എല്ലാം പുറകിലേക്ക് പോകയാണ്. ഔസേപ്പച്ചന്റെ പൊങ്ങച്ചക്കനത്തിന്റെ ഗംഭീര ശബ്‌ദം, സ്‌ഫടികക്കണ്ണുകളുളള അൽസേഷനുകളുടെ മുരൾച്ച, വെട്ടിയൊതുക്കിയ പുൽത്തകിടി, പുഷ്പസമൃദ്ധമായ ഉദ്യാനം…. ആകാശത്തിലേക്ക് കൂർത്തുനിൽക്കുന്ന കമ്പികളെ പേറുന്ന ഗേറ്റിങ്കലെത്തിയപ്പോഴാണ് എനിക്ക് പരമ്പരയായി കൈമാറി എന്തെങ്കിലും കിട്ടിയിട്ടുണ്ടോ എന്നു ഞാൻ ഓർത്തുനോക്കിയത്. ഓർമ്മയുടെ വഴികളിലെല്ലാം ഒന്നുമില്ലായ്‌മയുടെ ഇരുട്ട് കനച്ചുനിന്നു. ഇല്ല എന്ന ഉത്തരം ആദ്യപ്രപഞ്ചനാദം പോലെ മുഴങ്ങുന്ന ഘോരാന്ധകാരം.
എന്റെ അമ്മാമ്മയ്‌ക്ക് പക്ഷേ പാരമ്പര്യമായി ഒരു തുപ്പൽ കോളാമ്പിയെങ്കിലും കൈമാറി കിട്ടിയിരുന്നു. പിച്ചളയുടെ തിളങ്ങുന്ന കോളാമ്പി. പൂവരശിൻ പൂവ് വിരിഞ്ഞതുപോലെ വായ് തുറന്ന ഒരു സുന്ദരൻ കോളാമ്പിയായിരുന്നു അത്. ഞങ്ങളുടെ കോളനിവീടിന്റെ വൃത്തിയുളള നടുമുറിയിൽ കയറ്റുകട്ടിലിൽ വിരിച്ചിട്ട തഴപ്പായിലിരുന്ന് അമ്മാമ്മ വാസനച്ചുണ്ണാമ്പും തളിർവെറ്റിലയും ചിപ്പൻ പുകയിലയും ചേർത്ത് അസ്സലായി മുറുക്കിയിരുന്നു. അന്ധന്മാർക്ക് പുകവലി ആസ്വദിക്കാനാവുമോയെന്ന് ഏണസ്‌റ്റ് ഹെമിങ്ങ്‌വേയുടെ ഒരു കഥാപാത്രം സംശയിച്ചതുപോലെ അമ്മാമ്മ മരിക്കുകയും എന്റെ യൗവ്വനം ദുരിതത്തിൽ നീറാൻ തുടങ്ങുകയും ചെയ്‌ത കാലത്ത് ഞാനും ആലോചിച്ചിരുന്നു; അന്ധയായ അമ്മാമ്മ വെറ്റില മുറുക്ക് ആസ്വദിച്ചിരുന്നോ? ജലകണമിറ്റുന്ന തളിർവെറ്റിലയെടുത്ത് തണ്ട് നുളളിമാറ്റി, തുമ്പു നുളളി ചെന്നിയിലൊട്ടിച്ച് ചൂണ്ടുവിരലാൽ ചുണ്ണാമ്പു തോണ്ടി വെറ്റിലയുടെ തളിർമേനിയിൽ നെടുകെ തേച്ച്… അങ്ങനെ ഒരു കലാപരിപാടി ആസ്വദിക്കുവാൻ അന്ധർക്ക് സാധിക്കുമോ? ഇല്ല. തീർച്ചയായും ഇല്ല. പക്ഷേ കാഴ്‌ച നഷ്‌ടപ്പെടുന്നതിനുമുമ്പെ അമ്മാമ്മ അസ്സൽ മുറുക്കുകാരിയായിരുന്നു, കാഴ്‌ച നശിച്ചശേഷം അസ്സലായി അത് തുടർന്നും പോന്നു.
