സമാനതകളില്ലാത്ത രചന

താരാരാധനയിൽ മുഴുകി എഴുതപ്പെട്ട ഒരു വാഴ്‌ത്തുപുസ്‌തകമാകാനേ തരമുള്ളു. മോഹൻലാലിനെക്കുറിച്ചുള്ള ഒരു കൃതിയെന്ന ധാരണയോടെയാണ്‌ ഞാൻ ഈ പുസ്‌തകം വായിച്ചുതുടങ്ങിയത്‌. ആദ്യത്തെ രണ്ടു പുറങ്ങൾ വായിക്കേണ്ടിവന്നില്ല ഈ പുസ്‌തകം വ്യത്യസ്‌തമാണെന്ന്‌ ബോധ്യപ്പെടാൻ. എന്റെ ആശങ്കയുടെ അടിസ്‌ഥാനം മുൻവിധി മാത്രമാണെന്ന്‌ തിരിച്ചറിയാൻ.

സിനിമ ഒരു വിനോദോപാധി മാത്രമല്ലെന്നും അതൊരു സാമൂഹികോല്‌പന്നമാണെന്നുമുള്ള ബോധ്യത്തിൽ നിന്നും മലയാളത്തിൽ ഇന്ന്‌ ഗൗരവപൂർണ്ണമായ ഒരു ചലച്ചിത്രപഠനശാഖ തഴയ്‌ക്കുന്നുണ്ട്‌. സിനിമയെ അതിന്റെ താല്‌ക്കാലികമായ ജയപരാജയങ്ങളുടെ ഗണിതത്തിനപ്പുറം നിറുത്തി പരിശോധിക്കാനാണ്‌ ഈ സമീപനത്തിനിഷ്‌ടം. സമാന്തര സിനിമയെന്നും, അവാർഡ്‌ സിനിമയെന്നുമുള്ള സംജ്‌ഞ്ഞകൾക്കിവിടെ പ്രസക്തിയില്ല. താരമൂല്യവും സാമ്പത്തിക വിജയവും ഒരു സിനിമയുടെ സാമൂഹിക സാഹിത്യത്തിന്‌ കളങ്കം ചാർത്തുന്നുവെന്ന നാട്യമില്ല. സൂപ്പർതാരങ്ങൾ അഭിനയിച്ചതുകൊണ്ടോ, നൃത്തരംഗങ്ങളുടെ വർണ്ണക്കൊഴുപ്പുകൊണ്ടോ, സംഗീതത്തിന്റെ അതിപ്രസരംകൊണ്ടോ ഒരു ചലച്ചിത്രത്തിന്റെ ആത്യന്തിക മൂല്യത്തിന്‌ ഗ്ലാനിയൊന്നും സംഭവിക്കുന്നതായി കരുതുന്നതല്ല ഈ പഠനശൈലി. ധൈഷണികമായ നാട്യങ്ങളിൽ നിന്നുളള മലയാളിയുടെ മോചനത്തിന്റെ സൂചകം കൂടിയാണിത്‌. സാധാരണക്കാരൻ തിയേറ്ററുകളിൽ പോയിരുന്ന്‌ എല്ലാം മറന്നാസ്വദിക്കുന്ന സിനിമകൾക്ക്‌ താല്‌ക്കാലികമായ തിളക്കത്തിനപ്പുറം ഒരു സാംഗത്യവുമില്ലെന്ന വിചാരം അബദ്ധമാണെന്ന്‌ ഈ പുതിയ നിരൂപണം നമ്മളോട്‌ പറയുന്നു.

