കുറുങ്കഥകളുടെ കാഴ്‌ചവട്ടം

പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കാഴ്‌ചവട്ടത്തിൽ നിന്നും കുറുങ്കഥകളുടെ തീരത്തിലൂടെയുള്ളൊരു യാത്രയാണ്‌ അബ്‌ദുൾ ലത്തീഫ്‌ പതിയാങ്കരയുടെ ആക്രി എന്ന കഥാസമാഹാരം. തൂലികയുടെ മാസ്‌മരിക വൈഭവം കഥയായി പരിണമിക്കുമ്പോൾ അതിന്റെ സൗന്ദര്യം എങ്ങനെയാവാമെന്നത്‌ ആക്രിയിലെ കഥകൾ അനുവാചകന്‌ പകർന്ന്‌ നൽകുന്നു.

25 കഥകളാണ്‌ ആക്രിയുടെ ഉള്ളടക്കം. കാഴ്‌ചയെ നേരെ പിടിച്ച്‌ തന്റെ ചുറ്റുമുള്ള ഇരുളിലേക്കും വെളിച്ചത്തിലേക്കും ഓരേ സമയം ഓട്ട പ്രദക്ഷിണം നടത്തുന്നുണ്ട്‌ പതിയാങ്കര തന്റെ കഥയിലൂടെ. വർത്തമാന കാലഘട്ടത്തിൽ സംഭവങ്ങൾ കൊഴുപ്പിക്കുവാൻ പത്രങ്ങൾ നടത്തുന്ന മനുഷ്യത്വ വിരുദ്ധ സമീപനങ്ങളെ തുറന്നു കാട്ടുന്നുണ്ട്‌ ആക്രിയിലെ പത്രം എന്ന കഥ. സെൻസേഷണിലിസത്തിന്റെ മേനിക്കടലാസിൽ ജീവിതം വേവിച്ചെടുക്കുമ്പോൾ മാത്രം ആർത്തി തീരുന്ന വായനക്കാരനും ശവങ്ങളുടെ നാറുന്ന മണത്തിൽ നാണയങ്ങളുടെ കിലുക്കം തപ്പിയെടുക്കുന്ന പത്രമുടമയും ഒരുപോലെ പത്രത്തിന്റെ ശിൽപികളാണെന്ന്‌ കഥ പറയാതെ പറയുന്നു.

കപട ഭക്തിയുടെ വൈകൃതങ്ങൾ മറയില്ലാതെ തുറന്നു കാട്ടുന്ന കഥയാണ്‌ കാണിക്ക വഞ്ചികൾ. പെരുകുന്ന ഭക്തി വ്യവസായം പണം പിടുങ്ങുന്ന കാണിക്ക വഞ്ചികളായി അലയുന്ന കാഴ്‌ചയും ആക്രിയിലെ താളുകൾക്ക്‌ കനം പകരുന്നു.

കരളിനെ പിളർക്കുന്ന മൂർച്ചയുള്ള വാക്‌ശരങ്ങൾക്കിടയിലും ഫിക്‌ഷന്റെ നാലതിരുകൾ ചാടി കടക്കുന്ന ചില കഥകളും ആക്രിയിലുണ്ട്‌. ‘കാളാശ്ശേരിയും കോടതിയും’ ഈ ഗണത്തിൽ വരുന്ന കഥയാണ്‌. വിജയൻ മാഷ്‌ എന്ന കഥയും ഈ വിഭാഗത്തിൽ വരുമെന്ന്‌ പറയാം.

ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകൾ തുളുമ്പുന്ന കഥയായി ഫ്ലാഷ്‌ ബാക്ക്‌. പരിണാമം, പൂമ്പാറ്റ, പുനർജന്മം എന്നീ കഥകളും മാവനാത്‌മകതയുടെ നിറക്കൂട്ടിൽ പിറവിയെടുത്തവ തന്നെയാണ്‌.

കഥാ സമാഹാരത്തിന്റെ തലക്കെട്ടായ ആക്രിയെന്ന പേരിൽ ശ്രദ്ധേയമായ കഥയും അബ്‌ദുൽ ലത്തീഫ്‌ ഈ പുസ്‌തകത്തിൽ ചേർത്തിട്ടുണ്ട്‌. ആക്രിക്കാരന്റെ മുമ്പിലേക്ക്‌ ദീനസ്വരത്തിൽ മക്കളേ എന്ന്‌ വിളിച്ച്‌ കടന്നുവരുന്ന രൂപം വർത്തമാന കാലഘട്ടത്തിന്റെ ഇരുട്ടിന്റെ കനം എന്തെന്ന്‌ സൂചിപ്പിക്കുന്നു.

ഇതേവരെ അഞ്ച്‌ പുസ്‌തകങ്ങൾ പുറത്തിറക്കിയ ഉണർവ്‌ പബ്ലിക്കേഷൻ അഭിമാനാർഹമായ ഒരു കൃതി തന്നെയാണ്‌ ആറാമത്തെ പ്രസിദ്ധീകരണമായ ആക്രി എന്ന ഈ കൊച്ചുപുസ്‌തകം എന്ന്‌ നിസ്സംശയം പറയാം.

Generated from archived content: book1_jan28_09.html Author: k_atheef

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English