വിലാപങ്ങൾ
വയലറ്റ് മേഘങ്ങൾ പാഞ്ഞുപോകുന്ന ആകാശത്തിനുകീഴെ, പച്ചക്കുന്നിൽ ഏകാന്തതയുടെ ഒരു ജൈവകണമായി സലോമി വിലപിച്ചു. നിശ്ശബ്‌ദമായ താഴ്‌വരകളിലേക്ക് കെട്ടഴിഞ്ഞു പാഞ്ഞു, ആ വിലാപങ്ങൾ.
“…ലോകം കുറച്ചെങ്കിലും വിവേകം നിറഞ്ഞതായിരുന്നെങ്കിൽ യോഹന്നാൻ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു.”
വിതുമ്പലും പൊട്ടിച്ചിരിയും നിറഞ്ഞ ശബ്‌ദപഥത്തിന്റെ പശ്ചാത്തലത്തോടെ കുട്ടിക്കാലം മുതൽക്കുളള യോഹന്നാന്റെ ജീവിതരംഗങ്ങൾ ആ വിലാപങ്ങളുടെ നിമിഷങ്ങളിൽ സലോമിയുടെ ഹൃദയത്തിലൂടെ പാഞ്ഞു… ഒരു ചലച്ചിത്രത്തിന്റെ കഥ പറയുമ്പോലെ യോഹന്നാൻ പലപ്പോഴായി സലോമിയോടു പറഞ്ഞ അവന്റെ ജീവിതം. പിന്നെ ആ രംഗങ്ങൾ ഒന്നാകെ ഒരു പൂവായി മാറി. ഭഗ്നസ്വപ്‌നങ്ങളാൽ ശോണാഭമായ പൂവ്.
ദിനവൃത്താന്തങ്ങൾ, സംഭാഷണങ്ങൾ സഹിതം-
“നമുക്ക് ഋതുപ്പകർച്ചകളറിയാതെ പൂത്ത് ഗന്ധം പൊഴിക്കുന്ന വൃക്ഷങ്ങളിൽ രണ്ടു ജീവാത്മാക്കളായി കുടിപാർക്കാം.. മനുഷ്യർ ഭയപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന ജൈവരൂപങ്ങളായി.”
യോഹന്നാൻ സലോമിയോട് ചില നേരങ്ങളിൽ ഇത്തരം ആഗ്രഹങ്ങൾ പങ്കുവയ്‌ക്കുമായിരുന്നു. പിന്നെ…
“നമുക്കിടയിൽ മറ്റുപലതും കടന്നുവരുന്നുവോ. പ്രണയം, ആസക്തി… അങ്ങനെ?”
തുടങ്ങിയ സംശയങ്ങളും യോഹന്നാൻ സലോമിയിൽ തൊടുത്തിരുന്നു.
തെളിഞ്ഞു കാണാത്ത ഒരു കാക്കപ്പുളളിയുളള കീഴ്‌ചുണ്ടിന്റെ വലതുഭാഗം കടിച്ച്, തലകുനിച്ച് അല്പനേരം ഇരുന്നശേഷം അത്തരം സംശയങ്ങൾക്ക് സലോമി ഇപ്രകാരം മറുപടി പറഞ്ഞുപോന്നു.
“എനിക്ക് നിന്നോട് അങ്ങനെയൊന്നുമില്ല.”
അറുത്തുമുറിച്ചതുപോലെ ഇത്തരം ദൃഢതരമായ അഭിപ്രായങ്ങൾ സലോമിയിൽനിന്നു പുറപ്പെടുമ്പോഴൊക്കെ യോഹന്നാൻ സലോമിയോട് പിണങ്ങി. പക്ഷേ ദേഷ്യമോ വെറുപ്പോ അവന്റെ പിണക്കങ്ങളിലൊന്നും കാണുവാൻ കഴിയുമായിരുന്നില്ല. ആ പിണക്കങ്ങളൊക്കെ സലോമിക്ക് അവനിലുളള ഇഷ്‌ടത്തെ പരീക്ഷിക്കുവാനും വർദ്ധിപ്പിക്കുവാനുമായി അവൻ നടത്തുന്ന ശ്രമങ്ങളായിരുന്നു.
