വെളളിത്തിരയിലെ വെടിയുണ്ടകൾ

“മലയാളിയുടെ രാഷ്‌ട്രീയ ജീവിതം ഘടനകളെ നിരന്തരം നിരാകരിക്കുന്ന ഒരസംബന്ധ നാടകമാണ്‌.”

അരനൂറ്റാണ്ടിലെ മലയാളി ജീവിതം, കേരളത്തിനകത്തും പുറത്തും, പ്രകടമാക്കുന്ന നിലപാടുകളുടെ രാഷ്‌ട്രീയം എന്താണെന്ന അന്വേഷണം വിചിത്രമെന്നു തോന്നാവുന്ന ചില ചിത്രങ്ങളാണ്‌ പങ്കുവെക്കുന്നത്‌. നാളിതുവരെയുളള നമ്മുടെ രാഷ്‌ട്രീയ അന്വേഷണങ്ങൾക്ക്‌ സ്വീകരിച്ചു പോരാറുളള മാനദണ്ഡങ്ങൾ കൊണ്ട്‌ പലപ്പോഴും അതിനെ വിശദീകരിക്കാൻ കഴിയാതെ വരും. കക്ഷി രാഷ്‌ട്രീയത്തിന്റെ, അല്ലെങ്കിൽ മുന്നണിബന്ധങ്ങളുടെ, കേവല വിശദീകരണം എന്ന അർത്ഥത്തിലല്ല, മറിച്ച്‌ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും മലയാളി സ്വീകരിക്കുന്ന നിലപാടുകൾ എന്ന അർത്ഥത്തിലാണ്‌ രാഷ്‌ട്രീയം എന്ന വാക്കിനെ ഇവിടെ വിശദീകരിക്കുന്നത്‌. ചുറ്റുമുളള ഇതര ജീവിതങ്ങളോടുളള സമീപനത്തിന്റെ സ്വഭാവം നിർണയിക്കുന്നതും ഈ നിലപാടുകൾ തന്നെയാണ്‌. ഇടതുവലതു കളളികളിൽ ഒതുങ്ങാതെ ഒരേസമയം ഇടംവലം വ്യാപിക്കുന്ന സവിശേഷമായ ഈ പ്രതികരണങ്ങളെ മനസ്സിലാക്കേണ്ടത്‌ ഒരു സമൂഹമെന്ന നിലയിൽ മലയാളിയുടെ ശീലങ്ങളെ വിശദീകരിക്കുന്നതിന്‌ അത്യാവശ്യവുമാണ്‌.

സ്ര്തീ, പരിസ്ഥിതി, ആദിവാസി, ജാതി, മതം, ദേശീയത തുടങ്ങി ആധുനിക ബുദ്ധിജീവിതം നിരന്തരം ഇടപെടുന്ന പ്രമേയങ്ങളോട്‌ മലയാളി സ്വീകരിക്കുന്ന മനോഭാവത്തിന്റെ കാതൽ നിശ്ചയമായും മേൽ നിലപാടുകളുടെ പ്രത്യേകതകളാണ്‌.

സെല്ലുലോയിഡ്‌ സുരക്ഷിതത്വം

വെളളിത്തിര തുളച്ച്‌ ഒരു വെടിയുണ്ടയും നിങ്ങളെ തേടിയെത്തില്ലെന്ന സുരക്ഷിതത്വബോധമാണ്‌ ഒരാക്ഷൻ ത്രില്ലറിന്റെ രസാനുഭൂതിയിലെ പ്രധാന ഘടകം. കൂട്ടിലടച്ച സിംഹം മൃഗശാലക്കാഴ്‌ചകളെ രസാവഹമാക്കുന്ന പോലുളള ഒന്ന്‌. പൊതുപ്രശ്‌നങ്ങളോട്‌ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലൂടെ മലയാളി സ്വീകരിച്ചുപോന്ന സമീപനങ്ങൾക്ക്‌ ഈ സെല്ലുലോയ്‌ഡ്‌ സുരക്ഷിതത്വത്തിന്റെ ലോജിക്കുണ്ട്‌. ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞ അടിയന്തിരാവസ്ഥാനന്തര തെരഞ്ഞെടുപ്പ്‌ ഫലം മുതൽ 10 വർഷം മുമ്പ്‌ നടന്ന സ്വാശ്രയ വിരുദ്ധ വിദ്യാഭ്യാസസമരം വരെ ഈ മനോഭാവം അടിവരയിട്ട പ്രശ്‌നങ്ങളാണ്‌. നമ്മുടേതല്ലാത്ത എല്ലാം പൂർണ്ണമായും അന്യാനുഭവമാണെന്ന്‌ ആവർത്തിച്ചുറപ്പിക്കുന്ന ഒന്ന്‌.

