അഭ്രപാളികളിലെ ക്യാമ്പസ്‌ കയ്യൊപ്പ്‌

മാർ ഇവാനിയോസിലെ ശ്രീഹരി.

കാര്യവട്ടം ക്യാമ്പസിലെ വിമൽകുമാർ

മെഡിക്കൽ കോളേജിലെ അനീഷ്‌.

മഹാരാജാസിലെ രതീഷ്‌

ഇവരെല്ലാം ഒത്തുചേർന്നാൽ എന്താകും സംസാരിക്കുക?

ഹൈ സ്‌പീഡ്‌ ബൈക്ക്‌…

പുതിയ മോഡൽ മൊബൈൽ ഫോൺ….

ശിൽപാ ഷെട്ടിയുടെ പെർഫോമെൻസ്‌…

വലന്റൈൻദിന സമ്മാനങ്ങൾ…

ഇതെല്ലാമായിരിക്കും ചർച്ചയുടെ വിഭവങ്ങളെന്ന്‌ ആരെങ്കിലും ധരിച്ചുവശായെങ്കിൽ, ‘അതെല്ലാം മറന്നേക്കുക’. കാരണം മുൻധാരണകളുടെ ചെകിടത്തടിച്ച്‌ മുട്ടിത്തുറക്കലുകളുടെ ഔപചാരികതകൾ ലംഘിച്ച്‌ ഈ ചെറുവാല്യക്കൂട്ടം നമ്മോടു പറയുന്നു….

തുറക്കൂ നിങ്ങടെ കണ്ണുകൾ…

കൂർപ്പിക്കുക കാതുകൾ

കാണാൻ മടിക്കുന്നവ,

കേൾക്കാനിമ്പമില്ലാത്തവ,

ഇടങ്ങളിൽ സ്ഥാനമില്ലാത്തവ,

പലപ്പോഴായ്‌ പുറന്തള്ളപ്പെട്ടവ,

നടക്കുക ഞങ്ങൾക്കൊപ്പം…

കാണുകയീ നേരിൻ കാഴ്‌ചകൾ.

ഫെബ്രുവരി 25 – 26

മാർച്ചിന്റെ പൊള്ളുന്ന പരീക്ഷച്ചൂടിനു തൊട്ടുമുൻപ്‌ ഇളങ്കാറ്റടിക്കുന്ന ബഥനിക്കുന്നിൽ അവരൊത്തു ചേർന്നു. ഫിലിം ലവേഴ്‌സ്‌ കൾച്ചറൽ അസോസിയേഷനും (F.I.L.C.A) മാർ ഇവാനിയോസ്‌ കേളേജ്‌ യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പസ്‌ ഫിലിം ഫെസ്‌റ്റ്‌ 2007. മുപ്പത്‌ ക്യാമ്പസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 ഡോക്യുമെന്ററികളും 24 ലഘുചിത്രങ്ങളുമാണ്‌ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചത്‌. ഫെസ്‌റ്റിവൽ മാർ ഇവാനിയോസ്‌ കോളേജ്‌ പ്രിൻസിപ്പൽ റവറന്റ്‌ ഫാദർ ഡോ. ശാമുവേൽ കാട്ടുകല്ലിൽ ഉദ്‌ഘാടനം ചെയ്‌തു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പതിനഞ്ചുകാരൻ ശിവറാം മണി മുതൽ ഗവേഷകവിദ്യാർത്ഥികൾ വരെ അണിനിരന്ന വിദ്യാർത്ഥികളുടെ ഈ സ്വന്തം ദൃശ്യോത്സവം ഉള്ളടക്കത്തിലെ ഉയർന്ന നിലവാരം കൊണ്ടും അനുകരണീയമായ സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്‌, തിരക്കഥ, പശ്ചാത്തല സംഗീതം തുടങ്ങി സർവവും വിദ്യാർത്ഥി കേന്ദ്രീകൃതമായ ക്യാമ്പസ്‌ ഫിലം ഫെസ്‌റ്റ്‌ കേരളത്തിനു സമ്മാനിക്കുന്നത്‌ ശുഭപ്രതീക്ഷകളാണ്‌.

കയ്യിൽ ക്യാമറയും ശിരസിൽ ആശയവുമുണ്ടെങ്കിൽ സിനിമയ്‌ക്ക്‌ ജീവനായെന്ന ‘റോഷെ’യൻ സിദ്ധാന്തം ഈ കുരുന്നുകൂട്ടം സംഘശക്തിയുടെ താളബോധത്താൽ മലയാളിയെ ബോധ്യപ്പെടുത്തുന്നു. ഞങ്ങൾ ഈ സമൂഹത്തിന്റെ മുഖവും ചിന്തയും സ്വപ്നങ്ങളുമാണെന്ന്‌ ആഴത്തിൽ അടയാളപ്പെടുത്തുംവിധം ജനകീയ പ്രശ്‌നങ്ങളോടുള്ള ചടുലവും ക്രിയാത്മകവുമായ പ്രതികരണങ്ങളായി, പ്രദർശിപ്പിച്ച ഓരോ ചിത്രവും. ഇതു സൂചിപ്പിക്കുന്നത്‌ പുതിയ തലമുറയുടെ പക്വമാകുന്ന സിനിമാ സംസ്‌കാരവും ഗൗരവമാർന്ന ചലചിത്രാവബോധവുമാണ്‌.

