എന്റെ കവിത… എന്റെ ഭാഷ

“………..കവിത ഒരു മതമാണ്‌. ……….

ഈ മതത്തിലില്ല പുണ്യവും പാപവും

ഇല്ല പ്രവാചകരും സുവിശേഷവും

നല്ല കവിത എഴുതാത്തവർപോലും-

നരകത്തിൽ പോകുന്നില്ല

നായയോടൊപ്പം അതൊന്ന്‌ കാണുകമാത്രം ചെയ്യുന്നു.

അവിടെ തന്റെ വായനക്കാരെയും…

കവിതയിൽ വിശ്വസിക്കുന്നവർ കൂട്ടം ചേരുന്നില്ല

മതം മാറ്റുന്നില്ല….

വിഗ്രഹമില്ലാത്തതിനാൽ വിഗ്രഹത്തിന്റെ പേരിൽ കലഹിക്കുന്നില്ല.

ക്ഷേത്രമില്ലാത്തതിനാൽ മറ്റാരുടെയും ക്ഷേത്രം തകർക്കുന്നില്ല.

അവർ ഒറ്റൊക്കൊറ്റക്ക്‌ വിഷം കഴിക്കുന്നു….

ഒറ്റക്കൊറ്റക്ക്‌ ചങ്ങലയിൽ കിടക്കുന്നു..

ഭ്രാന്തൻ എന്ന്‌ ചാട്ടവാറടി ഏറ്റുവാങ്ങുന്നു..

തടവറയും തൂക്കുമരവും വൈദ്യുതിക്കസേരയും ഏറ്റുവാങ്ങുന്നു..

മുഴുവൻ പ്രപഞ്ചത്തിന്‌ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്‌.

ഈ മതത്തിൽ പുഴുവിനുമുണ്ട്‌ ആത്‌മാവ്‌

പുല്ലിനുമുണ്ട്‌ ഭൂമിയിൽ അതിന്റെ ഓഹരി.

നീർത്തുളളിക്കുമുണ്ട്‌ അനന്തതയിൽ ആകാശം

ഇവിടെ വസ്തുക്കൾക്കുമുണ്ട്‌ ജീവൻ

വല്ലപ്പോഴും വല്ലപ്പോഴും മാത്രം വ്രണിതനും ഏകാകിയുമായ ദൈവം

വാക്കുകൾ വകഞ്ഞുമാറ്റി എത്തിനോക്കുന്നു.

അപ്പോൾ വാക്കുകൾ മിന്നൽ പിണരിലെന്നപോലെ തിളങ്ങുന്നു.

അവയുടെ അതിരുകൾ വെളിപ്പെടുത്തിക്കൊണ്ട്‌.

കവിത എന്റേയും മതമാണ്‌……….

മതമില്ലാത്തവന്റെ മതം…………….”

