പനി

പനി ഒരസുഖമാണ്‌

പരാജിതമായ പ്രതിരോധം

നെറ്റിത്തടം തിളപ്പിക്കുന്നത്‌

ആദ്യസ്പർശത്താൽ

അച്ഛനതേറ്റുവാങ്ങുന്നത്‌

നനഞ്ഞ തിരിത്തുണികൾ

ചൂടുകുടിക്കുന്നത്‌

കഴുത്തിനും കമ്പളത്തിനുമിടയിൽ

നീരൊഴുകുന്നത്‌

വിയോജിപ്പുകൾക്കു വഴങ്ങാതെ

അമ്മ, നേരം വെളുപ്പിക്കുന്നത്‌

അനുജത്തി അടുത്തിരിക്കുന്നത്‌

സംശയപ്പെരുമഴക്കൊടുവിൽ

ശരീരം മരുന്നുകൾക്കു വിട്ടുകൊടുക്കുന്നത്‌……

പനി ഒരസുഖമല്ലാതാകുന്നത്‌

കരുതൽ കടലാകുമ്പോഴാണ്‌

നിന്റെ പനിമുഖം എത്ര വശ്യം

വിയർപ്പൊട്ടിയ മുഖരോമങ്ങളിൽ

കവിളമർത്തി

പനി മണത്തത്‌, അവൾ

പനി സുഖകരമാകുന്നത്‌,

അതാസ്വദിക്കപ്പെടുമ്പോഴാണ്‌

പനി പിടിക്കുന്നതിന്‌

ചില കാരണങ്ങളുണ്ട്‌

മഴ നനയുക

വെയിൽക്കൊളളുക

അങ്ങിനെ പലതും

നഗരത്തിലെ സീബ്രാവരകൾ

കരുത്തന്മാരാകുന്നത്‌

അലറിയെത്തുന്നവർ

കിതപ്പ്‌ രേഖപ്പെടുത്തുമ്പോഴാണ്‌

അവയുടെ ഇത്തിരി സുരക്ഷയിൽ

കണ്ണിലേക്ക്‌ മണ്ണെറിഞ്ഞ്‌

പനി വിതച്ച്‌ മറഞ്ഞതും അവൾ

ഓർമ്മകൾ പനിക്കുന്നുവോ?

നെഞ്ചം തണുക്കുന്നുവോ ?

വഴിയരികിലെ അനാഥമായ

പുതപ്പെടുക്കാം

ഉൾപ്പനിയൊക്കെയും അതിലൊതുക്കാം

പനി ഒരസുഖമാണ്‌,

കാലിടറുമ്പോഴും

കാലാവസ്ഥ മാറുമ്പോഴും

മനസ്സുകളിൽ സംഭവിക്കുന്നത്‌.

Generated from archived content: poem1_dec30_06.html Author: k_g_sooraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here