കാഴ്‌ച ഉണ്ടായിരുന്നപ്പോഴെന്നപോലെ അന്ധയായി തീർന്നപ്പോഴും അമ്മാമ്മ എല്ലാ കർമ്മങ്ങളും ഒരുപോലെ ചെയ്‌തുപോന്നു. കുറുനാക്ക് കുത്തിയ കുട്ടികളെ തൊളളയിലേക്ക് കൈകടത്തി ഉപ്പും കുരുമുളകും ചേർത്ത് തിരുമ്മി ശരിപ്പെടുത്തി, കോഴികളുടെ ചിറകും കാലും ചവിട്ടിയൊതുക്കി ചുണ്ടുപിളർന്ന് നാക്കിലെ മുളെളടുത്തു, കഞ്ഞിപ്പശ മണക്കുന്ന വെളുത്ത ഉടുപ്പിൽ കറ വീഴ്‌ത്താതെ തറയിൽ വച്ച കോളാമ്പിയിലേക്ക് കൃത്യമായി മുറുക്കിത്തുപ്പി. പിന്നെ ദ്രവിച്ചു തീരാറായ പനയോലവിശറി മെല്ലെ വീശി ഉഷ്ണം മാറ്റിക്കൊണ്ട് കോളാമ്പിയുടെ ചരിത്രം പറഞ്ഞു.
“എന്റമ്മച്ചീടെമ്മച്ചീടമ്മച്ചീടെ….”
നീണ്ടുപോകുന്ന അമ്മച്ചിമാരുടെ ശൃംഖലകളിലെവിടെയോ ഒരു കണ്ണിപൊട്ടി. അവിടെ ഏതോ സൗന്ദര്യാരാധകനായ നാട്ടുപ്രമാണി നൽകിയ സമ്മാനമായി അമ്മാമ്മ ആ കോളാമ്പിയെ പറഞ്ഞൊപ്പിച്ചു. ഒരുപക്ഷെ അത്തരം സ്‌നേഹ സമ്മാനങ്ങളാവാം ഒരു വംശാവലിയുടെ അടയാളമായി പില്‌ക്കാലത്ത് അറിയപ്പെടുക. ആ കോളാമ്പിയുടെ ചുവട്ടിലായി ‘ചെറ’ എന്ന് തെല്ല് കട്ടിയോടെ കൊത്തിവച്ചിട്ടുണ്ടായിരുന്നു. പില്‌ക്കാലത്ത് ഞങ്ങളെ ചെറക്കലെ കുട്ടികൾ എന്ന് ചെല്ലപ്പേരു വിളിക്കുവാൻ കാരണമായത് ആ കോളാമ്പിയിലെ ലിഖിതമാവാം. അങ്ങനെയെങ്കിൽ ആ കോളാമ്പിയല്ലേ ഞങ്ങളുടെ പാരമ്പര്യത്തിന്റെ ഉദാത്തമായ അഭിമാന പ്രതീകം!
കുറച്ചു മുമ്പാണ് എന്റെ പാരമ്പര്യത്തിന്റെ ഭൂതമാർഗ്ഗങ്ങളിലേക്ക് ഔസേപ്പച്ചന്റെ ചോദ്യങ്ങൾ മുഴങ്ങിയത്. ശബ്‌ദമുയർത്തി സംസാരിക്കുന്നവരെ എനിക്ക് ഭയമായിരുന്നതുകൊണ്ട് ഞാൻ ഔസേപ്പച്ചന്റെ മുഖത്ത് നോക്കുകയുണ്ടായില്ല. പകരം വീടിന്റെ ടെറസിനു മുകളിലൂടെ കാണാവുന്ന റബ്ബർ മരങ്ങളുടെ തലപ്പിലേക്കും അതിനപ്പുറം വെളളിമേഘങ്ങൾ കത്തിപ്പതയുന്ന ആകാശത്തിലേക്കും നോക്കി. അതുകൊണ്ടുതന്നെ ഔസേപ്പച്ചന്റെ ശബ്‌ദത്തിന് പച്ച, നീല, വെളള… നിറങ്ങളുടെ സമൃദ്ധിയാണെന്ന് എനിക്കുതോന്നി. ഔസേപ്പച്ചന്റെ കൈയ്യിൽ സ്വർണ്ണപ്പിടിയുളള, വായ്‌ത്തല തിളങ്ങുന്ന വലിയൊരു വാളുണ്ടായിരുന്നു.