എ.ചന്ദ്രശേഖറും, ഗിരീഷ്‌ ബാലകൃഷ്‌ണനും ചേർന്നെഴുതിയ ‘മോഹൻലാൽ ഒരു മലയാളിയുടെ ജിവിതം’ എന്ന ഈ പുസ്‌തകം ഈ പാരമ്പര്യത്തിൽപ്പെട്ടതാണെന്ന്‌ പറയുമ്പോഴും വ്യത്യസ്‌തമാണെന്ന്‌ ഉടനേ കൂട്ടിച്ചേർക്കേണ്ടിവരും. ഈ പുസ്‌തകം എന്തല്ല എന്ന്‌ അറിയുമ്പോൾ മാത്രമേ ഇതെന്താണെന്ന്‌ നിർവചിക്കാൻ സാധിക്കൂ. മോഹൻലാൽ എന്ന സൂപ്പർസ്‌റ്റാറിനെക്കുറിച്ചുള്ള അപദാനങ്ങളോ ഗ്ലാമർ കഥകളോ അല്ല ഇതിൽ. അതേസമയം മോഹൻലാലിന്റെ ഗ്ലാമറിനെയോ, താരപരിവേഷത്തെയോ തുച്‌ഛീകരിക്കുന്നുമില്ല. മാത്രമല്ല അതൊക്കെ പൂർണ്ണമായി അംഗികരിച്ചുകൊണ്ടുതന്നെ അവയെ അപഗ്രഥിക്കാൻ തുനിയുന്നു. ഗോസിപ്പുകളും ആരാധനാപദാനങ്ങളുമായി വിലകെട്ടുപോയ സിനിമാ ജേർണലിസത്തിന്റെ ജനുസ്സിൽ ഈടുറ്റ ഈ കൃതിയെ ഉൾപ്പെടുത്തുന്നത്‌, ഒരു സാഹസംതന്നെയായിരിക്കും. മോഹൻലാൽ എന്ന താരത്തെയും നടനെയും വ്യക്തിയേയും അപഗ്രഥനാത്‌മകമായി സമീപിക്കുന്ന ഈ പുസ്‌തകം അതിന്റെ ബൗദ്ധികതലത്തിൽ വളരെ ഉയരത്തിൽ നിലകൊള്ളുന്നു. ഇത്‌ മോഹൻലാലിന്റെ ജിവിതകഥയല്ല, അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെയുള്ള ഒരു കൺഡക്‌റ്റഡ്‌ ടൂറുമല്ല.

പോപ്പുലർ കൾച്ചർ എന്ന്‌ വിവക്ഷിക്കുന്ന ജനപ്രിയ സംസ്‌കാരത്തിലെ പ്രധാനപ്പെട്ട ഇഴയാണ്‌ സിനിമ. മലയാളിയുടെ ജീവിതത്തെ സ്വാധീനിക്കുന്നതും മലയാളസിനിമയെ നമ്മുടെ ജീവിതം സ്വാധീനിക്കുന്നതും മറ്റു ഭാഷകളിൽ നിന്ന്‌ വ്യത്യസ്‌തമായ രീതിയിലാകുന്നു. തമിഴ്‌ സിനിമയും തെലുങ്ക്‌ സിനിമയും അവരുടെ ജീവിതയാഥാർത്ഥ്യങ്ങളോടു പുലർത്തുന്ന ബന്ധത്തിന്റെ നിർവചനം മലയാളത്തിൽ പ്രസക്തമല്ല. സമൂഹത്തിൽ സംഭവിക്കുന്ന അനുക്രമമായ മാറ്റങ്ങളെ, അവയുടെ ധാർമ്മികവും വൈകാരികവുമായ മാനങ്ങളോടെ സൂക്ഷ്‌മമായി ഒപ്പിയെടുക്കാനാണ്‌ മലയാള സിനിമയ്‌ക്ക്‌ പ്രതിപത്തി. ഉപരിപ്ലവമായ ഒരു പ്രതിഫലനം മാത്രമല്ല, ആഴത്തിൽ നിന്നുള്ള ഒരു വലിച്ചെടുക്കൽ, ഒരുൾക്കൊള്ളൽ മലയാളസിനിമയുടെ നിർമിതിയിലുണ്ട്‌. അതുകൊണ്ടാണ്‌ കഥാപാത്രങ്ങളുമായി സാധാരണ പ്രേക്ഷകർക്ക്‌ അനായാസേന ഇണങ്ങിച്ചേരാൻ സാധിക്കുന്നത്‌. അതുകൊണ്ടാണ്‌ കഥാപാത്രങ്ങൾ സമൂഹസ്‌മൃതിയിൽ ഏറെനാൾ പച്ച പിടിച്ചു നില്‌ക്കുന്നത്‌. ഗതകാലപ്രതാപത്തിന്റെ രാജാപാർട്ടുകളോട്‌ മലയാളിപ്രേക്ഷകർ ഒരിക്കലും വലിയ മമത കാട്ടിയിരുന്നില്ലല്ലോ. നമ്മുടെ യാഥാർത്ഥ്യങ്ങളെ നമുക്കറിയാവുന്നതിലും ആഴത്തിലും വ്യക്തതയിലും സംവേദനം ചെയ്യാൻ കഴിയുന്ന ചിത്രങ്ങളാണ്‌ മലയാളികൾക്ക്‌ എന്നും പ്രിയംകരം. അതിനുപരിക്കുന്ന കഥാപാത്രങ്ങളാണ്‌ നമുക്കിഷ്‌ടപ്പെട്ട നായകർ.

