹത്തിന്‌ മലയാളം-സംസ്‌കൃതം എന്നീ ഭാഷകളിൽ അഗാധജ്ഞാനം ഉണ്ടായിരുന്നു. അദ്ദേഹം രചിച്ചിട്ടുളളതെല്ലാം തികഞ്ഞ ഗൗരവബുദ്ധിയോടെയായിരുന്നു. വൃഥാ വിനോദമായി എഴുതിയ ഒരു വരിപോലും അദ്ദേഹത്തിന്റെ ഗ്രന്ഥസഞ്ചയത്തിൽനിന്നും കണ്ടെത്താൻ കഴിയില്ല. വ്യാഖ്യാതാവിന്റെ മർമ്മവും നിരൂപകന്റെ ധർമ്മവും സമഞ്ജസമായി ഗോപാലൻനായരിൽ സമ്മേളിച്ചിരുന്നു. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളിൽ കൊടുത്തിട്ടുളള ദീർഘവും അതുല്യസ്പർശിയുമായ ആമുഖങ്ങൾ പരിശോധിച്ചാൽ മേൽപ്രസ്താവിച്ച വസ്തുത സത്യമാണെന്ന്‌ ബോധ്യപ്പെടും.

ഏതു വിഷയത്തെ കുറിച്ചായാലും ഉപരിപ്ലവമായി പറഞ്ഞുപോകുന്ന ഏർപ്പാട്‌ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ചുളുവിൽ പേരും പെരുമയും സമ്പാദിക്കാനുളള സൂത്രങ്ങൾ അദ്ദേഹത്തിനപരിചിതമായിരുന്നു. തികഞ്ഞ ആത്മാർത്ഥതയുടെയും ഏകാഗ്രമായ പഠന-മനനങ്ങളുടെയും അനർഘഫലങ്ങളാണ്‌ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളും സ്വതന്ത്രകൃതികളും.

ശ്രീ. എം.കെ.മാധവൻനായരുടെ പ്രസ്താവന നോക്കുക. “ഭാഷയിലെ വ്യാഖ്യാനമാർഗ്ഗത്തിന്‌ അസാധാരണമായ വികാസവും പരിഷ്‌കാരവുമാണ്‌ അദ്ദേഹംമൂലം ഉണ്ടായത്‌. ഈ കാര്യത്തിൽ മഹാപണ്ഡിതനായ കൈക്കുളങ്ങര രാമവാരിയരോട്‌ സദൃശനായിരുന്നു അദ്ദേഹമെന്നു പറയുന്നതിൽ അതിശയോക്തിയില്ല. മൂലത്തിന്റെ മർമ്മം സുഗമമായ ഭാഷയിൽ പ്രകാശിപ്പിക്കുക, ആവശ്യമുളളിടത്ത്‌ അന്യപണ്ഡിതന്മാരുടെ മതങ്ങൾ കാണിക്കുക, അതിവിസ്താരം വർജ്ജിക്കുക എന്നീ കാര്യങ്ങളിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. (1)

