ബഹുമാനപ്പെട്ട ദേവസ്വം മന്ത്രിക്ക്,
വിഷയംഃ ദേവപ്രശ്‌നത്തിന് പിന്നിലെ പരസ്യമാകുന്ന രഹസ്യങ്ങൾ-ദേവസ്വം ബോർഡ് ഹൈന്ദവവിശ്വാസങ്ങളെയും ക്ഷേത്രാരാധനയെയും ശാസ്‌ത്രങ്ങളെയും അവഹേളിച്ചു.
മാദ്ധ്യമങ്ങളൊക്കെത്തന്നെ ദേവപ്രശ്‌നസംബന്ധമായ ചർച്ചകൾ കൊണ്ട് നിറഞ്ഞരിക്കുകയാണ്. ഈ വിഷയം സംബന്ധിച്ച് മന്ത്രിയെന്ന നിലയിൽ സത്യസ്ഥിതി അറിയുവാൻ താങ്കൾക്ക് അതിയായ താൽപര്യവും ആകാംക്ഷയുമുണ്ടാകുമെന്നറിയാം. നിർഭാഗ്യകരമെന്നതിലുപരിയായി നമ്മുടെ ക്ഷേത്രങ്ങളിൽ വളരെ നാളുകളായി നടന്നുവരുന്ന അഴിമതിയുടെയും അവിശുദ്ധ കൂട്ടുകെട്ടുകളുടെയും ഞെട്ടിപ്പിക്കുന്ന പ്രതിഫലനം കൂടിയാണ് ഈ സംഭവവികാസങ്ങൾ. താങ്കളുടെ അറിവിലേക്കായി ഈ വിവാദത്തിന്റെ ഉത്ഭവവും വികാസവും കേരളത്തിന് തന്നെ ലജ്ജാകരമായി ഭവിച്ചിരിക്കുന്ന വെളിപ്പെടുത്തലുകളെപ്പറ്റിയും ഒരു ചെറിയ വിവരണമാണ് ഈ കത്ത്.
1. തൃശൂരിൽ ഈശ്വർ (ISVAR) നൽകിയ പത്രക്കുറിപ്പു മുതൽ ജയമാല വിവാദം വരെ
ശ്രീ. അയ്യപ്പസ്വാമിയിലുളള വിശ്വാസം കൊണ്ടും ആ ദിവ്യസന്നിധിയുടെ പ്രേരണയാലുമാണ് ഞങ്ങൾ (കെ.ചന്ദ്രഹരി, പ്രൊഫ.ചെട്ടിയാർ, തളിപ്പറമ്പ് ശ്രീനിവാസൻ) ജൂൺ പതിനൊന്നാം തീയതി തൃശൂരിൽ പത്രക്കുറിപ്പ് നൽകിയത്. ജൂൺ 13,14 തീയതികളിൽ വിവിധപത്രങ്ങളിൽ ദേവപ്രശ്‌നം ശരിയായ ശുഭാശുഭവിചിന്തനം സാദ്ധ്യമായ കാലത്തല്ലെന്നു സൂചിപ്പിച്ച ആ പത്രക്കുറിപ്പ് വരികയുണ്ടായി. അതിനെ തുടർന്ന് നാലുപേജുളള വിശദമായ കത്ത് ജൂൺ 15ന് ദേവസ്വം മന്ത്രി ശ്രീ. സുധാകരനും അയക്കുകയുണ്ടായി. പ്രശ്‌നത്തിന് സന്നിധാനത്തിലേക്ക് യാത്രയിലായിരുന്നു ജ്യോത്സ്യർ തൃശൂരിൽ പ്രൊഫ.