എഴുപതുകളിലേയും എൺപതുകളിലേയും സിനിമകളുടെ പ്രമേയപരിസരങ്ങൾ അസ്‌തിത്വ ദുഃഖത്തിലും, വ്യവസ്ഥിതിയുമായി കലഹിക്കുന്ന യുവത്വത്തിന്റെ സംഘർഷങ്ങളിലും, പ്രത്യയ ശാസ്‌ത്ര സംവാദങ്ങളിലും കുരുങ്ങിക്കിടന്നുവെങ്കിൽ, ക്യാമ്പസ്‌ ഫിലിം ഫെസ്‌റ്റ്‌ 2007ലെത്തുമ്പോൾ അത്‌ സൃഷ്ടിപരവും സർഗ്ഗാത്മകവുമായ ഇടപെടലുകൾക്കും അന്വേഷണങ്ങൾക്കും ഊന്നൽ നൽകുന്നതിനോടൊപ്പം ആത്യന്തികമായി സാമൂഹിക നവോത്ഥാനത്തെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു.

ആഗോളവത്‌ക്കരണം, സുനാമി, വിദ്യാഭ്യാസമേഖലകളിലെ മസ്‌തിഷ്‌കചോർച്ച, മുല്ലപ്പെരിയാർ, പരിസ്ഥിതി സംരക്ഷണം, പാർശ്വവത്‌ക്കരിക്കപ്പെടുന്ന ചരിത്രം, പ്രദേശിക പെരുമ, പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ച, അനുഷ്‌ഠാന കലകൾ, എയ്‌ഡ്‌സ്‌, കർഷക ആത്മഹത്യ, ആദിവാസി ഭൂപ്രശ്‌നം തുടങ്ങി കലയും സാഹിത്യവും ഗൃഹാതുരത്വവും പ്രണയവുമെല്ലാം ഈ ക്ഷുഭിതയൗവ്വനങ്ങളുടെ ക്യാമക്കണ്ണുകളാൽ കവിതകളാകുന്നു.

നിർമ്മാണം മുതൽ പ്രദർശനം വരെ നീളുന്ന സൃഷ്ടിയുടെ ഓരോ ഘട്ടവും വിദ്യാർത്ഥിയുടെ സംഘബോധത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതിഫലനമായി മാറുന്നു. എറണാകുളം മഹാരാജാസിലെ രതീഷ്‌ പങ്കുവച്ച ഹൃദയസ്‌പൃക്കായ അനുഭവങ്ങൾ ഇതു ശരിവയ്‌ക്കുന്നു. തങ്ങളുടെ സ്വപ്നചിത്രം “എന്റെ കഥ” മഹാരാജാസിലെ ഓരോ വിദ്യാർത്ഥിയുടേതുമാണ്‌. കാരണം അത്‌ നിർമ്മിക്കപ്പെട്ടത്‌ ഓരോ വിദ്യാർത്ഥിയും അവനവനു കഴിയുന്ന നിലയിൽ നൽകിയ സംഭാവനകളിലൂടെയാണ്‌. അധ്യാപകരും അനധ്യാപകരുമടക്കം ഓരോ കലാലയത്തിന്റെയും നാഡീ ഞരമ്പുകളാകെ ഒരുപോലെ പങ്കാളികളാകുന്ന ഈ ജനകീയശാസ്‌ത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്‌, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തമായ നിർമ്മാണരീതി അവലംബിച്ച ജോൺ എബ്രഹാമിനെയാണ്‌. ഒന്നുറപ്പ്‌, വാണിജ്യവത്‌ക്കരിക്കപ്പെട്ട മുഖ്യധാരാസിനിമയുടെ കുമിളത്തിളക്കങ്ങളെ ഈ “കൊച്ചു സംവിധായകർ” മറികടക്കുക തന്നെ ചെയ്യും. കാരണം ജീവിതയാഥാർത്ഥ്യങ്ങളെ ആലേഖനം ചെയ്യാനുതകുന്ന ലിപികളാക്കി ചലചിത്രഭാഷയെ ഉപയോഗപ്പെടുത്തുന്നതിൽ ഇവർ വിജയിച്ചിരിക്കുന്നു. ഇവർക്കുവേണ്ടത്‌ അവസരങ്ങളാണ്‌. തിരിച്ചറിയപ്പെടാനും ഒപ്പം കഴിവു തെളിയിക്കാനും.

