കൊടുങ്കാറ്റില്‍ പെട്ട കപ്പല്‍

കൊടുങ്കാറ്റില്‍ പെട്ട കപ്പലിലെ ആളുകളെ നയിക്കുന്നതെന്താണ്? വികാരമോ വിചാരമോ? മുന്നിട്ടുനില്‍ക്കുന്നത് വികാരം തന്നെ. ഭീതി, പരിഭ്രാന്തി, മരണഭയം എന്നിങ്ങനെയുള്ള വികാരങ്ങള്‍. ചില നാവികര്‍ ലൈഫ്ബോട്ടുകള്‍ ഇറക്കാന്‍ തയ്യാറായി നില്‍ക്കും. ഏറെ പരിഭ്രാന്തി യാത്രക്കാര്‍ക്ക് തന്നെ . ചിലര്‍ കുടുംബത്തെക്കുറിച്ച് ഓര്‍ക്കും. കുടുംബം കൂടെയുണ്ടെങ്കില്‍ ആദ്യം കുട്ടികളെ എങ്ങനെ രക്ഷിക്കും എന്ന ചിന്തയായിരിക്കും. ഇവയെല്ലാം ചേര്‍ത്ത് അടുക്കും ചിട്ടയുമായി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കാനാവില്ല.

ഡി. പ്രദീപ് കുമാര്‍ വിവരിക്കുന്നത് കൊടുങ്കാറ്റിലകപ്പെട്ട കപ്പല്‍ പോലെ ആടി ഉലയുന്ന കേരളത്തെയാണ്. ഇന്നിലേക്കും, പശ്ചാത്തലമായി ഇന്നലെകളിലേക്കും ; ചരിത്രാതീതകാലത്തെക്കും വരെ അദ്ദേഹം എത്തിനോക്കുന്നു. ഇടക്ക് മറ്റ് സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെ എന്തിനു ചെയ്യുന്നു. ?

കേരളത്തിന്റെ സാമൂഹ്യജീവിതം ആടി ഉലയുകയാണ് എന്ന് ഉത്തരം. എന്തുകൊണ്ട്? ഉത്തരം തേടി പിന്നിലേക്ക് സഞ്ചരിക്കണം. എന്റെ ചെറുപ്പകാലത്ത് ഏതാണ്ട് രണ്ടു നാഴിക നടന്നാണ് കതിരൂര്‍ ഹൈസ്കൂളില്‍ പോയിരുന്നത്. വഴിക്ക് ഒരിടത്ത് നെയ്ത്തുകാരുടെ കോളനി ഉണ്ട്. അവര്‍ നെയ്യുന്ന മുണ്ടിനും , തോര്‍ത്തിനും പഞ്ഞക്കര്‍ക്കിടകമാസത്തില്‍ വില്‍പ്പന കുറയും . അതിനാല്‍ നിരത്തുവക്കില്‍ നിന്ന് തകരച്ചെടികളുടെ കമ്പ് ഒടിച്ചുകൊണ്ടുപോകുന്നത് കാണാം. ഉച്ചക്ക് തകര ഉപ്പിട്ട് വേവിച്ചു തിന്ന് വിശപ്പടക്കും. ദാരിദ്ര്യത്തിന്റെ ഭക്ഷണം താളും തകരയുമാണ്. അത് എല്ലായിടത്തും കിട്ടിയെന്നു വരില്ലല്ലോ. ഈ നെയ്ത്തുകാര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഓല വലിച്ചും ക്ഷീണിച്ചവശരായിരിക്കും. പലരും ക്ഷയരോഗികള്‍ . അവര്ക്ക് കൂലിപ്പണികള്‍ ചെയ്യാന്‍ അറിവോ, കഴിവോ ഇല്ലാത്തതിനാലാണ് ഈ ഉപജീവനശ്രമം. ചെമ്പില്‍ അമ്പഴങ്ങ പുഴുങ്ങി തിന്നെങ്കിലും ആയുസ്സ് നിലനിര്‍ത്തണം എന്ന് അക്കാലത്തൊരു ചെല്ലുണ്ട് . അമ്പഴങ്ങ പുളിക്കുന്ന ഒരു തരം പഴമാണ് . ചെമ്പില്‍ അതു പുഴുങ്ങിയാല്‍ രുചി അസഹ്യമായിരിക്കും.