ചെട്ടിയാരോട് പ്രതിഷേധിക്കുകയും ജൂൺ 15ന് പമ്പയിൽ നടത്തിയ പത്രസമ്മേളനത്തിൽ ചന്ദ്രഹരി സന്നിധാനത്തിലെത്തി പ്രശ്‌നാവസരത്തിലാണ് വിമർശനം ഉന്നയിക്കേണ്ടെതെന്ന് ആക്രോശിക്കുകയും ചെയ്‌തു. ജൂൺ 16-ാം തീയതി ആരംഭിച്ച പ്രശ്‌നചിന്ത സംബന്ധിച്ച പത്രറിപ്പോർട്ടുകൾ വായിച്ചപ്പോൾ ദേവസ്വം ബോർഡും ജ്യോത്സ്യനും രാശിചക്രപൂജയും മറ്റും നിർവ്വഹിച്ച് പ്രശ്‌നത്തിന് അനുഗ്രഹം ചാർത്തിയ തന്ത്രിമാരും ഭക്തജനങ്ങളെ വഞ്ചിക്കുവാൻ ശ്രമിക്കുകയാണെന്ന സംശയം ബലപ്പെടുകയും അതനുസരിച്ച് പ്രശ്‌നചിന്തയിലെ അപാകതകൾ ചൂണ്ടിക്കാട്ടി വിശദമായ കത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ, തന്ത്രിമാർ ഇവർക്ക് നൽകുക ഉണ്ടായി. അവയുടെ രത്‌നച്ചുരുക്കം മാതൃഭൂമിക്ക് നൽകുകയും ഭഗവാന്റെ അനുഗ്രഹത്താൽ മാതൃഭൂമി അത് ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ജ്യോതിഷികളുടെ ഇടയിൽ ചർച്ചാവിഷയമായ ആ കത്താണ് സിനിമാനടി ജയമാലയുടെ കഥയുമായി ചാനലുകളിൽ പ്രത്യക്ഷപ്പെടുവാൻ ജ്യോത്സ്യന് പ്രേരണയായതും ഈ ദേവപ്രശ്‌നത്തിന്റെ പിന്നിലെ അവിശുദ്ധ കൂട്ടുകെട്ട് തുടർന്നുണ്ടായ വെളിപ്പെടുത്തലുകളിലൂടെ അയ്യപ്പസ്വാമി പുറത്തുകൊണ്ട് വരികയും ചെയ്‌തിരിക്കുന്നു.
ഈ ദേവപ്രശ്‌നം സംബന്ധിച്ച് മംഗളം ദിനപ്പത്രം ഏറ്റവും വസ്‌തുതാപരമായ ഗൂഢാലോചനക്കാരെ പൊളിച്ചുകാട്ടുന്ന വാർത്തകളാണ് നൽകിയിരിക്കുന്നതെന്ന് പ്രത്യേകം രേഖപ്പെടുത്തുവാൻ ഞാനാഗ്രഹിക്കുന്നു. ചില ഇംഗ്ലീഷ് പത്രങ്ങൾ മൗനം പാലിച്ചതിന്റെ രഹസ്യം അറിയുവാൻ പൊതുജനം ശ്രമിക്കേണ്ടതാണ്. ദേവപ്രശ്‌നത്തിന് ഇടനിലക്കാരായും സ്‌പോൺസർമാരായും ചില ഇംഗ്ലീഷ് പത്രക്കാരുണ്ടെന്ന് കേൾക്കുന്നു. ഈ സാഹചര്യത്തിൽ അയ്യപ്പഭക്തന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്‌തുത്യർഹമായ സേവനമാണ് മംഗളം നടത്തിയിരിക്കുന്നത്.
2. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ – ദേവസ്വം ബോർഡ് ക്ഷേത്രാരാധനയെയും ശാസ്‌ത്രങ്ങളെയും പാരമ്പര്യത്തെയും അവഹേളിക്കുകയും അയ്യപ്പ സന്നിധാനത്തെ കളങ്കപ്പെടുത്തുകയും ചെയ്‌തു.