വിശന്നുകരയുന്ന അയൽവീട്ടിലെ പിഞ്ചുകുഞ്ഞിന്റെ നിലവിളികളെ മറികടന്ന്‌, സിനിമയിലെ കുഞ്ഞിന്റെ വിശപ്പിൽ കണ്ണീർ തൂകുകയും, നെടുവീർപ്പിടുകയും ‘വിശപ്പിന്റെ രാഷ്‌ട്രീയം’ ചർച്ച ചെയ്‌ത്‌ ‘വിശപ്പുകളടക്കുകയും’ ചെയ്യുന്ന ലിബറൽ ബുദ്ധി ജീവി & ണി വർഗ്ഗം ഒരുവശത്തും, സമ്പന്നതയുടെ താളമേളങ്ങളിൽ ചലചിത്രത്തെ വ്യവസായവത്‌ക്കരിക്കുന്നവർ മറുവശത്തും പാറപോലെ ഉറച്ചു നിൽക്കുമ്പോൾ F.I.L.C.A ആശ്വാസമാകുന്നു. വിദ്യാർത്ഥികൾക്കും ഒപ്പം നല്ല സിനിമയെ സ്‌നേഹിക്കുന്നവർക്കും.

ഡോക്യുമെന്ററി വിഭാഗം

14 ഡോക്യുമെന്ററികളാണ്‌ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചത്‌. കേരളീയ യാഥാർത്ഥ്യങ്ങളിലേക്ക്‌ തുറന്നു പിടിച്ച കണ്ണാടികളായി, പ്രദർശിപ്പിക്കപ്പെട്ടവയിലേറെയും.

മുഴങ്ങുന്ന മരണമണി (റോയ്‌ പീച്ചാട്ട്‌, മൈക്രോൺ കോളേജ്‌ ഓഫ്‌ കോമേഴ്‌സ്‌, കോതമംഗലം) ഒന്നാം സ്ഥാനം

പ്രമേയഗൗരവം കൊണ്ടും സവിശേഷമായ ആഖ്യാനശൈലി കൊണ്ടും റോയി പീച്ചാട്ടിന്റെ ‘മുഴങ്ങുന്ന മരണമണി’ ഭീതിയും ചിന്തയും ഉണർത്തുന്നു. മുല്ലപ്പെരിയാർ അണക്കെട്ട്‌ തകർന്നാലുണ്ടാകാനിടയുള്ള അതിദാരുണമായ ഭവിഷ്യത്തുകളിലേക്ക്‌ പ്രമേയം പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നു. ഭീമാകാരമായ ശബ്ദത്തോടെ തകർന്നുവീഴുന്ന അണക്കെട്ടും ജനപഥങ്ങൾക്ക്‌ നെറുകെ അതിശക്തമായൊഴുകുന്ന ജലത്തിന്റെ രൗദ്രതയും ആധുനിക സാങ്കേതികവിദ്യയും സ്‌പെഷ്യൽ ഇഫക്ടസും സംയോജിപ്പിച്ച്‌ സമർത്ഥമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു. പ്രശസ്ത മാധ്യമ വിദഗ്‌ദ്ധൻ ഡോ. സെബാസ്‌റ്റ്യൻ പോൾ തന്റെ ഘനഗംഭീരമായ ആഖ്യാനശൈലിയിലൂടെ പ്രമേയ സംവേദനത്തെ ഊർജ്ജസ്വലമാക്കുന്നു.

അണക്കെട്ടുമായി ബന്ധപ്പെട്ട ചരിത്രവും വർത്തമാനവും ഭാവിയും രേഖപ്പെടുത്തുന്നതിൽ സംവിധായകൻ പുലർത്തിയ കയ്യൊതുക്കം ഡോക്യുമെന്ററിയെ വ്യത്യസ്തമാക്കുന്നു. അണക്കെട്ടു തകർന്നാൽ ആദ്യം വെള്ളത്തിനടിയിലാകുന്ന വള്ളക്കടവ്‌ ഗ്രാമത്തിന്റെ ഹൃദയവികാരം ഇതിലുടനീളം കാണാം. അധികാരസ്ഥാനീയരെ ഇരുത്തിചിന്തിപ്പിക്കുന്നതിനും, വ്യാപകമായ സാമൂഹിക ബോധവൽക്കരണത്തിനും പ്രസ്‌തുത ഡോക്യുമെന്ററി വഴിയൊരുക്കുകതന്നെ ചെയ്യും.