കാലം മാ‍റി കോലം മാ‍റി . അവനവന്റെ ജീവിതം നിസ്സാരമായി .എല്ലാ ജാതികളിലും മതങ്ങളിലും വര്‍ഗീയതയുടെ ഉയര്‍ത്തെഴുനേല്‍പ്പാണ് കാണുന്നത്. പല ഹിന്ദുക്കളും രാ‍വിലെ രണ്ടു മൂന്നു തരം കുറികള്‍ തൊടും – ചിലര്‍ ചന്ദനക്കുറി മാത്രം. തങ്ങള്‍ ഹിന്ദുക്കളാണെന്നറിയിക്കാന്‍. – ക്രിസ്ത്യാനികള്‍ കുരിശുമാല ധരിക്കുന്നതുപോലെ . ‘’ ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന്’‘ എന്ന പ്രഖ്യാപിച്ച മഹാത്മാവിന്റെ പിന്‍ തലമുറക്കാര്‍ ഒരു ജാതിയെന്നാല്‍ തിയ്യ/ ഈഴവജാതിയെന്നു വിളംബരം ചെയ്യുന്നു. ‘’ മദ്യം വിഷമാണ് ചെത്തരുത് , കുടിക്കരുത്, വില്‍ക്കരുത് ‘’ എന്ന ഉപദേശത്തിനും ഫലം അതുതന്നെ. മദ്യരാജാക്കന്മാര്‍ ശ്രീനാരായണപ്രസ്ഥാനത്തെ കയ്യടക്കിയിരിക്കുന്നു.

എന്റെ നാടായ തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിലും തുടക്കത്തില്‍ താണജാതിക്കാരെ അകറ്റി നിര്‍ത്തിയിരുന്നു. എങ്കില്‍ താന്‍ തറക്കല്ലിട്ട അത്തരം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയില്ലെന്നു ഗുരുദേവന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജഗന്നാഥക്ഷേത്രത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനമനുവദിച്ചത്. അതിന് കുറച്ചപ്പുറത്ത് തിരുവങ്ങാട് നായന്മാര്‍ നടത്തുന്നതും ബ്രാഹ്മണര്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതുമായ ശ്രീരാമക്ഷേത്രമുണ്ട്. അവിടെ 1953 – ല്‍, ഞാന്‍ തലശേരി വിടുന്നതുവരെ , ശ്രീകോവിലിനടുത്ത് തിയ്യര്‍ മുതല്‍ക്കുള്ള കീഴ്ജാതിക്കാര്‍ക്ക് പ്രവേശനമുണ്ടാറ്യിരുന്നില്ല. സ്വതന്ത്രഭാരതത്തിലെ അനുഭവം!

ഞങ്ങളുടെ നാട്ടില്‍ കാവുകളാണധികം. അവയില്‍ നിത്യപൂജയില്ല . കൊല്ലത്തില്‍ രണ്ടുമൂന്നു ദിവസത്തെ ഉത്സവങ്ങളേ ഉള്ളു. അതിനാല്‍ ഞങ്ങള്‍ നിത്യേന രാവിലെ ക്ഷേത്രം തേടി പ്രാര്‍ത്ഥിക്കാന്‍ പോകുന്ന പതിവില്ല. ഈ ശീലം ഇന്നും തുടരുന്നു. ഇന്ന് എന്റെ എറണാകുളത്തെ വീടിനു മുന്നിലൂടെ രാവിലെ ധാരാളം സ്ത്രീ പുരുഷന്മാര്‍ ക്ഷേത്രങ്ങളിലേക്ക് പോകുന്നത് കാണാം.മിക്കവരും അടുത്തടുത്തുള്ള ക്ഷേത്രങ്ങളില്‍ കയറിയിറങ്ങും. ഞാന്‍ അവര്‍ക്ക് ‘ ഗുഡ്മോര്‍ണിംഗ്’ ആശംസിച്ചുകൊണ്ട് എതിര്‍ദിശയിലേക്ക് നടന്ന് സ്റ്റേഡിയത്തില്‍ കയറി ചുറ്റി നടക്കും. അവിടെ എല്ലാ ജാതിക്കാരും മതക്കാരും കൂട്ടിനുണ്ടാ‍കും.

ഞാന്‍ ദൈവത്തോട് വിട പറഞ്ഞ രംഗവും രസകരമാണ്. അക്കാലത്ത് സ്കൂളില്‍ പോകാനുള്ള സൗകര്യത്തിന് അമ്മയുടെ വീട്ടിലായിരുന്നു താ‍മസം. ഒരു ജന്മദിനത്തില്‍ വയലിനക്കരെയുള്ള അച്ഛന്റെ വീട്ടില്‍ പോയി. അതിന്നടുത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് ഞങ്ങളെ തൊഴാനയച്ചു . ഞാനും ചേച്ചിയും ഒരു വേലക്കാരനും കൂടിയാണ് പോയത്. ക്ഷേത്രമുറ്റത്ത് കടക്കാന്‍ അധികാരമില്ല . അതിന്നപ്പുറം നിന്നാല്‍ പൂജാരി വരും. കാശ് വാങ്ങും. പ്രസാദം തരും.