* തന്ത്രി കണ്‌ഠരര് മോഹനരുടെ പ്രസ്‌താവന അനുസരിച്ച് (മംഗളം ദിനപത്രം) തന്ത്രിമാർ ആവശ്യപ്പെടാതെയും തന്ത്രിമാരോട് ചർച്ച ചെയ്‌ത് തീരുമാനിക്കാതെയുമാണ് ദേവസ്വം ബോർഡ് അധികാരികൾ പ്രശ്‌നത്തിന് തീരുമാനിച്ചതും ജ്യോത്സ്യരെ ക്ഷണിച്ചതുമെന്ന് വ്യക്തമാകുന്നു. ജ്യോത്സ്യൻ യോഗ്യനല്ലെന്നും എല്ലായിടത്തും കുഴപ്പക്കാരനാണെന്നുമുളള തന്ത്രിമാരുടെ വിമർശനവും ഈ വസ്‌തുത സൂചിപ്പിക്കുന്നു.
ക്ഷേത്രസംബന്ധമായ ആചാരമര്യാദകളനുസരിച്ച് തീർത്തും അക്ഷന്തവ്യമായ അപരാധമാണ് തന്ത്രിയുമായും പ്രധാനകർമ്മിയായ മേൽശാന്തിയുമായും ആലോചിക്കാതെ ദേവപ്രശ്‌നത്തിനുളള തീരുമാനം. ദേവന്റെ ഇംഗിതമറിയുന്നതിനുളള ഏറ്റവും പവിത്രമായ കർമ്മത്തെ ദേവസ്വം ബോർഡ് മലീമസമാക്കുകയും ജ്യോതിഃശാസ്‌ത്രത്തെയും തന്ത്രവിദ്യയെയും അപഹസിക്കുകയും ചെയ്‌തിരിക്കുന്നു. കോടിക്കണക്കിന് അയ്യപ്പഭക്തന്മാരോടും ശ്രീ. അയ്യപ്പസ്വാമിയോടുമുളള അവഹേളനമാണ് വിധിപ്രകാരമല്ലാത്ത ദേവപ്രശ്‌നത്തിന് ഊരാളന്മാരുടെ (ദേവസ്വം) തീരുമാനം.
* ഈ അപവിത്രകർമ്മത്തിന്റെ മറ്റൊരു വശം തന്ത്രിയും മേൽശാന്തിയും ഈ ആഭാസം അരങ്ങേറിയപ്പോൾ, അയ്യപ്പസന്നിധിയുടെ ഈ അവഹേളനം നടക്കുന്നതിന് മൗനം പാലിച്ച് കൂട്ടുനിന്നുവെന്നതും രാശിചക്രപൂജയും മറ്റും നടത്തി അനുഗ്രഹം ചൊരിഞ്ഞുവെന്നതുമാണ്. ശ്രീ അയ്യപ്പന്റെ ദിവ്യസന്നിധിയുടെ താൽപ്പര്യം കണക്കിലെടുത്ത് സത്യം തുറന്നു പറയുവാനും ഈ അമംഗളകരമായ കർമ്മം ഒഴിവാക്കുന്നതിനും തന്ത്രിമാരോ മേൽശാന്തിയോ ശ്രമിക്കുക ഉണ്ടായില്ല. തങ്ങളുടെ അന്തസ്സ് ഇടിക്കുന്ന ജയമാല പ്രശ്‌നം വന്നപ്പോഴാണ് തന്ത്രിമാർ ജ്യോത്സ്യന്റെ പഴയ പ്രമാദങ്ങൾ ഉദ്ധരിച്ച് (ഈ ലേഖകൻ മുൻപ് തന്ത്രിമാർക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നവ) രംഗത്ത് വന്നത്.