ആഫ്‌റ്റർ വേവ്‌സ്‌ ശ്രീമിത്‌. എൻ. സി-ഡിറ്റ്‌, തിരുവനന്തപുരം രണ്ടാം സ്ഥാനം

സുനാമി അനാഥമാക്കിയ കൊല്ലം ജില്ലയിലെ അഴീക്കൽ കടലോരഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകൾ ആലേഖനം ചെയ്യുന്ന ദൃശ്യാനുഭവമാണ്‌ “ആഫ്‌റ്റർ വേവ്‌സ്‌”. അച്ഛനമ്മമാർ നഷ്ടപ്പെട്ട കുരുന്നുകളുടെ നിലവിളിയും പുനരധിവാസ പ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥതയും, കുട്ടികളുടെ രോഗാവസ്ഥയും ആഫ്‌റ്റർ വേവ്‌സിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

എ ഷോർട്ട്‌ സ്‌റ്റോറി ഓഫ്‌ പുൽപ്പള്ളി (സന്തോഷ്‌. ടി., വിജയ എച്ച്‌.എസ്‌.എസ്‌.പി. പുൽപ്പള്ളി) പ്രോത്സാഹന സമ്മാനം

തികച്ചും പ്രാദേശിക സ്വഭാവമുള്ള പ്രമേയമാണ്‌ “എ ഷോർട്ട്‌ സ്‌റ്റോറി ഓഫ്‌ പുൽപ്പള്ളി” ചർച്ച ചെയ്യുന്നത്‌. പുൽപ്പള്ളി ദേശത്തിന്റെ കഥ പറയുന്ന പ്രസ്‌തുത ഡോക്യുമെന്ററി മിത്തും യാഥാർത്ഥ്യവും ഇടകലർന്നൊഴുകുന്ന പുൽപ്പള്ളിയുടെ ഗ്രാമക്കാഴ്‌ചകൾ പങ്കുവയ്‌ക്കുന്നതോടൊപ്പം പ്രദേശിന്റെ ചുവന്ന രാഷ്‌ട്രീയവും ചർച്ച ചെയ്യുന്നു. തങ്ങളുടെ നാടുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ അവതരിപ്പിക്കുന്ന സമാന ഗൗരവത്തോടെ തന്നെ നക്‌സൽ നേതാവ്‌ വർഗ്ഗീസുമായും അജിതയുമായുമെല്ലാമുള്ള പ്രദേശത്തിന്റെ ആത്മബന്ധവും ചിത്രം ചർച്ച ചെയ്യുന്നു.

The Green Card & An Unheard Story

വിദ്യാഭ്യാസമേഖലയിലെ മസ്‌തിഷ്‌ക ചോർച്ചക്കെതിരായ പ്രൊഫഷണൽ കോളേജ്‌ വിദ്യാർത്ഥിയുടെ ഒറ്റയാൻ ചെറുത്തു നിൽപ്‌ ഭംഗിയായി അവതരിപ്പിച്ച The Green Card-ഉം (Sajeev. V., M.B.C.C.E.T, Peerumade) പാർശ്വവത്‌ക്കരിക്കപ്പെടുന്ന ഇൻഡ്യൻ ചരിത്രം അന്വേഷണാത്മകമായി ചർച്ച ചെയ്യുന്ന An Unheard Story-ഉം (Vinodh Anand, University of Kerala) വ്യത്യസ്തത പുലർത്തുന്നു.

ലഘുചിത്രവിഭാഗം

ലഘുചിത്രവിഭാഗത്തിൽ 24 ചിത്രങ്ങളാണ്‌ പ്രദർശിപ്പിച്ചത്‌.

ഇരുട്ടിനു മുൻപേ (ശ്യാംജിത്ത്‌. ജി.എസ്‌., ആശാൻ മെമ്മോറിയൽ കോളേജ്‌, ചെന്നൈ) ഒന്നാം സ്ഥാനം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന “ഇരുട്ടിനു മുൻപേ” ചർച്ച ചെയ്യുന്നത്‌ ഗ്രാമത്തിന്റെ തണലായ ആൽമരം വെട്ടിവീഴ്‌ത്തുന്നതിനെതിരായ അധ്യാപകന്റെ ഒറ്റയാൾ പോരാട്ടമാണ്‌. അന്ധവിശ്വാസങ്ങൾ മനുഷ്യനെ എളുപ്പത്തിൽ സ്വാധീനിക്കുന്നതും അതു പരിസ്ഥിതിക്കു തന്നെ വിനാശകരമാകുന്നതുമാണ്‌ കഥാതന്തു. തികച്ചും ലളിതമായ ആവിഷ്‌കരണ ശൈലി ചിത്രത്തിന്റെ സൗന്ദര്യത്തെ കൂടുതൽ മികവുറ്റതാക്കുന്നു.