ഈ സെല്ലുലോയ്‌ഡ്‌ സുരക്ഷിതബോധം രൂപം നൽകുന്ന രാഷ്‌ട്രീയത്തിന്‌ നിശ്ചയമായും ജൈവീകത അവകാശപ്പെടാനാവില്ല. അപരന്റെ മുറിവിൽ തനിക്കു വേദനിക്കുമെന്ന തിരിച്ചറിവാണ്‌ ഉന്നതമായ രാഷ്‌ട്രീയബോധം. ഈ ബോധത്തിന്റെ നിരാകരണത്തെയാണ്‌ വാസ്തവത്തിൽ അരാഷ്‌ട്രീയവൽക്കരണമെന്ന്‌ വായിക്കേണ്ടത്‌. നിർഭാഗ്യകരമെന്ന്‌ പറയട്ടെ മാറിയും മറിഞ്ഞും ജ്വലിച്ചും നനഞ്ഞും പടരുന്ന കക്ഷി, മുന്നണി രാഷ്‌ട്രീയത്തിൽ നിന്നുളള മാറിനിൽക്കലിനെയാണ്‌, അഭിപ്രായം പറയാതിരിക്കലിനെയാണ്‌ നാമിന്ന്‌ വ്യാപകമായി അരാഷ്‌ട്രീയതയെന്ന്‌ വ്യാഖ്യാനിച്ചു പോരുന്നത്‌. അങ്ങിനെ സംഭവിക്കുമ്പോൾ രാഷ്‌ട്രീയവേഷം ധരിച്ചെത്തുന്ന അരാഷ്‌ട്രീയതയെ നമുക്ക്‌ തിരിച്ചറിയാതെ വരുന്നു.

വെളളിത്തിര ഭേദിക്കുന്ന വെടിയുണ്ടകൾ

നാം ചർച്ച ചെയ്‌തുവരുന്ന അരാഷ്‌ട്രീയത സുഖദമായ ഒരനുഭവം താൽക്കാലികമായി സമ്മാനിച്ചേക്കാമെങ്കിലും വമ്പിച്ച അപകടങ്ങൾ പിന്നീട്‌ വരുത്തിവെക്കുമെന്നതിന്‌ എത്രയെങ്കിലും ദൃഷ്‌ടാന്തങ്ങൾ മലയാളിജീവിതത്തിൽ കാണാവുന്നതാണ്‌. അതിന്റെ കൃത്യമായ ഒരു സൂചകമാണ്‌ സൂര്യനെല്ലി പെൺവേട്ട തുടങ്ങിവെച്ച പെൺവാണിഭ പരമ്പരകൾ.

സൂര്യനെല്ലി സംഭവത്തോടുളള മുഖ്യധാര മലയാളിയുടെ ആദ്യ പ്രതികരണം ഇപ്പോൾ ഓർമ്മിച്ചെടുക്കാവുന്നതാണ്‌. മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ പെൺകുട്ടിയോടുളള അഥവാ ഇരയോടുളള സഹാനുഭൂതിയേക്കാൾ പ്രാകൃതമായ കാമാവേശത്തോടെ വായിച്ചനുഭവിച്ച എത്രയോ പേരെ&നമ്മളിൽ തന്നെയുളള നമുക്കറിയാം. സ്വകാര്യ സംഭാഷണങ്ങളിൽ വല്ലാത്ത രത്യാനുഭവം സമ്മാനിച്ചാണ്‌ സൂര്യനെല്ലി സംവാദങ്ങൾ കടന്നുപോയത്‌. ഇരയ്‌ക്കൊപ്പം ചേർന്ന്‌ കൃത്യമായ രാഷ്‌ട്രീയം രൂപപ്പെടുത്താതെ കുറ്റകരമായ നിസ്സംഗതയോടെ നാമവളെ നിരന്തരം അപമാനിക്കുകയായിരുന്നു. നമ്മുടെ കോട്ടമതിലുകളിൽ എന്റെയും നിങ്ങളുടെയും പെൺകുട്ടികൾ സുരക്ഷിതരാണെന്ന ഉഗ്രബോധം തന്നെയാണ്‌ നമ്മെ സൂര്യനെല്ലിയുടെ കാഴ്‌ചക്കാരാക്കിയത്‌.

മാറ്റം എത്ര പെട്ടെന്നായിരുന്നു. അവിടന്നിങ്ങോട്ട്‌ പെൺവേട്ടകളുടെ ഒടുങ്ങാത്ത ചരിത്രം പിറവിയെടുക്കുകയായിരുന്നു. മുലപ്പാൽ കുടിച്ചുറങ്ങുന്ന ഒന്നര വയസ്സുകാരി മുതൽ 72 കാരിയുടെ ചുളുങ്ങിയ ഉടൽ പോലും മലയാളി കാമവേട്ടക്കാരുടെ കൈകളിൽ പെട്ട്‌ മരിച്ചുപോകുമെന്ന നിലവന്നു. ഓഫീസ്‌ മുറികളിൽ, കാമ്പസുകളിൽ, ബസ്സിൽ പൊതുജീവിതത്തിന്റെ സർവ്വം ഇടങ്ങളിൽ ഉദ്ധരിച്ച ലിംഗങ്ങൾ പടയോട്ടം തുടങ്ങി. ഒരു പെണ്ണും സുരക്ഷിതയല്ലെന്ന കൊടുംഭീതി എത്ര പെട്ടെന്നാണ്‌ നമ്മുടെ വീട്ടുജീവിതത്തിലേക്ക്‌ കടന്നുവന്നത്‌. അതോടെ പെണ്ണിനെ സുരക്ഷിതയാക്കണമെന്ന, വേട്ടക്കാരെ ഉന്മൂലനം ചെയ്യണമെന്ന, ‘ചെവാത്തിയൻമാരെ’ ലിംഗഛേദം ചെയ്യണമെന്ന ഉഗ്രമായ അഭിപ്രായങ്ങൾ നാമൊക്കെ സ്വീകരിക്കാൻ തുടങ്ങി.