* അന്നദാനത്തിനും 90 കോടി രൂപയുടെ (?) റോപ് വേക്കും നാലും കോടിയുടെ പരിഹാരക്രിയകൾക്കും ചെന്നൈയിൽ ദേവസ്വം അധികാരികളെയും സ്‌പോൺസർമാരെയും കൂട്ടിമുട്ടിച്ച് ഒരു മൂന്നാംകിട ഇടനിലക്കാരന്റെ കൈക്കൂലി വാങ്ങി അതുമായാണ് ശ്രീ അയ്യപ്പസന്നിധിയിൽ ദേവപ്രശ്‌നത്തിന് ജ്യോത്സ്യൻ എത്തിയതെന്ന് വാർത്തകൾ തെളിയിക്കുന്നു. ദേവസ്വത്തിന് നഷ്‌ടമില്ലെന്നും താൻ സന്നിധാനത്തിന് കോടികളുടെ ലാഭം ഉണ്ടാക്കിക്കൊടുത്തുവെന്നും വീമ്പ് പറയുന്ന ജ്യോത്സ്യന് സുബോധം നഷ്‌ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
* തൃശൂർ വടക്കുംനാഥക്ഷേത്രത്തിലും ഇതരസ്ഥലങ്ങളിലും നടന്ന ദേവപ്രശ്‌നങ്ങളുടെയും പരിഹാരക്രിയകളുടെയും പിന്നിലെ ജ്യോത്സ്യന്റെയും സ്‌പോൺസർമാരുടെയും ദേവസ്വം അധികാരികളുടെയും പങ്കിനെപ്പറ്റി വിശദമായ ജൂഡീഷ്യൽ അന്വേഷണം ആവശ്യമാണ്. ദേവപ്രശ്‌നങ്ങൾക്കും അതിന്റെ പേരിലുണ്ടാകുന്ന ഉപപ്രതിഷ്‌ഠാദി വലിയ കരാർ പണികൾക്കും പിന്നിലുളള അവിശുദ്ധ കൂട്ടുകെട്ട് വെളിച്ചത്തുകൊണ്ടുവരേണ്ടത് ഹൈന്ദവവിശ്വാസ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
അയ്യപ്പസന്നിധിയുടെ ഭരണക്കാർ, ക്ഷേത്രാരാധനയുടെ ചുമതലയുളള മേൽശാന്തി, തന്ത്രി, ദേവപ്രശ്‌നം നടത്തിയവർ മുതലായവരുടെ ഗുരുതരമായ കൃത്യവിലോപവും കർമ്മച്യുതിയും വെളിവാക്കുന്നതാണ് ഈ വസ്‌തുതകൾ.
* ഏതെങ്കിലും കമ്പനി സ്‌പോൺസർ ചെയ്‌തതുകൊണ്ട് മാത്രം സന്നിധിയിൽ നടത്താവുന്ന കാര്യമാണോ ദേവപ്രശ്‌നം? കേൺട്രാക്‌റ്റ് താൽപര്യമുളള ഏതു കമ്പനിക്കും ഒരു ജ്യോത്സ്യനെ തിരഞ്ഞുപിടിച്ച് സന്നിധാനത്തിലെത്തിച്ച് കവടിക്രിയ ചെയ്‌താൽ അത് ദേവപ്രശ്‌നം ആകുമോ? വിദ്വാനായ ജ്യോത്സ്യനും, തന്ത്രിയും ബോർഡിന്റെ ഈ ഉപജാപക പ്രവർത്തനത്തിന് എന്തിന് കൂട്ടുനിന്നു? പരിപാവനവും ദേവചൈതന്യ നിഷ്‌ഠവുമായ ദേവപ്രശ്‌നം പോലെയുളള കർമ്മത്തിന്റെ പവിത്രതയും സന്നിധാനത്തിന്റെ സത്യവും നശിപ്പിച്ച ബോർഡിന്റെ പ്രവർത്തിയെ ബന്ധപ്പെട്ടവർ അപലപിക്കുകയും ഈ ദുഷ്‌കർമ്മത്തിന് ഉത്തരവാദിയായ ദേവസ്വം ബോർഡ് അധികാരികളെ ഉടനെ തന്നെ പിരിച്ചുവിടുകയും ചെയ്യേണ്ടതാണ്.