ഒരു ചെറുപ്പക്കാരനേയും ചെറുപ്പക്കാരിയേയും കണ്ടപ്പോള്‍ പൂജാ‍രി ‘ മംഗലം’ എന്നു ചോദിച്ചു . ഞങ്ങള്‍ വിവാഹത്തിന് ‘ മംഗലം ‘ എന്നാണ് പറയുക. ‘ മംഗളം’ എന്ന വാക്കിന്റെ പ്രാകൃതരൂപം.വേലക്കാരന്‍ കേട്ടത് ‘പെങ്ങളാ’ എന്നാണ്. ‘അതേ’ എന്നു പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ക്ക് മംഗലത്തിന്റെ അനുഗ്രഹം കിട്ടി!

അകലെ നിന്ന് ഒരു ദൈവത്തെയും കണ്ട് അനുഗ്രഹം വാങ്ങന്‍ ഇനി പോകില്ല എന്ന തീരുമാനവുമായാണ് ഞാന്‍ മടങ്ങിയത്. എനിക്ക് പല ജോലിത്തിരക്കുമുണ്ട്. ദൈവത്തിന് ഭക്തന്മാരെ കാണുക, അനുഗ്രഹിക്കുക എന്നിവയല്ലാതെ വേറെ തൊഴിലൊന്നും ഇല്ലല്ലോ. വീട്ടില്‍ വന്നാല്‍ ചങ്ങാതിയേപ്പോലെ സ്വീകരിക്കാം. അല്ലാതെ പൂജാമുറിയൊന്നും ഇല്ല.

ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ പോകാന്‍ അനുവാദമില്ലാത്ത ആയിരക്കണക്കിനു കീഴ്ജാതിക്കാര്‍ അങ്ങോട്ട് പണം കൊടുക്കാന്‍ പോകുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഗ്രന്ഥകാരന്‍ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. ഇതിനൊരനുബന്ധം കൂടി ചേര്‍ക്കാനുണ്ട്. ഇന്ത്യയില്‍ ഇന്നാകെ എത്ര ക്ഷേത്രങ്ങളുണ്ട്? അവയില്‍ ഓരോന്നിലും എത്ര തരം ആരാധനാ രീതികളുണ്ട് ? ഓരോ കൊല്ലവും പുതുതായി എത്ര രീതികള്‍ ചേര്‍ക്കുന്നു? ഓരോ ആരാധനാ രീതിയുടേയും നിരക്കെത്രയാണ്? ഹൈന്ദവര്‍ ഏറ്റവുമധികം പണം ചെലവാക്കുന്നത് ഈ ആരാധനാരീതിക്കാകും.

ഇക്കാര്യം ‘ ശതകോടി അര്‍ച്ചനയും പ്രഹര ചികിത്സയും’ എന്ന അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശതകോടി അര്‍ച്ചന നടത്തിയാലേ ഭക്തന്മാരുടെ നേരെ ദൈവം കണ്ണു തുറക്കു. വിഭവസമൃദ്ധമായ സദ്യ കിട്ടാന്‍ പുരോഹിതന്മാര്‍ ഉണ്ടാക്കിയ ഏര്‍പ്പാടുകളാണിത്.

ഈ പൂജാരിമാരുടെ അന്നം മുട്ടിക്കേണ്ടതുണ്ടെന്ന് പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈന്ദവ പുരോഹിതന്മാര്‍ വിദേശമതക്കാരായ മുസ്ലീംകളും ക്രിസ്ത്യാനികളുമായി സഹകരിച്ചിട്ടുണ്ട്. അവ വിദേശമതങ്ങളായിട്ടും എതിര്‍പ്പുണ്ടായിരുന്നില്ല. ബുദ്ധമതത്തെ മാത്രം എതിര്‍ത്തത് എന്തുകൊണ്ട്? മറ്റു മതക്കാര്‍ക്ക് ഹിന്ദുക്കള്‍ അവരുടെ രീതിയില്‍ പൂജകളും ഹോമങ്ങളും മറ്റും നടത്തുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ദൈവപ്രീതിക്ക് അതൊന്നും ആവശ്യമില്ലെന്ന് ബുദ്ധന്‍ വാദിച്ചു. ഈ ബൗദ്ധ കാഴ്ചപ്പാട് തങ്ങളുടെ അന്നം മുടക്കലാണെന്ന് കണ്ടാണ് പുരോഹിതവര്‍ഗ്ഗം ബുദ്ധമതസംഹാരത്തിന് മുതിര്‍ന്നതും വലിയ ഒരളവോളം വിജയിച്ചതും.