ഒരിക്കൽ രണ്ടു ദിവസത്തോളം നീണ്ട ഒരു പിണക്കത്തിന്റെ മഞ്ഞുരുക്കിക്കൊണ്ട് സലോമി യോഹന്നാന് കത്തെഴുതി. വെളുത്ത താളിൽ നിരയിട്ടിരിക്കുന്ന ചുരുളൻ മൂട്ടകളെപ്പോലുളള അക്ഷരങ്ങളുടെ (അക്ഷരത്തെറ്റുകളുടെ) കുറെ വരികൾ. ഈ ലോകത്ത് എന്തിനേക്കാളും ആരെക്കാളും താൻ സ്‌നേഹിക്കുന്നത് യോഹന്നാനെയാണെന്ന് അവളെഴുതി, യോഹന്നാനോട് അവൾക്ക് ഭയം കലർന്ന ബഹുമാനമാണെന്നും. യോഹന്നാന്റെ ഹൃദയം നിറഞ്ഞു. അഥവാ അവൾ എഴുതിയത് നുണയെങ്കിൽ തന്നെ എന്ത്? അവളങ്ങനെ എഴുതുകയെങ്കിലും ചെയ്‌തല്ലോ എന്ന് അവൻ സന്തോഷിച്ചു.
പകലായ സമയത്തൊക്കെ യോഹന്നാനും സലോമിക്കും കണ്ടുമുട്ടുവാനും കഥ പറയുവാനും സമയം ഏറെയായിരുന്നു. എന്നിട്ടും പറഞ്ഞു പറഞ്ഞങ്ങിരിക്കെ… ഇനിയും എന്തൊക്കെയോ ബാക്കിയായിരിക്കെ സായാഹ്‌നങ്ങളിൽ പിരിയേണ്ടി വന്നിരുന്നതിനാൽ യോഹന്നാനും സലോമിയും തങ്ങളുടെ രാത്രി സംഗമങ്ങൾ ആരംഭിച്ചു.
“കാറ്റായി, തണുപ്പായി നമുക്ക് രാത്രികാലങ്ങളിൽ സന്ധിക്കാം. അന്നേരം നമുക്കു മാത്രം സംസാരിക്കുവാൻ കഴിയുന്നതും മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കാത്തതുമായ ഭാഷയിൽ പരസ്‌പരം..”
പിന്നീടുളള രാത്രികളിൽ തങ്ങളുടെ വീടുകളും വീട്ടാളുകളും ഉറങ്ങിയതിനുശേഷം യോഹന്നാനും സലോമിയും കാറ്റായി, തണുപ്പായി തങ്ങളുടെ വീടുകളിൽ നിന്നും പുറത്തുകടന്നു. പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങളിൽ ചുറ്റിയലഞ്ഞ് സുഗന്ധം പേറിക്കൊണ്ട് അവർ പരസ്‌പരം അന്വേഷിച്ചു. അവരുടെ സ്‌നേഹം നിറഞ്ഞ, ബന്ധനങ്ങളറ്റ ശബ്‌ദങ്ങൾ ഉടലുകൾക്കറിയാത്ത ഭാഷ സംസാരിച്ചുകൊണ്ട് അന്യോന്യം സാന്ത്വനിപ്പിച്ചു. ധൃതിയേറിയ ജീവിതത്തിന്റെ കിതപ്പാറ്റിക്കൊണ്ട് അവർ പ്രപഞ്ചത്തിലെ മറ്റൊരു ജീവകണികയ്‌ക്കും കേൾക്കുവാൻ കഴിയാത്ത ശബ്‌ദത്തിൽ കരഞ്ഞു.
“രാത്രികാലങ്ങളിൽ നമ്മുടെ സംഗമങ്ങൾക്കുശേഷം തണുത്തുവിയർത്ത നിന്റെ ഗന്ധവും പേറിക്കൊണ്ട് തിരികെ പോരുന്നതിനുമുമ്പ് ഞാൻ നിന്റെ നെറ്റിയിൽ ചുംബിക്കാറുണ്ട്.”
ഒരു പ്രഭാതത്തിൽ സലോമി ഇങ്ങനെ പറഞ്ഞപ്പോൾ യോഹന്നാൻ പൊട്ടിച്ചിരിച്ചുകൊണ്ട് പ്രതിവചിച്ചു.