* റോപ്‌വേയും അന്നദാനവും കമ്പനികളുടെ പേരിൽ നടത്തുന്നത് സാദ്ധ്യമാക്കുന്നതിനാണ് പ്രശ്‌നചിന്തയിൽ ഉൾപ്പെടുത്തിയതെന്നും ജ്യോത്സ്യർ പണിക്കർ വ്യക്തമാക്കുന്നു. പൊന്നമ്പലമേട്ടിലെ മണിമണ്‌ഡപവും ഭസ്‌മക്കുളവും അരവണപ്ലാന്റ് പുനഃസ്ഥാപനം തുടങ്ങി ജ്യോത്സ്യർ വിധിച്ച പല പരിഹാരങ്ങളും കോൺട്രാക്‌ടർമാർക്ക് വേണ്ടിയായിരുന്നുവെന്ന് ഇതിനാൽ വ്യക്തമാകുന്നു. അതുപോലെ തന്നെ ദേവസ്വം അധികാരികളുടെ നിർദ്ദേശപ്രകാരമാണ് പന്തളം രാജാവിന്റെ പാരമ്പര്യ അവകാശങ്ങൾ ഇല്ലാതാക്കാൻ ആവശ്യമായ ജൽപനങ്ങൾ ജ്യോത്സ്യൻ നടത്തിയതെന്നും തെളിയുന്നു.
* കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്ത്രി, ക്ഷേത്രം അധികാരികൾ, ജ്യോത്സ്യന്മാർ ഇവരുടെ അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന അപഹാസ്യമായ ദേവപ്രശ്‌നങ്ങൾക്ക് ഉദാഹരണമാണ് ശബരിമലയിലെ ഈ അവിശുദ്ധ പ്രവർത്തി. പുരാതനമായ ക്ഷേത്രങ്ങളിൽ പോലും പ്രശ്‌നത്തിന്റെ പേരിൽ ഉപപ്രതിഷ്‌ഠകൾ നടത്തുക ഇന്ന് സർവ്വസാധാരണമാണ്. പണക്കൊഴുപ്പുളളവന്റെ പേര് സന്നിധാനങ്ങളിൽ കൊത്തിവെക്കുക എന്ന സ്വാർത്ഥ താൽപര്യത്തിന് കവടി കറക്കി ഒത്താശ ചെയ്യുന്ന സ്ഥിതിയിലേക്ക് ജ്യോത്സ്യന്മാർ അധഃപതിച്ചിരിക്കുന്നു.
* ഭക്തജനസഹസ്രങ്ങളുടെ മനസ്സുകളെ അലങ്കോലപ്പെടുത്തുന്ന സിനിമാനടി വിവാദം, തന്ത്രിയുടെയും ജ്യോത്സ്യന്റെയും പരസ്‌പരാരോപണങ്ങൾ, എല്ലാവരും ഒത്തുകളിച്ച് സമൂഹത്തെയാകെ വഞ്ചിച്ചു നടത്തിയ പ്രശ്‌നചിന്ത ഇവയൊക്കെ തന്നെ സന്നിധാനത്തിലെ അപാകതകളുടെ സത്യസ്ഥിതി മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിനുളള ശ്രമമാണ്. സന്നിധാനത്തിലെ ഈ കളളക്കളിക്കും ദുർനിമിത്തങ്ങൾക്കും യഥാർത്ഥ കാരണം ശ്രീകോവിലിനും ബിംബത്തിനും സ്വർണ്ണം പൂശലിനാലും മറ്റ് കർമ്മവിലോപങ്ങളാലും ഉണ്ടായിരിക്കുന്ന മുറിവും ചതവുമാണ്. സാഹചര്യത്തെളിവുകളും കേട്ടറിവുകളും സൂചിപ്പിക്കുന്നത് സ്വർണ്ണം പൂശുന്നതിനായി ദേവശരീരമായ ശ്രീകോവിലിനുമേൽ ആണിയടിയുൾപ്പെടെ മാരകപ്രയോഗങ്ങളുണ്ടായിയെന്നതാണ്. ചോക്കലേറ്റ് അഭിഷേകവും നെയ്യ് കവരുന്നതിനായി ശ്രീലകത്തറ തുരന്ന് ഹീറ്റർ സ്ഥാപിച്ച കാര്യവും മറ്റും പലർക്കും അറിവുണ്ട്. ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകൃതമായ ജ്യോതിശ്ചക്രമെന്ന എന്റെ പുസ്‌തകത്തിൽ (പുറം 259-260) തെറ്റായ കാലത്ത് നടത്തിയ ഉത്സവത്തിന്റെ ദോഷപരിണതികളെപ്പറ്റി ദീർഘദർശനം തന്നെ നടത്തിയിട്ടുണ്ട്.
