കൺസ്യൂമർ കാലത്തെ ഓണം

പൂക്കൾക്ക്‌ തെറ്റിയില്ല. പതിവു തെറ്റിക്കാതെ ചിങ്ങത്തിന്റെ മഞ്ഞവെയിൽ നേരങ്ങളെ നോറ്റ്‌ അവ നേരത്ത്‌ തന്നെയെത്തി. പക്ഷികളും തുമ്പികളും ചിത്രശലഭങ്ങളും ഒപ്പമെത്തി. എങ്ങും പൂക്കൾ, പക്ഷികൾ, ചിത്രശലഭങ്ങൾ. ഓണം കർഷകരുടെ ഉൽസവകാലം. സമത്വ സുന്ദരമായൊരു കാലത്തിന്റെ ഓർമ്മകൾ കൂട്ടിനുണ്ടെങ്കിലും കാർഷികോൽസവം തന്നെയാണ്‌ ഓണം. എന്നാൽ പക്ഷികളും പൂക്കളും കാലംതെറ്റാതെയെത്തിയിട്ടും കാലം അടിമേൽ മറിഞ്ഞുപോയത്‌ കർഷകർക്കിടയിൽ മാത്രമാണ്‌. സന്തോഷത്തിന്റെ ഓണവെയിൽ കർഷകരുടെ നെഞ്ചകത്ത്‌ മാത്രം നിറയുന്നില്ല. അവർക്ക്‌ പറയാനുള്ളത്‌ മാറിയ കാലത്ത്‌ അവർ അന്യരാകുന്നതിനെക്കുറിച്ചാണ്‌. നാടിന്‌ വെച്ചു വിളമ്പാൻ നേരവും കാലവും നോക്കി വിയർപ്പൊഴുക്കുന്ന കർഷകർക്കു മുന്നിൽ മാത്രമാണ്‌ ഓണം അന്നമായി നിറയാത്തത്‌. അവരുടെ പത്തായങ്ങളെല്ലാം കാലിയായിക്കിടക്കുന്നു. സ്വപ്‌നങ്ങളിലെല്ലാം കളകൾ മൂടിയിരിക്കുന്നു. ഒരു തുള്ളി കീടനാശിനിയിൽ തൊണ്ട നനച്ചാണ്‌ അവർ ഓണക്കാലമോർമ്മിക്കുന്നത്‌. ആത്‌മഹത്യ ചെയ്‌ത കർഷകരുടെ വരണ്ടുണങ്ങിയ ജീവിത നിലങ്ങളിൽ ഓണം എങ്ങനെയാണ്‌ വിരുന്നിനെത്തുന്നത്‌. സമൃദ്ധിയുടെ പാട്ടുമായെത്തുന്ന തുന്നാരൻ കുരുവിയോട്‌ ആത്‌മഹത്യ ചെയ്‌ത കർഷകരുടെ പിന്മുറക്കാർക്ക്‌ എന്തൊക്കെയാണ്‌ പറയാനുണ്ടാവുക. കാർഷികോൽസവത്തിൽ നിന്നും കൺസ്യൂമർ ഫെസ്‌റ്റ്‌ ആയി രൂപം മാറിയ ഓണത്തിൽ കൃഷിക്കാരന്‌ എവിടെയാണ്‌ ഇടം?.