മോഹൻലാൽ എന്ന നടനെക്കുറിച്ച്‌ കൂടുതലറിയേണ്ടത്‌ ഈ പശ്ചാത്തലത്തിലാണ്‌. നമ്മുടെ പരിചിതമായ ആകുലതകളും ആശങ്കകളും കൊള്ളരുതായ്‌മകളും കുന്നായ്‌മകളും അന്യാദൃശമായ വഴക്കത്തോടെ അവതരിപ്പിച്ച്‌ മോഹൻലാൻ മലയാളിയുടെ ഹൃദയഹർമ്യത്തിൽ വാസമുറപ്പിച്ചത്‌ അങ്ങയൊണ്‌. ഈ നടനിലൂടെ സമൂഹം അതിന്റെ ഇച്‌ഛാഭംഗങ്ങൾക്കും പരിണാമങ്ങൾക്കും പ്രതിസന്ധികൾക്കും ആവിഷ്‌ക്കാരം തേടുകയായിരുന്നു. നമുക്ക്‌ പരിചിതമായിരുന്ന നായകസങ്കല്‌പത്തിൽനിന്ന്‌ വ്യത്യസ്‌തമായ രൂപം ഈ നടനെ കൂടുതൽ പരിചിതനാക്കി. കഥാപാത്രങ്ങളോട്‌ ഇണങ്ങിച്ചേരാൻ പ്രേക്ഷകന്‌ എളുപ്പമായി. മലയാള സിനിമാചരിത്രത്തിൽ ധാർമിക സന്ദിഗദ്ധതകൾ സൃഷ്‌ടിക്കുന്ന വൈരുദ്ധ്യങ്ങളെ ഒരു നടന്‌ തന്റെ അഭിനയത്തികവിലൂടെ സ്വായത്തമാക്കാൻ കഴിഞ്ഞപ്പോഴാണ്‌ മോഹൻലാൽ എന്ന നടൻ താരവും സൂപ്പർതാരവും സർവോപരി ‘മലയാളത്തിന്റെ മോഹൻലാലു’മായിത്തീർന്നത്‌.

