വേർപഥം

വിരാമത്തിന്റെ പതിനാലാംരാവിനിനി-

അതിവേഗതയുടെ വേർപഥസംചക്രം

അഥവാ,

ചില നിമിഷാർത്ഥഘട്ടങ്ങൾ…..

അണുവോളമായ്‌ മുറിഞ്ഞ-

-യെൻ പഴയ ഹൃത്തടം,

പുനർജീവനം തേടാതെ

പിൻനഗരത്തിലെ

വരണ്ട പ്രവാസയുറക്കത്തിൽ,

നിന്റെ – ഒളികണ്ണുകളെയിനി

സുഖദ – സ്വപ്‌നംക്കാണും…..

* * *

ഇഴയകലമില്ലാതെ പുണർന്ന്‌;

നീ – ഞാൻഃ

വാമഭാഗം കൂടിച്ചേരാൻ,

മാസങ്ങളോളമിനി ശബ്‌ദലേഖനം മാത്രം……

* * *

അണിനിലാവുമെഴുകിയുണക്കിയ

നിന്റെ കൺവെള്ളയിൽ – ഞാൻ,

മരുഭൂമിയിലെ തിക്‌തവേനൽ

കാണാതെപ്പോവുന്നു…….

നിന്റെ ആശാവല്ലരികളെ ഞാൻ,

നാട്ടിലെ വീട്ടുമുറ്റത്തെ

വേലിപ്പടർപ്പിൽ

മാത്രം പടർത്തിവിടുന്നു…..

എന്നിട്ട്‌,

ആത്‌മാവിനെ കൂട്ടിരുത്തുന്നു.

എന്നാലുമെന്തേ,

പുഞ്ചിരിപ്പാകതയിൽ നീ;

ഒതുങ്ങി, ഒതുങ്ങി………???

* * *

നിന്റെ കാർക്കൂന്തൽക്കെട്ടിൽ,

മുഖമമർത്തിയായിരുന്നു എന്റെ ശയനംഃ-

ഇനി;

സഹനത്തിന്റെ മെത്തയിൽ

ഞാൻ തനിയെയുറങ്ങും….

തണുപ്പുയന്ത്രമേകിയ

കോടയിലാഴ്‌ന്നുറഞ്ഞ്‌…….

നേരം – എന്റെ കൂട്ടാവും

തൊഴിൽ – മനസ്സില്ലാമനസ്സിനുകാവലും….

* * *

കബൂസും, ബർഗറും, വേവേറിയ കഞ്ഞിയും

നിന്റെ കൈക്കുമ്പിൾ രുചിയിൽ-

അയവെട്ടാറില്ല.

പൊതുസ്‌നേഹം

നമ്മുക്കാരോടാവുമിനി……?

ഇന്റർനെറ്റ്‌, വോയ്‌പ്‌കാർഡുകൾ,

പിന്നെ

ചിലവു ചുരുക്കലിന്റെ

എസ്‌.എം.എസ്‌. ‘ഐഡിയകൾ’…….

* * *

നീയോ,

ശശുരഗേഹത്തിന്റെ

നിഴൽഭേദിക്കാതെ

പഠിച്ച പാഠങ്ങൾ

പിന്നേയും

കാണാതെ പഠിക്കും!!!

നിശയിൽ, സെൽഫോണിലെ

പിക്‌ച്ചർ ഗ്യാലറിയിൽ

നീ മുഖമമർത്തി

ആരും തുറക്കാത്ത,

‘പാസ്‌വേർഡുകൾ’ക്കായ്‌

തല പുകയ്‌ക്കും.

മനോവേഗമേറ്റാൻ ദിനചര്യകൾ-

ക്കായ്‌ വട്ടം കറങ്ങും.

* * *

ഒരു ചിമിഴ്‌ക്കൂട്ടിൽ

ഒരേ ശ്വാസം ഭുജിച്ചിനിയും

രമിക്കാനായ്‌,

പ്രിയേ, നീ വീണ്ടും കാത്തിരിക്കുക.

Generated from archived content: poem1_may14_10.html Author: k.ratheesh_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English