* അയ്യപ്പസന്നിധാനത്തിലെ ഈവിധം ശോചനീയമായ സ്ഥിതിയെ തടയുന്നതിനോ വേണ്ട പരിഹാരക്രിയകൾ ചെയ്യുന്നതിനോ വേണ്ട ജ്ഞാനമോ സിദ്ധിയൊ ജാതിയുടെ പേരിൽ മാത്രം തന്ത്രിസ്ഥാനം വഹിക്കുന്ന തന്ത്രിമാർക്കില്ലെന്നതാണ് ദിവ്യസന്നിധി നേരിടുന്ന ദയനീയവും ദുഃഖകരവുമായ സ്ഥിതി.
* ശ്രീ അയ്യപ്പസ്വാമിയുടെ പരിപാവനത്വവും താന്ത്രികചൈതന്യേത്‌ക്കർഷവും നിൽനിർത്തുന്നതിന് കൃത്യവിലോപം വരുത്തിയ ഈ ദേവസ്വം ബോർഡിനെ ഉടനെ പിരിച്ചുവിടേണ്ടതും യോഗ്യരായ വ്യക്തികളാൽ ബോർഡിന് പുനഃസംഘടന വരുത്തേണ്ടതുമാണ്.
* കൂടാതെ പാരമ്പര്യം നിലനിർത്താൻ താഴമൺ കുടുംബത്തിലെ അംഗങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന കാര്യം മതിയായ മാനദണ്‌ഡം നിജപ്പെടുത്തി പരിശോധനാ വിധേയമാക്കേണ്ട കാര്യമാണ്. ഒരു കാലത്തും തന്ത്രിസ്ഥാനത്തിന് അപ്രമാദിത്വം ഭരണാധികാരികളോ ഭക്തജനങ്ങളോ കൽപിച്ചിരുന്നില്ല. കർമ്മം കൊണ്ടും തപസ്സുകൊണ്ടും ആചാര്യസ്ഥാനത്തിന് അർഹരായ തന്ത്രി കുടുംബാംഗങ്ങൾക്ക് മാത്രമേ ക്ഷേത്രം തന്ത്രിയായി സ്ഥാനം നൽകുവാൻ പാടുളളൂ.
* ദേവപ്രശ്‌നം സംബന്ധിച്ച ചാർത്ത് വസ്‌തുനിഷ്‌ഠമായി ബന്ധപ്പെട്ട പ്രമാണങ്ങൾ സഹിതം തയ്യാറാക്കപ്പെടേണ്ടതും ബന്ധപ്പെട്ട ചെലവുകളുടെയും ക്ഷേത്രത്തിലെ പരിഹാരക്രിയകളുടെയും മറ്റും വിശദവിവരങ്ങൾ ഭക്തജനങ്ങൾക്ക് ലഭ്യമാക്കേണ്ടതാണ്.
* ഇക്കഴിഞ്ഞ പ്രശ്‌നക്രിയയിൽ ദേവസ്വം ബോർഡ് അധികാരികൾ നടത്തിയിരിക്കുന്ന അഴിമതിയെപ്പറ്റി ഉന്നതതല അന്വേഷണം ആവശ്യമാണ്. താഴെപ്പറയുന്ന കാര്യങ്ങൾ അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.
1. പന്തളം രാജപ്രമുഖന്റെ വാക്കുകൾ- ‘നടന്നത് ദേവപ്രശ്‌നമല്ല, ദേവസ്വം പ്രശ്‌നമാണ്.’
2. ചെന്നൈയിൽ ബോർഡധികാരികളെ സ്‌പോൺസർമാരുമായി കൂട്ടിമുട്ടിച്ചുവെന്ന പ്രസ്‌താവന.
3. ജ്യോത്സ്യന്മാരെ നിശ്ചയിച്ചതാരെന്ന കാര്യത്തിലുളള അവ്യക്തതയും സുതാര്യത ഇല്ലായ്‌മയും. എവിടെ നിന്നും ആർക്കും സ്‌പോൺസർ ചെയ്‌ത് നടത്താവുന്നതാണോ ദേവപ്രശ്‌നം?