“എന്റെപ്പന്റപ്പന്റപ്പന്റപ്പ…ന് പണ്ടൊരു നാട്ടുരാജാവ് കൊല്ലാനുളള അധികാരത്തിന് കല്പനയായി കൊടുത്തതാണ് ഈ ഉടവാൾ…” എന്ന് ഔസേപ്പച്ചൻ പറഞ്ഞു.
പരമ്പരാഗതമായി തല്ലാനും കൊല്ലാനും അധികാരമുളള ഒരു കുടുംബമാണ് തങ്ങളുടേതെന്നും അത്തരം ഒരു കുടുംബത്തിലേക്കു മാത്രമേ റോസ്‌മേരിയെ വിവാഹം ചെയ്തയക്കൂ എന്നും അയാൾ പറഞ്ഞു. പരമ്പരാഗതമായി എന്തു വൈഭവമാണ് നിനക്കുളളത്? നിന്റെ കുടുംബത്തിന് എന്തു ശ്രേഷ്‌ഠതയാണുളളത്? ചോദ്യങ്ങൾ തിരത്തളളൽപോലെ എന്റെ അവശേഷിച്ച ധൈര്യത്തിന്റെ മൺതിട്ടയിലേക്ക് കടന്നാക്രമിച്ചു. തല്ലും കൊലയുമൊക്കെ നടത്തുന്നവർ അത്ര കേമന്മാരാണോ എന്ന സംശയം ഭയത്തിന്റെ തീനീറ്റമുളള എന്റെ തലയ്‌ക്കകത്ത് പുകഞ്ഞുകൊണ്ടിരുന്നു. പാരമ്പര്യം, പ്രതാപം, വംശശുദ്ധി… സ്‌നേഹിക്കുന്ന ഹൃദയങ്ങളെ ചോരപ്പൊടിയുമാറ് പറിച്ചകറ്റാൻ പ്രയോഗിക്കപ്പെടുന്ന കൗശലങ്ങൾ! എന്റെ അകം നിറയെ കൊടും പ്രാക്കുകൾ പെയ്തു കനത്തു.
“പാരമ്പര്യമെന്നത് തുപ്പൽകോളാമ്പിയാണ്. നമ്മുടേതു മാത്രമല്ല എല്ലാ പാരമ്പര്യങ്ങളും അങ്ങനെയാണ്.”
എന്റേതുപോലുളള ഒരു ജീവിതമാണ് അമ്മാമ്മ ജീവിച്ചിരുന്നതെങ്കിൽ അമ്മാമ്മയിൽ നിന്നു തീർച്ചയായും അത്തരം ഒരു വാക്യം പുറപ്പെടുമായിരുന്നു. അല്ലെങ്കിലും പാരമ്പര്യമെന്നത് തുപ്പൽകോളാമ്പികളല്ലേ? പുറകോട്ട്, പുറകോട്ട് പോയി വീരസ്യങ്ങളെ മുറുക്കിത്തുപ്പി രസിക്കാനുളള തുപ്പൽകോളാമ്പികൾ.