മുപ്പതിലേറെ വർഷമായി ഞാൻ പുലർത്തിപ്പോരുന്നതാണ്‌ ഈ വിശ്വാസം. എങ്കിലും ഇത്‌ ഒരു സത്യവാങ്ങ്‌മൂലത്തിന്റെ രൂപത്തിൽ എഴുതാൻ ഇടവന്നത്‌ ഇപ്പോൾ മാത്രമാണ്‌. കാരണം ഞാനിതുവരെ എന്നോടുതന്നെ തർക്കിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാഹിത്യത്തിൽ ഇതരരുമായി ഞാൻ ഏറെ തകർക്കങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ എന്നോടുതന്നെ തർക്കിച്ചിടത്തോളം ഞാൻ ആരോടും തർക്കിച്ചിട്ടില്ല. എന്നോടുതന്നെയുളള ആ സംവാദവിവാദങ്ങൾ ആയിരുന്നിട്ടുണ്ട്‌ എന്റെ കവിത. സംശയങ്ങളും കണ്ടെത്തലുകളും വിശ്വാസപ്രഖ്യാപനങ്ങളും തീവ്രവേദനകളും തീഷ്ണപരിഹാസവും കഠിനരോക്ഷവും എല്ലാംഈ ആത്‌മസംവാദങ്ങളുടെ ഭാഗമായിരുന്നു. മറ്റുളളവരോട്‌ സംസാരിക്കുന്നു എന്ന്‌ ഭാവിക്കുമ്പോഴും എനിക്കറിയാം ഞാനെന്നോട്‌ തന്നെ സംസാരിക്കുകയായിരുന്നു. എന്റെതന്നെ കുറ്റബോധവും എന്നോടുതന്നെയുളള രോക്ഷവും പരിഹാസവും എന്റെ തന്നെ പൂർത്തിനേടാത്ത അഭിലാഷവുമാണ്‌ കവിതകളായി പുറത്തു വന്നത്‌. വിപ്ലവകാരിയുടെയും രക്‌തസാക്ഷിയുടെയും ആത്‌മഹന്താവിന്റെയും സംശയാലുവിന്റെയും സൗന്ദര്യാരാധാകന്റെയും സന്യാസിയുടെയും കാമുകന്റെയും പരിഹാസിയുടെയുമായ ഏറെ സ്വരങ്ങളും മുഖങ്ങളും എന്റെ കവിതയ്‌ക്ക്‌ ഉണ്ടെങ്കിൽ, കാരണം എന്നിൽ ഇവരെല്ലാം സന്നിഹിതരാണ്‌ എന്നത്‌ മാത്രമാണ്‌. ഞാൻ സംസാരിക്കുന്നു. ഞാൻ എനിക്ക്‌ തന്നെ എതിരായി സംസാരിക്കുന്നുവെന്നോ? അതെ! ഞാൻ എനിക്കുതന്നെ എതിരായി സംസാരിക്കുന്നു. കാരണം എന്നിൽ ജനകോടികളുണ്ട്‌ എന്നത്‌ ഷേക്‌സ്പിയറിന്റെ മാത്രം അനുഭവമല്ല. തന്നിലെ ഭിന്നസ്വരങ്ങളോട്‌ ജാഗ്രതപുലർത്തുകയും യാഥാർത്ഥ്യത്തിന്റെ ഭിന്നമാനങ്ങളിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്യുന്ന ഏതൊരു കവിയുടെയും അനുഭവമാണ്‌. കവിയെ വലുതോ ചെറുതോ ആക്കുന്നത്‌ അയാളുടെ ആവിഷ്‌ക്കാരം മനുഷ്യാനുഭവത്തിന്റെ എത്രമാത്രം മേഖലകളെ സ്പർശിക്കുന്നു എന്നതും ആ അനുഭവങ്ങളെ എത്ര ആഴത്തിൽ അയാൾ ആവിഷ്‌ക്കരിക്കുന്നു എന്നതുമാണ്‌. മതങ്ങളും രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രങ്ങളും നമ്മോട്‌ പറയുന്നത്‌- ഇതാ! ഇതാണ്‌ സമ്പൂർണ്ണ സത്യം ഇതിനപ്പുറം ഒന്നുമില്ല എന്നാണ്‌. വിഗ്രഹങ്ങൾക്ക്‌ മുമ്പിൽ മുട്ടുകുത്താൻ, അശാന്തമായ യാത്ര അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നു. കവിത അഥവാ സാഹിത്യം മുഴുവൻ തന്നെ ഇങ്ങനെ ഒരാത്യന്തിക സത്യത്തിലും കെട്ടിക്കിടക്കാതെ “നേതി നേതി” എന്ന്‌ നിരന്തരം മന്ത്രിച്ചുകൊണ്ട്‌ നീങ്ങുന്ന ഒരു പ്രവാഹമാണ്‌ അതിന്‌ മുൻകൂട്ടി നിർവ്വചിക്കപ്പെട്ട ലക്ഷണങ്ങൾ ഇല്ല നിർദ്ദേശിക്കപ്പെട്ട വഴികൾ ഇല്ല. മുൻകൂട്ടി നിർണ്ണയിക്കപ്പെട്ട ലക്ഷ്യവുമില്ല. നാം പോകാനാഗ്രഹിക്കാത്ത വഴികളിലൂടെ അത്‌ നമ്മെ കൊണ്ടുപോകുന്നു.