ഭഗവത്‌ഗീതയുടെ ഒന്നാം പതിപ്പിനെഴുതിയ അവതാരികയിൽ ശ്രീ.പി.ശേഷാദ്രി ഇങ്ങനെ രേഖപ്പെടുത്തിഃ- ”അദ്ധ്യാത്മനിഷ്‌ഠയിൽ ജീവിതം നയിച്ച്‌ അദ്ധ്യാത്മരാമായണം, പഞ്ചദശി മുതലായ മഹാഗ്രന്ഥങ്ങളും വിശേഷിച്ച്‌ ശ്രീമഹാഭാഗവതവും വിശിഷ്‌ടങ്ങളായ വ്യാഖ്യാനങ്ങളോടുകൂടി എത്രയും ലളിതവും സരളവും സരസവും ഹൃദയഗ്രാഹകവുമായ രീതിയിൽ കേരളസന്താനങ്ങൾക്ക്‌ പ്രദാനം ചെയ്‌തിട്ടുളള മഹാഭക്തനും, തത്ത്വചിന്തകനും, പണ്ഡിതവരേണ്യനുമായ പണ്ഡിതൻ (ഗോപാലൻനായർ) ഗീതയെകൂടി ദാനം ചെയ്യാൻ ഒരുമ്പെട്ടത്‌ നമ്മളുടെ ഭാഗ്യം തന്നെ. ഗീതയുടെ വിസ്‌തൃതമായ വ്യാഖ്യാനമത്രെ ഭാഗവതം, പ്രത്യേകിച്ച്‌ ആ മഹാഗ്രന്ഥത്തിലെ ഏകാദശസ്‌കന്ധം. അതിനാൽ ഭാഗവതം കരതലാമലകംപോലെ ഗ്രഹിച്ച്‌ അന്യർക്കും സുഗമവും സുലഭവുമാക്കിത്തീർത്തിരിക്കുന്ന ഈ മഹാത്മാവിനേക്കാൾ ഗീതയെ വ്യാഖ്യാനിക്കാൻ യോഗ്യരായി വേറെ ആരുമില്ലെന്ന്‌ നിസ്സംശയം പറയാം. വ്യാഖ്യാനരീതി മനോജ്ഞവും ഹൃദ്യവും മധുരവും പല സ്ഥലങ്ങളിലും അപൂർവ്വവുമായിരിക്കുന്നു.“(2)

അദ്ദേഹത്തിന്റെ ആ വ്യാഖ്യാനങ്ങളുടെ മഹാത്മ്യത്തെ പ്രപഞ്ചനം ചെയ്യുന്നതാണ്‌ മുകളിൽ കൊടുത്ത രണ്ട്‌ ഉദ്ധരണികളിൽനിന്നും നാം കണ്ടത്‌.

പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്‌ എന്ന സ്ഥലത്ത്‌ പുത്തൻവീട്ടിൽ മീനാക്ഷി അമ്മയുടെയും അനന്തനാരായണ പട്ടരുടെയും മകനായി 1869 ഏപ്രിൽ 18ന്‌ ഗോപാലൻനായർ ജനിച്ചു. കൊല്ലങ്കോട്ടെ എഴുത്തു പളളിക്കൂടത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. രാവുണ്യാരത്ത്‌ കണ്ണൻമേനോന്റെ ഇംഗ്ലീഷ്‌ സ്‌കൂളിലും, കാരാട്ട്‌ നാരായണമേനോന്റെ (ഇദ്ദേഹം മഹാനായ ബ്രഹ്‌മാനന്ദസ്വാമി ശിവയോഗിയുടെ അനന്തിരവൻ ആണ്‌.) കീഴിൽ രണ്ടുകൊല്ലം സംസ്‌കൃതവും പഠിച്ചു. 1886-ൽ ഗോപാലൻനായർ കൊല്ലങ്കോട്ടെ പാഠശാലയിൽ പ്രധാന അധ്യാപകനും മാനേജരുമായി. വിദ്യാലയത്തിന്‌ ഗ്രാന്റ്‌ കിട്ടണമെങ്കിൽ അതിലെ അദ്ധ്യാപകരുടെ പരീക്ഷായോഗ്യത തെളിയിക്കണമെന്ന സർക്കാർ നിബന്ധനയെ തുടർന്ന്‌ അദ്ദേഹം അദ്ധ്യാപക പരിശീലനത്തിനായി കോഴിക്കോട്ടേയ്‌ക്ക്‌ പോയി. അത്‌ ഗോപാലൻനായരുടെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിത്തീർന്നു. അദ്ധ്യാപക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കവെ തന്നെ അദ്ദേഹം കോഴിക്കോട്ടെ വിദ്വൽ സദസ്സുകളിലെ ഒരു സ്ഥിരാംഗവുമായിരുന്നു. അതോടൊപ്പം മാങ്കാവ്‌ കോവിലകത്തെ തമ്പുരായിരുന്ന പി.ഡി.മാനവിക്രമൻ രാജ, ദേശമംഗലം കുഞ്ഞികൃഷ്‌ണവാരിയർ എന്നിവരുടെ കീഴിൽ അദ്ദേഹം സംസ്‌കൃതാഭ്യസനവും തുടർന്നു. ഗോപാലൻ നായരുടെ കുശാഗ്രബുദ്ധിയും സ്ഥിരോത്സാഹവും തമ്പുരാനെ സംപ്രീതനാക്കി. അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി 1893-ൽ അദ്ദേഹം തന്റെ പഴയ പാഠശാലയിൽ പ്രധാന അദ്ധ്യാപകനായി വീണ്ടും ചേർന്നു. 1899-ൽ അദ്ദേഹം വിവാഹിതനായി. കൊല്ലങ്കോട്ട്‌ രാജാവിന്റെ ഉടമസ്ഥതയിലുളള രാജാസ്‌ ഹൈസ്‌കൂളിൽ ഒരു മലയാളം അദ്ധ്യാപകന്റെ ഒഴിവിലേക്ക്‌ 1906-ൽ ഗോപാലൻ നായരെ നിയമിച്ചു. ഇവിടെ നിന്നാണ്‌ ‘പണ്ഡിറ്റ്‌’ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായത്‌. ഇരുപത്തൊമ്പതുവർഷം ഈ വിദ്യാലയത്തിൽ മലയാള അദ്ധ്യാപകനായി അദ്ദേഹം സേവനമനുഷ്‌ഠിച്ചു. അനേകം ശിഷ്യസഞ്ചയത്തെ വാർത്തെടുക്കാനും അവരുടെയെല്ലാം മാർഗ്ഗദീപമായി പ്രശോഭിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 1909-ൽ അദ്ദേഹത്തിന്‌ ഒരു പുത്രൻ ജനിച്ചു. കൊല്ലങ്കോട്ട്‌ രാജാവിന്റെ നിർദ്ദേശപ്രകാരം അന്നത്തെ മലബാർ വിദ്യാഭ്യാസവകുപ്പ്‌ ഇൻസ്പെക്‌ടർ പി.പി. ബ്രേത്ത്‌വെയ്‌റ്റ്‌ എന്ന യൂറോപ്യന്റെ മലയാളം ട്യൂട്ടറായി 1910-ൽ സ്‌കൂളിൽനിന്നും ഒരു കൊല്ലത്തെ അവധിയെടുത്ത്‌ അദ്ദേഹം കണ്ണൂരിലേയ്‌ക്ക്‌ പോയി. പണ്ഡിറ്റിന്റെ ഉത്തമശിഷ്യരിൽ ഒരാളായിരുന്നു ബ്രേത്ത്‌വെയ്‌റ്റ്‌ സായിപ്പ്‌. (ഇദ്ദേഹം പിന്നീട്‌ അജ്‌മീർ കോളേജിന്റെ പ്രിൻസിപ്പാളായിരിക്കെ ആ ജോലി രാജിവെച്ച്‌ ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത്‌ വീരമൃത്യു വരിച്ചു.) 1911-ൽ ഗോപാലൻ നായർ തിരിച്ച്‌ രാജാസ്‌ ഹൈസ്‌കൂളിൽ ചേർന്നു. 1913-ൽ അദ്ദേഹത്തിന്റെ പത്നിയും, 1927-ൽ ഏക പുത്രനും മരിച്ചു. 1935-ൽ അദ്ദേഹം തന്റെ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചു.