ഓരോ കൃഷിയിടങ്ങളും ചാവുനിലങ്ങളായി മാറുകയാണ്‌ കേരളത്തിൽ. വിളവിന്റെ കണക്കെടുപ്പായിരുന്നു മുമ്പ്‌ ഓണക്കാലത്തിന്റെ ഇടവേളകൾ. വറുതിയുടെ കർക്കിടകത്തെ പത്തായത്തിന്റെ സമൃദ്ധികൊണ്ട്‌ തോൽപിച്ചിരുന്നു ഓരോ മണ്ണാളനും. അവശേഷിച്ച പത്തായനിറവിലേക്കാണ്‌ വീണ്ടും ഓണം വിരുന്നെത്തിയിരുന്നത്‌. കാലം അവനെ തോൽപിച്ചിരിക്കുന്നു. വീണ്ടും ഓണമെത്തുന്നത്‌ ആത്‌മഹത്യയുടെ ഒടുങ്ങാത്ത കണക്കുപുസ്‌തകവുമായാണ്‌. മണ്ണിൽ പണിയെടുത്തു, മണ്ണിനെ ഊട്ടി, മണ്ണിൽനിന്ന്‌ ഉണ്ടു എന്ന പെരും കുറ്റത്തിന്‌ മണ്ണിൽ സ്വയം ഒടുങ്ങിത്തീർന്നവരുടെ നിലവിളികളാണെങ്ങും. അവർ ബാക്കിവെച്ചു പോയ വറുതിവീടുകളുടെ കണ്ണീരിലേക്കുകൂടിയാണ്‌ ഓണമെത്തുന്നത്‌. സർക്കാറിന്റെ കണക്കുകളിൽ ഇടം പിടിച്ചും അല്ലാതെയും ജീവനൊടുക്കിയവരുടെ നടുക്കുന്ന വാർത്തകൾ നമ്മുടെ ഓണമുറ്റത്ത്‌ ചോരകൊണ്ട്‌ പൂക്കളം തീർക്കുന്നത്‌ കാണാതിരുന്നുകൂട. അവനിൽ നിന്ന്‌ തെറിച്ചുപോയ ഓണമാണ്‌ നാമിന്ന്‌ കൊണ്ടാടുന്നത്‌. മണ്ണും മണ്ണിന്റെ മനുഷ്യരും പുറത്തായിരിക്കുന്നു. വാങ്ങിക്കൂട്ടലുകളുടെ ഉൽസവമായി ഓണം മാറിത്തീർന്നിരിക്കുന്നു. വീട്‌ സാധനങ്ങൾ വാങ്ങിനിറക്കാനുള്ള ഇടം മാത്രമായി ചുരുങ്ങി.

മലയാളിയുടെ വീട്ടകങ്ങൾ ഏറെ മാറി. ബന്‌ധങ്ങളുടെ ഇടം എന്ന വ്യാപ്‌തിയിൽ നിന്ന്‌ സാധനങ്ങൾ വാങ്ങി നിറക്കാനുള്ള ഇടമായുള്ള ചുരുങ്ങൽ. ഈ മാറ്റം സമ്മാനിക്കുന്ന സാധ്യതകളിലാണ്‌ പുതിയ കാലത്തെ ഓണത്തിന്റെ നിലനിൽപ്പ്‌. നാട്ടിലും നഗരത്തിലും നിറഞ്ഞുപതയുന്നത്‌ വ്യാമോഹങ്ങളുടെ വലിയ പുഴകളാണ്‌. ആവശ്യവും വാങ്ങലും തമ്മിലെ ഉഭയബന്‌ധങ്ങൾ പാഠപുസ്‌തകങ്ങളിൽ മാത്രമൊതുങ്ങിക്കഴിഞ്ഞു. വിറ്റും പെറുക്കിയും കൊള്ളപ്പലിശകൾക്ക്‌ കടമെടുത്തും മോഹങ്ങളുടെ പുഴ നീന്തുകയാണ്‌ എല്ലാവരും.

സംഘബോധം നഷ്‌ടപ്പെട്ടവരുടെ ഉൽസവങ്ങൾക്ക്‌ അനുഷ്‌ടാനങ്ങളുടെ മരവിപ്പ്‌ മാത്രമാണ്‌ വിധി. പ്രകടനപരത മാത്രം മുന്നിൽ നിൽക്കുന്നതിനാലാണ്‌ ഓണം കസവുമുണ്ടോ കമ്പോളത്തിൽ നിന്ന്‌ വാങ്ങിക്കൂട്ടുന്ന പൂക്കളോ സർക്കാർ വിലാസം വാരാഘോഷങ്ങളോ ആയി നിറം മാറിയത്‌. ഓരോരുത്തരും ഒറ്റപ്പെട്ട തുരുത്തുകൾ മാത്രമായി ചുരുങ്ങുന്നൊരു കാലം. സംഘബോധം കൊടിയിറങ്ങുന്ന ഉൽസവങ്ങളുടെ ഒഴിഞ്ഞ ഇടങ്ങളിലാണ്‌ കമ്പോളം പിടിമുറുക്കുന്നത്‌.

Generated from archived content: essay6_aug31_06.html Author: k_c

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English