സാമാന്യ ജീവിതത്തിൽ നാം ഒഴിവാക്കുന്ന ശബ്ദങ്ങൾ, ഭാഷണങ്ങൾ, ലീലകൾ, യുക്‌തി ഒഴിവാക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വൈരുദ്ധ്യങ്ങൾ. ഇവിടെ നമുക്ക്‌ വൃക്ഷങ്ങളോടും മൃഗങ്ങളോടും പരേതരോടും സംസാരിക്കാം, ഭ്രാന്ത്‌ എന്ന്‌ വിളിക്കപ്പെടുമെന്ന ഭയമില്ലാതെ. ഇവിടെ സദാചാര നിയമങ്ങൾ ലംഘിക്കാം, സമൂഹ വിരുദ്ധർ എന്ന്‌ മുദ്രകുത്തപ്പെടാതെ. ഇവിടെ ഭരണകൂടങ്ങൾ അട്ടിമറിക്കാം, തടവറയെ ഭയക്കാതെ. നാം വീണ്ടും വീണ്ടും കവിതയിലേക്കും സാഹിത്യത്തിലേക്കും പോകുന്നത്‌ ഇങ്ങനെ നാം കെട്ടാത്ത വേഷങ്ങൾ കെട്ടാനും പറയാതെ പോയത്‌ പറയാനും ജീവിക്കാത്ത ജീവിതം ജീവിക്കാനുമാണ്‌. നമ്മുടെ സാധനകളെ മുഴുവൻ, നമ്മുടെ പിശാചുക്കളെയും ദേവതകളെയും മുഴുവൻ നമ്മുടെ ഉന്മാദങ്ങളെ, കാമങ്ങളെ, മോക്ഷപ്രാർത്ഥനകളെ, സംക്രമണ വാഞ്ചകളെ മുഴുവൻ നാമിവിടെ ഇറക്കിവെക്കുന്നു. ആണിയടിച്ചു കയറ്റിയ നെറ്റിയിൽ നിന്ന്‌ ചോരയൊലിക്കും വരെ ഇങ്ങനെ ഏറെ ഭൂതാവിഷ്‌ടർ ശിരസ്സുകൊണ്ട്‌ ആണിയടിച്ചു കയറ്റിയ കീഴ്‌ക്കാവിലെ പാലമരമായി കവിതയെ സങ്കൽപ്പിക്കുന്നതിൽ തെറ്റില്ല. ഓരോ സാധനയും ഇവിടെ ഓരോ വസന്തമാകുന്നു. ഓരോ ചോരത്തുളളിയിൽ നിന്നും പവിത്രമായ വെളളപൂങ്കുലകൾവിരിയുന്നു. ഉലകുമുഴുവൻ സൗരഭ്യസമുദ്രമാക്കികൊണ്ട്‌. കവിത ഒരേസമയം ചരിത്രത്തിനകത്തും പുറത്തുമാണ്‌. അത്‌ ദൈനംദിന ജീവിതത്തോട്‌ പ്രതികരിക്കുന്നു. അപ്പോൾ പ്രതികരണത്തിന്റെ രീതിക്കൊണ്ട്‌ തന്നെ അത്‌ നിത്യപ്രസക്തമായ ചില മൂല്യങ്ങളെ ഉണർത്തുന്നു. വാക്കുകളുടെ വിശിഷ്ടവ്യത്യാസത്തിലൂടെ ഭാഷയുടെ മുഴുവൻ ചരിത്രവുമായി ബന്ധപ്പെടുന്നു.