തുടർന്നുളള അദ്ദേഹത്തിന്റെ ജീവിതം അത്ഭുതാവഹമായിരുന്നു. സമസ്ത മനോദുഃഖങ്ങളെയും നിഗൃഹീനമാക്കിക്കൊണ്ട്‌ തന്റെ വ്യാഖ്യാന തപസ്യയിൽ ഏകതാനനായി അദ്ദേഹം മുന്നോട്ടു കുതിച്ചു. ജോലിയിൽനിന്നും പിരിഞ്ഞശേഷം അദ്ദേഹം കൊല്ലങ്കോട്ട്‌ വിടുകയും കോഴിക്കോട്‌ നോർമ്മൻ പ്രസ്സുടമ ശ്രീ. കെ.വി. അച്യുതൻനായരുടെ വീട്ടിൽ താമസമാക്കുകയും ചെയ്‌തു. പണ്ഡിറ്റിന്റെ എല്ലാ പ്രസിദ്ധ കൃതികളുടെയും ആദ്യപ്രസാധകൻ അച്യുതൻ നായരായിരുന്നു. പതിനാലുകൊല്ലം അവിടെ താമസിച്ചുകൊണ്ട്‌ ഗോപാലൻനായർ തന്റെ ഗ്രന്ഥരചനയിലും പ്രസാധനത്തിലും മുഴുകിക്കഴിഞ്ഞു. ആ കാലത്താണ്‌ പ്രസിദ്ധ പണ്ഡിതനും ശങ്കരകൃതികളുടെ ഭാഷ്യകാരനുമായിരുന്ന ശ്രീ. പി.പാനോളി പണ്ഡിറ്റിന്റെ ശിഷ്യനായത്‌. അദ്ദേഹത്തിന്റെ വിദഗ്‌ദ്ധ ശിഷണത്തിലാണ്‌ പാനോളി സംസ്‌കൃതപഠനം പൂർത്തിയാക്കിയത്‌. തന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും കാരണം പണ്ഡിറ്റിന്റെ അനുഗ്രഹമാണെന്ന്‌ പനോളി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഗോപാലൻനായരുടെ 90-​‍ാം പിറന്നാൾ ആഘോഷിച്ച സമയത്ത്‌ ശ്രീ. പുത്തേഴത്ത്‌ രാമമേനോൻ എഴുതിഃ- ”ആലോചിക്കാൻ വയ്യാത്ത ആദർശശുദ്ധിയും കർമ്മനിഷ്‌ഠയും! അദ്ദേഹം ചെയ്‌തു തീർത്തിട്ടുളള പ്രയത്നങ്ങളുടെ വിശുദ്ധിയും വൈപുല്യവും അത്ഭുതാവഹങ്ങളാകുന്നു. ഭാഗവതം മുഴുവൻ വ്യാഖ്യാനിച്ചു. അതുതന്നെ ഒരപൂർവ്വനേട്ടം. വാല്‌മീകിയുടെ സുന്ദരകാണ്ഡം, അദ്ധ്യാത്മരാമായണം, ഹംസ്വദശി, ഭഗവത്‌ഗീത-ഇവയ്‌ക്കെല്ലാം നിരുപങ്ങളായ നീണ്ടവ്യാഖ്യാനങ്ങൾ രചിച്ചു. ഇതിലേതെങ്കിലും ഒന്നുമതി; ഒരാളെ അസാമാന്യനായി പരിഗണിക്കാൻ. ഒടുവിൽ തന്റെ കനക ജീവിതത്തിൽ രത്നമകുടം പോലെയാണ്‌ ബ്രഹ്‌മസൂത്രഭാഷ്യത്തിന്റെ ആവിർഭാവം. തൊണ്ണൂറാമത്തെ വയസ്സിൽ വെറുതെ ഇരുന്നു രാമനാമം ജപിക്കാൻ സാധിച്ചാൽകൂടി അത്ഭുതമായി എണ്ണപ്പെടേണ്ടുന്ന ഇക്കാലത്ത്‌ ഇതാ, ഒരാൾ ആന്തരിന്ദ്രിയങ്ങളെല്ലാം പൂർവ്വാധികം പ്രസ്‌ഫുടമാക്കിക്കൊണ്ടു ബുദ്ധിപരമായി പ്രയത്നിക്കുകയും ശാരീരികമായി പ്രവർത്തിക്കുകയും ചെയ്യുന്നു.“ (3)