വീരസ്യങ്ങളെ മുറുക്കിത്തുപ്പി രസിച്ചിരുന്ന ഞങ്ങളുടെ അമ്മാമ്മ പോയി. ഒരു ദിവസം തുപ്പിനിറച്ച കോളാമ്പി കഴുകാനായി വീടിന്റെ പിൻവശത്തെ ഇറയും കടന്ന് കാലുകൾ ശ്രദ്ധയോടെ ഉരച്ചുനീക്കി പോകവേ അടിതെറ്റി…. മീനുകളുടെ ചെതുമ്പലും ഉളുമ്പും തേച്ചുമിനുക്കാനിട്ടിരുന്ന പാറയിൽ ചെന്നിയിടിച്ച് അമ്മാമ്മ പോയി. എന്റെ ചേട്ടന്മാർക്ക് വല്യവല്യ ഉദ്യോഗങ്ങൾ കിട്ടിയപ്പോൾ ഞങ്ങളുടെ കോളനിവീട് ഒരു പട്ടാളക്കാരന് വിറ്റു. ആർക്കുമാർക്കും ശല്യമാകാതെ ഞാൻ (വലിയ പഠിപ്പോ ജോലിയോ ഇല്ലാത്ത…) അലയുവാൻ തുടങ്ങി. അപ്പച്ചനും അമ്മച്ചിയും ചേട്ടന്മാരും കൂടി ഒരു മാളികവീട്ടിൽ താമസം തുടങ്ങി. അമ്മച്ചി അമ്മാമ്മയുടേതുപോലെ വെറ്റില മുറുക്കാറില്ല. ഇടയ്‌ക്ക് അപ്പച്ചനോടൊപ്പം ഓരോ ‘സ്‌മോൾ’ അടിക്കാറുണ്ട്. വല്ലപ്പോഴുമൊക്കെ ബാത്‌റൂമിന്റെ ഇടുങ്ങിയ സ്വാതന്ത്ര്യത്തിൽ അഞ്ചാറു കവിൾ ‘പുക’യെടുക്കാറുമുണ്ട്. ഒരുപക്ഷേ അമ്മച്ചി മുറുക്കുകാരിയായിരുന്നെങ്കിൽ അമ്മാമ്മയുടെ കോളാമ്പി സൂക്ഷിച്ചുവച്ചേനെ… “എന്റമ്മച്ചീടമ്മച്ചീടമ്മ…” എന്ന് അമ്മച്ചി അതിൽ പാരമ്പര്യത്തിന്റെ വീരസ്യങ്ങൾ മുറുക്കിത്തുപ്പിയേനെ. പറഞ്ഞിട്ടെന്തു കാര്യം. ആ കോളാമ്പി പഴയതെടുക്കുന്ന ഏതെങ്കിലും നാടോടികൾക്ക് വിറ്റിരിക്കാനാണ് സാധ്യത.
ആ കോളാമ്പി കിട്ടിയിരുന്നെങ്കിൽ ഞങ്ങളുടെ പാരമ്പര്യത്തിന്റെ അടയാളമായ ആ ലോഹവിശുദ്ധിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഔസേപ്പച്ചന്റെ വീടിനുമുന്നിൽ നിന്ന് ഞാൻ അലറിവിളിക്കും.