ഓരോ വാക്കും കവി ആഗ്രഹിച്ചാലും ഇല്ലെങ്കിലും അത്‌ ഭാഷയിൽ മുമ്പ്‌ ഉപയോഗിക്കപ്പെട്ട സന്ദർഭങ്ങളുടെ മുഴുവൻ ഓർമ്മ വഹിക്കുന്നു. ഓർമ്മിക്കാത്തവർആഗ്രഹിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവം ജനതകളെ കുറിച്ചെന്നപോലെ കവിതകളെ കുറിച്ചും സത്യമാണ്‌. ശബ്ദവിന്യാസത്തെ പുതുക്കാത്ത കവി അനുകരിക്കുകയോ ആവർത്തിക്കുകയോ മാത്രമാണ്‌. പുതുക്കുന്ന കവിയാകട്ടെ വാക്കിന്‌ ഒരു സന്ദർഭം കൂടി ഒരോർമ്മ കൂടി നൽകുന്നു. അങ്ങിനെ ഭാഷയുടെ ജീവൻ നിലനിർത്തുന്നു. ഈ പ്രാഥമിക കർമ്മം നിർവ്വഹിച്ചാൽ തന്നെ കവി​‍്‌ക്ക്‌ സാഫല്യത്തിന്‌ അവകാശമുണ്ട്‌. ഈ ധർമ്മം നിർവ്വഹിക്കുന്നില്ലെങ്കിലോ പ്രതിജ്ഞാബദ്ധതയോ ജനപ്രിയതയോ ഒന്നുംതന്നെ കവിയെ മൃത്യുവിൽ നിന്ന്‌ വീണ്ടെടുക്കാൻ എത്തുകയില്ല.

ഇങ്ങനെ നോക്കുമ്പോൾ കവിതയെകുറിച്ച്‌ നടന്നതും നടക്കുന്നതുമായ പല തർക്കങ്ങളും അസംബന്ധമാണ്‌ എന്ന്‌ കാണാം. കവിത കവിതക്ക്‌ വേണ്ടിയോ ജീവിതത്തിന്‌ വേണ്ടിയോ എന്ന തർക്കം തന്നെ ഉദാഹരണം. കവിതക്ക്‌ വേണ്ടിയായിരിക്കുമ്പോൾ മാത്രമേ കവിത ജിവിതത്തിന്‌ വേണ്ടി ആയിരിക്കുകയുളളു. കാരണം ചീത്തക്കവിത, അതായത്‌ ആവർത്തിക്കുന്ന കവിത ഭാഷയേയോ ജീവിതത്തേയോ സേവിക്കും എന്ന്‌ വിശ്വസിച്ചുകൂടാ.

നല്ല രാഷ്‌ട്രീയ കവിത നല്ല കവിത തന്നെയാണ്‌ എന്ന്‌ ഞാനിവിടെ എടുത്തുപറയട്ടെ. എന്നാൽ നിർഭാഗ്യവശാൽ ഒന്നും പുതുതായി കണ്ടെത്താത്തതും ജീവിത ബോധത്തെ ഒരംഗുലംപോലും ഉയർത്താത്തതും പ്രത്യയശാസ്‌ത്രമുൻവിധികളെ വെറുതെ പുനരുൽപാദിപ്പിക്കുന്നതും രാഷ്‌ട്രീയ കക്ഷികളുടെ അപ്പപ്പോഴത്തെ ആവശ്യവും നയവും അനുസരിച്ച്‌ എഴുതപ്പെടുന്നതും മുദ്രാവാക്യത്തിന്റെ ധർമ്മം നിർവ്വഹിക്കാതെ മുദ്രാവാക്യശൈലി ഉപയോഗിക്കുന്നതുമായ ദുഷ്‌ക്കവിതകളാണ്‌ പലപ്പോഴും രാഷ്‌ട്രീയ കവിതകളായി അറിയപ്പെടുന്നത്‌. മറിച്ച്‌ രാഷ്‌ട്രീയം ആദ്യം സ്പർശിക്കുന്നത്‌ ഭാഷയെയാണ്‌. ഭാഷയെ അട്ടിമറിച്ചും പുതിയ ശബ്‌ദങ്ങളും പ്രതീകങ്ങളും ഓർമ്മകളും ആവിഷ്‌ക്കരിച്ചുമാണ്‌ എല്ലാത്തരം രാഷ്‌ട്രീയവും പ്രവർത്തിക്കുന്നത്‌ എന്നതുകൊണ്ട്‌ ഭാഷയെ നവീകരിക്കാതെ ഒരുതരം രാഷ്‌ട്രീയ കവിതയും എഴുതാനാവില്ല. 20-​‍ാം നൂറ്റാണ്ടിലെ വിശിഷ്‌ടരായ രാഷ്‌ട്രീയ കവികൾ, ഫാസിസത്തിനും, വർഗ്ഗമേധാവിത്വത്തിനും ലിംഗമേധാവിത്വത്തിനുമെതിരെ ബോധപൂർവ്വം രചന നിർവ്വഹിച്ചവർ ഒന്നുപോലെ തെളിയിക്കുന്നത്‌ ഈ ശൈലീനവീകരണത്തിന്റെ അനിവാര്യതയാണ്‌.