“ഞാൻ നിന്റെ നീണ്ടുവളഞ്ഞ നാസികത്തുമ്പിൽ എന്റെ പല്ലുകൾ അമർത്തിക്കടിച്ച്, പനിനീർപ്പൂവിന്റെ ഇതളിൽ കടിക്കുമ്പോഴെന്നപോലെ കയ്പും സുഗന്ധവും അനുഭവിച്ചാണ് പതിവായി പിരിഞ്ഞുപോരുന്നത്.”
“ഓ… അതെനിക്കറിയാം.”
“എങ്ങനെ?” യോഹന്നാൻ ചോദിച്ചു.
“നിന്റെ വായ്‌നാറ്റം… ആ മുടിഞ്ഞ സിഗരറ്റിന്റെ വാട എനിക്കനുഭവപ്പെടാറുണ്ട്.”
യോഹന്നാന്റെ വായയ്‌ക്ക് എപ്പോഴും സിഗരറ്റിന്റെ വാടയായിരുന്നു, ഇടയ്‌ക്കൊക്കെ മദ്യത്തിന്റേയും. യോഹന്നാൻ മദ്യപിച്ചെത്തുന്ന ദിവസങ്ങളെ സലോമിക്കു ഭയമായിരുന്നു. കാരണം അപ്പോഴൊക്കെ അയാൾ തന്നോട് കൂടുതൽ സ്വാതന്ത്ര്യത്തോടെ പെരുമാറുന്നു എന്ന് അവൾക്കു തോന്നിയിരുന്നു. ഓഫീസ് മുറിയിൽ വച്ചായാലും ക്ലാസ് മുറിയിൽ കുട്ടികൾക്കു മുന്നിൽ വച്ചായാലും അന്നേരം യോഹന്നാൻ സലോമിയുടെ കവിളിലും കൈത്തണ്ടയിലും നുളളും, മുതുകിൽ തടവും. അവളുടെ തൊണ്ടക്കുഴിക്കുതാഴെ നിലക്കടലയുടെ വലിപ്പത്തിൽ ദൃഢമായ അരിമ്പാറയിൽ (സലോമിയുടെ മൂന്നാം മുലക്കണ്ണ് എന്ന് യോഹന്നാൻ പറയുന്ന) റേഡിയോയുടെ ട്യൂണർ തിരിക്കുമ്പോലെ മെല്ലെ പിടിച്ചുതിരിക്കും. അതുമല്ലെങ്കിൽ ചെറിയൊരു ആലിംഗനം.
“യോഹന്നാനേ, എന്റെ കൂട്ടുകാരാ… ഓർക്കുക നീ ഒരു അദ്ധ്യാപകനാണ് ഞാൻ മറ്റൊരാളുടെ ഭാര്യയും.‘
”സലോമീ, എന്റെ കൂട്ടുകാരി ഇന്ന് പഴയൊരു ചങ്ങാതിയെ കണ്ടു. അവന്റെ സൽക്കാരം വരുത്തിയ വിനയാണ്. ഇനി ഉണ്ടാവില്ല.“
യോഹന്നാൻ പതിവായി ഇങ്ങനെ പറഞ്ഞുപോന്നു.
”യോഹന്നാനേ, സൗഹൃദങ്ങളുടെ ചൂണ്ടയിൽ കുരുങ്ങിയ മത്സ്യജന്മമാണോ നീ?“
ഓഫീസ് മുറിയിലെ വാഷ്‌ബേസിനിൽ യോഹന്നാൻ കയ്പുനീരു ഛർദ്ദിച്ചു കുഴഞ്ഞ ദിവസം സലോമി ചോദിച്ചു.