കഥാപാത്രങ്ങളുടെ വൈവിദ്ധ്യവും അഭിനയത്തിലെ നൈസർഗികതയും, ഏതുവിധമുള്ള കഥാപാത്രത്തെയും ആവിഷ്‌ക്കരിക്കാനുള്ള സ്വാഭാവികവൈഭവവും ഈ നടന്റെ നിർമിതിയിലെ ഘടകങ്ങളാണ്‌. ഈ പേഴ്‌സ്‌ണാലിറ്റി അവകാശപ്പെടാവുന്ന മറ്റൊരു നടൻ നമുക്കില്ലെന്ന സംഗതി നാം മറന്നുകൂടാ. നല്ലവനും ദുഷ്‌ടനുമായ കഥാപാത്രങ്ങൾ, പാടുകയും നൃത്തമാടുകയും ചെയ്യുന്ന കഥാപാത്രങ്ങൾ, നിസ്സഹായതയും ഗതികേടുമൊക്കെ മുഖമുദ്രയാക്കിയവർ, വഴിപിഴച്ചുപോയ ഹൃദയാലു, എന്നിങ്ങനെയുള്ള നിരവധി കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുമ്പോൾ മോഹൻലാൽ മലയാളിയുടെ മനസ്സിലെവിടെയോ സവിശേഷമായി സ്‌പർശിക്കുകയായിരുന്നു. ചിലപ്പോൾ വ്യക്തമായും പലപ്പോഴും അവ്യക്തമായും മാത്രം നാം കണ്ടറിഞ്ഞ കഥാപാത്രങ്ങളാണവർ. അവർക്കെല്ലാം ജീവൻകൊടുത്ത നടനോട്‌ സമൂഹത്തിന്‌ സവിശേഷമായ സ്‌നേഹമുണ്ടാവുക സ്വാഭാവികം. ഈ കഥാപാത്ര വൈവിദ്ധ്യത്തിന്റെ ഉടലാർന്ന രൂപമായി മാറിയ ഒരു നടനിലൂടെ സമൂഹത്തിന്‌ നേരെ ഒരു കണ്ണാടി പിടിക്കുകയാണ്‌ ഈ പുസ്‌തകം. ‘മലയാളി എന്ന പൊതുനിർവചനത്തിൽ അടങ്ങിയ ഒട്ടേറെ കുന്നായ്‌മകളും തോന്നിവാസങ്ങളും വഷളത്തരങ്ങളും കൗശലവും പൊങ്ങച്ചവും അടങ്ങുന്ന കഥാപാത്രചേഷ്‌ടകൾ ഏറെ ജനപ്രിയമാക്കാൻ മോഹൻലാലിനാണ്‌ കഴിഞ്ഞിട്ടുള്ളത്‌……… മലയാളി എന്ന പൊതുസംജ്ഞയ്‌ക്കു പിന്നിലുള്ള കറുത്ത വികാരങ്ങളെകൂടി പ്രീതിപ്പെടുത്തുന്ന എന്തോ ഒന്ന്‌ മോഹൻലാലിൽ ഉണ്ട്‌’ എന്ന്‌ ഗ്രന്ഥകർത്താക്കൾ വിലയിരുത്തുമ്പോൾ ‘എത്രശരി’ എന്ന്‌ ഏറ്റുപറയാൻ മാത്രമേ കഴിയൂ.

മലയാളിയുടെ മനസ്സ്‌ ഒരിക്കലും ജീവിതത്തെ കറുപ്പും വെളുപ്പുമായി കാണാൻ ഇഷ്‌ടപ്പെട്ടിരുന്നില്ല. ജീവിതം ആവിധമല്ലാത്തതുകൊണ്ടുതന്നെ. എന്നാൽ തമിഴിലും തെലുങ്കിലും ഹിന്ദിയിലും നല്ലവനായ നായകനും നന്മയേതുമില്ലാത്ത വില്ലനുമായുള്ള ദേവാസുര നാടകങ്ങൾക്കാണ്‌ എന്നും പ്രചാരം. ദേവനും അസുരനും ഒരുവനിൽതന്നെയെന്ന ബോധ്യം മലയാളിക്ക്‌ പണ്ടേ പ്രിയങ്കരമാണ്‌. അങ്ങനെയാണ്‌ നമ്മുടെ നാ​‍ായകന്മാർ പലപ്പോഴും പ്രതിനായകന്മാരായി മാറുന്നത്‌. പ്രേംനസീറിനോ സത്യനോ മമ്മൂട്ടിക്കോ അവരുടെ ശരീരപ്രകൃതിയുടെ പ്രത്യേകതകൊണ്ട്‌ പ്രതിനായകന്മാരെ അവതരിപ്പിച്ച്‌ ഫലിപ്പിക്കുക അത്ര എളുപ്പമല്ല. എന്നാൽ ഭ്രമരത്തിലെ ശിവൻകുട്ടിയിലെത്തുമ്പോൾ നായകനാര്‌ പ്രതിനായകനാര്‌ എന്ന്‌ തിരിച്ചറിയാൻ കഴിയാത്തവിധം മലയാള സിനിമയുടെ നായകസങ്കല്‌പം സങ്കീർണ്ണമാവുന്നുണ്ട്‌. ആ സങ്കീർണ്ണത അനായാസം ഉൾക്കൊള്ളാൻ കഴിയുന്ന മുഖവും ശരീരവും പ്രതിഭയുമാണ്‌ മോഹൻലാലിന്റേത്‌.