പ്രതിജ്ഞാബദ്ധതയുടെ പതാകാവാഹകരായ നിരൂപകൻ ചിലപ്പോൾ കവിതയിലെ ലീലാംശത്തെ നിരാകരിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. എന്നാൽ നെരൂദയെയോ ബ്രേഹ്‌തിനെയോ മയക്കോവ്‌സ്‌കിയേയോ പോലെ ഭാഷാലീലയിൽ ഏർപ്പെട്ടവർ കഴിഞ്ഞ നൂറ്റാണ്ടിൽ അധികമില്ല. ഈയിടെ ജർമ്മൻ സുഹൃത്തുക്കളോടൊന്നിച്ച്‌ ഗുന്തർഗ്രാസിന്റെ കവിതകൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്യുമ്പോൾ ഈ സത്യം എനിക്ക്‌ വീണ്ടും ബോധ്യമായി.

ആത്യന്തികമായി കവി നേരിടുന്നത്‌ വാക്കിനെ തന്നെയാണ്‌. അയാളുടെ അഥവാ അവളുടെ പ്രമേയം വിപ്ലവമാകട്ടെ പ്രണയമാകട്ടെ മരണമാകട്ടെ ഭാഷയെ അഭിമുഖീകരിക്കാൻ ഭാഷയിലൂടെ സാക്ഷാത്‌ക്കരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. അയാൾ ഭാഷയിൽ ചെയ്യുന്നത്‌ മാത്രമാണ്‌ ബാക്കിയാവുന്നത്‌. അയാളുടെ ഉദ്ദേശം കവിതയുടെ സന്ദർഭം പ്രചോദനകാരണം എല്ലാം അപ്രധാനമായി മാറുന്നു. ഇത്‌ ഒരു സദാചാര പ്രശ്‌നം ഉയർത്തുന്നുണ്ട്‌. ഉദാഹരണത്തിന്‌ ഒരു മൃതസുഹൃത്തിനെക്കുറിച്ചോ രക്‌തസാക്ഷിയെകുറിച്ചോ കവിയെക്കുറിച്ചോ ഒരു വിലാപമെഴുതുമ്പോൾ അഥവാ അതിഭീകരമായ ഒരു ദുരന്തത്തെക്കുറിച്ചുളള രചനയിൽ ഏർപ്പെടുമ്പോൾ അതിനെ ബിംബാവലികളാൽ സമൃദ്ധമാക്കുകയോ പദസംഗീതത്താൽമസൃണമാക്കുകയോ വാഗ്‌ലീലയാൽ നൂതനമാക്കുകയോ ചെയ്യുന്നത്‌ ക്രൂരതയല്ലേ എന്ന ചോദ്യം ഇത്തരം രചനകൾ ധാരാളം നടത്തിയിട്ടുളള ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്‌. അപ്പോഴൊക്കെ എനിക്ക്‌ തുണക്കെത്താറുളളത്‌ ഒരുദാഹരണമാണ്‌. മരിച്ചവർക്കും ദുരന്തങ്ങൾക്കുമുളള സ്മാരകങ്ങൾ നാം പണിയാറുളളത്‌ എത്ര സ്നേഹത്തോടെയാണ്‌. അവയെ നാം വികൃതമോ അശ്രദ്ധമോ ആയല്ല നിർമ്മിക്കുന്നത്‌, മറിച്ച്‌ ഓരോ കല്ലും ഓരോ ശില്പവും സമഗ്രമായ ഡിസൈനറും നാം അതീവ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നു. കവിതയും ഒരു സ്‌മാരകമാണ്‌. സ്നേഹത്തോടെ ശ്രദ്ധയോടെ വാക്കുകൾ വെച്ച്‌, വെച്ചുയർത്തുന്ന സ്‌മാരകം. അവ ഓരോന്നും സവിശേഷമാകണം. ഇതിന്‌ ഭാവനയുടെ ലീല അനിവാര്യമാണ്‌.

