ഇനിയുമീ മണ്ണിലൊരു മണ്ണിര പിറക്കില്ല
ഇനിയുമൊരു ചൂണ്ടതന്‍ ചുണ്ടില്‍ പിടക്കില്ല
ചേലു പോയ്, മണ്ണിന്റെ ചൂരുപോയ്, മണ്ണിന്റെ-
ചേമ്പിന്‍ തടം പോയി, ചെന്തെങ്ങിന്‍ തോപ്പും പോയ്
ചേലയുടുക്കുവാന്‍ കൊടികളേന്തിയവര്‍
ചേലയുരിഞ്ഞതില്‍ ചേലുനടിക്കുന്നു.
ചെറ്റക്കുടിലിന്‍ പിന്നിലായി പാവയ്ക്ക-
വള്ളികള്‍ പൂത്തതിലാനന്ദം പൂണ്ടവര്‍
മുറ്റത്തുപാകിയ മാര്‍ബിളിന്‍ ചീളിന്റെ
മുക്ത സൌന്ദര്യം നോക്കിയിരക്കുന്നു.
ഇനിയുമീ മണ്ണിലൊരു തരുതാഴ്മ മുളക്കില്ല.
ഇടറുന്ന ചുണ്ടുകളെയതിന്‍ന്നീര്‍ നനക്കില്ല.
പച്ചപ്പുല്ലൊക്കെയും കൊത്തിയരിഞ്ഞുപോയ്,
പിച്ചകപ്പൂവിന്‍ ഗന്ധവും മാഞ്ഞുപോയ്,
പച്ചപ്പുതപ്പാര്‍ന്ന സൈകതം കാണുവാന്‍
പെട്ടിക്കുമുന്നിലായി മര്‍ത്ത്യനിരിക്കുന്നു.
മഴയില്ല,പുഴയില്ല ,പുളിനങ്ങളേയില്ല-
പുഞ്ചവയലിലോ, കണ്ണഞ്ചും മാളിക-
കടലില്ല കടലതില്‍ പുതുക്കോട്ട കെട്ടുന്നു.
കടമേറിയവരൊക്കെ സ്വയം മണ്ണിലമരുന്നു.
ഈ ഭൂമിയിലിനിയുമൊരു സുനാമി പിറക്കുമോ?
ഇടറുന്ന മണ്ണിലതു കനലായ്പ്പടരുമോ?
നാടുറങ്ങി, നാടിന്‍ നന്മ മരിച്ചുപോയ്,
വീടുറങ്ങി, വീട്ടില്‍ മുത്തശ്ശി മാത്രമായ്
പണ മോഹമാണെങ്ങും പരസ്നേഹം മാഞ്ഞുപോയ്
പരദേശിയാണെന്ന സത്യം മറന്നുപോയ്
പട്ടിണികൊണ്ട് വലഞ്ഞു നാടെങ്കിലും
കിട്ടുന്നു സുന്ദരിപ്പട്ടം പലവിധം
ഓര്‍ക്കിഡിന്‍ രക്ഷകരോര്‍ക്കുന്നതില്ലൊട്ടും
ഓടക്കുമീതെ പിറക്കുന്ന ജീവനെ,
ഒരുവേളയവരതിന്‍ പിതാക്കളായെന്നും വരാം
ഒരു പീഡനത്തിന്‍ കഥകള്‍ മറന്നീടാം
ഇനിയുമൊരു പൂക്കാലമിവിടെ പുലരുമോ?
പൂവിറുത്തീടാനുണ്ണികളെത്തിടുമോ?
ഒരു കുയിലിന്‍ സ്വരമാധുരിയിനിയുമൊന്നുകേള്‍ക്കുമോ?
ഒരു കുഞ്ഞുപെങ്ങളതിനെതിര്‍ പാട്ട് പാടുമോ?
ഈ ഭൂവിലിനിയുമൊരുയുവത ജനിക്കുമോ?
ഇടറാത്തകാലുകളുമായവര്‍ നീങ്ങുമോ?
മണ്ണിലെല്ലാത്തിനും വിലയേറുന്നെങ്കിലും
മണ്ണിലെ മണ്ണിന്റെവില മാത്രം ചോര്‍ന്നുപോയ്,
ഇനിയുമൊരു മാര്‍ക്കിന്റെ ചോദ്യമായ് ഞാനില്ല,
ഇനിയൊരു കലപ്പയെന്ന പദവിയതോ-വേണ്ട,
ഇതു വെറും ഞാഞ്ഞൂളിന്‍ വിലാപമായ് തള്ളേണ്ട,
ഇനിയുള്ള രാവുകളില്‍ നിദ്രയെ തേടേണ്ട,
ജലമര്‍മ്മരമതോര്‍മ്മയായ് തീര്‍ന്നിടാം,
ജനകോടികളതിനായി പൊരുതീടാം
വിടചൊല്ലിടട്ടേറെ ഗദ്ഗദത്തോടെ ഞാന്‍,
നേരുന്നു നന്മകള്‍മത്രം വസുന്ധരേ.
Generated from archived content: poem1_may08_12.html Author: k.h.naseer