ഇവിടെയിത്രയും ഈ ലേഖനഭാഗം ഉദ്ധരിച്ചത്‌ ഗോപാലൻനായരുടെ നിസ്തന്ദ്രമായ സാഹിതീ സേവനത്തെ എടുത്തു കാണിക്കാനാണ്‌. നൂറാമത്തെ വയസ്സിലും പരസഹായം ഇല്ലാതെ എഴുതാനും, അവയുടെ പ്രൂഫുകൾ പരിശോധിച്ച്‌ തെറ്റുകൾ തിരുത്തി പ്രസിദ്ധീകരണക്ഷമമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കോഴിക്കോട്ടു നിന്നും മടങ്ങി കൊല്ലങ്കോട്‌ സ്വവസതിയിൽ സ്ഥിരതാമസമാക്കിയ ശേഷമാണ്‌ ഭാഗവതത്തിന്റെ അവസാന പതിപ്പുകളും ബ്രഹ്‌മസൂത്രഭാഷ്യവും അദ്ദേഹം പ്രസിദ്ധീകരിച്ചത്‌.

അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യത്തെയും ആദ്ധ്യാത്മികരംഗത്ത്‌ ചെയ്ത പ്രവർത്തനങ്ങളെയും മാനിച്ചുകൊണ്ട്‌ കൊച്ചി മഹാരാജാവ്‌ ‘സാഹിത്യകുശലൻ’ എന്ന ബിരുദവും, 1961-ൽ ‘സാഹിത്യകേസരി’ ബിരുദവും നല്‌കി ഗോപാലൻനായരെ ആദരിച്ചു. കേരള സാഹിത്യ അക്കാദമി 2500&-രൂപ അദ്ദേഹത്തിന്‌ പാരിതോഷികമായി സമ്മാനിച്ചു. സംസ്‌കൃതപണ്ഡിതൻമാർക്കുളള കേന്ദ്രസാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന്‌ കിട്ടിയിട്ടുണ്ട്‌. 1961-ൽ അദ്ദേഹത്തിന്റെ 93-​‍ാം പിറന്നാൾ രണ്ടു ദിവസം ഗംഭീരമായി കൊണ്ടാടുകയും, പണ്ഡിറ്റിന്റെ ബഹുമുഖപ്രതിഭയെ വിലയിരുത്തിക്കൊണ്ട്‌ ഒരു ഉപഹാരഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

”ഭാഗവതം, അദ്ധ്യാത്മരാമായണം, പഞ്ചദശി, ഭഗവത്‌ഗീത, ഹരിമീഡേസ്‌തോത്രം, ശിവഗീതാഭാഷാഗാനം, ശ്രീബദരീശസ്‌തോത്രം, ശ്രീദേവീസൂക്തം, ശ്രീദുർഗ്ഗാസ്‌തോത്രം, ശ്രീസനത്‌കുമാരസ്‌തോത്രം, ദക്ഷിണാമൂർത്തിസ്‌തോത്രം, ബ്രഹ്‌മസൂത്രം, വാല്‌മീകിരാമായണം(സുന്ദരകാണ്ഡം), സുധോദയം, ശതശ്ലോകി തുടങ്ങി പതിനേഴു വ്യാഖ്യാനങ്ങളും സനാതനധർമ്മം, ശാശ്വതധർമ്മം, അഹിംസാപരമോ ധർമ്മഃ, ധർമ്മസ്വരൂപനിരൂപണം, ശ്രീകാശ്യപക്ഷേത്രമാഹാത്മ്യം, തപോവന സ്വാമികളുടെ ജീവചരിത്രം എന്നീ ആറു സ്വതന്ത്രകൃതികളുമടക്കം ഇരുപത്തിമൂന്നു ഗ്രന്ഥങ്ങൾ കൈരളിക്കു സമർപ്പിച്ചുകൊണ്ട്‌ അദ്ദേഹം തന്റെ യശസ്സിനെ ശാശ്വതമാക്കി.