“റോസ്‌മേരി…”
ഞാൻ ഔസേപ്പച്ചന്റെ ഗേറ്റ് കടന്നിട്ടേയുളളൂ എന്ന കാര്യം മറന്നുപോയതിനാൽ മനസ്സിലെ ‘റോസ്‌മേരീ’ എന്ന അലർച്ച മനസ്സറിയാതെ പുറമേയ്‌ക്ക് ശബ്‌ദതരംഗങ്ങളായി. ശബ്‌ദതരംഗങ്ങൾ ഗേറ്റ് കടന്ന് പുൽത്തകിടി കടന്ന് മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. അത് പിന്നെ ആ വീടിന്റെ വരാന്തയോട് ചേർന്ന് വിടർന്നു നിൽക്കുന്ന മന്ദാരപ്പൂക്കളെ തഴുകുന്ന ഇളംകാറ്റിനൊപ്പം വീടിനകത്തേക്ക് ഒഴുകിച്ചെല്ലും. മാർബിൾ പാകിയ ഗോവണി കയറി ഇടത്തേക്ക് തിരിഞ്ഞ് മുന്തിരിവളളികൾ കൊത്തിയ വാതിലുളള മുറിയിൽ പ്രവേശിക്കും. റോസ്‌മേരി ഒരു റോസാദളം പോലെ ഇളംനീല വിരിപ്പിട്ട കട്ടിലിൽ കിടപ്പുണ്ടാകും. ഇളംകാറ്റിനൊപ്പം ചെന്ന സ്‌നേഹശബ്‌ദത്തിന്റെ സ്പർശം അവളെ ഉണർത്തും. ഇന്നലെ വിശുദ്ധ രാജാക്കന്മാരുടെ പളളിയിൽവച്ച് കണ്ടുപിരിഞ്ഞ നേരം അവൾ പറഞ്ഞ കാര്യം ഞാൻ ഓർത്തു.
“വീട്ടിൽ വന്ന് അപ്പച്ചനോട് പെണ്ണു ചോദിക്കണം. അപ്പച്ചനു സമ്മതമല്ലെങ്കിൽ ആ നിമിഷം ഞാൻ നിന്റെ കൂടെ ഇറങ്ങിവരും.”
ആ വാക്കുകൾ പാലിക്കാനായിട്ടെങ്കിലും അവൾ ഇറങ്ങിവരും. പക്ഷേ റോസ്‌മേരിക്കു പകരം വീടിനകത്തുനിന്ന് പ്രാവുകൾ കുറുകിക്കൊണ്ട് പറന്നുപോയി. എന്റെ ശബ്‌ദം കേട്ടിട്ടാവണം വെടിയൊച്ച കേട്ടിട്ടെന്നപോലെ പ്രാവുകൾ ചിതറിപ്പറന്നു.
വീടിന്റെ ബാൽക്കണിയിലേക്ക് കുറെപ്പേർ കടന്നുവന്നു. ഒരു ജൂവല്ലറി ഷോപ്പിനെ അനുസ്‌മരിപ്പിക്കുന്നവിധം ആഭരണങ്ങൾ അണിഞ്ഞ റോസ്‌മേരിയുടെ വല്ല്യമ്മച്ചി, വിഷാദം നിഴൽ വീഴ്‌ത്തിയ മുഖഭാവത്തോടെ റോസ്‌മേരിയുടെ ചേച്ചി (പാവം ആ പെണ്ണിന്റെ ഭർത്താവ് മരിച്ചുപോയിരുന്നു. റോസ്‌മേരി ഏറെ ആരാധിച്ചിരുന്ന, അതുകൊണ്ടുതന്നെ എനിക്ക് പരിചയപ്പെടാനും ചങ്ങാത്തം സ്ഥാപിക്കാനും കഴിഞ്ഞില്ലല്ലോ എന്ന് ഞാൻ രഹസ്യമായി സങ്കടപ്പെടുന്ന…), ചേച്ചിയുടെ നാലുവയസ്സുളള മകൻ (അവന്റെ കൈയ്യിൽ ഒരു ഒത്തമനുഷ്യന്റെ കൈപ്പത്തിയോളം മാത്രം വലിപ്പമുളള ഡാഷ് ഡോഗ്), എനിക്കു പരിചയമില്ലാത്ത മറ്റുചിലർ… പക്ഷേ എന്റെ റോസ്‌മേരി… അവൾ വരുന്നില്ല… ലോകത്തെ മുഴുവൻ പ്രാർത്ഥനയോടെ നോക്കുന്ന അവളുടെ കണ്ണുകളുടെ പ്രകാശം എന്നെത്തേടി എത്തുന്നില്ല.