”ഞാൻ വെറുമൊരു യോഹന്നാൻ മാത്രം. കോടാനുകോടി ജീവാത്മാക്കൾക്കിടയിലെ ഒരു മനുഷ്യൻ. ഒരുനേരം മാത്രം ഭക്ഷിച്ച്, കുറച്ചുമാത്രം ഉറങ്ങി, കുറെ കരഞ്ഞ്, കുറച്ചുചിരിച്ച്…സൗഹൃദങ്ങളെ സമ്പാദിക്കാൻ മാത്രമായി പ്രണയിച്ചും മദ്യപിച്ചും കഴിയുന്ന ഒരു യോഹന്നാൻ. എന്റെ ചുറ്റുമുളളവരുടെ ചെരുപ്പഴിക്കുവാൻ പോലും യോഗ്യതയില്ലാത്ത വെറുമൊരു…“
സലോമി നക്ഷത്രങ്ങളെ കാണുന്നു
സലോമിയുടെ ഒട്ടിയ കവിളിന്മേൽ കനത്ത വിരൽപ്പാടുകൾ തിണർത്തു കിടന്നു. കൺപോളകളിലേക്കും തിണർപ്പ് വ്യാപിച്ചു കണ്ടതിനാൽ യോഹന്നാൻ ഊഹിച്ചു. ’പ്രഹരം കണ്ണിനും ഏറ്റിട്ടുണ്ടാവും.”
“ഇല്ല യോഹന്നാൻ അതൊരു പ്രഹരമായിരുന്നില്ല. നക്ഷത്രങ്ങളെ കാണുവാൻ, എണ്ണുവാൻ എന്റെ നിയോഗമായിരുന്നു. ചന്തം തികഞ്ഞ, വെളിച്ചമുരുകുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളെ ഞാനെണ്ണി. അപ്പോഴേക്കും എന്റെ കാഴ്‌ചയെ ഏതോ പൊലിഞ്ഞ നക്ഷത്രത്തിന്റെ തമോഗർത്തം വിഴുങ്ങിക്കളഞ്ഞു.”
നേർത്ത ചിരിയോടെയാണ് സലോമി നക്ഷത്രങ്ങളെ കണ്ട കാര്യം പറഞ്ഞു തുടങ്ങിയത് എങ്കിലും പറഞ്ഞുപറഞ്ഞുപോകെ അത് കരച്ചിലായി മാറി.
“ഉറക്കത്തിൽ ഞാൻ നിന്റെ പേരു വിളിച്ചുപോയി എന്നതാണ് എന്റെമേൽ ചാർത്തപ്പെട്ട കുറ്റം. ഒരു രാത്രിയിലല്ല എല്ലാ രാത്രിയിലും അത് പതിവാണെന്ന് അദ്ദേഹം പറയുന്നു. എന്റെ ഭർത്താവ്.”
തുടർന്ന് ദിനം തോറും സലോമി നക്ഷത്രങ്ങളെ കണ്ടു… എണ്ണി. ഇരുപത്തിയെട്ട്, ഇരുപത്തിയൊമ്പത്, മുപ്പത്… ഏതോ പൊലിഞ്ഞ നക്ഷത്രത്തിന്റെ തമോഗർത്തം അവളുടെ ബോധത്തെ വിഴുങ്ങുന്നതുവരെ…
മുടിനാരുകൊണ്ട് മുറിവേൽക്കുന്നു
അലക്കുന്നതിനുമുമ്പ് സോപ്പുവെളളത്തിൽ നനച്ച് തിരുമ്മുമ്പോൾ അമ്മച്ചി കണ്ടു, യോഹന്നാന്റെ വെളളക്കുപ്പായത്തിന്റെ ബട്ടണിൽ ചുറ്റിപ്പിണഞ്ഞ് ഒരു മുടിനാര്. അതിനുമുമ്പ് ഒരുനാൾ അവന്റെ ഷർട്ടിന്റെ മുൻഭാഗത്ത് ചുവന്ന നിറത്തിൽ ചുണ്ടുകളുടെ മുദ്ര പതിഞ്ഞു കണ്ടത് അന്നേരം അമ്മച്ചി ഓർത്തു. അപ്പനും അമ്മച്ചിയും വ്യാകുലരായി. എങ്കിലും…
“യോഹന്നാനേ നീ ഏതവളോടൊത്തു കിടന്നു?” എന്നു ചോദിക്കാൻ അവർ അധീരരായിരുന്നു.