തെക്കന്‍ തിരുവതാം കൂറില്‍ അദ്യകാലത്തുവന്ന ക്രിസ്ത്യന്‍ മതപ്രചാരകര്‍ തീണ്ടല്‍ജാതിക്കാരായ ചാന്നാന്മാരെ മതം മാറ്റി. തുടര്‍ന്ന് ആ സ്ത്രീകള്‍ ബ്ലൗസ് ധരിക്കാന്‍ തുടങ്ങി. ഇതിന്റെ പേരിലാണ് മേല്‍മുണ്ട് സമരം നടന്നത്. കീഴജാതിക്കാര്‍ക്ക് മേല്‍മുണ്ട് ധരിക്കാം. പക്ഷെ, ബ്ലൗസ് ഇടാന്‍ പാടില്ലെന്നാണ് മേലാളന്മാര്‍ കല്‍പ്പിച്ചത്. മേല്‍ജാ‍തിക്കാരെ കണ്ടാല്‍ മേല്‍മുണ്ട് മാറ്റി ആദരവ് പ്രകടിപ്പിക്കണം എന്നും വ്യവസ്ഥയുണ്ടായിരുന്നു.

കല്ലുമാല സമരത്തിന്റെ പശ്ചാത്തലവും വ്യത്യസ്തമല്ല. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കില്‍ തീണ്ടല്‍ജാതിക്കാരായ സ്ത്രീകള്‍ കൊല്ലത്തിനടുത്ത് പെരിനാട് ഒത്തുചേര്‍ന്ന് തങ്ങളുടെ കല്ലുമാലകള്‍ ഊരി ഒരിടത്ത് കൂട്ടിയിട്ട് നശിപ്പിച്ചു. തങ്ങളും മേല്‍ജാതിക്കാരേപ്പോലെ ആഭരണങ്ങള്‍ അണിയും എന്നു പ്രഖ്യാപിച്ചു.

ക്രിസ്ത്യന്‍ പാതിരിമാര്‍ താഴ്ന്ന ജാ‍തിക്കാരെ മതം മാറ്റുന്നത് ക്രമേണ നിര്‍ത്തി. അത് ഉന്നത ഹൈന്ദവരുടെ ഇടയില്‍ തങ്ങളുടെ പദവി താഴ്ത്തും എന്നവര്‍ ഭയപ്പെട്ടു. മാത്രമല്ല , താഴ്ന്ന ജാതികളില്‍ നിന്നു മതം മാറിയവരെ അകറ്റി നിര്‍ത്തുകയും ചെയ്തു. ഇതിനെയാണ് ടി. കെ. സി വടുതല എന്ന സാഹിത്യകാരന്‍ ‘’ പുലയന്‍ മതം മാറിയാല്‍ ചാക്കോപ്പുലയനാകും’‘ എന്ന് പരിഹാസപൂര്‍വം വിശേഷിപ്പിച്ചത്. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനവുമായി ബന്ധപ്പെട്ട് ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത കഥകളും കാര്യങ്ങളും ഉണ്ട്. അടുത്തദിവസങ്ങളില്‍ ശിവഗിരിയില്‍ വോട്ടുചെയ്യാന്‍ സ്വാമിമാര്‍ പോകുന്നതുകണ്ടു. എല്ലാവരും കാവി വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. വോട്ടിങ് കഴിഞ്ഞപ്പോള്‍ ജയിച്ച കൂട്ടര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ മഞ്ഞവസ്ത്രം ധരിച്ചാണ് സ്ഥാനമേറ്റെടുക്കാന്‍ ഓഫീസില്‍ കയറിച്ചെന്നത്. ശിവഗിരി തീര്‍ത്ഥാടനത്തിന് കൊല്ലം തോറും കേരളത്തിനകത്തും പുറത്തും നിന്ന് വരുന്നവരൊക്കെ മഞ്ഞവസ്ത്രമാണ് ധരിക്കാറ്.