വീടിന്റെ വരാന്തയിൽ വെളുത്ത പത്തായംപോലെ കലിതുളളി നിന്നിരുന്ന ഔസേപ്പച്ചൻ പുൽത്തകിടിയിലേക്ക് ഇറങ്ങി… പുൽത്തകിടിക്കപ്പുറം മതിലിനോടു ചേർന്നുളള കൂട്ടിൽനിന്നും അയാൾ അൽസേഷനുകളെ തുറന്നുവിട്ടു. അയാളുടെ ആജ്ഞ കേട്ടിട്ടാവാം ഭീമാകാരനായ നായ്‌ക്കൾ പാതിതുറന്നു കിടക്കുന്ന ഗേറ്റിങ്കലേക്ക് പാഞ്ഞെത്തുകയാണ്. അവറ്റയുടെ സ്‌ഫടികക്കണ്ണുകളും കരിമ്പടം പുതച്ചതുപോലുളള ആകാരവും ചെവിപ്പാടകളെ തുളക്കുന്ന കുരയും എന്നെ ഭയപ്പെടുത്തി. റബ്ബർ മരത്തിന്റെ ഇലകൾ കരിഞ്ഞുവീണ വഴികളിലൂടെ ഞാനോടി… പാരമ്പര്യമായി എനിക്കു പകർന്നു കിട്ടിയത് ഭീരുത്വത്തിന്റെ തണുത്തുറഞ്ഞ രക്തമാംസങ്ങളാണോ…? ഒരു തുപ്പൽകോളാമ്പിയുടെ തണുത്ത ലോഹശരീരം പോലെ എന്തോ ഒന്ന്…? എന്ന സംശയത്തോടെ ഞാൻ ഓടിക്കൊണ്ടിരുന്നു. റബ്ബർത്തോട്ടം കടന്ന് കാറ്റും വെളിച്ചവുമുളള നനഞ്ഞ പെരുവഴിയിലേക്ക് കടന്നപ്പോൾ ഞാൻ എനിക്കെതിരെ വരുന്ന പുരുഷാരത്തെ കണ്ടു. പഴയ സാധനങ്ങളെടുക്കുന്ന നാടോടികളുടെ സംഘമായിരുന്നു അത്.
“പഴേ… ഓട്, ചെമ്പ്, പിച്ചള എട്‌ക്കാനുണ്ടോ?”
ആ സംഘത്തിൽ നിന്നും അങ്ങനെയൊരു ശബ്‌ദമാണോ ഉയരുന്നത്… അതോ ‘എന്റപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പന്റ….“ എന്ന് പരമ്പരകളെ പുകഴ്‌ത്തുന്ന ശബ്‌ദങ്ങളോ? അവരെല്ലാം അവരുടെ വംശാവലിയുടെ വിശുദ്ധ ചിഹ്നങ്ങളുമേന്തി ഔസേപ്പച്ചന്റെ വീട്ടിലേക്ക് പോകുകയാണോ? റോസ്‌മേരിയെ പെണ്ണു ചോദിക്കാൻ…?
എന്റെ ഹൃദയത്തിൽ സംശയങ്ങളുടെ നിഴൽ കനക്കുകയാണ്. നിഴലുകൾ എന്റെ വംശാവലിയുടെ യാത്രാമാർഗ്ഗങ്ങളിലെ ഘോരാന്ധകാരമായി…അന്ധകാരത്തിൽ നിന്നും സ്വാർത്ഥപ്രഭങ്ങളായ രണ്ട് കണ്ണുകൾ നാടോടികളുടെ ശേഖരത്തിലെ പഴയ സാധനങ്ങളിലേക്ക് നോട്ടമെറിഞ്ഞു. അതിനിടക്കെങ്ങാൻ ആ കോളാമ്പിയുണ്ടോ? ക്ലാവ് പിടിച്ച, മൂട്ടിൽ ’ചെറ‘ എന്ന് എഴുതിയ….
——–
Generated from archived content: story1_may10_06.html Author: k_g_giby
Click this button or press Ctrl+G to toggle between Malayalam and English