വേരനക്കങ്ങൾ

അവർ ഞങ്ങളുടെ

ജാതി തീരുമാനിച്ചു, പേരും

ചിട്ടയായ്‌ ഒരുക്കിനിർത്തി

ജാതകം കുറിച്ച്‌, പോരിനിറക്കി.

സമ്മാനങ്ങൾ!

ഞങ്ങളറിയാതെ

ഞങ്ങളെ വിറ്റവർ

ഗോത്രങ്ങൾ സ്വന്തമാക്കി

ഇപ്പോൾ നിങ്ങളെയും?

വേനലിലും തണുപ്പ്‌!

പരസ്യത്തിരയിലൊലിച്ചവർ

പുതപ്പിനായ്‌ മത്സരിച്ചു.

തണ്ടൊടിഞ്ഞതും

മുളളുമുറിഞ്ഞതും

ഇതൾ ചോര പറ്റിയതും

അറിഞ്ഞത്‌, പിന്നീട്‌.

ശിശിരത്തിലും വിയർത്തവർ

കിതപ്പോടെ ലാബുകളിലേക്ക്‌.

ഇവിടെ, ഇളംനീല ഭരണികളുടെ

ഭംഗിക്കും തണുപ്പിനുമപ്പുറം

ചില ചില്ലറ വേരനക്കങ്ങൾ.

പക്ഷേ, വേരുകൾക്ക്‌ മണ്ണും

മണ്ണിന്‌ വേരുകളും

എന്നേ നഷ്‌ടമായിരിക്കുന്നു

നിങ്ങൾക്ക്‌ ദാഹിക്കുന്നുവോ?

വേരുകളോട്‌ ചോദിക്കുക

ചോരകൊണ്ടു നെഞ്ചു

നനക്കുന്നതെങ്ങിനെയെന്ന്‌,

അവർ പറഞ്ഞുതരും.

വരവുളളവരുടെ

ജലകേളികൾ, കാട്ടിത്തരും.

കടപുഴകും മുൻപേ

ഉറക്കെ നിലവിളിക്കുക.

വായ്‌പ്പവിരിപ്പുകൾ താനെയെത്തും

അങ്ങിനെ, കണ്ടും കേട്ടും

മെല്ലെ മെല്ലെ ദാഹം മറക്കുക

പതുക്കെ മരിക്കുക.

Generated from archived content: poem2_sep7_05.html Author: k_g_sooraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here