ഏതു നല്ല നടനും സിനിമയിലെ കഥാപാത്രവുമായി നന്മയീഭവിക്കാൻ സാധിക്കും. എന്നാൽ കഥാപാത്രത്തിനപ്പുറമുള്ള, നടനെന്ന വ്യക്തിയുടെ ജീവിതവീക്ഷണവും വെള്ളിത്തിരക്കപ്പുറമുള്ള വ്യക്തിത്വവും (off screen personality) കൂടി താരവ്യക്തിത്വത്തോട്‌ ഇണങ്ങിച്ചേരുമ്പോഴാണ്‌ തന്മയീഭവിക്കൽ സമ്പൂർണ്ണമാവുകയും, ആ സമ്പൂർണ്ണതയുടെ പ്രഹർഷത്തിൽ സമൂഹം ആ നടനെ ഹൃദയംകൊണ്ട്‌ ആശ്ലേഷിക്കുകയും ചെയ്യുന്നത്‌. മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ചുള്ള വസ്‌തുനിഷ്‌ഠമായ കുറെ കാര്യങ്ങൾ ഈ പുസ്‌തകം നമുക്ക്‌ നല്‌കുന്നുണ്ട്‌. ആത്മീയത, കുടുംബമൂല്യങ്ങൾ, സമൂഹത്തോടുള്ള നാട്യം കലാരാത്ത പ്രതിബദ്ധത, സ്വന്തം ദൗർബല്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്‌. എന്നിങ്ങനെയുളള അറിവുകളിലൂടെ ഈ നടന്റെ ഉദ്‌ഗ്രഥിതമായ വ്യക്തിത്വം നമ്മുടെ മുന്നിൽ തെളിയുന്നുണ്ട്‌. മറച്ചുവയ്‌ക്കാൻ ശ്രമിക്കാത്ത ഒരാൾ എന്ന്‌ വിശേഷിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സുതാര്യത നമ്മെ ആകർഷിക്കുന്നു. കർണഭാരം, ഛായാമുഖി എന്നീ നാടകങ്ങളിലെ അഭിനയം, മാജിക്കിനോടുള്ള അഭിനിവേശം, ടെറിറ്റോറിയൽ ആർമിയിലെ ലഫ്‌റ്റനന്റ്‌ കേണൽ സ്‌ഥാനം- ഇത്തരത്തിലുള്ള സിനിമേതരമായ അറിവുകൾ ഈ സുതാര്യതയ്‌ക്ക്‌ തിളക്കം കൂട്ടുന്നു. താരപദവിയുടെ നിർമിതിയിൽ ഈ ഘടകങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ ഈ പുസ്‌തകം അപഗ്രഥിക്കുകയും നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