എന്റെ കഥ (രതീഷ്‌കുമാർ കെ.ആർ., മഹാരാജാസ്‌ കോളേജ്‌, എറണാകുളം) രണ്ടാംസ്ഥാനം

തികച്ചും സാധാരണക്കാരനായ ഒരു വിദ്യാർത്ഥി സ്വയമറിയാതെ തന്നെ എഴുത്തിന്റെ മാസ്‌മരികതയിലേക്കെത്തപ്പെടുന്നതിന്റെ കാഴ്‌ചയാണ്‌ എന്റെ കഥ. കേരളീയ ക്യാമ്പസുകളുടെ സർഗാത്മകവും സൃഷ്ടിപരവുമായ മുഖം ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു. എറണാകുളം മഹാരാജാസ്‌ കോളേജിന്റെ രാജകീയ പ്രൗഢിയും വശ്യമനോഹാരിതയും ചിത്രത്തിന്റെ സൗന്ദര്യത്തെ ഏറെ സ്വാധീനിച്ചിരിക്കുന്നു. സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ്‌ തുടങ്ങി “എന്റെ കഥയുടെ” സർവ്വസ്വവും തികഞ്ഞ പ്രൊഫഷണലിസം പുലർത്തുന്നു. ഫാന്റസിയുടെ സുന്ദരമായ ദൃശ്യാവിഷ്‌ക്കരണവും മനോഹരമായി ചിത്രീകരിക്കപ്പെട്ട ഓരോ ഫ്രെയ്‌മും ചിത്രത്തെ കൂടുതൽ സുന്ദരമാക്കുന്നു.

മിഴിനീർപ്പൂക്കൾ (ശിവറാം. എം., കേന്ദ്രീയ വിദ്യാലയം, പട്ടം) പ്രോത്സാഹന സമ്മാനം

ഉയർന്ന പ്രായമാണ്‌ കഴിവുകളുടെ അളവുകോലെങ്കിൽ, അതങ്ങൊടിച്ചു കളഞ്ഞേക്കുക. കാരണം 15കാരൻ ശിവറാം മണിയും സംവിധായകനാണ്‌. അമ്മയും മകനും തമ്മിലുള്ള ഹൃദയബന്ധത്തെ ഊഷ്മളമായി അവതരിപ്പിക്കുന്ന “മിഴിനീർപ്പൂക്കൾ” പ്രമേയത്താൽ വ്യത്യസ്തത പുലർത്തുന്നു. സംവിധായകന്റെ ഭാവനയും പ്രയത്നവും ഉൾക്കാഴ്‌ചയും ശ്ലാഘനീയം തന്നെ. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അനശ്വരമാക്കിയ വിജയലക്ഷമി സുന്ദറും, ജിതൻ നായരും (അറീന മൾട്ടി മീഡിയ) അഭിനന്ദനമർഹിക്കുന്നു.

മേ – കല്പ (അനീസ്‌, കെ.എം., ഫാറൂഖ്‌ കോളേജ്‌, കോഴിക്കോട്‌ ജൂറീ സ്‌പെഷ്യൽ

ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകളും അവയുയർത്തുന്ന ആസൂത്രിത കലാപങ്ങൾക്കുമെതിരായ ക്യാമ്പസിന്റെ പ്രതികരണമാണ്‌ മേ – കല്പ. ഗോധ്ര കലാപത്തിന്റെ മൃഗീയ കാഴ്‌ചകളിൽ പകച്ചു പോകുന്ന സമർത്ഥയായ വിദ്യാർത്ഥിനിയുടെ അനുഭവങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. എഴുത്തിനും വായനയ്‌ക്കും സംഗീതത്തിനും സുഹൃത്തുക്കൾക്കുമപ്പുറം വർഗീയതയ്‌ക്കെതിരായ ബോധവൽക്കരണത്തിന്‌ തയ്യാറാവുന്ന പെൺകുട്ടി ഒടുവിൽ കൂട്ടങ്ങളിൽ നിന്നും ഒറ്റപ്പെട്ട്‌ മാനസിക വിഭ്രാന്തിയോളം ചെന്നെത്തുന്നു. വർഗ്ഗീയ കലാപങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്ന മുറിപ്പാടുകളിലേക്ക്‌ ചിത്രം വെളിച്ചം വീശുന്നു.

ചില വേറിട്ട കാഴ്‌ചകൾ

The Day I became me (അനീഷ്‌. എൻ.ആർ.കെ., മെഡിക്കൽ കോളേജ്‌, തിരുവനന്തപുരം)

ലഘുചിത്ര വിഭാഗത്തിൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ടവയിൽ ഒന്ന്‌ “The Day I became me എന്ന ചിത്രമാണ്‌. പ്രദർശിപ്പിക്കപ്പെട്ട ലഘുചിത്രങ്ങളിൽ ഏറ്റവും വ്യത്യസ്തത പുലർത്തിയതും ഈ ചിത്രം തന്നെ. ഒരു ഹാന്റിക്യാമിന്റെ സഹായത്തോടെ ചിത്രീകരിക്കപ്പെട്ട പ്രസ്‌തുത ചിത്രത്തിലെ പ്രധാന കഥാപാത്രം ഒരു മുട്ടയാണ്‌ (Egg). മുട്ടയെ ജീവന്റെ ഉറവിടമായി പ്രതീകവത്‌ക്കരിച്ച്‌ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ കാലഘട്ടത്തെ സുന്ദരമായി അവതരിപ്പിക്കുന്നു. സിനിമയുടെ ആരംഭം മുതൽ അവസാനം വരെ പ്രേക്ഷകശ്രദ്ധയെ ഒരു മൊട്ടുസൂചിയുടെ മുൾമുനയിലേക്കെന്നവണ്ണം കേന്ദ്രീകരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു കാണുന്നു. പശ്ചാത്തല സംഗീതം, എഡിറ്റിംഗ്‌ തുടങ്ങി ചേരുവകളിലെല്ലാം ഉയർന്ന നിലവാരം പുലർത്തിയ പ്രസ്‌തുത പരീക്ഷണ ചിത്രം സ്ഥിരം ഫോർമുലകളിൽ നിന്നും വേറിട്ടു നിൽക്കുന്നതിനോടൊപ്പം വ്യത്യസ്തമായ കാഴ്‌ചാനുഭവം നൽകുന്നു.