സ്വാശ്രയ കോളജ്‌ പ്രശ്‌നം മറ്റൊരു ദൃഷ്‌ടാന്തമാണ്‌. ഇടതു വിദ്യാർത്ഥി സംഘടനകളുടെ സ്വാശ്രയ കോളേജ്‌ വിരുദ്ധ മുദ്രാവാക്യങ്ങളോട്‌ ആദ്യം നമ്മുടെ സമീപനം എന്തായിരുന്നു? അതേ സമീപനം കൊണ്ട്‌ മാത്രമാണ്‌ ഒഴുക്കിനൊപ്പം നീന്തി സുഖം പിടിച്ചുപോയ സി.പി.എം പോലുളള ഇടതു പ്രസ്ഥാനങ്ങൾ തന്നെ സ്വാശ്രയകോളേജുകൾ യാഥാർത്ഥ്യമാക്കാൻ കാർമികത്വം വഹിച്ചത്‌. പിന്നീട്‌ എന്ത്‌ സംഭവിച്ചു. ഒരു ജന്മകാലത്തെ സമ്പാദ്യം കൊണ്ടുപോലും ഒരു തദ്ദേശീയ ഇടത്തരക്കാരനോ, ഇടത്തരക്കാരനായ എൻ.ആർ.ഐക്കോ വിദ്യാഭ്യാസം അന്യമാകുമെന്ന ഘട്ടം വന്നപ്പോൾ എത്ര പെട്ടെന്നാണ്‌ നമ്മിൽ നിലപാട്‌ രൂപപ്പെട്ടത്‌.

അനേകമനേകങ്ങളായ സൂചകങ്ങളിൽ നിന്ന്‌ രണ്ട്‌ മാതൃകകൾ മാത്രമാണ്‌ നാം ചർച്ച ചെയ്യുന്നത്‌. ഈ രണ്ട്‌ പ്രമേയങ്ങളിലും രണ്ട്‌ വിരുദ്ധ സമീപനങ്ങളിലേക്ക്‌ നാം എത്തിച്ചേർന്നത്‌ എങ്ങിനെയാണ്‌ എന്ന പരിശോധന രാഷ്‌ട്രീയമായ പരിശോധന തന്നെയാണ്‌.

മേൽ പ്രസ്താവിച്ച രണ്ട്‌ സംഭവങ്ങളിലും തുടക്കത്തിൽ നിസ്സംഗരായ കാഴ്‌ചക്കാരായിരുന്ന നാം ഇടപെടാൻ തുടങ്ങുന്നത്‌ സുരക്ഷിതമെന്ന്‌ കരുതിയ ഇരിപ്പിടങ്ങളിൽ പൊളളലേറ്റപ്പോഴാണ്‌. അഥവാ വെളളിത്തിരയിലെ ചോരത്തുളളികൾ നമ്മുടെ മുഖത്തും തെറിച്ചു വീഴാൻ തുടങ്ങിയപ്പോഴാണ്‌.

വ്യക്തിപരമായി നമ്മെ സ്പർശിക്കുന്ന കാര്യങ്ങളിൽ മാത്രം പൊതുനിലപാട്‌ രൂപപ്പെടുത്തുകയും അല്ലാത്ത സന്ദർഭങ്ങളിൽ നിസ്സംഗത പുലർത്തുകയും ചെയ്യുന്ന ഈ മനോഭാവം ഗുരുതരമായ പതനമാണ്‌ സംഭവിപ്പിക്കുക. സമൂഹജീവി എന്ന നിലയിലെ നമ്മുടെ നിലനിൽപ്പ്‌ അപകടപ്പെടുത്താനും കൂടുതൽ മോശപ്പെട്ട ജീവിതാവസ്ഥ സൃഷ്‌ടിക്കാനും മാത്രമേ ഇതുപകരിക്കൂ. അത്ഭുതകരമായ ഒരു വസ്തുത മുഖ്യധാരാ രാഷ്‌ട്രീയകക്ഷികൾ ഒന്നും തന്നെ ഈ പതനത്തിൽ നിന്ന്‌ മുക്തരല്ല എന്നതാണ്‌. തോറ്റുപോകുന്ന സമരം നയിക്കാൻ മടിച്ച്‌, ജയിക്കുന്നതിനൊപ്പം സുഖിക്കാൻ കൊതിച്ച്‌ അവരും ഈ സുഖദ മനോഭാവത്തെ മനസാ വരിക്കുകയാണ്‌.

Generated from archived content: essay_jan4_06.html Author: k_c

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here