കേരളം ജലസമൃദ്ധമായ നാടാണ്. കായലുകളും ,പുഴകളും, കുളങ്ങളുമൊക്കെ ഇവിടെ മണ്ണീനോടിണങ്ങി നില്‍ക്കുന്നു. അതിനാല്‍ കുളി പ്രധാനം. തീണ്ടല്‍ മാറാന്‍ ചില ദിവസത്തില്‍ പല തവണ കുളിക്കുന്നു. കയ്യില്‍ കൊണ്ടുവരുന്ന സാധനങ്ങളും വെള്ളത്തില്‍ മുക്കിയെടുക്കുന്നു. പക്ഷെ, എണ്ണയും മറ്റും വെള്ളത്തില്‍ മുക്കാനാവില്ലല്ലോ . അതിന്നും പ്രമാണമുണ്ട്. തൈലാദിവസ്തുക്കളശുദ്ധമായാല്‍ പൗലോസിനെക്കൊണ്ട് തൊടീച്ചെടുക്കാം’ ‘ തങ്ങളുടെ പൂര്‍വികര്‍ ബ്രാഹ്മണരായിരുന്നു എന്നവകാശപ്പെടുന്ന പല പ്രമുഖ ക്രൈസ്തവകുടുംബങ്ങളുണ്ട്. സെന്റ് തോമസ്സ് കേരളത്തില്‍ വന്ന് ബ്രാഹ്മണരെ ക്രൈസ്തവരാക്കി എന്നാണ് പ്രമാണം. സെന്റ് തോമസ് ക്രിസ്തുവിന്റെ പ്രമുഖ അനുയായികളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് കേരളത്തില്‍ ബ്രാഹ്മണരുണ്ടായിരുന്നില്ല . കേരളത്തിനു പുറത്തു നിന്ന് ബ്രാഹ്മണര്‍ വന്നു തുടങ്ങിയത് നാലും അഞ്ചും നൂറ്റാണ്ടുകളിലാണ് . അവര്‍ ഒരു പ്രബല ശക്തിയായത് ശ്രീ. ശങ്കരാചാര്യരുടെ പ്രചരണപ്രവര്‍ത്തനങ്ങളിലൂടെ എട്ടാം നൂറ്റാണ്ടില്‍ മാത്രം.

വീണ്ടും ആദ്യം പറഞ്ഞതിലേക്ക് മടങ്ങാം . ഇവിടെ കുളിയോടൊപ്പം വെള്ളവസ്ത്രമായിരുന്നു ഏവരും ധരിച്ചിരുന്നത്. ശ്രീ നാരാണയനനും ചട്ടമ്പിസ്വാമികളുമൊക്കെ വെള്ള വസ്ത്രധാരികളായിരുന്നു. പിന്നീട് ഗുരുദേവന്‍ തമിഴ്നാട്ടിലേക്ക് പോയി. അവിടെ നിന്ന് സിലോണ്‍ സന്ദര്‍ശനത്തിനും ക്ഷണംകിട്ടി. അവിടങ്ങളിലെ സ്ഥിതി കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമാണ് . ഗുരുദേവന്‍ സാധാരണക്കാരനല്ല, ദൈവത്തിന്റെ പ്രചാരകനാണ് എന്ന് കാണിക്കാന്‍ മഞ്ഞവസ്ത്രം ധരിക്കണം എന്ന് അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ശ്രീനാരായണന്‍ അതു സ്വീകരിച്ചു എന്നു മാത്രം.

പിന്നെ, കാവിവസ്ത്രം എവിടെനിന്ന് വന്നു? പല ഭൂദേവന്മാരും കാശിയിലും ബദരീനാഥിലുമൊക്കെ തീര്‍ത്ഥയാത്രയ്ക്ക് പോയിരുന്നു. കേരളം വിട്ടാല്‍ എവിടേയും നിത്യേന കുളിക്കാനും വസ്ത്രം കഴുകാനും വെള്ളം കിട്ടുകയില്ല . അതിനാല്‍ വസ്ത്രങ്ങള്‍ അഴുക്കുപുരണ്ട് മണ്ണീന്റെ നിറമായി . തുടര്‍ന്ന് കാവിനിറം മഹത്വവത്ക്കരിക്കപ്പെട്ടു. അതാണ് ഇപ്പോള്‍ ശിവഗിരിയിലെ സ്വാ‍മിമാര്‍പോലും ഏറ്റെടുത്തത്.

ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം നിരവധി അന്ധവിശ്വാസ- അനാചാര കഥകള്‍ പശ്ചാത്തലത്തിലുണ്ട്. സമകാലിക സാമൂഹ്യസംഭവങ്ങളെ ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നത് ഈ ചരിത്രാവബോധത്തോടെയാണ്.

അതുകൊണ്ട് ഈ പുസ്തകത്തിന് മണ്ണില്‍ തൊട്ടുനില്‍ക്കുന്ന ഒരു പേര് എനിക്ക് നിര്‍ദ്ദേശിക്കാനുണ്ട് – ഇളകിമറിയുന്ന കേരളം.

Generated from archived content: vayanayute49.html Author: k.p.vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here