അനിശ്ചിതം (ശ്രീറാം. പി.കെ., ഗവ. എഞ്ചിനീയറിംഗ്‌ കോളേജ്‌, തൃശൂർ)

നെടുനീളൻ വാചകങ്ങൾക്കും മണിക്കൂറുകൾ നീളുന്ന ദൃശ്യവത്‌ക്കരണത്തിനുമപ്പുറം കേവലം അഞ്ച്‌ മിനിറ്റിനുള്ളിൽ ഒരായിരം ആശയങ്ങൾ ഫലപ്രദമായി സംവേദിപ്പിക്കുന്ന മാന്ത്രിക വിദ്യയാണ്‌ ”അനിശ്ചിതം“ ചമയ്‌ക്കുന്നത്‌. കൈകളുടെ മാത്രം ചലനങ്ങളിലൂടെ പുതിയ തലമുറയിലെ അരാജക പ്രവണതകൾ ചിത്രത്തിൽ ഭംഗിയായി ദൃശ്യവത്‌ക്കരിക്കുന്നു.

മരം പെയ്യുമ്പോൾ (ശ്രീഹരി. കെ.ജി, മാർ ഇവാനിയോസ്‌ കോളേജ്‌ തിരുവനന്തപുരം)

എയ്‌ഡ്‌സ്‌ പകരുന്നതു മാത്രമല്ല, ചിലപ്പോഴെങ്കിലും അത്‌ ബോധപൂർവ്വം പകർത്തപ്പെടുന്നതു കൂടിയാണെന്ന്‌ വ്യക്തമാക്കുന്ന ചിത്രമാണ്‌ ”മരം പെയ്യുമ്പോൾ“. എയ്‌ഡ്‌സ്‌ രോഗബാധിതനായ ഒരാൾ ബോധപൂർവ്വം തന്റെ രക്തം നിറച്ച സിറിഞ്ചുപയോഗിച്ച്‌ ഒരു വിദ്യാർത്ഥിയിലേക്ക്‌ രോഗാണുക്കൾ പടർത്തുന്നതും, സമൂഹമാകെ വിദ്യാർത്ഥിയെ ബഹിഷ്‌ക്കരിക്കുന്നതുമായ പ്രമേയം പ്രേക്ഷകരിൽ ആശങ്കകളുണർത്തുന്നു.

Que Sera Sra (ആരോമൽ. റ്റി., അരുണകുമാർ. വി.എസ്‌., ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ കേരള സർവകലാശാല)

”Que Sera Sera“ ചർച്ച ചെയ്യുന്നത്‌ കവിതയും സ്വപ്നങ്ങളും ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുടെ കലാലയാനുഭവങ്ങളാണ്‌. ഫ്രെയ്‌മുകളുടെ ഭംഗി ചിത്രത്തെ വ്യത്യസ്‌തമാക്കുന്നു. സ്‌ത്രീവാദത്തോട്‌ അടുത്തു നിൽക്കുന്ന പ്രമേയം കൈകാര്യം ചെയ്യുന്ന ഒരേയൊരു ചിത്രമാണിത്‌. ബൗദ്ധികമായ നെടുനീളൻ ആത്മഗതങ്ങൾ അപൂർവ്വമായെങ്കിലും ചിത്രത്തിന്റെയൊഴുക്കിനെ തടസ്സപ്പെടുത്തുന്നുവെങ്കിലും പൊതുവിൽ ചിത്രം മികവു പുലർത്തുന്നു.

മലയാളത്തിന്റെ നീർമാതളം മാധവിക്കുട്ടിയുടെ പ്രശസ്‌ത കൃതിയായ ബാല്യകാലസ്മരണകളിലെ പുന്നയ്‌ക്കാ സെന്റെന്ന കഥാസന്ദർഭം ആകർഷണീയമായ ദൃശ്യവത്‌ക്കരിച്ച സെന്റ്‌ ജോസഫ്‌ കോളേജ്‌ ചെങ്ങനാശേരിയിലെ ഡോ. ബിജോയ്‌ ജി.ആറും. ”ഉറുമ്പുകളിലൂടെ“ ആദിവാസി യുവാവിന്റെ ജീവിതാനുഭവങ്ങൾ ഹൃദ്യമായി ആവിഷ്‌ക്കരിച്ച ജിനോ ജോസഫും (ഡോൺ ബോസ്‌കോ കോളേജ്‌, കണ്ണൂർ) അഭിനന്ദനമർഹിക്കുന്നു.