ഇതുപോലെ തന്നെയാണ്‌ അനുവാചകനെ കർമ്മോൻമുഖനാക്കുക എന്ന ലക്ഷ്യത്തോടെ എഴുതുന്ന കവിതയുടെ കാര്യവും. അതിൽ പുതുതായി ഒരു കണ്ടുപിടുത്തവും ഇല്ലെങ്കിൽ അത്‌ ഉണർത്തുകയല്ല ഉറക്കുകയാണ്‌ ചെയ്യുക. ശത്രു അവരുടെ തന്ത്രങ്ങൾ മാറ്റുന്നതനുസരിച്ച്‌ മോചനയോദ്ധാവും തന്റെ തന്ത്രങ്ങൾ മാറ്റേണ്ടതുണ്ട്‌ എന്ന്‌ ബ്രെഹ്‌ത്‌ പറയുന്നത്‌ ഈ അർത്ഥത്തിലാണ്‌. നാം അഭിമുഖീകരിക്കുന്ന സാംസ്‌കാരിക സമസ്യകൾ പഴയതല്ല. പഴയ രീതിയിൽ അവ പരിഹരിക്കാനുമാവില്ല. ആഗോളവൽക്കരണത്തിനെതിരെ ശാർദ്ദൂലവിക്രീഡിതത്തിൽപ്രതികരിക്കുക അപര്യാപ്തമാണ്‌. ആധുനികാനുഭവം ആവിഷ്‌കരിക്കാൻ നാടൻപാട്ട്‌ അപര്യാപ്തമാകുന്നതുപോലെതന്നെ.

നോക്കൂ, നമ്മുടെ വീടുകൾ ഒരു ഭൂകമ്പത്തിന്റെ ഭീഷണിയിലാണ്‌. നമ്മുടെ ദേശം അതിവേഗം വിദേശമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തിൽ ശവങ്ങൾ കുന്നുകൂടുന്നു. തലമുറകൾ സ്‌നേഹപൂർവ്വം പണിതുയർത്തിയ നമ്മുടെ ഭാഷകൾ ഏറെ നിലകളും അറകളുമുളള ആ വസതികൾ ഓർമ്മകളുടെ ആവാസങ്ങൾ ഏതു നിമിഷവും നിലംപൊത്തിയേക്കാം. ഏതു നിമിഷവും നാം അഭയാർത്ഥിപ്രവാഹങ്ങളുടെ അനുസ്യൂതിയിലെ ഒരു ബിന്ദു ആയേക്കാം. തന്റെ ജനലിനുപുറത്ത്‌ ഇലപൊഴിഞ്ഞ മരത്തിലിരുന്ന്‌ ചിലക്കുന്ന ഇണക്കിളികളെ കാണുമ്പോൾ തന്റെ അച്ഛനമ്മമാരെ ഓർമ്മവരാറുണ്ട്‌ എന്ന്‌ പറയുന്ന റഷ്യൻ കവി ബോസ്‌ട്രിയെ എനിക്ക്‌ ഓർമ്മവരുന്നു. ആ പരേതാത്‌മാക്കൾ പക്ഷികളുടെ രൂപത്തിൽ വന്ന്‌ നിർവ്വസിതനായ തങ്ങളുടെ പുത്രനെ നോക്കി നിൽക്കുമായിരുന്നു. ഈയിടെ എന്റെ അയൽവാസിയും ആത്‌മമിത്രവുമായ ഹിന്ദി സാഹിത്യക്കാരൻ നിർമ്മൽ വർമ്മ ഈ ബിംബം ഓർമ്മിപ്പിച്ചുകൊണ്ട്‌ ചോദിച്ചു. ഈ പക്ഷികൾ ഒരുപക്ഷെ ഭൂമിയിൽ തങ്ങൾക്ക്‌ നഷ്‌ടപ്പെട്ടുപോയ വീട്‌ പുനർനിർമ്മിക്കാനാവശ്യപ്പെട്ട്‌ നമ്മുടെ ശിഥിലശതാബ്‌ദിയിലെ ഓരോ ലേഖകന്റെയും എഴുത്തുമേശയ്‌ക്ക്‌ കീഴെ അദൃശ്യരായി വർത്തിക്കുന്ന ശരണാർത്ഥികൾ തന്നെയല്ലേ. അതെ ഇതൊരു വലിയ കർത്തവ്യമാണ്‌.