മോഹൻലാൽ എന്ന നടനിലൂടെ മലയാളസിനിമയുടെ മൂല്യപരിസരങ്ങളുടെ നിരന്തരമായ പരിണാമചരിത്രത്തിലേക്കും കേരളത്തിന്റെ സാമൂഹികമാറ്റങ്ങളുടെ രസതന്ത്രത്തിലേക്കും വായനക്കാരെ ഈ പുസ്‌തകം കൂട്ടിക്കൊണ്ടുപോകുന്നു. വിപുലമായ അന്വേഷണവും ആഴത്തിലുള്ള വിശകലനവും ഈ രചനയെ സമകാലിക സാംസ്‌കാരിക പഠനശാഖയിലെ ആർജവമുള്ള കൃതിയാക്കി മാറ്റുന്നു. സിനിമയുടെ ഇതിവൃത്തങ്ങളിലും കഥാപാത്രസങ്കല്‌പത്തിലും സ്വാഭാവികമായി വന്നുചേരുന്ന മാറ്റത്തിന്റെ ഗ്രാഫും, ഒരു താരത്തെ സൃഷ്‌ടിക്കുന്ന സാമൂഹിക മനഃശാസ്‌ത്രവും തികഞ്ഞ ഉൾക്കാഴ്‌ചയോടെ ഈ പുസ്‌തകം അവതരിപ്പിക്കുന്നു. സാധാരണ പ്രേക്ഷകൻ കമേർഷ്യൽ സിനിമയിൽ തിരിച്ചറിയാത്തതും ആരോപിക്കാത്തതുമായ ചരിത്രപീഠികകളെക്കുറിച്ച്‌ ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു നടൻ ഒരേസമയം എങ്ങനെ ഒരു താരവും വ്യക്തിയും പ്രതീകവുമായി മാറുന്നു എന്ന അപൂർവമായ അന്വേഷണം പൂർണ്ണതയിലെത്തുന്നുണ്ട്‌ ഈ പുസ്‌തകത്തിൽ. അതേസമയം താരാധിപത്യം മലയാളസിനിമയിൽ വരുത്തിവച്ച പുതുശീലങ്ങളെപ്പറ്റിയും താരപദവിയുടെ വെല്ലുവിളികളെപ്പറ്റിയും വസ്‌തുനിഷ്‌ഠമായി പ്രതിപാദിക്കാൻ ഗ്രന്ഥകാരന്മാർ മറക്കുന്നുമില്ല.

അതിഭാവുകത്വത്തിലേയ്‌ക്ക്‌ വഴുതിപ്പോകാത്ത ഭാഷയാണ്‌ ഈ കൃതിയുടെ മറ്റൊരനുഗ്രഹം. ബുദ്ധിജീവി നാട്യങ്ങളില്ലാത്ത അപഗ്രഥനശൈലി വായനക്കാരന്‌ പകരുന്ന നറുമയും ആശ്വാസവും എത്രയെന്ന്‌ വിവരിക്കാൻ സാധിക്കുകയില്ല. സമാനതകളില്ലാത്ത ഒരു നടനെക്കുറിച്ചുള്ള സമാനതകളില്ലാത്ത പുസ്‌തകം എന്ന്‌ ഈ കൃതിയെ അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം. സിനിമയെന്ന കരുത്തുറ്റ മാധ്യമത്തെ അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുന്ന ഈ പുസ്‌തകം ഉൾക്കാഴ്‌ചയുടെ അഹ്ലാദം ഓരോ പേജിലും വായനക്കാരന്‌ സമ്മാനിക്കുന്നു. ഒരു നടനിലൂടെ ഒരു മാധ്യമത്തെയും സമൂഹത്തെയും ഇത്രകണ്ടറിയാൻ കഴിയുമല്ലോ എന്ന വിസ്‌മയത്തിന്‌ വായനക്കാരൻ അറിയാതെ വിധേയനാവുന്ന ഈ അപൂർവകൃതി അവതരിപ്പിക്കുന്നതിൽ ഞാനഭിമാനിക്കുന്നു. ചന്ദ്രശേഖറിനെയും ഗിരീഷ്‌ ബാലകൃഷ്‌ണനെയും നിറഞ്ഞമനസ്സോടെ അഭിനന്ദിക്കുന്നു.

Generated from archived content: vayanayute16.html Author: k_jayakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here