കാലിഡോസ്‌കോപ്പ്‌

യാഥാർത്ഥ്യത്തെ സമീപിക്കുമ്പോൾ തീക്ഷ്‌ണമായ രാഷ്‌ട്രീയ സ്വഭാവം പ്രകടിപ്പിക്കുന്നവയാണ്‌ പ്രദർശിപ്പിക്കപ്പെട്ട ഡോക്യുമെന്ററികളിലേറെയും. നെടുങ്കൻ ആഖ്യാനങ്ങളും വിരസമായ അഭിമുഖങ്ങളും ആവോളം കുത്തിനിറച്ച ഇവയിൽ ചിലത്‌ പ്രേക്ഷകന്റെ ക്ഷമാശീലം നന്നായി പരീക്ഷിക്കുക തന്നെ ചെയ്‌തു. ദൃശ്യവത്‌ക്കരണത്തിലെ പുത്തൻ പരീക്ഷണങ്ങൾക്ക്‌ ഡോക്യുമെന്ററികൾ ശ്രദ്ധ നൽകുന്നില്ലെങ്കിൽ ഒഴിഞ്ഞ കസേരകൾക്ക്‌ മുമ്പിൽ ”ഉത്സവം“ ഘോഷിക്കേണ്ട കാലം വിദൂരമല്ല. മുഖ്യധാര സിനിമകളെ അനുകരിക്കുന്നതിനും തട്ട്‌ പൊളിപ്പൻ സ്‌റ്റണ്ട്‌ രംഗങ്ങൾക്ക്‌ പ്രാധാന്യം നൽകുന്നതിനും ചിലരെങ്കിലും മടികാണിച്ചില്ല.

മെഗാസീരിയലുകളുടെയും മ്യൂസിക്‌ ആൽബങ്ങളുടേയും ചെറുതല്ലാത്ത സ്വാധീനം ചില ചിത്രങ്ങളിലെങ്കിലും തെളിഞ്ഞു കണ്ടു. കുത്തി നിറച്ച തത്വചിന്തയുടെ അമിത ഭാരത്താൽ കനം തൂങ്ങിനിന്ന ചിത്രങ്ങളും വിരളമായിരുന്നില്ല. സമാന്തര സിനിമയെന്നാൽ മനുഷ്യനൽപ്പംപോലും മനസിലാകുന്ന ഒന്നാകരുതെന്ന മുൻധാരണയിൽ മന്ദതാളവും കപട ബൗദ്ധികതയും സമാസമം ചാലിച്ച്‌ നിർമ്മിക്കപ്പെട്ട ചുരുക്കം ചില ലഘുചിത്രങ്ങളും ഫെസ്‌റ്റിവലിൽ കണ്ടു.

പലപ്പോഴും നാടകീയ സ്വഭാവം പുലർത്തിയെങ്കിലും അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം ആവിഷ്‌ക്കരിച്ച ഈ ജന്മം (അനന്തു, മാർ ഇവാനിയോസ്‌ കോളേജ്‌) എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ അഭിനയ മികവ്‌ ശ്രദ്ധേയമായി.

ഓപ്പൺ ഫോറം

ഇറങ്ങിപ്പോക്കുകൾക്കും പൊട്ടിത്തെറികൾക്കുമപ്പുറം വിദ്യാർത്ഥികളുടെ ക്രിയാത്മകവും സജീവവുമായ ചർച്ചകൾക്ക്‌ ഓപ്പൺ ഫോറം വേദിയായി. സംവിധായകർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും അതോരോന്നും ചർച്ച വേവ്വേറെ ചെയ്യപ്പെടുകയും ചെയ്‌തു. പുതിയ പരീക്ഷണങ്ങളും പരമ്പരാഗത ഫോർമുലകളും ഒരുപോലെ വിചിന്തനം ചെയ്യപ്പെട്ട ഓപ്പൺഫോറം, പലപ്പോഴും ചൂടേറിയ സംവാദങ്ങൾക്ക്‌ തിരികൊളുത്തി. ചർച്ചകളുടെ ഉള്ളടക്കത്തിലെ ധൈഷണികവും സ്വാഭാവികവുമായ സ്വരം സംവാദങ്ങളെ വ്യവസ്ഥാപിത കാഴ്‌ചകളിൽ നിന്നും വ്യത്യസ്തമാക്കി.