വിദ്വേഷത്തിന്റെയും ശൈഥില്യത്തിന്റെയും ഹിംസയുടെയും നൂറ്റാണ്ടാണ്‌ കടന്നുപോയത്‌. മനുഷ്യനും പ്രകൃതിക്കും എതിരായ യുദ്ധങ്ങൾ, വിഷവാതകപ്പുരകൾ,കരാളമായ ആയോധന സാമഗ്രികൾ, ആണവശക്‌തിയുടെ ദുരുപയോഗം, വരുംതലമുറകൾക്കായി ഭൂമി കരുതിവെച്ച കലവറയുടെ കൊളളയും ധൂർത്തും. ഭൂമിയെ നാം ആവാസയോഗ്യമല്ലാതാക്കി മാറ്റിയിരിക്കുന്നു. ഞാനുദ്ദേശിക്കുന്നത്‌ ഭൗതീക ഭൂമിയുടെ കാര്യം മാത്രമല്ല. നമ്മുടെ സംസ്‌കാരങ്ങളുടെയും, ഭാഷകളുടെയുംകാര്യം കൂടിയാണ്‌. അവയെയൊക്കെ നാം വിഷവാതകപ്പുരകളാക്കികൊണ്ടിരിക്കുന്നു. ജാത്യാഭിമാനവും വംശാഭിമാനവും മതാന്ധതയും പ്രത്യയശാസ്‌ത്ര ദുർവാശിയും നമ്മുടെ പരിസരം നിത്യം ദുഷിപ്പിക്കുന്നു. ശ്വസിക്കാനുളള വായുതന്നെ നമ്മെ ശ്വാസം മുട്ടിച്ച്‌ കൊല്ലുന്നു. യാന്ത്രിക പ്രത്യയശാസ്‌ത്രവാദികളിൽ നിന്ന്‌ രാജ്യത്തെയുംസംഘടിതമതങ്ങളിൽ നിന്ന്‌ ആത്‌മീയതയെയും ആഗോളവത്‌ക്കരണത്തിന്റെയും സങ്കുചിത പുനരുത്ഥാനത്തിന്റെയും ദുഷ്‌ശക്‌തികളിൽ നിന്ന്‌ സംസ്‌കാരത്തിന്റെ സക്രിയതയെയും വീണ്ടെടുക്കാനുളള മഹാദൗത്യത്തിൽ കവിക്ക്‌ എളിയ പങ്കാളിയാവാൻ കഴിയുക പരിസരത്തോടുളള നിതാന്തജാഗ്രത നിലനിർത്തികൊണ്ടും ഭാഷയിൽ ആ ജാഗ്രത പ്രകടമാക്കി കൊണ്ടുമാണ്‌.