സലോമി നക്ഷത്രങ്ങളെ എണ്ണുവാൻ തുടങ്ങിയതിനുശേഷം സൗഹൃദങ്ങളെ സമ്പാദിക്കുവാൻ, സമാധാനപരമായി മനസ്സു തുറക്കുവാൻ യോഹന്നാൻ കണ്ടെത്തിയ മാർഗ്ഗം വ്യഭിചാരമായിരുന്നു. കറുത്ത, വെളുത്ത, തടിച്ച, മെലിഞ്ഞ….വ്യത്യസ്ത സ്വഭാവങ്ങളും ഗന്ധങ്ങളുമുളള പെണ്ണുങ്ങൾ, അവരുടെ സ്പർശനാലിംഗനങ്ങൾ…
“മകനേ, നിനക്ക് ഞാനൊരു പെൺകുട്ടിയെ കണ്ടുവച്ചിട്ടുണ്ട്…നീ അവളെ കെട്ടണം.”
അപ്പൻ ആജ്ഞാപിച്ചപ്പോൾ യോഹന്നാന്റെ മനസ്സിലൂടെ ഒരു തീവണ്ടി പാഞ്ഞു. അതിന്റെ തലവണ്ടിക്ക് യോഹന്നാന്റെ മുഖം; അവൻ പ്രാപിച്ച പെണ്ണുടലുകൾ അതിന്റെ ബോഗികൾ. ‘വയ്യ….വയ്യ’ എന്ന് അലറിവിളിച്ചും കാറിക്കരഞ്ഞും യോഹന്നാൻ ശക്തമായി എതിർത്തുനിന്നു.
അപ്പനും അമ്മച്ചിയും സങ്കടപ്പെട്ടു. സങ്കടം രോഷമായി. രോഷം കാരണത്തെ കണ്ടെത്തിയവാറെ കുറ്റം സലോമിയിൽ ചാർത്തപ്പെട്ടു.
ജ്ഞാനികൾ പരസ്പരം കാണുന്നു
പടിഞ്ഞാറ് യോഹന്നാന്റെ ദിക്കിൽ നിന്നും കിഴക്ക് സലോമിയുടെ ദിക്കിൽനിന്നും ജ്ഞാനികൾ പുറപ്പെട്ടു. അവർ കൂർത്തമുനകളിൽ മഞ്ഞുകണങ്ങളെ പേറുന്ന പുൽമേടുകളിൽ സന്ധിച്ചു.
യോഹന്നാന്റെ കൂട്ടർ പറഞ്ഞുഃ- “ഞങ്ങൾക്ക് ഞങ്ങളുടെ ചെറുക്കനെ വിട്ടുതരിക…”
സലോമിയുടെ കൂട്ടർ അപമാനഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി പിരിഞ്ഞുപോയി. അന്നുരാത്രി സലോമി പലതവണകളിലായി ആയിരത്തോളം നക്ഷത്രങ്ങളെ എണ്ണി. ഒടുവിൽ നക്ഷത്രങ്ങളുടെ പ്രകാശപ്രവാഹത്തെ സഹിക്കുവാനാകാതെ അവളുടെ കൃഷ്‌ണമണികൾ കൺപോളകൾക്കിടയിലേക്ക് ഊർന്നു മറഞ്ഞു.
പ്രഭാതമായി… സലോമിയുടെ ദിക്കിൽനിന്നും പുറപ്പെട്ടു വന്ന ഒരു ജ്ഞാനി യോഹന്നാനെ തേടിയെത്തി.
“എനിക്ക് അവളെ വിട്ടുതരിക. അവൾ എന്റെ ഭാര്യയാണെന്ന കാര്യം ഓർത്തിട്ടെങ്കിലും. അവളെപ്പോഴും രാത്രി സ്വപ്‌നങ്ങളിൽ നിന്നെ മാത്രം കാണുന്നു. നിന്റെ പേരു ചൊല്ലി വിളിക്കുന്നു. നിന്നെ ചുംബിക്കാനെന്നപോലെ മലർന്നു കിടന്ന് ചുണ്ടുകൾ കൂർപ്പിച്ച് ശിരസ്സുയർത്തുന്നു. എന്നെ ഇത്രമാത്രം അപമാനിക്കാൻ ഞാനെന്തപരാധമാണ് നിന്നോടു ചെയ്‌തത്? ദയവായി നീ എങ്ങോട്ടെങ്കിലും പുറപ്പെട്ടു പോവുക. അല്ലെങ്കിൽ… അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക. എന്നെ ജീവിക്കാൻ അനുവദിക്കുക. ”
ജ്ഞാനിയുടെ അപേക്ഷയെക്കാൾ യോഹന്നാനെ തളർത്തിയത് ചില സ്മൃതി ചിത്രങ്ങളാണ്. വിരൽപാടുകൾ തിണർത്തു കിടക്കുന്ന സലോമിയുടെ മുഖം, കാഴ്‌ച തകർന്ന കണ്ണ്… യോഹന്നാന്റെ ഹൃദയം പിളർന്നു.