തന്റെ മരണത്തെപോലും മുൻകൂട്ടി അറിയാൻ കഴിഞ്ഞ ഒരു ഋഷി തുല്യനായിരുന്നു അദ്ദേഹം. അതിനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇങ്ങനെ പറയുന്നുഃ-“1968 ജനുവരി മാസത്തിലെ ഒരു സായാഹ്നം. പണ്ഡിറ്റ്‌ പരിചാരകനായ കൃഷ്‌ണൻകുട്ടിയോട്‌ ഉത്തരായണം തുടങ്ങിയോ എന്നു ചോദിച്ചു. പഞ്ചാംഗം നോക്കി കൃഷ്‌ണൻകുട്ടി ഉത്തരായണാരംഭമായി എന്നറിയിച്ചു. ജനുവരിമാസം 17-​‍ാം തീയതിയായിരുന്നു അന്ന്‌. ഞാൻ മരിക്കുകയാണെങ്കിൽ വിളക്കു കൊളുത്തിവെയ്‌ക്കണമെന്നും ദേഹവിയോഗം പ്രകാശത്തിൽ ആകുവാൻ ശ്രദ്ധിക്കണമെന്നും പരിചാരകനോടു പറഞ്ഞു.” (4)

അന്നു വൈകുന്നേരം ഏതാണ്ട്‌ ആറുമണിയോടുകൂടി തന്റെ ആഗ്രഹംപോലെ സന്ധ്യാദീപത്തിന്റെ പ്രകാശദീപ്‌തിയിൽ സ്വസ്ഥനായി നിർല്ലോപചിത്തനായി അദ്ദേഹം കാലധർമ്മം പ്രാപിച്ചു.

അനുകരണ സാധ്യമല്ലാത്ത അനേകം കഴിവുകളുടെ കേദാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നമ്മുടെ മുൻപിൽ അദ്ദേഹം തെളിയിച്ച അറിവിന്റെ മഹാപ്രകാശത്തെ അണയാതെ സൂക്ഷിക്കേണ്ടത്‌; പ്രത്യേകിച്ച്‌ ഈ വർത്തമാനകാലത്തെ പ്രക്ഷുബ്‌ധതയിൽ ജീവിക്കുന്ന ഏതൊരാളുടെയും കർത്തവ്യമാണ്‌. ആ പുണ്യപുരുഷന്റെ പാവനസ്മരണപോലും നമ്മെ ധന്യമാക്കാതിരിക്കില്ല.

റഫറൻസ്‌

1) ശ്രീ മഹാഭാഗവതം-വ്യാഖ്യാനം പി.ഗോപാലൻനായർ – ജീവചരിത്രകുറിപ്പ്‌-എം.കെ.മാധവൻനായർ-പേജ്‌-16, വോള്യം-1, ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം.

2) ശ്രീമദ്‌ ഭഗവത്‌ഗീത-വ്യാഖ്യാനം-പി.ഗോപാലൻനായർ- അവതാരിക-പി. ശേഷാദ്രി-പേജ്‌-8, പി.കെ.ബ്രദേഴ്‌സ്‌, കോഴിക്കോട്‌.

3) ആദരാഞ്ജലികൾ-പുത്തേഴത്ത്‌ രാമമേനോൻ-പേജ്‌-21-22, മംഗളോദയം, തൃശൂർ.

4) പണ്ഡിറ്റ്‌ പി.ഗോപാലൻനായർ-ജീവചരിത്രം-പി.രാജഗോപാലൻ, പേജ്‌-69, സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്‌, കേരള സർക്കാർ.

Generated from archived content: essay_april2.html Author: k_kanakaraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here