4. ജ്യോത്സ്യൻ പറഞ്ഞിരിക്കുന്ന പ്രശ്‌നചിന്തക്ക് ബാഹ്യമായ കാര്യങ്ങൾ.
5. ജ്യോത്സ്യന്മാരെല്ലാം (ഇരുപതോളം പേർ) തന്നെ ഉണ്ണിക്കൃഷ്‌ണപ്പണിക്കരുടെ ബന്ധുക്കളോ സിൽബന്ധികളോ ആണെന്ന വസ്‌തുത വിരുദ്ധാഭിപ്രായം ഒഴിവാക്കാനുളള ഗൂഢാലോചന സൂചിപ്പിക്കുന്നു.
6. കർണ്ണാടകക്കാരന്റെ സാന്നിദ്ധ്യവും ജയമാല വിവാദവും തമ്മിലുളള ബന്ധം.
7. അയ്യപ്പസന്നിധിക്കും കേരളത്തിനും ദേവസ്വം ബോർഡിന്റെ നിരുത്തരവാദപരമായ പ്രവർത്തനം ഉണ്ടാക്കിയ അപമാനം.
8. ദേവസ്വം ഭരണത്തിലെ അപാകതകൾ -വിവിധ ക്ഷേത്രങ്ങളിൽ ഈവിധം നടത്തിയിരിക്കുന്ന ദേവപ്രശ്‌നങ്ങളും പരിഹാരങ്ങളും.
9. ഭക്തജനഹൃദയങ്ങളിൽ ഈ ദുരവസ്ഥ ഉണ്ടാക്കിയിരിക്കുന്ന മുറിവുകൾ പരിഹരിക്കുന്നതിന് സത്യസ്ഥിതി പുറത്തുകൊണ്ടുവരേണ്ടത് ആവശ്യമാണ്.
ഈ വിഷയങ്ങളെല്ലാം തന്നെ സമഗ്രമായ അന്വേഷണം ആവശ്യമായവയാണ്. ശ്രീ. ഉണ്ണിക്കൃഷ്‌ണപ്പണിക്കരും സിനിമാനടി ജയമാലയുമായുളളള പൂർവ്വ ബന്ധം, ഇരുവരുടെയും പ്രസ്‌താവനകളുടെ നിജസ്ഥിതി, ദേവസ്വം ബോർഡിന്റെ പങ്ക് ഇവ തിട്ടപ്പെടുത്തുന്നതിന് ഉന്നതതല അന്വേഷണവും ആധുനിക കളളം കണ്ടുപിടിക്കൽ (Lie-detection, Brain Mapping) പരീക്ഷണങ്ങളും ആവശ്യമാണ്.
* ദേവസ്വം ഭരണം കഴിവുറ്റതാക്കാൻ ക്രാന്തദർശികളായ അധികാരികൾ സന്നിധാനത്തിലെ തന്ത്രിയുൾപ്പെടെ വിവിധ കർമ്മികൾക്ക് ചുമതലകൾ നിജപ്പെടുത്തേണ്ടതും അവയുടെ പരിപാലനം ഉറപ്പുവരുത്തേണ്ടതുമാണ്. നിത്യപൂജകൾ മേൽശാന്തിയുടെ പൂർണ്ണ നിയന്ത്രണത്തിലാക്കേണ്ടതും സന്നിധാനത്തിൽ തന്ത്രിമാരുടെ അനാവശ്യമായ സാന്നിദ്ധ്യം ഒഴിവാക്കേണ്ടതുമാണ്.
ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി ഈ വിഷയത്തിൽ മതിയായ ശ്രദ്ധ ചെലുത്തി എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിച്ച് ഭക്തജനങ്ങളുടെ ദുഃഖവും ആകാംക്ഷയും അകറ്റേണ്ടതാണ്.
വിശ്വസ്തതയോടെ
കെ. ചന്ദ്രഹരി
Generated from archived content: essay1_july5_06.html Author: k_chandrahari