സുതാര്യം… സുസമ്മതം

മലയാളിയുടെ ദൃശ്യബോധത്തെ നവീകരിക്കുന്നതും പക്വമാക്കുന്നതിനും വിലയേറിയ സംഭാവനകൾ നൽകിയ പ്രശസ്ത ചലചിത്ര നിരൂപകനും സംസ്ഥാന അവാർഡ്‌ ജേതാവുമായ ശ്രീ. എം.എഫ്‌. തോമസ്‌, പ്രസിദ്ധ ഛായാഗ്രാഹകൻ ശ്രീ കെ.രാമചന്ദ്ര ബാബു, പ്രമുഖ കോളമിസ്‌റ്റും മാധ്യമ വിദഗ്‌ധയുമായ ശ്രീമതി ഭവാനി ചീരത്ത്‌ എന്നിവരടങ്ങിയ സമിതിയാണ്‌ ക്യാമ്പസ്‌ ഫിലിംസ്‌ ഫെസ്‌റ്റിവൽ 2007ന്റെ വിധി നിർണ്ണയിച്ചത്‌. ഓപ്പൺ ഫോറം പൊടിപൊടിക്കുമ്പോൾ പ്രതിനിധികളുടെ കൺമുമ്പിൽ തന്നെ വിധി നിർണ്ണയം നടക്കുന്നു. വിധി നിർണ്ണയത്തിലെ ഈ ”ഫിൽക്കിയൻ സുതാര്യത“ മാതൃകാപരം തന്നെ. വ്യവസ്ഥാപിത അവാർഡ്‌ നിർണ്ണയങ്ങൾ കോടതി മുറികളിലും പഴിചാരലുകളിലും പുറംമാന്തലുകളിലും ക്ലിക്കുകളിലും വിവാദങ്ങളായി വളരുമ്പോൾ വിദ്യാർത്ഥികളുടെ സ്വന്തം ദൃശ്യോത്സവം ”മുഖ്യധാരകൾക്ക്‌“ വെളിച്ചമാകുന്നു.

സിനിക്കു

ക്യാമ്പസ്‌ ഫിലിംസ്‌ ഫെസ്‌റ്റ്‌ ഒരു പഠനാനുഭവമാകുന്നത്‌ സിനിക്കുവിലൂടെയാണ്‌. സിനിമയും ഹൈക്കുവും ചേർന്നാൽ അത്‌ സിനിക്കുവായി. പ്രശസ്‌ത ഛായാഗ്രാഹകൻ സി.കെ. രാമചന്ദ്രബാബുവാണ്‌ സിനിക്കുവിന്റെ ഉപജ്ഞാതാവാണെന്നതിൽ മലയാളികൾക്കേറെയഭിമാനിക്കാം. ജാപ്പനീസ്‌ ഹൈക്കു കവിതകൾ ചുരുങ്ങിയ വാക്കുകളിൽ പ്രകാശിതമാകുന്ന ആശയങ്ങളുടെ ചിമിഴാണ്‌. ഹൈക്കുവിന്റെ മാതൃകയിൽ മൂന്ന്‌ ഷോട്ടുകൾ മാത്രം സംയോജിപ്പിച്ച്‌ ആശയസംവേദനം സാധ്യമാക്കുന്ന രീതിയാണ്‌ സിനിക്കു. സിനിക്കു ചിത്രങ്ങളുടെ പ്രദർശനം പ്രേക്ഷകർക്ക്‌ പുതിയൊരനുഭവമായി. സിനിക്കുവിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://geocities.com/cineku/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്‌.

മികവുറ്റ സംഘാടനം

സംഘാടനത്തിന്റെ മികവ്‌ ക്യാമ്പസ്‌ ഫിലിംസ്‌ ഫെസ്‌റ്റിവലിനെ വ്യത്യസ്തമാക്കുന്നു. രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനം വരെ നീണ്ട രണ്ട്‌ ദിനങ്ങളെ തികച്ചും മാതൃകാപരമായി ചിട്ടപ്പെടുത്തുന്നതിൽ സംഘാടകർ വിജയിച്ചിരിക്കുന്നു. സുതാര്യമായ വിധി നിർണ്ണയം ജനാധിപത്യപരമായ ഇടപെടലുകൾ എന്നിവയിലൂടെ ക്യാമ്പസ്‌ ഫിലിംസ്‌ ഫെസ്‌റ്റ്‌ 2007നെ വേറിട്ടൊരനുഭവമാക്കിയ ഫിലിം ലവേഴ്‌സ്‌ കൾച്ചറൽ അസോസിയേഷനും ജനറൽ സെക്രട്ടറി ഡോ. എം.കെ. പരമേശ്വരൻ നായർക്കും ഏറെയഭിമാനിക്കാം. കാരണം ഈ ദിനങ്ങൾ വിദ്യാർത്ഥികൾക്കു സമ്മാനിച്ചത്‌ ദൃശ്യഭാഷയുടെ പാഠ്യാനുഭവങ്ങളാണ്‌. പുതിയ സൗഹൃദങ്ങൾക്കും പുത്തനറിവുകൾക്കും നന്ദി പറഞ്ഞ്‌ ക്യാമ്പസുകളുടെ സ്വന്തം ഫിലിം മേക്കർമാർ കുന്നിറങ്ങുകയാണ്‌. ഇവർ പറയുന്നു… ”ഫെബ്രുവരി വീണ്ടും വരും… ഞങ്ങളും…“

Generated from archived content: essay1_mar10_07.html Author: k_g_sooraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here