പുറപ്പാട്
“വിവേകമില്ലാത്ത ഈ ലോകത്തിൽ ജനിച്ചുപോയതു കൊണ്ട് ഞാൻ വിലപിക്കുന്നു, വിശുദ്ധ വേദപുസ്‌തകത്തിലെ യിരെമ്യാവും ഇയ്യോബും വിലപിച്ചതുപോലെ… ഞാൻ പിറന്ന ദിനം നശിഞ്ഞുപോകട്ടെ, ഒരു ആൺകുട്ടിയെ ഗർഭം ധരിച്ചിരിക്കുന്നു എന്നു പറഞ്ഞ ആ രാത്രിയും. ഭൂമിയിൽ എന്റെ ജീവിതത്തിനുമേൽ പരന്നിരിക്കുന്ന നിഴൽ അന്ധകാരമായി എന്നെ വിഴുങ്ങട്ടെ.”
ചുവരിൽ തൂക്കിയിട്ടിരുന്ന കലണ്ടറിലെ അക്കങ്ങൾക്കിടയിലെ ഇത്തിരി സ്ഥലത്ത് ഇത്രയും കുറിച്ചുവച്ചശേഷം യോഹന്നാൻ വീടുവിട്ടിറങ്ങി.
വിലാപങ്ങൾക്കു വിരാമം
“എന്റെ പിന്നാലെയുളളവൻ കടന്നു വരട്ടെ.. കുടിലമാനസർ അവന്റെ കാലടി ശബ്‌ദം കേൾക്കുമ്പോൾ ഞെട്ടി വിറക്കട്ടെ… തെറ്റും ശരിയുമെന്ന് ഹൃദയബന്ധങ്ങളെ കീറിമുറിക്കുന്നവർക്കെതിരെ അവൻ ചാട്ടപുളയ്‌ക്കട്ടെ… എന്റെ ദൈവമേ… എന്റെ ദൈവമേ ലോകം മുഴുവൻ ആരേക്കാളുമേറെ എന്നെ സ്‌നേഹിക്കണമെന്ന് ആഗ്രഹിച്ചതാണോ എന്റെ പിഴ? സ്‌നേഹബന്ധങ്ങളെ സമ്പാദിക്കുവാൻ ശ്രമിച്ചതാണോ ഞാൻ ചെയ്‌ത അപരാധം?”
സമാന്തരങ്ങളായ തീവണ്ടിപ്പാളങ്ങളിൽ നെറ്റിയിടിച്ച് യോഹന്നാൻ വിലപിച്ചു. അയാളുടെ കണ്ണീരും വിയർപ്പും പാളങ്ങളിൽ വീണു പൊളളി. അയാളുടെ വിലാപങ്ങൾക്കു വിരാമമിടാനായി ഉരുക്കുപാളങ്ങളിൽ നേർത്ത ശബ്‌ദം ഉയിരെടുത്തു തുടങ്ങി.
“സലോമിയുടെ പൊട്ടിച്ചിരികൾ…” സലോമി പൊട്ടിച്ചിരിച്ചുകൊണ്ട് ഓടിവരികയാണ്… അവൾ മേഘമാലകൾക്കിടയിൽ ഉയിരെടുക്കുന്ന നേർത്ത ഇടിനാദങ്ങളായി വന്ന് കനത്ത ചുംബനാലിംഗനങ്ങളാൽ തന്നെ ലജ്ജയാൽ തുടുത്തൊരു പൂവാക്കുവാൻ പോവുകയാണെന്ന അറിവിന്മേൽ യോഹന്നാന്റെ ഹൃദയം ഒരു ഉദ്യാനമായി. പിന്നെ ചുവന്ന ഇതളുകളായ് പൊട്ടിവിരിയുവാൻ തയ്യാറെടുത്തുകൊണ്ട് യോഹന്നാൻ കാത്തു കിടന്നു.
Generated from archived content: story_nove16_05.html Author: k_g_giby