ആഗോളവത്‌ക്കരണത്തിന്റെ ശക്‌തികളുടെ അത്രതന്നെ അപകടകാരികളാണ്‌ ബദലായി ഹിന്ദുവത്‌ക്കരണവും ദ്രാവിഡവത്‌ക്കരണവും നിർദ്ദേശിക്കുന്നവർ. സാംസ്‌കാരികമൗലീകവാദവും ഭാഷാമൗലീകവാദവും മതമൗലീകവാദത്തേയുംപ്രത്യയശാസ്‌ത്രമൗലീകവാദത്തേയും പോലെതന്നെ അപകടകാരികളാണ്‌. ആഗോളവത്‌ക്കരണം നമ്മെ ലോകവിപണിയിൽ ലേലം വിളിക്കുമെങ്കിൽ ഹിന്ദുവത്‌ക്കരണവും ദ്രാവിഡവത്‌ക്കരണവും നമ്മെ കോൺസ​‍്രേൻടഷൻ ക്യാമ്പുകളിലേക്ക്‌ നയിക്കും. പുറത്തുനിന്ന്‌ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോചെയ്യുന്നതിലല്ല നമ്മുടെ തിരഞ്ഞെടുപ്പ്‌. നാം ആഗ്രഹിച്ചാൽപോലും നമുക്ക്‌ യൂറോപ്പുൾപ്പെടെയുളള പുറംലോകത്തെ ഒഴിവാക്കാനാവില്ല. പ്രശ്‌നം ആരംഭിക്കുന്നത്‌ പുറംസംസ്‌കാരങ്ങളിൽ നിന്ന്‌ എന്ത്‌ തിരഞ്ഞെടുക്കണം എന്ന്‌ മറ്റൊരാൾ തീരുമാനിക്കുമ്പോഴാണ്‌. നമുക്കാവശ്യമില്ലാത്തത്‌ നമുക്ക്‌ അപകടകരമായത്‌ നമ്മിൽ അടിച്ചേൽപ്പിക്കുമ്പോഴാണ്‌. വികസനം മുതൽ കവിതവരെഇത്‌ പ്രധാനമാണ്‌. നമുക്ക്‌ എന്തുവേണം എന്ന്‌ നാം തീരുമാനിക്കണം. അതെ, നാം ഭൂകമ്പത്തെ നേരിടേണ്ടത്‌ മത്‌സ്യപുരാണം മുതൽ നവീന ഭൂകമ്പ വിജ്ഞാനീയം വരെ പറയുമ്പോലെ ഘടനകളുടെ പുനരേകീകരണത്തിലൂടെയാവണം.

ഇവിടെ ഞാനെന്റെ ശിഥിലചിന്തകൾക്ക്‌ വിരാമമിടട്ടെ. പുരസ്‌കാരങ്ങൾ അത്‌ ചെറുതോ വലുതോ ആകട്ടെ എന്റെ ഭാഷയിൽ നിന്നും ജനതയിൽ നിന്നും അകന്ന്‌ കഴിയുന്ന എനിക്കുളള ഒരു താക്കീതും ഓർമ്മപ്പെടുത്തലുമാണ്‌. ഞാൻ നൽകിയ ഉത്തരങ്ങളെക്കാൾ ഞാനുന്നയിച്ച സംശയങ്ങൾക്കാണ്‌ ഈ പുരസ്‌കാരം എന്ന്‌ ഞാൻ കരുതുന്നു. ഹെൻട്രി ജയിംസ്‌ പറഞ്ഞതുപോലെഃ “നാം ഇരുട്ടിലിരുന്ന്‌ ജോലിചെയ്യുന്നു. നമുക്ക്‌ കഴിവതെ നമുക്ക്‌ ചെയ്യാനാവൂ. നമുക്കുളളതേ നമുക്ക്‌ നൽകാനാവൂ. നമ്മുടെ സംശയങ്ങളാണ്‌ നമ്മുടെ ഉന്മാദം നമ്മുടെ ഉന്മാദമാണ്‌നമ്മുടെ കല”.

Generated from archived content: ente-kavitha.html Author: k-sachidanandan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here